ശ്യാം പ്രസാദ്
സിനിമ എന്ന മാധ്യമത്തെ ദൃശ്യഭാഷ കൊണ്ടും ആഖ്യാന ശൈലികൊണ്ടും നിരന്തരം നവീകരിക്കുന്ന ഫിലിംമേക്കറാണ് ഡോൺ പാലത്തറ. അത് തന്നെയാണ് മലയാള സ്വതന്ത്ര സിനിമ സംവിധായകരിൽ ഡോൺ പാലത്തറയെ വേറിട്ടുനിർത്തുന്ന പ്രധാന ഘടകം. തന്റെ മുൻ ചിത്രങ്ങളിലെന്ന പോലെ പുതിയ ചിത്രമായ ഫാമിലിയിലും ദൃശ്യഭാഷ കൊണ്ടുള്ള ഗംഭീര കഥപറച്ചിൽ തന്നെയാണ് ഡോൺ നടത്തിയിരിക്കുന്നത്.
കുടുംബം എന്ന വ്യവസ്ഥിതി എപ്പോഴും സമൂഹത്തിന്റെ നന്മ എന്ന ഘടകത്തോട് ചേർന്നുനിൽക്കുന്ന ഒന്നായിട്ടാണ് യാഥാർത്ഥ്യത്തിലും കലകളിലും ചിത്രീകരിച്ചുവന്നിട്ടുള്ളത്. എന്നിരുന്നാലും ഏറ്റവും കൂടുതൽ അതിക്രമങ്ങളും ചൂഷണങ്ങളും ഇത്തരത്തിലുള്ള പിതൃകേന്ദ്രീകൃത കുടുംബങ്ങളിൽ നിന്നുമാണ് ഉണ്ടാവുന്നതെന്ന യാഥാർത്ഥ്യം പലപ്പോഴും മറച്ചുവെക്കപ്പെടുന്നു.
സിനിമ എന്ന മാധ്യമത്തിലേക്ക് വന്നാൽ ഇത്തരത്തിലുള്ള ‘ഉത്തമ കുടുംബ’ങ്ങളുടെ നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ഡോൺ പാലത്തറയുടെ ‘ഫാമിലി’ അത്തരമൊരു ‘കുടുംബകഥ’ തന്നെയാണ് പറയുന്നത്. എന്നാൽ അവിടെ നിരന്തരം കുറ്റങ്ങൾ അരങ്ങേറുകയും, അത് പൗരോഹിത്യത്തിന്റെയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും കൈകൾ കൊണ്ടു തന്നെ മൂടിവെക്കപ്പെടുകയും ചെയ്യുന്നു.
തന്റെ മുൻ ചിത്രങ്ങളിലെന്ന പോലെ ഇടുക്കിയിലെ ഒരു മലയോര ഗ്രാമം തന്നെയാണ് ഇത്തവണയും ഡോണിന്റെ ഭൂമിക. തണുത്ത കാറ്റ് വീശുന്ന, ചാറ്റൽ മഴ പെയ്യുന്ന ആ ഗ്രാമം നമ്മളെവിടെയോ, ഒരു സ്വപ്നത്തിലെന്ന പോലെ കണ്ടുമറന്നിട്ടുള്ളതാണ്, എപ്പോഴും വീശുന്ന കാറ്റിനും, ഇടയ്ക്കിടെ പെയ്യുന്ന മഴയ്ക്കും, മൂടൽ മഞ്ഞിനുമപ്പുറം അവിടെയാകെ നിശബ്ദതയാണ്. അത് ഒരു സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഒന്നടങ്കമുള്ള നിശബ്ദത കൂടിയാണ്.
നേർത്ത തണുപ്പിനൊപ്പം കാണുന്ന പ്രേക്ഷകന്റെ ഉള്ളിലേക്കും ഇരച്ചുകയറുന്ന ഒരുതരം മരവിപ്പാണ് സിനിമയുടെ ആകെത്തുക. കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതമോ മറ്റോ ഇല്ലാതെ തന്നെ സിനിമ പ്രേക്ഷകനെ വേട്ടയാടുന്നു. സവർണ്ണ ക്രൈസ്തവ കുടുംബത്തിലെ സോണി (വിനയ് ഫോർട്ട്) നാട്ടിലും വീട്ടിലും എല്ലാവർക്കും വേണ്ടപ്പെട്ടവനാണ്, എന്താവശ്യത്തിനും കൂടെനിൽക്കുന്നവൻ, മരണത്തിന് ശവപ്പെട്ടി ചുമക്കാനും, വഴിവെട്ടാനും, കിണറ്റിൽ വീണ പശുവിനെ രക്ഷിക്കാനും, കരിയർ ഗൈഡ് ആയും, കുട്ടികൾക്ക് ട്യൂഷൻ എടുത്തുകൊടുക്കാനും അങ്ങനെ തുടങ്ങീ എല്ലാത്തിനും സോണിയെ ആ നാട്ടിൽ കാണാൻ കഴിയും.
ഇത്തരത്തിൽ സമൂഹത്തിൽ പൊതുസമ്മതനായ സോണി എന്ന കഥാപാത്രത്തിന്റെ രണ്ട് വ്യക്തിത്വങ്ങളാണ് സിനിമയിലൂടെ പ്രേക്ഷകൻ അനുഭവിക്കുന്നത്. ഗ്രാമത്തിലിറങ്ങിയ പുലി എന്ന വന്യമൃഗത്തെ കാണുന്നത് കുട്ടികൾ മാത്രമാണ് എന്നതാണ് സിനിമ വളരെ സൂക്ഷ്മമായി മുന്നോട്ട് വെക്കുന്ന ഒരു രാഷ്ട്രീയം. എന്നാൽ യഥാർത്ഥത്തിൽ ആരാണ് ‘പുലി’ എന്നും ആരാണ് ഇരകൾ എന്നും തീരുമാനിക്കാനുള്ള ശേഷി സിനിമ പ്രേക്ഷകന് വിട്ട്കൊടുക്കുന്നു. സിനിമയിലൂടെ ബോധവത്കരണം നടത്താനോ മറ്റോ സംവിധായകൻ ഒരിക്കലും മുതിരുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
അതിരാവിലെ സുബിനെ വീട്ടിൽ കൊണ്ടുവന്നാക്കുമ്പോൾ സോണി പോയതിന് ശേഷം വീട്ടിലെ കുളിമുറിയിലെ കണ്ണാടിയിലൂടെ തന്റെ പൊട്ടിയ ചുണ്ടുകളും നഖങ്ങൾ കൊണ്ടപാടുകളും നോക്കുന്ന സുബിന്റെ ഒരൊറ്റ രംഗത്തിലൂടെ തന്നെ സോണി ആരാണ് എന്ന് പ്രേക്ഷകന് മനസിലാക്കികൊടുക്കുന്നുണ്ട് സംവിധായകൻ. സോണിയെ പ്രേക്ഷകരെല്ലാവരും കണ്ടിട്ടുണ്ടാവും, അറിഞ്ഞോ അറിയാതെയോ കൂടെ കൊണ്ടുനടന്നിട്ടുണ്ടാവും.
എന്നാൽ ഓരോ ചൂഷണവും വീണ്ടും വീണ്ടും അയാൾക്ക് അടുത്തതിലേക്കുള്ള ചവിട്ടുപടികൾ മാത്രമായിരുന്നു. സിനിമയിലെ ഏറ്റവും ഭീതിയുണർത്തുന്ന രംഗമാണ് വീട്ടിലെ മുറിയിലിരുന്ന് ട്യൂഷനെടുത്തുകൊടുക്കുന്ന രംഗം. ആ ഷോട്ടിന്റെ കോമ്പോസിഷൻ തന്നെ ഗംഭീരമാണ്. പുറത്ത് സീരിയലിൽ മുഴുകിയിരിക്കുന്ന പിതാവ്, അകത്ത് കണക്ക് വീണ്ടും വീണ്ടും തെറ്റിക്കുന്ന പെൺകുട്ടിയോട് എപിജെ അബ്ദുൾ കലാമിന്റെ ‘അഗ്നിചിറകുകൾ’ എന്ന പുസ്തകം വായിച്ചിട്ടില്ലേ എന്ന് ചോദിച്ചു തുടങ്ങുന്ന സോണി, കണക്ക് ശരിയാക്കാനായി പെൺകുട്ടിയുടെ അടുത്തേക്ക് പോകുന്നുണ്ട്. എന്നാൽ പിന്നീട് അവിടെ നടക്കുന്നത് എന്താണെന്ന് എക്സ്പ്ളിസിറ്റ് ആയി സംവിധായകൻ ഒരിക്കലും കാണിക്കുന്നില്ല. എന്നാൽ സിനിമയുടെ എല്ലാ ഭീകരതയും ആ ഒരൊറ്റ സീനിലൂടെ സംവിധായകൻ പറയുന്നുണ്ട്.
നേരിട്ടുകണ്ട ലൈംഗികാതിക്രമം പോലും തുറന്നുപറയാൻ കുടുംബത്തിലുള്ള റാണിക്ക് (ദിവ്യ പ്രഭ) സാധിക്കുന്നില്ല, കാരണം പൗരോഹിത്യം തന്നെയാണ് അതിന് തടസ്സം. കുടുംബത്തിലുള്ള സിസ്റ്റർ സിനിമയിലൊരിടത്ത് പറയുന്നുണ്ട് പള്ളിക്കാര്യവും പ്രാർത്ഥനയുമായി പോകുന്നതിന് പകരം വൈകുന്നേരത്തെ സീരിയൽ കാണൽ ആണ് എല്ലാത്തിനും കാരണമെന്ന്. എന്നിരുന്നാലും സോണിയെ തള്ളിപറയുന്നതിന് പകരം, അയാൾക്ക് വേണ്ടി കല്ല്യാണമന്വേഷിക്കാനും അയാളെ നോർമലൈസ് ചെയ്യുവാനും വേണ്ടിയാണ് എല്ലായിടത്തും നിൽക്കുന്നത്. ഇതിനെല്ലാം സാക്ഷിയായി വീടുകളിലെ ചുമരിൽ കന്യാമറിയവും, യേശുവും മൂക സാക്ഷികളാവുന്നുണ്ട്.
എന്നാൽ സ്വന്തം സഹോദരനായ നോബിയുമായി (മാത്യു തോമസ്) സോണി അത്ര നല്ല ബന്ധത്തിലല്ല എന്ന് സിനിമ വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷേ സോണിയിലെ ചൂഷകനെ കൃത്യമായി അറിയുന്നതുകൊണ്ട് കൂടിയാവാം അത്തരത്തിലുള്ള ഒരു മാറ്റിനിർത്തൽ ഇവിടെ കാണാൻ കഴിയുന്നത്. കൂടാതെ സോണിക്ക് സ്വന്തം അച്ഛനോടും ഇത്തരത്തിലൊരു അകൽച്ച കാണാൻ സാധിക്കും. നീതുവിനോട് (നിൽജ കെ ബേബി) അയാൾ അടുപ്പം കാണിക്കുന്നുണ്ടെങ്കിലും അതെല്ലാം ഒരൊറ്റ കാര്യത്തിന് വേണ്ടി മാത്രമായിരുന്നു എന്ന് സോണി എന്ന മാനിപ്പുലേറ്ററിലൂടെ പ്രേക്ഷകൻ തിരിച്ചറിയുന്നു.
കുമ്പസാരങ്ങളും കുർബാനകളും, പള്ളിയും, പള്ളീലച്ചനും സോണിയെ വിശുദ്ധനാക്കുന്നു. കുടുംബം, വ്യക്തിബന്ധങ്ങൾ, സമൂഹം എന്നീ വ്യവസ്ഥിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു വലിയ ഹിംസയെയും അതിന്റെ ഭീകരതയെയും എങ്ങനെയാണ് ഈ പറഞ്ഞ വ്യവസ്ഥിതികളെല്ലാം സംരക്ഷിച്ചുനിർത്തുന്നതെന്ന് സിനിമ കൃത്യമായി സംസാരിക്കുന്നു.
സിനിമയ്ക്ക് എപ്പോഴും ഒരു ഒളിച്ചിരിപ്പിന്റെ മുഖമുണ്ട്. പച്ചപ്പിൽ പുതഞ്ഞ മലയോര ഗ്രാമം അത് കൃത്യമായി അടയാളപ്പെടുത്തുന്നു. ചെടികളും ഏലത്തോട്ടവും കാപ്പിത്തോട്ടവും മനുഷ്യനോളം വളർന്നു പൊങ്ങിയ പുൽക്കൊടികൾ പോലും, കുടുംബവും സമൂഹവും എന്തോ ഒന്നിനെ ഒളിച്ചുവെക്കുന്നു.
സ്വകാര്യ സ്കൂളിൽ അധ്യാപകനായി പുതുതായി ചേർന്ന സോണിയെ ഹെഡ്മിസ്ട്രസ് വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നു. ‘നന്മരൂപിയായ ദൈവമേ, നിനക്ക് വന്ദനം…’ എന്ന ഈശ്വരപ്രാർത്ഥനക്കിടയിൽ ശക്തമായ മഴപെയ്യുന്നു.. കുട്ടികൾ ചിതറിയോടുന്നു, സോണിയുടെ മുഖത്ത് ഹിംസയുടെ മറുരൂപമായ ഒരു ചിരി പടരുന്നു.. എന്നാൽ അവസാന ഫ്രെയിമിൽ ഒരിക്കലും സിനിമ അവസാനിക്കുന്നില്ല… ഒരു നല്ല സിനിമ തുടങ്ങുന്നത് അവസാന ഫ്രെയിമിൽ നിന്നുമാണെന്നുള്ള ഒരു വാചകമുണ്ട്, അതോർമ്മിച്ച് കൊണ്ട് മഴ തുടർന്നുകൊണ്ടേയിരിക്കുന്നു.
പച്ചയും ഗ്രേയും കലർന്ന സിനിമയുടെ കളർ ടോൺ ശ്രദ്ധേയമാണ്. ജലീൽ ബാദുഷയുടെ സിനിമാറ്റോഗ്രാഫി എടുത്തുപറയേണ്ട ഒന്നാണ്. വിനയ് ഫോർട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം തന്നെയാണ് സോണി. അത്രയും സൂക്ഷ്മവും വ്യക്തവുമായാണ് സോണിയെ വിനയ് ഫോർട്ട് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ദിവ്യ പ്രഭയും, നിൽജ കെ ബേബിയും പള്ളീലച്ചനായി വന്ന ജെയ്ൻ ആൻഡ്രൂസും മറ്റെല്ലാ താരങ്ങളും മികച്ച പ്രകടനം തന്നെയായിരുന്നു സിനിമയിൽ കാഴ്ചവെച്ചത്. മാതാ- പിതാ- ഗുരു- ദൈവം എന്നിങ്ങനെയുള്ള കേട്ടുശീലിച്ച
വിശുദ്ധ വാക്യങ്ങളുടെ പിന്തുണ തന്നെയാണ് ഒരു നന്മയുടെ മുഖംമൂടിയണിഞ്ഞ് സോണിയെന്ന ചൂഷകന് നിരന്തരം വയലൻസ് ആവർത്തിക്കാൻ ഈ സമൂഹത്തിൽ പരിപോഷിപ്പിക്കുന്ന ഘടകം എന്ന് സിനിമ അടിവരയിടുന്നു.
ആദ്യ സിനിമയായ ‘ശവം’ എന്ന ഒരൊറ്റ ചിത്രം മാത്രം മതി ഡോണിന്റെ ക്രാഫ്റ്റ് മനസിലാക്കാൻ. പൂർണ്ണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച ശവം ഒരു പരീക്ഷണ ചിത്രമെന്ന നിലയിൽ ഇനിയും കാഴ്ചകൾ അർഹിക്കുന്നുണ്ട്. പിന്നീടിറങ്ങിയ ‘വിത്ത്’ എന്ന ചിത്രവും വ്യക്തികൾ തമ്മിലുള്ള ആന്തരിക സംഘർഷങ്ങൾ തന്നെയാണ് ചർച്ചചെയ്യുന്നത്.
സിനിമയുടെ ലഭ്യത കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിൽ ഒരു തടസ്സം സൃഷ്ടിച്ചിട്ടുണ്ടെന്നുള്ളത് മറ്റൊരു കാര്യമാണ്. 2019- ൽ പുറത്തിറങ്ങിയ ‘1956 മധ്യതിരുവിതാംകൂർ’ എന്ന ചിത്രമാണ് ഡോണിന്റെ കരിയർ ബെസ്റ്റ് എന്നാണ് എനിക്ക് തോന്നുന്നത്.
ഭൂപരിഷ്കരണത്തിന് തൊട്ടുമുൻപുള്ള കാലഘട്ടത്തിലെ കോര, ഓനൻ എന്നീ സഹോദരങ്ങളുടെ കഥയും കാട്ടുപോത്തിനെ വേട്ടയാടാൻ പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും നിരവധി ഉപ കഥകളാലും ഗംഭീരമായ സിനിമാറ്റൊഗ്രഫിക് അനുഭവം കൊണ്ടും സമ്പന്നമാണ് 1956: മധ്യതിരുവിതാംകൂർ. പൂർണ്ണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച സിനിമ നവ്യമായ ഒരു സിനിമാനുഭവം തന്നെയാണ് പ്രേക്ഷകന് നൽകുന്നത്. കൂടാതെ മലയാളത്തിലെ പിരിയഡ്- ഡ്രാമ സിനിമകളിലെ ഒരു ബെഞ്ച്മാർക്ക് കൂടിയാണ് മധ്യതിരുവിതാംകൂർ. ചിത്രം യൂട്യൂബിൽ ലഭ്യമാണ്.
കോവിഡ് കാലത്തിറങ്ങിയ ‘എവരിതിങ് ഈസ് സിനിമ’ എന്ന ഡോക്യു- ഫിക്ഷൻ ചിത്രത്തിലൂടെ സിനിമ എന്ന മാധ്യമത്തിന്റെ പൊളിച്ചെഴുത്തുകളാണ് ഡോൺ നടത്തുന്നത്. ഗൊദാർദിന്റെ സിനിമാ ജീവിതത്തെ ആസ്പദമാക്കി റിച്ചാർഡ് ബ്രോഡി എഴുതിയ ‘എവരിതിങ് ഈസ് സിനിമ: ദി വർക്കിങ് ലൈഫ് ഓഫ് ഴാങ് ലൂക്ക് ഗൊദാർദ്’ എന്ന ഇതേപേരിലുള്ള പുസ്തകവും ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു യാദൃശ്ചികത്വമാണ്. മുബിയിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്.
തിരിച്ച് വീണ്ടും ഫാമിലിയിലേക്ക് വന്നാൽ ഗംഭീരമായ സിനിമാറ്റിക് അനുഭവം കൂടിയാണ് ചിത്രം സമ്മാനിക്കുന്നത്. ആന്ദ്രേ തർക്കോവ്സ്കിയുടെ ‘നൊസ്റ്റാൾജിയ’ എന്ന ചിത്രത്തിലെ ഒരു രംഗത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഷോട്ട് ചിത്രത്തിലുണ്ട്. ഫാമിലി എന്ന ചിത്രം ഇനിയും കൂടുതൽ കാഴ്ചകളും വായനകളും അർഹിക്കുന്നുണ്ട്.
കുടുംബം- മതം- സമൂഹം എന്നീ പുരുഷ- പൗരോഹിത്യ കേന്ദ്രീകൃത വ്യവസ്ഥിതിയോടുള്ള സിനിമ എന്ന മാധ്യമത്തിന്റെ ഏറ്റവും മികച്ച വിമർശനം കൂടിയാവുന്നു ഡോൺ പാലത്തറയുടെ ഫാമിലി. അതുകൊണ്ട് തന്നെ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ലോക സിനിമയ്ക്ക് മുന്നിൽ വെക്കാൻ നമ്മുക്കുള്ള വലിയ- ചെറിയ ശ്രമങ്ങളുടെ തുടർച്ച കൂടിയാണ് ഡോൺ പാലത്തറയുടെ ഫാമിലി!