Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

MOVIE REVIEW

മാറ്റമില്ലാതെ മമ്മൂട്ടി, വൈകല്യമുള്ള സന്തതികള്‍

, 7:40 pm

ജോമോന്‍ തിരു

‘മലയാളിയുടെ വൈകാരിക ഋതുഭേതങ്ങളുടെ ഭാവപൂര്‍ണ്ണിമ.’ -ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷനായ മമ്മൂട്ടി എന്ന നടനവിസ്മയത്തെ ഇപ്രകാരം വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇപ്പോഴോ? മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം കേവലമൊരു തിരിച്ചുവരവ് മാത്രമല്ല ആവശ്യമായിരിക്കുന്നത്. ഒരു വലിയ വിജയം തന്നെ അദ്ദേഹത്തിന് തന്റെ കരിയറില്‍ ആവശ്യമാണ്. മമ്മൂട്ടി എന്ന നടന്റേതായി എല്ലാത്തരം പ്രേക്ഷകര്‍ക്കും സ്വീകാര്യമായ ചിത്രങ്ങളിറങ്ങിയിട്ട് ഏഴുവര്‍ഷങ്ങളായി. പുതിയ സംവിധായകരോടുള്ള അമിതമായ താത്പര്യവും അനുചിതമായ തിരക്കഥാ തിരഞ്ഞെടുപ്പുകളും ഈ നടനെ കുടുംബപ്രേക്ഷകര്‍ കൈയ്യൊഴിയുവാനിടയാക്കി.

സ്ട്രീറ്റ് ലൈറ്റ്, പരോള്‍, അങ്കിള്‍ തുടങ്ങിയ കനത്ത പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂട്ടിയുടെ ശക്തമായ ഒരു പൊലീസ് കഥാപാത്രത്തിനായി ഉറ്റുനോക്കിയിരിക്കുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷാനിര്‍ഭരമായിരുന്നു ‘അബ്രഹാമിന്റെ സന്തതികള്‍.’ ധാരാളം പരിമിതികളുണ്ടായിരുന്നെങ്കിലും, അവതരണ നിലവാരത്താല്‍ പ്രേക്ഷകര്‍ക്ക് ഒരു പരിധിവരെ ഇഷ്ടപ്പെടുകയും വാണിജ്യവിജയം കരസ്ഥമാക്കുകയും ചെയ്ത ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിനുശേഷം ഹനീഫ് അദേനി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ‘അബ്രഹാമിന്റെ സന്തതികള്‍.’ രഞ്ജിത്ത്, ഷാജി കൈലാസ് എന്നിവരോടൊപ്പം സംവിധാനമേഖലയില്‍ പ്രവൃത്തിപരിചയമുള്ള ഷാജി പാടൂരാണ് ‘അബ്രഹാമിന്റെ സന്തതികള്‍’ ഒരുക്കുന്നത്.. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ട്രൈലറുകളും അതുവരെയുണ്ടായിരുന്ന പ്രതീക്ഷകളെ പിന്നോട്ടുവലിച്ചു.

വിചിത്രസ്വഭാവമുള്ള മൂന്നു കൊലപാതകങ്ങളില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. സമാനമായ സംഭവങ്ങളിലായി അതുവരെ കൊല്ലപ്പെട്ടത് ആറുപേര്‍. ഘാതകന്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളത് 10 പേരാണ്. മറ്റുള്ളവരെ രക്ഷിക്കുവാനായി ഡെറിക് എബ്രഹാം എന്ന സമര്‍ത്ഥനായ പൊലീസ് കമ്മീഷണര്‍ വന്നെത്തുന്നു. ഉദ്വേഗം നിറഞ്ഞ ഏതാനും സംഭവങ്ങളിലൂടെ ഡെറിക് ഘാതകനിലേയ്ക്ക് എത്തപ്പെടുന്നു

ആദ്യാവസാനം ഒരേവേഗതയില്‍ സഞ്ചരിക്കുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുവാനാണ് സംവിധായകന്‍ ശ്രമിച്ചത്. മലയാളത്തിലും മറ്റ് ഭാഷകളിലും കാലങ്ങളായി നാമോരോരുത്തരും കണ്ടുമറന്ന പൊലീസ് കഥ തന്നെയാണ് ഇവിടെയും. ജീവിതപക്വതയിലേയ്ക്ക് കടക്കുന്ന പൊലീസ് ഓഫീസര്‍, സത്യസന്ധമായി ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിനിടയില്‍ സംഭവിക്കുന്ന കുടുംബപരമായ നഷ്ടങ്ങള്‍, വൈകാരികതയും ജീവിതവും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ സംഭവിക്കുന്ന അസന്തുലിതാവസ്ഥ അതിനിടയില്‍ ഏറ്റെടുക്കുന്ന ചുമതലകള്‍ ഇവയെല്ലാം എത്രയോ നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നു! അതില്‍ നിന്നും ഈ ചിത്രവും തെല്ലും വ്യത്യസ്തത പുലര്‍ത്തുന്നില്ല.

ആദ്യഭാഗങ്ങളില്‍ ഒരു ത്രില്ലര്‍ മൂഡ് കൈവന്നെങ്കിലും പിന്നീടുള്ള സിനിമയുടെ പോക്കില്‍ താളം തെറ്റിയിരുന്നു. സസ്‌പെന്‍സ് ത്രില്ലറില്‍നിന്ന് ഇമോഷനല്‍ ത്രില്ലറിലേക്കുള്ള പ്രയാണം ചിലയവസരങ്ങളില്‍ പ്രേക്ഷകന് ബുദ്ധിമുട്ടായിത്തീരുന്നുണ്ട്. കണ്ടുമറന്ന സീരിയല്‍ കില്ലറിന്റെ പിന്നാലെ പായുന്ന ധീരനായ പൊലീസ് ഉദ്യോഗസ്ഥന്റെ പഴഞ്ചന്‍ കഥയിലേയ്ക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഉപകഥ തന്നെ താളപ്പിഴയോടുകൂടിയതായിരുന്നു. പതിയെ പറഞ്ഞുപോകുന്ന ചിത്രത്തില്‍ കുടുംബബന്ധവും, വൈകാരികതയും സൗഹൃദവും ചതിയുമെല്ലാം ഉള്‍പ്പെട്ടിരിക്കുന്നു. ആദ്യപകുതിയിലെ കണ്ടുശീലിച്ച കാഴ്ചകള്‍ക്കൊടുവില്‍ ഇടവേള അല്‍പം പ്രതീക്ഷകള്‍ നല്‍കി. രണ്ടാം പകുതിയ്ക്ക് വേണ്ടത്ര ഊര്‍ജ്ജം ലഭ്യമായിരുന്നില്ല. ക്ലൈമാക്‌സ് രംഗങ്ങള്‍ മുന്‍പ് പറയാന്‍ മറന്നുവച്ചെന്ന് തോന്നിയ രംഗങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ടെങ്കിലും അത്രമേല്‍ ന്യായയുക്തമല്ല എന്നത് പോരായ്കയാണ്.

വേദനയും ദുഃഖവും വിജയപരാജയങ്ങളും ഏറ്റുവാങ്ങിയ ഡെറിക് എബ്രഹാം എന്ന പൊലീസ് കമ്മീഷണറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. പ്രായത്തെ അവഗണിച്ചുകൊണ്ട്, ചുറുചുറുക്കോടെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടി ആരാധകര്‍ക്ക് ആവേശം പകര്‍ന്നു. ജാക്കറ്റ്, കൂളിംഗ് ഗ്ലാസ്, പജേറോ, വിന്റേജ് കാര്‍, തോക്ക്, സ്ലോമോഷന്‍ എന്നിവ വിട്ട് ഇത്തവണയും മമ്മൂട്ടി ഒരു മാറ്റത്തിന് തയ്യാറാവുന്നില്ല. ഒരു മമ്മൂട്ടി ഷോ എന്ന നിലയില്‍ ആരാധകതൃപ്തിക്കായുള്ള ഏതാനും ഘടകങ്ങള്‍ ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ക്ലൈമാക്‌സിലെ ചില വിശദീകരണങ്ങളും ഷാര്‍പ്പ് ഷൂട്ടിംഗും കഥാപാത്രങ്ങള്‍ തമ്മിലുള്ള കഴിവു തെളിയിക്കലുകളും പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്നു.

ആദ്യപകുതിയില്‍ത്തന്നെ പ്രതീക്ഷിക്കാവുന്ന കഥാസന്ദര്‍ഭങ്ങള്‍ മുഴച്ചുനിന്നു. നായകനും അനുജനും ഉള്‍പ്പെട്ട രംഗങ്ങളും, നായകനുമായി ബന്ധപ്പെട്ട വൈകാരിക സ്വാധീനങ്ങളും തികച്ചും അപക്വമായി അനുഭവപ്പെട്ടു. സിനിമയിലെ സംഭാഷണരംഗങ്ങള്‍ പലപ്പോഴും ബാലിശതയിലേയ്ക്ക് നീങ്ങുന്നുണ്ട്. പക്വതയുള്ള പൊലീസ് ഓഫീസറായി വീക്ഷിക്കപ്പെടുന്ന ഡെറിക് എബ്രഹാം മിക്കപ്പോഴും പ്രായത്തിനു ചേരാത്ത ഡയലോഗുകളാണ് പുറത്തുവിടുന്നത്. ആരാധകരുടെ ആവേശം മാത്രമേ ഇത്തരം സംഭാഷണങ്ങള്‍ ലക്ഷ്യം വച്ചുള്ളൂ എന്ന് വ്യക്തം.

വീണ്ടുവിചാരമില്ലാത്ത സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍, കൂട്ടത്തില്‍ നിന്ന് അനവസരത്തില്‍ ‘ചളിയടിക്കാന്‍’ വേണ്ടി മാത്രമായി മറ്റൊരു പൊലീസുകാരന്‍, ഉന്നമില്ലാത്ത തോക്കുകളുമായി വില്ലന്മാര്‍, ഗോഡൗണ്‍ സംഘട്ടനങ്ങള്‍ ഇവയെല്ലാം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. നായകനെ കൂടാതെയുള്ള പൊലീസ് കഥാപാത്രങ്ങള്‍, പ്രതിയോഗികള്‍ എന്നിവര്‍ സമയാസമയങ്ങളില്‍ ശൗര്യം കൂടിയും കുറഞ്ഞുമിരുന്നു. നായകന് ഹീറോയിസം കാണിക്കുവാനും സസ്‌പെന്‍സ് ഘടകങ്ങള്‍ വര്‍ക്കൗട്ട് ആകുവാനും വേണ്ടി സ്വയം വിഡ്ഢിവേഷം കെട്ടുന്നുമുണ്ട്. സിദ്ദീഖ്, രഞ്ജി പണിക്കര്‍, എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യുവാനില്ല. മമ്മൂട്ടിയുടെ സമീപകാല പരാജയചിത്രങ്ങളിലെ അവിഭാജ്യഘടകമായ സോഹന്‍ സീനുലാല്‍ കോമഡി എന്ന പേരിലുള്ള വിഡ്ഢിത്തങ്ങളുമായി പൊലീസ് ഓഫീസര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊലപാതകിയുടെ സ്വഭാവവിശേഷതകളും അത് നായകന്‍ കണ്ടെത്തുന്ന വൈഭവവും കേവലം കാഴ്ച മാത്രമായൊതുങ്ങി. ബൈബിളുമായുള്ള ഘാതകന്റെ ബന്ധം, നിരീശ്വരവാദത്തിനെതിരെ നിലകൊള്ളുന്ന കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ എന്നിവയ്ക്ക് വ്യക്തവും, റീസണബിള്‍ ആയതുമായ വിശദീകരണങ്ങള്‍ നല്‍കുവാന്‍ സംവിധായകനു കഴിയാതെപോകുന്നു.

നായകന്റെ സ്തുതിപാടകരായ സഹജീവനക്കാര്‍, നായകനെ വിവാഹം ചെയ്യുവാന്‍ കഴിയാത്തതില്‍ ഖേദിക്കുന്ന സ്ത്രീകഥാപാത്രം എന്നിങ്ങനെ അനുചിതവും അസ്വാഭാവികവുമായ ചില കാഴ്ചകള്‍ക്കും ചിത്രം വേദിയാവുന്നുണ്ട്. കനിഹയുടെ കഥാപാത്രത്തിനു നല്‍കിയ അനാവശ്യ പരിഗണനയും ക്ലൈമാക്‌സിലേയ്ക്ക് എത്തിച്ചേരുന്ന വിധങ്ങളും വളരെ ബോറന്‍ കാഴ്ചകളുടെ ഭാഗമായിരുന്നു. ചിത്രത്തിന്റെ സാങ്കേതികവശങ്ങള്‍ ഒരുന്‍പരിധിവരെ തൃപ്തികരമാണ്. ആക്ഷന്‍ സീനുകള്‍ അത്ര മികച്ചതല്ല. ‘ദി ഗ്രേറ്റ് ഫാദറി’ലെ ഏറ്റവും ബോറന്‍ രംഗമായിരുന്ന ക്ലൈമാക്‌സ് സംഘട്ടനം പോലെ ‘കത്തി’ രംഗങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ലായിരുന്നു എന്നത് ആശ്വാസകരമാണ്. വിദേശ നടന്മാരെ സിനിമയില്‍ ഉള്‍പ്പെടുത്തിയെങ്കിലും, നായകനുള്‍പ്പെട്ട ആക്ഷന്‍ രംഗങ്ങള്‍ക്കുപകരമായി ഏവരും നിര്‍വ്വീര്യമായിപ്പോയി.

മലയാളത്തിലെ മുന്‍നിര ഛായാഗ്രഹകരില്‍ ഒരാളായ ആല്‍ബിയാണ് ചിത്രത്തിനായി മികച്ച ഫ്രെയിമുകള്‍ ഒരുക്കിയിരിക്കുന്നത്. നായകന്റെ ഇന്‍ട്രൊഡക്ഷന്‍ രംഗവും ഗാനരംഗങ്ങളും ഛായാഗ്രഹകന്റെ കരവിരുത് ഘോഷിക്കുന്നു. ഗ്രേറ്റ് ഫാദര്‍ സിനിമയുടെ ആകര്‍ഷകഘടങ്ങളില്‍ ഒന്നായിരുന്നു സുഷിന്‍ ശ്യാമിന്റെ പശ്ചാത്തലസംഗീതമെങ്കില്‍ ‘അബ്രഹാമിന്റെ സന്തതികള്‍’ക്കായി ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തലസംഗീതം അസഹ്യമായിരുന്നു. ഷെറിന്‍ ഫ്രാന്‍സിസ്, ഗോപി സുന്ദര്‍ എന്നിവരായിരുന്നു ഗാനങ്ങളൊരുക്കിയത്. അനാവശ്യമായി തിരുകിക്കയറ്റിയ ഗാനങ്ങള്‍ മോശമായിരുന്നു. ടേക്കോഫിലൂടെ സംവിധായകന്റെ മേലങ്കിയണിഞ്ഞ മഹേഷ് നാരായണന്റെ കഴിവുകള്‍ ഇത്തവണ എഡിറ്റിംഗില്‍ പ്രകടമായിരുന്നില്ല.

മലയാളി പ്രേക്ഷകര്‍ മലയാളവും ഇന്ത്യന്‍ ഭാഷയും കടന്ന് ലോകസിനിമകളെ വരെ ആസ്വദിക്കുകയും ഇഴകീറി പരിശോധിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഒരു തികവുറ്റ ത്രില്ലര്‍ ആയിത്തീരുവാന്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് സാധിക്കാതെവരുന്നുണ്ട്. യുക്തിബോധമുള്ള പൊതു പ്രേക്ഷകനെ പാടേ അവഗണിച്ചുകൊണ്ട്, സൂപ്പര്‍ താരത്തിന്റെ വേഷവിധാനങ്ങള്‍, ചലനങ്ങള്‍, സ്ലോ മോഷനുകള്‍ എന്നിവയില്‍ തൃപ്തിപ്പെടുന്ന ഫാന്‍സ് വിഭാഗത്തിന്റെ തൃപ്തിയ്ക്കുവേണ്ടി മാത്രമായി ഒരുക്കിയ ഒരു ശരാശരിയിലും താഴെയുള്ള ഒരു ചിത്രം മാത്രമാണ് അബ്രഹാമിന്റെ സന്തതികള്‍.

Advertisement