ലിയോ; ലോകേഷ് കനകരാജിന്റെ ചോരക്കളി

ശ്യാം പ്രസാദ് 

സമീപകാല തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച സിനിമയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ‘ലിയോ’. അത്തരമൊരു പ്രീ റിലീസ് ഹൈപ്പിന് പ്രധാനമായും രണ്ട് കാരണങ്ങൾ തന്നെയാണ് ഉണ്ടായിരുന്നത്. ഒന്ന്, വെറും നാല് സിനിമകൾ കൊണ്ടുമാത്രം ലോകേഷ് കനകരാജ് എന്ന സംവിധായകൻ തെന്നിന്ത്യൻ സിനിമയിൽ ഉണ്ടാക്കിയെടുത്ത തന്റേതായ സ്ഥാനം. രണ്ടാമത്തേത് സ്വാഭാവികമായും വിജയ് എന്ന താരത്തിന്റെ സ്റ്റാർഡം. ഈ രണ്ടു ഫോർമുലകളുടെയും കൃത്യമായ കൂടിച്ചേരലിന്റെ  വിജയം തന്നെയാണ് ലിയോക്ക് കിട്ടികൊണ്ടിരിക്കുന്ന ഓപ്പണിങ് ഡേ കളക്ഷനും പ്രേക്ഷക പ്രതികരണങ്ങളും.

இயக்குனர் லோகேஷ் கனகராஜ் ரசிகர்களால் கொண்டாடப்படுவது ஏன்? - Why fans celebrate Lokesh kanagaraj | Galatta

സിനിമ എന്നത് സംവിധായകന്റെ കലായാണെന്ന് വിശ്വസിക്കാത്ത ഭൂരിപക്ഷം പ്രേക്ഷകരെ,  സംവിധായകന്റെ കലാ സൃഷ്ടി കാണാൻ വേണ്ടി പ്രേക്ഷകരെ  തിയേറ്ററുകളിലേക്ക് എത്തിച്ചതിൽ ലോകേഷ് കനകരാജിന്റെ പങ്ക് ചെറുതല്ല. തമിഴ് സിനിമയിൽ പാ രഞ്ജിത്, വെട്രിമാരൻ, മാരി സെൽവരാജ്, ത്യാഗരാജ കുമാരരാജ, റാം, കാർത്തിക് സുബ്ബരാജ്  തുടങ്ങീ യുവ സംവിധായകരുടെ കൂട്ടത്തിലേക്ക് തന്നെയാണ് വെറും നാല് സിനിമകൾ കൊണ്ട് ലോകേഷ് കനകരാജ് കടന്നുവന്ന് ഒരു ബ്രാന്റായി മാറിയത്. മാത്രമല്ല  സിനിമയുടെ ബിസിനസ് സാധ്യതയെ അയാൾ വേണ്ടവിധം തന്റെ എല്ലാ സിനിമകളിലും  ഉപയോഗിക്കുകയും ചെയ്യുന്നു.

Image

ലിയോയിലേക്ക് വരുമ്പോൾ കണ്ടുശീലിച്ച മാസ്- ആക്ഷൻ ഴോണർ സിനിമകളുടെ എല്ലാതരം ചേരുവകളും ഇതിലുമുണ്ട്.   ഒരു  തിയേറ്റർ കാഴ്ചയെ പൂർണമായും ലിയോ തൃപ്തിപ്പെടുത്തുന്നു. അവിശ്വസിനീയമായ ഒരു കഥാ സന്ദർഭത്തെ മാസ് ചേരുവകൾ ഉൾപ്പെടുത്തി കയ്യടി നേടുക എന്ന അടിസ്ഥാനപരമായ പ്രവൃത്തി തന്നെയാണ് ലോകേഷ് ലിയോയിലൂടെയും ചെയ്യുന്നത്.  ചില സ്ഥലങ്ങളിൽ ലോജിക് മാറ്റിവെച്ചാൽ മാത്രം ആസ്വാദനം പൂർണമാവുന്ന സിനിമകൾ സാമ്പത്തിക വിജയം നേടി ‘ഹിറ്റ്’ ആവുമ്പോൾ ലോകേഷ് തന്റെ സിനിമകളിലൂടെ അത്തരം സന്ദർഭങ്ങൾ കുറച്ചുകൂടി വിശ്വസിക്കാവുന്ന തരത്തിൽ ഡയറക്ട് ചെയ്യുന്നു. കൂടാതെ അതിലേക്ക് എൽസിയു എന്ന ഘടകവും വന്നുചേരുന്നു. ഇത് തന്നെയാണ് ലിയോയിലും സംഭവിക്കുന്നത്.

Image

വിജയ് എന്ന താരത്തിനപ്പുറം വിജയ് എന്ന നടനെ  ലോകേഷ് കൃത്യമായി സിനിമയിൽ  ഉപയോഗിച്ചിട്ടുണ്ട്. റിലീസിന് മുന്നെ തന്നെ ഏറെ ചർച്ചചെയ്യപ്പെട്ട ഒരു കാര്യമായിരുന്നു ഡേവിഡ് ക്രോണൻബർഗിന്റെ ‘എ ഹിസ്റ്ററി ഓഫ് വയലൻസ്’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടതാണ് ലിയോ എന്നത്. അന്നതിനെ വെറും കോൺസ്പിറസി തിയറികൾ പോലെ സിനിമ ലോകം തള്ളികളഞ്ഞു. എന്നാൽ ലിയോ തുടങ്ങുന്നത് തന്നെ എ ഹിസ്റ്ററി ഓഫ് വയലൻസിനുള്ള ആധാരമാണ് ലിയോ എന്നുള്ള ലോകേഷിന്റെ കുറിപ്പുമായാണ്.

Image

മലയാളത്തിൽ ദിലീഷ് പോത്താന്റെ ‘ജോജി’ ഇറങ്ങിയപ്പോൾ, കെ. ജി ജോർജിന്റെ ‘ഇരകൾ’ എന്ന സിനിമയുമായുള്ള സാമ്യത ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടിരുന്നു. അത്തരം സാധ്യതകൾ ജോജിയുടെ അണിയറപ്രവർത്തകർ തള്ളികളഞ്ഞതും പിന്നീട്  ചർച്ചകൾക്ക് ചൂടുകൂട്ടി. എന്നാൽ ലോകേഷ്  എ ഹിസ്റ്ററി ഓഫ് വയലൻസിന് കൃത്യമായി റഫറൻസ് കൊടുത്തത് എപ്പോഴും കയ്യടി അർഹിക്കുന്ന ഒരു പ്രവൃത്തിയാണ്.

Image

എ ഹിസ്റ്ററി ഓഫ് വയലൻസിന്റെ അടിസ്ഥാന കഥാതന്തു ഒരു ഇന്ത്യൻ ജ്യോഗ്രാഫിയിലേക്ക് പറിച്ചുനടുമ്പോൾ അതിന്റെ ബേസിക് പ്ലോട്ട് ചോർന്നുപോവാതെ വേണ്ടവിധത്തിൽ കൊമേർഷ്യൽ എലമെന്റുകൾ എല്ലാം ചേർത്ത് ലോകേഷ് ഗംഭീരമാക്കിയിട്ടുണ്ട്. സിനിമയിലേക്ക് വന്നാൽ ഹിമാചലിലെ ഒരു പട്ടണത്തിൽ കോഫീ ഷോപ്പ് നടത്തുന്ന പാർത്ഥിപനും കുടുംബവും. അയാൾ തന്റെ ഭൂതകാലത്തിൽ നിന്നെല്ലാം മാറി മറ്റൊരു മനുഷ്യനായി ജീവിക്കുകയാണ്. പട്ടണത്തിൽ വന്യ മൃഗമായ ‘ഹൈന’ ഭീതിപരത്തുന്നതോട് കൂടി പൊലീസിന് അനിമൽ റെസ്ക്യൂ പാഷനായി കൊണ്ടുനടക്കുന്ന  പാർത്ഥിപന്റെ സഹായം തേടേണ്ടിവരുന്നു.  പരമ്പരാഗതമായ വിജയ് ചിത്രങ്ങളിൽ കണ്ടുശീലിച്ച മാസ് ഇൻട്രോകളോ കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതമോ ഇവിടെ കാണാൻ സാധിക്കില്ല. അതുതന്നെയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ ചിത്രം തന്നെയാണ് ലിയോ എന്നതിനുള്ള ആദ്യ ഉറപ്പ്. ലോകേഷിന് എങ്ങനെയാണോ  വിജയ് എന്ന നടനെ കാണാൻ ആഗ്രഹച്ചിരുന്നത് അത് തന്നെയാണ് അയാൾ ലിയോയിൽ ചെയ്തുവെച്ചിരിക്കുന്നത്.

Image

ചെക്കോവിന്റെ ഗൺ തിയറിയിൽ പറയുന്ന പോലെ സിനിമയിൽ വന്നുപോവുന്ന ഓരോന്നിന്നും കൃത്യമായ റോളുകളുണ്ട്. നായകന്റെ ഇൻട്രോ സീനിന് കയ്യടി കിട്ടാൻ വേണ്ടിയല്ല ഹൈനയെ സിനിമയെ കൊണ്ടുവന്നിട്ടുള്ളത്. കഥ മുന്നോട്ട് പോവുമ്പോൾ നഗരത്തിൽ കൊള്ളയും കൊലപാതകവും നടത്തിപോരുന്ന സൈക്കോപാത്തുകളുടെ പ്രവൃത്തിയിലൂടെ പാർത്ഥിപന്റെ ഉള്ളിലെ മറ്റൊരു വശവും പ്രേക്ഷകർ കാണുന്നു. തീർച്ചയായും  കഥ മുന്നോട്ട് പോവുന്നത് പ്രഡിക്റ്റബിൾ ആയി തന്നെയാണ്. ദാസ് ബ്രദേഴ്സും ലിയോ ദാസും തമ്മിലെ ബന്ധം എന്താണ് എന്നുതന്നെയാണ് സിനിമ പറയുന്നത്. ആന്റണി ദാസിനും  ഹാരോൾഡ് ദാസിനും കിട്ടാതെ പോവുന്ന ക്യാരക്ടർ ഡെപ്ത്ത് മാത്രമാണ് സിനിമയുടെ ഒരു പോരായ്മയായി പറയാൻ കഴിയുന്ന ഒരു ഘടകം. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് വലിയ ഇമ്പാക്റ്റ് തന്നെയാണ് ഉണ്ടാക്കിയത്. ചിത്രത്തിലെ  റാപ്പ് വേർഷനുകളും  മികച്ചുതന്നെ നിന്നു.

Image

ഒരു നടൻ എന്ന നിലയിൽ വിജയ്‍യുടെ കരിയറിലെ ബെസ്റ്റ് തന്നെയാണ് ലിയോ എന്ന നിസംശയം പറയാം. എല്ലാ സിനിമകളിലും കണ്ടുവരുന്ന ‘വിജയ് മാനറിസങ്ങൾ’ ലിയോയിൽ ഇല്ല. നാൽപത് കഴിഞ്ഞ അച്ഛനായും ഭർത്താവായും ഭൂതകാലത്തെ മറക്കാൻ ശ്രമിക്കുന്ന വ്യക്തിയായും  അയാൾ സിനിമയിൽ ജീവിക്കുന്നു. ഇതേ ഭൂതകാലം അയാളെ വേട്ടയാടാൻ തുടങ്ങുമ്പോൾ തന്നെയാണ് ലിയോ തനത് ലോകേഷ് ശൈലിയിലേക്ക് കടക്കുന്നത്.
ഡാൻസിലും ആക്ഷനിലും വൈകാരിക രംഗങ്ങളിലും വിജയ് എന്ന ഇരുത്തംവന്ന നടനെ മാത്രമാണ് സിനിമയിലുടനീളം കാണാൻ കഴിയുന്നത്. രണ്ടാം പകുതിയിലെ പാർത്ഥിപനും സത്യയും (തൃഷ) തമ്മിലുള്ള വൈകാരിക രംഗത്തിൽ സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിജയ്‍യെ ലോകേഷ് പ്രേക്ഷകർക്ക് കാണിച്ചു തരുന്നു. ഗൗതം മേനോൻ, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, മാത്യു തോമസ് തുടങ്ങിയവർ തങ്ങൾക്ക് കിട്ടിയ ഭാഗങ്ങൾ ഗംഭീരമാക്കി എന്നുതന്നെ പറയാം. മഡോണ സെബാസ്റ്റ്യന്റെ കഥാപാത്രം ചുരുങ്ങിയ സമയം കൊണ്ട് ഗംഭീര കയ്യടികളായിരുന്നു തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്.

Image

തന്റെ സിനമയിലെ കഥാപാത്രങ്ങളെയെല്ലാം മുൻനിർത്തി 10 സിനിമകൾ ചേർന്ന ഒരു സിനിമാറ്റിക് യൂണിവേഴ്സ് ആണ് താൻ ലക്ഷ്യമിടുന്നത് എന്ന് ലോകേഷ് കനകരാജ്  മുൻപൊരിക്കൽ പറഞ്ഞിരുന്നു. അന്ന് സിനിമ ലോകം അതിനെ വലിയ രീതിയിൽ പരിഗണിച്ചില്ല. കമൽ ഹാസൻ നായകനായയെത്തിയ ‘വിക്രം’ എന്ന സിനിമയിൽ തന്റെ മുൻ ചിത്രമായ ‘കൈതി’യിലെ റഫറൻസുകൾ കൊണ്ടുവന്നതോട് കൂടിയാണ് സിനിമ പ്രേമികൾക്കിടയിൽ  ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് വളരെയേറെ സ്വീകാര്യത ലഭിച്ചത്.

Image

pc- google

സിനിമ ഇറങ്ങുന്നതിന് മുൻപ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു ലിയോ  എൽസിയു ആണോ അല്ലയോ എന്നത്. സിനിമ കൃത്യമായും അതിന് ഉത്തരം തരുന്നുണ്ട്. കൈതിയിലെ നെപ്പോളിയൻ എന്ന പൊലീസ് ഓഫീസർ, വിക്രത്തിലെ ലൈംഗിക തൊഴിലാളി എന്നിവർ കഥാപാത്രങ്ങളായും ‘വിക്രം’ ശബ്ദമായും ‘ദില്ലി’ എന്ന കഥാപാത്രം ചെറിയ വിവരണമായും ലിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ഇതെല്ലാം ചെറിയ ഏച്ചുകെട്ടൽ തോന്നുന്നുണ്ട് എന്ന കാര്യവും വാസ്തവമാണ്. എന്നാൽ അത്തരം കുറവുകൾ സിനിമാറ്റിക് യൂണിവേഴ്സിന്റെ അടുത്ത ഘട്ടത്തിൽ നികത്തും എന്നാണ് പ്രതീക്ഷ.

Image

എൽസിയു എന്ന തന്റെ സിനിമാറ്റിക് യൂണിവേഴ്സ് ലഹരിക്ക് എതിരെയുള്ളതാണെന്ന് അയാൾ മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്. ലിയോയിലും അത് തന്നെ കാണാൻ സാധിക്കും. ലിയോയുടെ അപൂർണത അടുത്ത എൽസിയു സിനിമ വരുന്നതോടുകൂടി മാറുമെന്നാണ് പ്രതീക്ഷ.

എൽസിയുവിൽ നിന്നുള്ള ആദ്യ ചിത്രമായ കൈതിയുടെ രണ്ടാംഭാഗം കൈതി2, കമൽ ഹാസൻ നായകനായയെത്തിയ വിക്രം സിനിമയുടെ രണ്ടാം ഭാഗമായ വിക്രം 2, വിക്രത്തിലെ സൂര്യയുടെ കഥാപാത്രമായ റോളക്സിനെവെച്ചുള്ള ഒരു സ്പിൻ ഓഫ് ചിത്രം എന്നിവയാണ് ഇതുവരെ ഉറപ്പായ എൽ. സി. യു ചിത്രങ്ങൾ.  കൂടാതെ എൽ. സി. യുവിലെ ഒരു ക്ലൈമാക്സ് ചിത്രവും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരമൊരു ഘടകം തന്നെയാണ് പ്രേക്ഷകർ  ലോകേഷ് ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കാനുള്ള പ്രധാന കാരണം.

Image