ആഖ്യാന മികവിന് കൈയടി നേടുന്ന നിതിലൻ സാമിനാഥന്റെ ‘മഹാരാജ’

2017-ൽ പുറത്തിറങ്ങിയ ‘കുരങ്ങു ബൊമ്മൈ’ എന്ന ഗംഭീര സിനിമയ്ക്ക് ശേഷം നിതിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രമെന്നതിന്നാലും, വിജയ് സേതുപതിയുടെ അഭിനയ ജീവിതത്തിലെ അൻപതാം ചിത്രമെന്ന പേരിലും ചെറുതല്ലാത്ത ഒരു ഹൈപ്പ് ‘മഹാരാജ’ എന്ന ചിത്രത്തിനുണ്ടായിരുന്നു. അത്തരമൊരു ഹൈപ്പിനോട് നീതിപുലർത്തുന്ന, അല്ലെങ്കിൽ അതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന സിനിമാനുഭവമാണ് മഹാരാജ.

ആഖ്യാനത്തിലെ കയ്യടക്കമാണ് മഹാരാജയുടെ മേന്മ. നോൺ ലീനിയർ നറേഷനിലൂടെ, ഓരോ കഥാപാത്രങ്ങളെയും കൃത്യമായ ഇടവേളകളിൽ സ്ക്രീനിൽ കൊണ്ടുവന്ന്, വ്യത്യസ്തമായ കാലഘട്ടങ്ങളിൽ നടന്ന ഓരോ സംഭവങ്ങളും പറഞ്ഞുപോവുന്നു. ആദ്യ സിനിമയ്ക്ക് ശേഷം 7 വർഷങ്ങളെടുത്തു നിതിലൻ സാമിനാഥൻ തന്റെ രണ്ടാമത്തെ സിനിമയായ മഹാരാജ ചെയ്യാൻ. തിരക്കഥയിൽ തന്നെയാണ് അയാൾ പണിയെടുത്തിരിക്കുന്നത്. അതിന്റെ ഗുണം സ്ക്രീനിലും സിനിമ കണ്ടിറങ്ങിയതിന് ശേഷം പ്രേക്ഷകരുടെ മുഖത്തും കാണാൻ സാധിക്കും.

സെൽവം (അനുരാഗ് കശ്യപ്), മഹാരാജ (വിജയ് സേതുപതി) എന്നീ രണ്ട് കഥാപാത്രങ്ങളുടെ ജീവിതവും പ്രവൃത്തിയും എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതെന്നും അവയെല്ലാം ഏതൊക്കെ രീതിയിലാണ് മറ്റ് കഥാപാത്രങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നതെന്നും രണ്ട് കാലഘട്ടത്തിൽ നിന്നുകൊണ്ട് നിതിലൻ സാമിനാഥൻ പറയുന്നു.

നിതിലൻ സാമിനാഥൻ

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ബാർബറായി ജോലി ചെയ്യുന്ന മഹാരാജയ്ക്ക് അപകടത്തിൽ തന്റെ ഭാര്യയെ നഷ്ടമായതാണ്. മകൾ ജ്യോതി മാത്രമാണ് അയാളുടെ കൂടെയുള്ളത്. മകളെ അപകടത്തിൽ നിന്നും രക്ഷിച്ചത് ലോഹം കൊണ്ട് നിർമ്മിച്ച ഒരു വേസ്റ്റ്ബിനാണ് (കുപ്പത്തൊട്ടി). അതുകൊണ്ട് തന്നെ അവരതിനെ ‘ലക്ഷ്മി’ എന്ന പേരിട്ട് പൂജിക്കുന്നു. സ്കൂളിലെ സ്പോർട്സ് മീറ്റുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നും ജ്യോതിക്ക് വിട്ടുനിൽക്കേണ്ടിവരികയും തുടർന്ന് തന്നെ അക്രമിച്ച് കുപ്പത്തൊട്ടിയെ ചിലർ കടത്തികൊണ്ടുപോയെന്നും പറഞ്ഞ് മഹാരാജ പൊലീസിൽ പരാതി നൽകുന്നു. ഇതാണ് ചിത്രത്തിന്റെ ആദ്യത്തെ അര മണിക്കൂറിൽ നിതിലൻ സാമിനാഥൻ പ്രേക്ഷകർക്ക് കാണിച്ചുതരുന്നത്. എന്നാൽ പ്രേക്ഷകർ കണ്ടതിനപ്പുറമുള്ള കാര്യങ്ങൾ അവിടെ നടന്നിരുന്നുവെന്ന് ആദ്യ നിമിഷങ്ങളിൽ തന്നെ സൂചന ലഭിക്കുന്നുണ്ട്. കേവലമൊരു ‘കുപ്പത്തൊട്ടി’ കളവ് പോയതിനാൽ തന്നെ, മഹാരാജയുടെ പരാതിയെ പൊലീസ് ഗൗരവമായി കണക്കാക്കുന്നില്ല. എന്നാൽ മഹാരാജ അഞ്ച് ലക്ഷം രൂപ പൊലീസിന് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതോടുകൂടി അവരത് അന്വേഷിക്കാൻ തുനിഞ്ഞിറങ്ങുന്നു.

അന്വേഷണം പുരോഗമിക്കവെ നഗരത്തിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയും, വീട്ടുകാരെ കൊല്ലപ്പെടുത്തുകയും ചെയ്യുന്ന സെൽവം, ശബരി എന്നീ മോഷ്ടാക്കളെയും സിനിമ വെളിപ്പെടുത്തുന്നുണ്ട്. സമാന്തരമായി തന്നെ, ഒരു കാർ സർവീസ് സ്റ്റേഷനിലെ ജോലിക്കാരനായ ധന എന്ന വ്യക്തിയെ തന്റെ കൂളിംഗ് ഗ്ലാസ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു രാഷ്ട്രീയക്കാരൻ മർദ്ദിക്കുകയും, തുടർന്ന് ധന അയാളെ അന്ന് രാത്രി നഗരത്തിലെ ഒരു പ്രധാന ബാറിൽ വെച്ച് തിരിച്ചടിക്കുകയും ചെയ്യുന്നു. ഇതിന് സാക്ഷിയായി മഹാരാജയും ബാറിലുണ്ടായിരുന്നു. എന്നാൽ മഹാരാജ തേടി നടന്ന വ്യക്തിയാണ് ധനയെന്ന് പിന്നീട് വെളിപ്പെടുകയും മഹാരാജയും ധനയും തമ്മിലുള്ള ബന്ധവും അതിന്റെ കാര്യകാരണങ്ങളും പതിയെ പുറത്തുവരികയും ചെയ്യുന്നു. കൂടാതെ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ലക്ഷ്മിയെ മോഷ്ടിച്ച വ്യക്തി എന്ന പേരിൽ നല്ല ശിവം എന്നയാളെയും ലക്ഷ്മിയുടെ ഡമ്മിയും പൊലീസ് ഹാജറാക്കുന്നുണ്ട്.

ജ്യോതിയിൽ നിന്ന് ലക്ഷ്മി എന്ന ‘കുപ്പത്തൊട്ടി’യിലേക്കും, ശേഷം ധന എന്ന കാർ സർവീസ് തൊഴിലാളിയിലേക്കും അവിടുന്ന് സെൽവത്തിലേക്കുമുള്ള മഹാരാജയുടെ യാത്രയാണ് സിനിമയുടെ ആകെത്തുക. എന്നാൽ സിനിമയുടെ നോൺ ലീനിയർ ആഖ്യാനത്തിന്റെ ഘടന അതിനെ തിരിച്ചും സാധ്യമാക്കുന്നു. മഹാരാജയെ തേടിവന്നതാണ് സെൽവം.

പ്രധാനമായും, മഹാരാജ, സെൽവം എന്നീ രണ്ട് പുരുഷന്മാരുടെ ജീവിതവും പ്രവൃത്തികളുമാണ് സിനിമ പറഞ്ഞുവെക്കുന്നത്. മഹാരാജയുടെ മുഖത്ത് എപ്പോഴുമൊരു വിഷാദം നിഴലിക്കുന്നത് കാണാം. ഭാര്യയുടെ അപകടത്തിന് മുൻപും അതങ്ങനെ തന്നെയാണ്. വിഷാദത്തിലും തനിക്ക് കൂട്ടായുള്ളത് തന്റെ മകൾ തന്നെയാണ്. അയാൾ ജീവിക്കുന്നത് അവൾക്ക് വേണ്ടിമാത്രമാണ്. മിക്ക ദിവസങ്ങളിലും ലെമൺ റൈസും മുട്ടയും ആണെങ്കിലും എന്നും രാവിലെ മകളെ സ്കൂളിലയാക്കാൻ വേണ്ടി ഭക്ഷണം പാകം ചെയ്യുന്നു, ബാർബർ ഷോപ്പിൽ പോവുന്നു, രാത്രി വൈകും വരെ വർക്ക് ചെയ്യുന്നു, മകൾ പറയുന്നതെന്തും കേൾക്കുന്ന അച്ഛൻ- മകൾ ബന്ധം അവിടെ കാണാൻ കഴിയും.

സെൽവം എന്ന കഥാപാത്രവും സമൂഹത്തിൽ നിലനിൽക്കുന്ന യാഥാസ്ഥിതിക പുരുഷന്മാരുടെ മറ്റൊരു പതിപ്പ് മാത്രമാണ്. അയാളും ജീവിക്കുന്നത്, കുടുംബത്തിന് വേണ്ടിയാണ്. ഭാര്യയെ സ്നേഹിക്കുന്ന നല്ലൊരു ഭർത്താവായും, മകളെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്ന അച്ഛനായും അയാൾ സിനിമയിലുടനീളം നിറഞ്ഞുനിൽക്കുന്നു. എന്നാൽ അയാൾക്ക് കൃത്യമായി ഗ്രേ ഷെയ്ഡുണ്ട്. സമൂഹത്തിന്റെ മുൻപിൽ എപ്പോഴും മുഖംമൂടിയണിഞ്ഞു ജീവിക്കുന്ന പുരുഷന്മാരുടെ പ്രതിനിധി കൂടിയാണ് സെൽവം. നഗരത്തിൽ ഒരു ഇലക്ട്രിക്കൽ ഷോപ്പ് നടത്തി ഉപജീവനം കണ്ടെത്തുന്നുവെന്ന് സമൂഹത്തെ അയാൾ തെറ്റിദ്ധരിപ്പിക്കുന്നു. മകളുടെ ജന്മദിനത്തിൽ വില കൂടിയ സ്വർണ്ണാഭരണം അയാൾ പണികഴിപ്പിക്കുന്നു. ഈ സ്വർണ്ണാഭരണത്തിനും സിനിമയുടെ ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്കുണ്ട്.

(Spoiler Alert)

മഹാരാജയും സെൽവവും തങ്ങളുടെ കുടുംബം തകർത്തവരോടുള്ള പ്രതികാരം ചെയ്യാൻ വേണ്ടിയാണ് ജീവിക്കുന്നത്. അത് തന്നെയാണ് അവരെ പരസ്പരം ബന്ധിപ്പിക്കുന്നതും. അവിടെയാണ് നിതിലൻ സാമിനാഥൻ എന്ന എന്ന എഴുത്തുകാരന്റെയും ഫിലിം മേക്കറുടെയും ആഖ്യാനവും ഫിലിം മേക്കിംഗും ഭൂരിപക്ഷ പ്രേക്ഷകന്റെ കയ്യടി നേടുന്നത്. അലസമായി സിനിമ കാണുന്നവരെ മിസ് ലീഡ് ചെയ്യിപ്പിക്കുന്ന നിരവധി ഘടകങ്ങൾ സിനിമയിലുണ്ട്. വേസ്റ്റ്ബിൻ മഹാരാജയുടെയും സെൽവന്റെയും വീട്ടിൽ കാണിക്കുന്നത് ബ്രില്ല്യന്റായാണ് സംവിധായകൻ ബ്ലെൻഡ് ചെയ്തിരിക്കുന്നത്. ഭൂതകാലവും വർത്തമാന കാലവും സമന്വയിപ്പിച്ച് കഥ പറയുന്നതുകൊണ്ട് തന്നെ ഏത് ടൈംലൈനിലാണ് കഥ നടക്കുന്നതെന്ന ബോധ്യം പ്രേക്ഷകർക്ക് ക്ലൈമാക്സിനോടടുക്കുമ്പോഴാണ് വരുന്നത്.

തന്റെ മകളെ റേപ്പ് ചെയ്തവരെ കണ്ടെത്തുന്നതും, പ്രതികാരം ചെയ്യുന്നതുമാണ് മഹാരാജയുടെ ലക്ഷ്യമെന്നും, വേസ്റ്റ്ബിൻ കളവ് പോയെന്നത് അയാൾക്ക് ലക്ഷ്യത്തിലേക്കെത്താനുള്ള ഒരു ടൂൾ മാത്രമായിരുന്നുവെന്നും പിന്നീടാണ് വെളിപ്പെടുത്തുന്നത്. അപ്പോഴും സംവിധായകൻ തിരഞ്ഞെടുത്തിരിക്കുന്നത് റേപ്പ് ചെയ്യപ്പെട്ട സർവൈവറുടെ ട്രോമയോ മാനസികാവസ്ഥകളോ അല്ല, പകരം പുരുഷന്റെ പ്രതികാരവും അതിന്റെ ജസ്റ്റിഫിക്കേഷനുമാണ്, അതിനെ വയലൻസിന്റെ അതിപ്രസരം പ്രസരം കൊണ്ടും, പൊലീസ് എന്ന ഭരണകൂടത്തിന്റെ മർദ്ധനോപകരണമായ ഒരു വ്യവസ്ഥിതിയെ ഗ്ലോറിഫൈ ചെയ്തും കയ്യടി നേടുന്നു.

വിജയ് സേതുപതി, നിതിലൻ സാമിനാഥൻ

തന്റെ കുടുംബ ജീവിതം നശിപ്പിച്ചത് മഹാരാജയാണെന്ന തെറ്റിദ്ധാരണയിലാണ് സെൽവം, അയാളെയും  മകളെയും വേട്ടയാടുന്നത്. എന്നാൽ താൻ റേപ്പ് ചെയ്യാൻ കൂട്ടുനിന്നത് തന്റെ തന്നെ മകളെയാണെന്നുള്ള വലിയ സത്യം തിരിച്ചറിയുന്നതാണ് സെൽവത്തിന് സിനിമയിൽ സംവിധായകൻ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ. അതിന്റെ പശ്ചാത്താപത്തിലാണ് അയാൾ അവസാനം ജീവനൊടുക്കുന്നത്. 2003-ൽ പുറത്തിറങ്ങിയ പാർക്ക് ചാൻ വൂക്കിന്റെ ‘ഓൾഡ് ബോയ്’, 2010-ൽ പുറത്തിറങ്ങിയ ഡെന്നിസ് വില്ലനേവിന്റെ ‘ഇൻസെൻഡീസ്’ മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’ തുടങ്ങീ ചിത്രങ്ങൾ കണ്ടതുകൊണ്ട് തന്നെ, സ്വാഭാവികമായും സെൽവമാണ് ജ്യോതിയുടെ ബയോളജിക്കൽ പിതാവ് എന്ന തിരിച്ചറിവ് സിനിമയുടെ രണ്ടാം പകുതി തുടങ്ങി കുറച്ചാവുമ്പോഴേക്ക് ലഭിക്കുന്നുണ്ട്. അത്തരമൊരു പറഞ്ഞ്, പുതുമ നഷ്ടമായ ബേസിക് ത്രെഡിനെ ഈ പറഞ്ഞ സിനിമകളോടൊന്നും പ്ലോട്ടിൽ സാമ്യത തോന്നാത്ത രീതിയിൽ എങ്ങനെയാണ് സംവിധായകൻ പറയാൻ ഉദ്ദേശിക്കുന്നത് എന്നത് മാത്രമാണ് പിന്നീടങ്ങോട്ട് നോക്കിയിരുന്നത്. അതുകൊണ്ട് തന്നെ ക്ലൈമാക്സിൽ ഭൂരിപക്ഷ പ്രേക്ഷകർക്കും ലഭിച്ച ആ ഞെട്ടൽ എന്ന വികാരം ലഭിച്ചില്ലെന്ന് മാത്രമല്ല, സർവൈവേഴ്സിനോടുള്ള നിതിലൻ സാമിനാഥന്റെ ‘സിനിമാറ്റിക് നീതി’ ഒരു ഉട്ടോപ്യ മാത്രമാണെന്നും, നമ്മുടെ പുരുഷാധിപത്യ സമൂഹത്തിൽ പൊലീസും, ഭരണകൂടവും, ജനങ്ങളും എത്രത്തോളം റേപ്പിസ്റ്റിനെ പിന്തുണക്കുന്നുവെന്നും സർവൈവേഴ്സിനെ അടിച്ചമർത്തുന്നുവെന്നുമുള്ള യാഥാർത്ഥ്യം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതെയാവുകയും ചെയ്യുന്നു.

നിതിലൻ സാമിനാഥൻ, അനുരാഗ് കശ്യപ്

ചെക്കോവ്സ് ഗൺ തിയറി മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ ചിത്രമാണ് മഹാരാജ. ഏതെങ്കിലും ഒരു രംഗത്തിൽ ഒരു ‘തോക്ക്’ കാണിച്ചിട്ടുണ്ടെങ്കിൽ സിനിമ/കഥ/നാടകം ഏതുമായികൊള്ളട്ടെ, അത് അവസാനിക്കുന്നതിന് മുൻപ് ആ തോക്ക് പൊട്ടിയിരിക്കണമെന്നാണ് ചെക്കോവ്സ് ഗൺ തിയറി പറയുന്നത്. ‘തോക്ക്’ എന്നത് എന്തുമാവാം, അതായത് ആവശ്യമില്ലാത്ത ഒരു വസ്തുപോലും പ്രേക്ഷകർക്ക് മുന്നിൽ എഴുത്തുകാരൻ വെച്ച് കൊടുക്കരുതെന്നാണ് ഉദ്ദേശിക്കുന്നത്. ഈയൊരു കാര്യം റിവേഴ്സ് ഓർഡറിലും പ്ലേസ് ചെയ്യാവുന്നതാണ്. അതായത് പ്രധാനപ്പെട്ട ഒരു വസ്തു കഥയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കഥയുടെ ആരംഭത്തിലും മറ്റും ഇതിനെ പരാമർശിച്ച് പോവാം. ചെക്കോവ്സ് ഗൺ തിയറി ഉപയോഗപ്പെടുത്തിയ നിരവധി തെന്നിന്ത്യൻ സിനിമകൾ സമീപകാലത്ത് പുറത്തിറങ്ങിയിട്ടുണ്ട്. മഹാരാജയിലേക്ക് വരുമ്പോൾ, ലക്ഷ്മി എന്ന പേരിട്ടിരിക്കുന്ന വേസ്റ്റ് ബിൻ ആണ് അത്തരത്തിൽ ഉപയോഗപ്പെടുത്തിയ ഒരു കാര്യം. ആദ്യ ഷോട്ട് തുടങ്ങിയത് മുതൽ ‘ലക്ഷ്മി’യെ എല്ലായിടത്തും കാണാൻ സാധിക്കും. മഹാരാജയുടെ ഗതി നിർണയിക്കുന്നത് തന്നെ ഈ വേസ്റ്റ്ബിൻ ആണ്. മറ്റൊരു കാര്യം സ്വർണ്ണമാലയും ജ്യോതിയുടെ കഴുത്തിലെ മുറിവുമാണ്. സെൽവന് ജ്യോതി എന്നത് തന്റെ മകൾ അമ്മുവായിരുന്നുവെന്ന് തിരിച്ചറിയാൻ കഴിയുന്നത് ഈ രണ്ട് കാര്യങ്ങളിലൂടെയാണ്. ഈ മൂന്ന് കാര്യങ്ങളെ മികച്ച രീതിയിലാണ് നിതിലൻ സാമിനാഥൻ തിരക്കഥയിൽ കൊണ്ടുവന്നിരിക്കുന്നത്.

തന്നിലെ നടനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മൊമന്റുകൾ ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും, മഹാരാജ എന്ന കഥാപാത്രമായി വിജയ് സേതുപതി മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. സെൽവം എന്ന കഥാപാത്രമായി അനുരാഗ് കശ്യപാണ് ഞെട്ടിക്കുന്ന പ്രകടനം നടത്തിയത്. ലിപ് സിങ്കിന്റെ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും കേവലമൊരു ടിപ്പിക്കൽ ‘വില്ലൻ’ എന്നതിന് അപ്പുറത്തേക്ക് ഒരു മികച്ച ആന്റഗോണിസ്റ്റ് ആയി അയാൾ ചിത്രത്തിൽ നിറഞ്ഞാടിയിട്ടുണ്ട്. അതുപോലെ തന്നെയായിരുന്നു അഭിരാമിയുടെ പ്രകടനവും. മംമ്ത മോഹൻദാസ് പിന്നെ ഏത് സിനിമയിൽ വന്നാലും, മംമ്ത മോഹൻദാസിനെ അല്ലാതെ കഥാപാത്രത്തെ ഒരിക്കലും സ്ക്രീനിൽ കാണാൻ കഴിയില്ല എന്നുള്ളത് വീണ്ടും തെളിയിച്ചിട്ടുണ്ട്. സിനിമയിൽ ബാക്കി വന്ന് പോയ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. പിന്നെ എടുത്ത് പറയേണ്ടത് അജനീഷ് ബി ലോകനാഥിന്റെ പശ്ചാത്തല സംഗീതമാണ്. സിനിമയുടെ വൈകാരിക തലങ്ങളെ ഉദ്ദീപിപിക്കുന്നതിനൊപ്പം തന്നെ ഒരു തരത്തിലുള്ള ഹോണ്ടിങ്ങ് അനുഭവം നൽകാനും സാധിച്ചിട്ടുണ്ട്.

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍