ചിരിയും ചിന്തയുമായി കേശു- റിവ്യു

ഒരു ദിലീപ് ചിത്രത്തിന്റെ എല്ലാ സവിശേഷതകളും ഒത്തിണങ്ങിയിരിക്കുന്ന സിനിമയാണ് നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങിയ ‘കേശു ഈ വീടിന്റെ നാഥന്‍’ . ജീവിതത്തിലെ കൊച്ചു പ്രശ്‌നങ്ങളും അവയിലൂടെ കേശുവിനുണ്ടാകുന്ന പരിവര്‍ത്തനവുമാണ് ഈ സിനിമയുടെ പ്രമേയം. ചുരുക്കി പറഞ്ഞാല്‍ യാതൊരു ടെന്‍ഷനും കൂടാതെ കുടുംബവുമൊത്ത് കണ്ടിരിക്കാവുന്ന ചിത്രമാണിത്. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

കേശു ഈ വീടിന്റെ നാഥന്റെ തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്കായി ഒരു സര്‍പ്രൈസും കാത്തുവെച്ചിട്ടുണ്ട് . അറുപത്തിയേഴുകാരനായ കേശു അത്യാവശ്യം പിശുക്കും വലിയ പ്രാരാബ്ധവും കൊണ്ടു നടക്കുന്ന ഒരാള്‍! ഒറ്റനോട്ടത്തില്‍ സ്വാര്‍ത്ഥത നിറഞ്ഞ ഒരാളെന്ന് തോന്നുമെങ്കിലും ഉള്ളില്‍ കൂടപ്പിറപ്പുകളോട് സ്‌നേഹവും കരുതലുമൊക്കെയുള്ള ആളാണ് കേശു. കേശുവായി ദിലീപ് പൊട്ടിചിരിപ്പിക്കുമ്പോള്‍ ഭാര്യ രത്നമ്മയായി എത്തുന്നത് ഉര്‍വശിയാണ്.

കേശുവിന് ഒരു ലോട്ടറി അടിക്കുന്നതോടെയാണ് കഥയില്‍ പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത്. അളിയന്‍ കോടീശ്വരന്‍ ആകാന്‍ പോകുന്ന വിവരം അറിയുന്ന പെങ്ങളുടെ ഭര്‍ത്താക്കന്മാര്‍ മൂലം കേശു ചെന്നു പെടുന്ന പൊല്ലാപ്പുകളാണ് ചിത്രം പറയുന്നത്.

കേശുവായുള്ള ദിലീപിന്റെ പരകായപ്രവേശം തന്നെയാണ് കാണാന്‍ കഴിയുന്നത്. ശരീരഭാഷയില്‍ മാത്രമല്ല ശബ്ദത്തില്‍പോലും കഥാപാത്രത്തിന്റെ പൂര്‍ണതകൊണ്ടുവരാന്‍ ദിലീപ് ശ്രമിച്ചിട്ടുണ്ട്. അതിനൊപ്പമുള്ള പ്രകടനമാണ് സിനിമയില്‍ ഉര്‍വശിയുടേത്. കോമഡി രംഗങ്ങള്‍ അനായാസമായി അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ ഉര്‍വശിക്കുള്ള മിടുക്ക് ഈ സിനിമയിലും ആസ്വദിക്കാം. നിര്‍മാതാവ്, നടന്‍, ഡിസ്ട്രിബ്യൂട്ടര്‍ എന്നീ റോളുകളില്‍ തിളങ്ങിയ ദിലീപ് ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. കേശുവിന്റെ മക്കളായി എത്തിയ ഉഷ (വൈഷ്ണവി വേണുഗോപാല്‍), ഉമേഷ് (നസ്ലിന്‍ കെ ഗഫൂര്‍) എന്നിവരും അവരുടെ റോളുകള്‍ ഗംഭീരമാക്കി.

സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥ. മലയാളികള്‍ കണ്ടു പരിചയിച്ച താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് കേശുവിന്റെ വലിയ കുടുംബത്തെ ചിത്രീകരിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, സീമ ജി നായര്‍, പ്രിയങ്ക, സ്വാസിക, ഹരീഷ് കണാരന്‍, ഗണപതി തുടങ്ങിയവരെല്ലാം അവരുടെ സ്ഥിരം ശൈലിയിലുള്ള വേഷപ്പകര്‍ച്ചകളുമായി സിനിമയിലെത്തുന്നു.

നാദിര്‍ഷ ഒരുക്കിയ ഗാനങ്ങള്‍ കഥാസന്ദര്‍ഭങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതായി. ബിജിബാലാണ് ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. കേശുവിന്റെ ലോകത്തെ മനോഹരമായി തന്നെ അനില്‍ നായര്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. സാജനാണ് സിനിമയുടെ എഡിറ്റര്‍. സിനിമയില്‍ ഒരു അതിഥി വേഷത്തില്‍ സംവിധായകന്‍ നാദിര്‍ഷയും എത്തുന്നു. എന്തായാലും വര്‍ഷാവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം പ്രേക്ഷകര്‍ക്ക് ചിരിച്ച് ആസ്വദിക്കാനുള്ള വക നല്‍കുന്നുണ്ട്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്