ഋത്വിക്ക് ജി.ഡി
അങ്ങേയറ്റം പൊളിറ്റിക്കലായ ഒരു വിഷയത്തെ ബാക്ക്ഡ്രോപ്പിൽ നിർത്തിക്കൊണ്ട്, സാമൂഹ്യപരമായിരിക്കുമ്പോഴും ഒട്ടും പൊളിറ്റിക്കലല്ലാതെ, മനുഷ്യന്റെ ആന്തരികസംഘർഷങ്ങളുടെയും മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളുടെയും സൂക്ഷ്മതലങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ഗുഡ്ബൈ ജൂലിയ എന്ന തന്റെ ആദ്യചിത്രത്തിലൂടെ സുഡാനി സംവിധായകൻ മൊഹമ്മദ് കൊർദൊഫാനി.
സുഡാൻ വിഭജനത്തിന് തൊട്ടു മുൻപുള്ള, അങ്ങേയറ്റം വയലന്റ് ആയ ഒരു സുഡാനിലാണ് സിനിമ സംഭവിക്കുന്നത്. മതത്തിന്റെ, വംശത്തിന്റെ, പ്രാദേശികതയുടെ പേരിൽ മനുഷ്യർ ചേരിതിരിഞ്ഞ് പോരടിക്കുകയാണ് സുഡാനിൽ. അപരനോടുള്ള വെറുപ്പിലും ഭയത്തിലും പകയിലും അവനവനെത്തന്നെ പൂട്ടിയിടുന്ന, സ്വയംപ്രതിരോധം എന്ന് മറയിൽ തന്റെ ഉള്ളിലെ മൃഗീയതയെ കെട്ടഴിച്ചു വിടാനൊരുങ്ങുന്ന മനുഷ്യർ.
അങ്ങേയറ്റം കലുഷിതമായ ഈ അന്തരീക്ഷത്തിൽ ഭർത്താവ് അക്രമിനൊപ്പം ഒട്ടും സന്തോഷകരമല്ലാത്ത ജീവിതം നയിക്കുകയാണ് മോന. അയാൾക്ക് ‘വിശദീകരണങ്ങൾ’ നൽകാനുള്ള മടി കൊണ്ട് അവൾ നിരന്തരം നുണകൾ -നിസ്സാരമായവ,എന്നാൽ അനാവശ്യമായി- പറയുന്നു അയാളോട്, സത്യത്തിൽ നിന്നാണോ അയാളിൽ നിന്നാണോ അവൾ ഒളിച്ചോടാൻ ആഗ്രഹിക്കുന്നത് എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിൽ. എന്നാൽ താൻ നിസ്സാരമെന്ന് കരുതി പറഞ്ഞ ഒരു നുണ വലിയ ചില പ്രശ്നങ്ങളിലേക്ക് മോനയെ നയിക്കുന്നു. അവളുടെ ഒരു നുണ ഒരു മനുഷ്യന്റെ ജീവൻ ഇല്ലാതാക്കുന്നു.
കുറ്റബോധം വല്ലാതെ അലട്ടുന്നുണ്ട് മോനയെ. തന്റെ ചെയ്തികൾക്ക് പ്രയശ്ചിത്തമെന്നോണം ജൂലിയയെയും അവളുടെ അഞ്ചു വയസ്സുകാരൻ മകൻ ഡാനിയലിനെയും സംരഷിക്കാൻ മോന തയ്യാറാവുന്നു. പക്ഷെ, വലിയ വലിയ നുണകളിലൂടെ മാത്രമേ അവൾക്കത് സാധ്യമാവുന്നുള്ളൂ. ഒരിക്കൽ എന്തിനാണ് ഇങ്ങനെ നുണ പറയുന്നത് എന്ന് ജൂലിയ ചോദിക്കുമ്പോൾ ഉദ്ദേശ്യം നന്നായാൽ നുണ പറയുന്നതിൽ തെറ്റില്ല എന്നാണ് മോന പറയുന്നത്.
അക്രമവാസന മനുഷ്യസഹജമാണ്. എന്നാൽ ഏതൊരു മൃഗത്തെയും പോലെ സ്വയരക്ഷയ്ക്കും ഇരപിടിക്കാനും വേണ്ടി അക്രമം എന്ന ടൂൾ ഉപയോഗിച്ചു തുടങ്ങിയ മനുഷ്യൻ പിന്നീട് അതിൽ ആനന്ദം കണ്ടെത്തുന്നുണ്ട്. അതിനെ ഒരു കായിക വിനോദമായും ശക്തിപ്രകടനത്തിനും ഉപയോഗപ്പെടുത്തുന്നുണ്ട്. അതിജീവനത്തിന്റെ ടൂൾ ആനന്ദത്തിന്റെയും ആർത്തിയുടെയും ടൂളായി മാറുന്നു. അതില്ലാതെയുള്ള ഒരു ജീവിതം അയാൾക്ക് അസാധ്യമാവുന്നു. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ നുണയും അങ്ങനെ തന്നെയാണ്. മേൽപറഞ്ഞ ഇടങ്ങളിലൊക്കെ അക്രമത്തിന് പകരമായി നുണയും ഉപയോഗിക്കുന്നുണ്ട് മനുഷ്യൻ. നോക്കൂ, ജനസഞ്ചയങ്ങളെ അടക്കിനിർത്താൻ (ഇളക്കിവിടാനും) അധികാര വർഗം ഉപയോഗിക്കുന്ന രണ്ട് ടൂളുകൾ അവ തന്നെയാണ്, അക്രമവും നുണയും.
തന്റെ നുണകളിൽ നിന്ന് മോനയ്ക്ക് എ എപ്പോഴെങ്കിലും ഒരു മോചനം സാധ്യമാണോ? സത്യം മറച്ചു പിടിച്ചു കൊണ്ട് സ്വന്തം പാപങ്ങൾ കഴുകിക്കളയാൻ മോനയ്ക്ക് കഴിയുമോ? സത്യം കൂടുതൽ വലിയ അക്രമലേക്ക് മനുഷ്യരെ തള്ളിയിടുമോ? ജൂലിയയും ഡാനിയും അവരുടെ സത്യം അർഹിക്കുന്നുണ്ടോ? വൈകാരികവും എന്നാൽ തത്വചിന്താപരവുമായ ചോദ്യങ്ങൾക്ക് ഉത്തരം തേടി സംവിധായകനും അയാളുടെ കഥാപാത്രങ്ങൾക്കുമൊപ്പം പ്രേക്ഷകനും (യും) സഞ്ചരിക്കാൻ നിർബന്ധിതരാവുന്നു.
ഒരുപാട് സാധ്യതകൾ ഉണ്ടായിട്ടും ഒരിടത്തും പ്രേക്ഷകന് ക്ലാസെടുക്കാൻ നിൽക്കുന്നില്ല ഈ സിനിമ. ആ ഒരൊറ്റ ഘടകം മതി ഈ സിനിമയിൽ സംവിധായകനുള്ള കയ്യൊതുക്കം തെളിയിക്കാൻ. മികച്ച പൊർഫോമൻസസും സംഗീതവും കൂടി ചേരുമ്പോൾ മനോഹരമായ അനുഭവമായി മാറുന്നു, ഇരുപത്തി എട്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടനചിത്രം ‘ഗുഡ്‌ബൈ ജൂലിയ’
Read more
ചിത്രം- ഗുഡ്ബൈ ജൂലിയ
സംവിധാനം- മൊഹമ്മദ് കൊർദൊഫാനി
രാജ്യം- സുഡാൻ
ദൈർഘ്യം- 120 മിനിറ്റ്