4/5
പ്രജീഷ് രാജ് ശേഖർ
ബാല്യം ആസ്വദിച്ചിടങ്ങളിലേക്ക് യൗവ്വനകാലഘട്ടത്തില്‍ തിരിച്ചു പോകുക. അല്ലെങ്കില്‍ നമുക്ക് ഏറെ വേണ്ടപ്പെട്ടവരെ, നമ്മളെ ഏറെ സ്വാധീനിച്ചവരെ വീണ്ടും കണ്ടുമുട്ടുക. ഒപ്പം നാം നടന്നു പഠിച്ച വഴികള്‍, ഇടനാഴികള്‍ ഇവയെല്ലാം ഓര്‍മ്മകളെ വല്ലാതെ ഉഴയ്ക്കുന്നതാണ്. എപ്പോഴോ മനപ്പൂര്‍വ്വം മറന്നയിടങ്ങളിലേക്ക് വീണ്ടും എത്തിച്ചേരുമ്പോള്‍ ഉണ്ടാകുന്ന ഒരാളുടെ മാനസികാവസ്ഥയാണ് അനൂപ് മേനോന്‍, രഞ്ജിത്ത് കൂട്ടുകെട്ടില്‍ മുന്നേറുന്ന കിംഗ്ഫിഷ് എന്ന ചിത്രം. പദ്മയ്ക്ക് ശേഷം അനൂപ് മേനോന്‍ സംവിധായകനാകുന്ന ചിത്രമാണ് കിംഗ് ഫിഷ്.
റൊമാന്റിക്, കോമഡി ട്രാക്കില്‍ നിന്ന് ത്രില്ലറിലേക്ക് വഴിമാറുന്ന പ്രമേയം. ലൈംഗീക പീഡനത്തിരയായവര്‍ക്ക് നേരെയുള്ള സമൂഹത്തിന്റെ വിചാരണ, ബന്ധങ്ങളുടെ ആഴം എന്നിങ്ങനെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ലൈംഗീക പീഡനത്തിരയായ പെണ്‍കുട്ടി എന്തുകൊണ്ട് സമൂഹത്തില്‍ നിന്നും മാറി നില്‍ക്കപ്പെടുന്നു, എന്തുകൊണ്ട് അവള്‍ക്ക് സ്വയം തലയുയര്‍ത്തി നടന്നുകൂടാ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. ഒപ്പം മാധ്യമ പ്രവര്‍ത്തനത്തിലെ പുഴുക്കുത്തുകളെ കൂടി ചിത്രം പ്രതിപാദിക്കുന്നുണ്ട്.
ദേവഗിരിയിലെ പഴയൊരു ബംഗ്ലാവില്‍ ബാല്യകാലവും, ബോര്‍ഡിംഗ് സ്‌കൂളും കഴിഞ്ഞ് ബിടെകിന് ശേഷം കുടുംബ പ്രശ്‌നങ്ങള്‍ കാരണം കൊച്ചിയിലേക്ക് മാറേണ്ടി വന്ന ഭാസ്‌കര വര്‍മ്മ എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ മധ്യവയസുകാലത്താണ് കഥ. ഭാസ്‌കര വര്‍മ്മ എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി അനൂപ് മേനോന്‍ എത്തുന്നു. കുനിഞ്ഞാല്‍ കാല്‍പ്പണം എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്ന ക്യാരക്ടറാണ് ബ്രോക്കര്‍ ഭാസിയുടേത്. പല ബന്ധങ്ങളും ഉപേക്ഷിച്ച് ഒറ്റത്തടിയായ ഭാസി സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജീവിതം. ആ അവസരത്തിലാണ് അമ്മാവന്‍ ദശരഥ വര്‍മ്മയുടെ തൊണ്ണൂറു കോടിയുടെ സ്വത്ത് തന്റെ പേരിലേക്ക് ഇഷ്ടദാനമായി എഴുതുന്നു എന്ന വാഗ്ദാനവുമായി അഡ്വ കുരുവിള ഭാസിയെ തേടിയെത്തുന്നത്. പക്ഷെ പണ്ട് ഉപേക്ഷിച്ചു വന്ന അതേ ദേവഗിരി എസ്റ്റേറ്റില്‍ എത്തി കുറച്ചു ദിവസം താമസിക്കണമെന്ന ആവശ്യം കൂടി അമ്മാവന്‍ മുന്നോട്ടുവെക്കുന്നുണ്ട്.
കുടുംബ വഴക്കിന്റെ പേരില്‍ 23 വര്‍ഷം മുമ്പ് മാറിത്താമസിക്കേണ്ടി വന്ന ഭാസ്‌കര പിള്ളയ്ക്ക് തിരികെ ചെല്ലുകയെന്നത് ബുദ്ധിമുട്ടാകുകയാണ്. അവിവാഹിതനായ അമ്മാവനെ അഭിമുഖീകരിക്കാനുള്ള മടികാരണം ഓണ്‍ലൈന്‍ സൈറ്റുവഴി എഗ്രിമെന്റ് പ്രകാരം ഭാര്യയായി മന്ദാകിനി എന്ന യുവതിയെ കൂടെകൂട്ടുന്നു. ഒരുപാട് നിഗൂഡതകള്‍ക്ക് നടുവില്‍ ദേവഗിരി എസ്റ്റേറ്റിലെ ഓര്‍മ്മകള്‍ പഴയ കാലത്തേക്ക് ഭാസിയെ തിരികെ എത്തിക്കുന്നു. ദശരഥ വര്‍മ്മ ഭാസിയെ അടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷെ അയാള്‍ക്ക് അത് സാധിക്കുന്നില്ല. അപ്രതീക്ഷിത നിമിഷത്തില്‍ തേടിയെത്തിയ ഭാഗ്യം പക്ഷെ ജീവിതത്തിലെ മറ്റൊരു പരീക്ഷണമായാണ് ഭാസിക്ക് മുന്നിലെത്തുന്നത്. പ്രണയ തലത്തില്‍ നിന്ന് ഹാസ്യ ചുവയോടെ നീങ്ങുന്ന ചിത്രം രണ്ടാം പകുതിയില്‍ ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുകയാണ്.
ഭാസ്‌കര പിള്ളയെന്ന ഭാസിയെ അനൂപ് മേനോന്‍ തന്റേതായ ശൈലിയിലൂടെ മികവുറ്റതാക്കുന്നു. അനൂപ് മേനോന്റെ സ്ഥിരം അഭിനയപാഠവം ഈ ചിത്രത്തിലും കാണാം. അമ്മാവന്‍ ദശരഥ വര്‍മ്മയായെത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിനപ്പുറം അഭിനയത്തില്‍ പയറ്റിത്തെളിഞ്ഞ രഞ്ജിത്തിന് ആയാസമില്ലാതെ തന്നെ ദശരഥ വര്‍മ്മയുടെ ചെറുപ്പകാലവും മധ്യവയസ്‌കനായും ജീവിക്കുകയാണ്. മന്ദാകിനി എന്ന വാടക ഭാര്യയുടെ വേഷത്തിലെത്തുന്ന ദുര്‍ഗ കൃഷ്ണ സ്ത്രീപക്ഷ നിലപാടിന്റെ മറ്റൊരു മുഖമായി എത്തുകയാണ്. അതിജീവിതയെ തിരിച്ചെത്തിക്കുന്നതില്‍ സമൂഹത്തിന് ചെയ്യാനുണ്ട് എന്ന സന്ദേശം മന്ദാകിനി പറഞ്ഞുവെക്കുന്നു. പൂ പറിക്കുന്ന ലാഘവത്തോടെ പീഡിപ്പിച്ചുവെന്ന് പറയുന്ന സമൂഹത്തിന് മറുപടിയും മന്ദാകിനി പറയുന്നുണ്ട്. സ്ത്രീ പുരുഷ ബന്ധങ്ങള്‍ ലൈംഗീകതയ്ക്കപ്പുറം സൗഹൃദത്തിന് മറ്റൊരു തലം കൂടി നല്‍കുന്നുണ്ടെന്നാണ് ചിത്രം പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നത്. ഭാസിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഒന്നിലധികം സ്ത്രീകളും, മന്ദാകിനിയോടുള്ള ഭാസിയുടെ ചില ആവശ്യങ്ങളും കവിഞ്ഞ് അവയെല്ലാം സൗഹൃദമായി തീരുന്നതും ഓതുകൊണ്ടു തന്നെയാണ്.
കണ്‍ട്രി റോഡ്‌സ് ടേക് മി ഹോം – ജോണ്‍ ഡെന്‍വറുടെ വിഖ്യാതമായ ഈ വരികളോടെയാണ് ചിത്രം ആരംഭിക്കുന്നത്, ഒരു കാലത്തിന്റെ വികാരമായ ബീറ്റില്‍സും, ജോണ്‍ഡെന്‍വറും, ബാര്‍ബറ ലൂയിസിന്റെ ഹേയ് സ്ട്രേഞ്ചറും ഒക്കെ പലയിടങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്. ഇവ സൂചിപ്പിക്കുന്നതുപോലെ ഗൃഹാതുരതയിലേക്കുള്ള മടക്കമാണ് കഥാ പശ്ചാത്തലം.
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന സിനിമയില്‍ നിരഞ്ജന അനൂപിന്റെ കഥാപാത്രം എടുത്തു പറയേണ്ടതാണ്. ശക്തമായ ചെറുത്തു നില്‍പ്പിന്റെ പ്രതീകമായി നിരഞ്ജനയുടെ വൃന്ദയുടെ മകള്‍ എന്ന വേഷം സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസിലുണ്ടാകും. ദിവ്യ പിള്ള, നിസ, ദുന്ദു രാജീവ് തുടങ്ങിയ സ്ത്രീകഥാപാത്രങ്ങളും അവരുടെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു. ദേവഗിരി എസ്‌റ്റേറ്റിലെ വേലക്കാരായ നൈല്‍സണ്‍ അവതരിപ്പിച്ച പീലി എന്ന കഥാപാത്രവും, നിസയുടെ ജാനകിയും പ്രേക്ഷക മനസില്‍ ഇടം നേടിയ കഥാപാത്രങ്ങളാണ്. നന്ദു, ഇര്‍ഷാദ് അലി, ആര്യന്‍, ഷാജു, കൊച്ചു പ്രേമന്‍, പ്രശാന്ത്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രശസ്തനായ മഹാദേവന്‍ തമ്പി ഛായാഗ്രാഹകനായി അരങ്ങേറുന്ന ചിത്രമാണിത്. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. സംഗീതം രതീഷ് വേഗ. പശ്ചാത്തലസംഗീതം ഷാന്‍ റഹ്‌മാന്‍. അസോസിയേറ്റ് ഡയറക്ടര്‍ വരുണ്‍ ജി പണിക്കര്‍. പ്രോജക്റ്റ് ഡിസൈനര്‍ സിന്‍ജൊ ഒറ്റത്തൈക്കല്‍, സംഗീതം രതീഷ് വേഗ, പശ്ചാത്തല സംഗീതം ഷാന്‍ റഹ്‌മാന്‍, കലാസംവിധാനം ദുന്തു രഞ്ജീവ്, വസ്ത്രാലങ്കാരം ഹീര റാണി.
കഥാവഴികളില്‍ കിംഗ് ഫിഷ് എന്ന തൂലികാനാമത്തില്‍ മൂന്നു ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെ രചയിതാവിനെ തേടുന്ന മാധ്യമ പ്രവര്‍ത്തകയുടെ ശ്രമവും, അനൂപ് മേനോന്‍ പറഞ്ഞുവെക്കുന്നു. നല്ലവാര്‍ത്തകള്‍ക്കിടയിലെ മഞ്ഞകലര്‍ന്ന വാര്‍ത്തകളെ നിശിതമായ വിമര്‍ശനം പങ്കുവെക്കാനും രചയിതാവും സംവിധായകനുമായ. അനൂപ് മേനോന്‍ മറന്നിട്ടില്ല. തിരക്കഥയിലെവിടെയോ ചില ചേര്‍ച്ചക്കുറവുകളോ പോരായ്മകളോ ചിത്രത്തിന്റെ മധ്യഭാഗത്ത് പ്രേക്ഷകനെ മടുപ്പിക്കുന്നുണ്ട്. എങ്കിലും സാമൂഹിക പ്രസക്തമായ ചില ചോദ്യങ്ങള്‍ സമൂഹത്തോട് പങ്കുവെച്ചാണ് ചിത്രം അവസാനിക്കുന്നത്. തിയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസില്‍ ആ ചോദ്യം പിന്നെയും തികട്ടുന്നവയാണ്.