പുഴു എന്ന ജീവി കാഴ്ചയില്‍ എത്ര മനോഹരമാണെങ്കിലും സമൂഹമതിനെ വെറുപ്പോടെ തന്നെയാണ് കാണുന്നത്. പുഴു ശരീരത്തിലെത്തിയാല്‍ ഉണ്ടാകുന്ന ചൊറിച്ചിലുകളും അസ്വസ്തതകളും നമ്മെ അലോസരപ്പെടുത്താറുണ്ട്. സമൂഹത്തില്‍ മനുഷ്യര്‍ക്കിടയിലെ പുഴുക്കളെയാണ് ഏറ്റവും വെറുക്കപ്പേടേണ്ടതെന്നാണ് രതീന ടി പിയുടെ പുഴു എന്ന ചിത്രം ഓര്‍മ്മിപ്പിക്കുന്നത്. മമ്മൂട്ടിയെന്ന സൂപ്പര്‍ താര പദവിയുള്ള നടന്‍ പ്രതിനായക പരിവേഷത്തിലെത്തിയ ചിത്രം നല്‍കുന്നത് വലിയൊരു സന്ദേശമാണ്. ജാതിക്കോമരങ്ങളുടെ പകര്‍പ്പായി താരജാഡകളില്ലാതെ പച്ചമനുഷ്യനായ മമ്മൂട്ടി.
സിനിമയുടെ ഇടയില്‍ പലപ്പോഴും നമുക്കയാളെ വെറുക്കപ്പെടാം. മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ ഒരു വേഷമാണ് ചിത്രത്തില്‍. നായക കഥാപാത്രം പ്രേക്ഷകനെ സംബന്ധിച്ച് വില്ലനാകാം. കാലിക പ്രസക്തമായ പ്രമേയം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. മമ്മൂട്ടിയും പാര്‍വ്വതിയും അപ്പുണ്ണിയും അതിനെ പ്രേക്ഷകരിലേക്ക് അതിമനോഹരമായി പ്രതിഫലിപ്പിക്കുന്നു. വര്‍ത്തമാനകാല കേരളത്തില്‍ സംഭവിച്ച ദുരഭിമാനക്കൊലകളെ പ്രേക്ഷകന്‍ ഓര്‍ത്തുപോകും, വാണിജ്യ ചേരുവകള്‍ക്ക് ഇടനല്‍കാതെ വിഷയത്തിലൂന്നി മുന്നോട്ടുപോകുന്ന സൈലന്റ് ത്രില്ലര്‍ സ്വഭാവമാണ് പുഴു.
നമുക്കിടയിലും ഉണ്ട് ഇത്തരം പുഴുക്കള്‍. കുലമഹിമയില്‍ രമിക്കുന്ന സവര്‍ണ മഹിമ പേറുന്ന ജാതി കോമരങ്ങള്‍. കെവിനെ പോലെ ഇത്തരം പുഴുക്കള്‍ ഇല്ലാതാക്കിയവര്‍ നിരവധി. സ്വന്തം മകന്‍ സഹപാഠിയുടെ ചോറ്റുപാത്രം പങ്കുവെച്ചതും കൂടെക്കളിച്ചതു പോലും സഹിക്കാനാകാത്ത എന്തിന് മകന്‍ എങ്ങനെ പല്ല് തേക്കണമെന്ന് വരെ അയാളുടെ തീരുമാനമാണ്. അധികം ശബ്ദമില്ലാതെ ആജ്ഞാശക്തിയില്‍ ലോകം കെട്ടിപ്പെടുക്കാന്‍ ശ്രമിക്കുന്ന കുട്ടന്‍ എന്ന് വിളിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണയാള്‍. നോട്ടങ്ങള്‍ കൊണ്ട് പോലും അയാള്‍ മകനെ വരച്ച വരയില്‍ നടത്തിക്കുന്നുണ്ട്. ഒരു അച്ഛന്‍ ഇങ്ങനെ ആകണം, അല്ലെങ്കില്‍ താന്‍ നല്‍കുന്നതാണ് സ്നേഹം എന്നൊക്കെയാണ് അയാളുടെ ധാരണ.
ശബ്ദങ്ങളെ അയാള്‍ ഭയക്കുന്നുണ്ട്. പ്രെഷര്‍ കുക്കര്‍ വിസില്‍, കേള്‍വി കുറവായ വേലക്കാരന്റെ ശബ്ദം എന്തിന് ഭക്ഷണം കഴിക്കുമ്പോള്‍ പോലും ശബ്ദം ഉണ്ടാകുന്നത് അയാള്‍ക്കിഷ്ടമല്ല. സഹോദരി ഭര്‍ത്താവാകട്ടെ വളരെ ഉച്ചത്തില്‍ സംസാരിക്കുന്ന നാടക നടനും. കുലമഹിമ പ്രിവിലേജ് ആയി കാണുന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി പുഴുവില്‍ എത്തുമ്പോള്‍ താര പദവികള്‍ മാറ്റി നിര്‍ത്തി അരങ്ങില്‍ പകര്‍ന്നാടുകയാണ്. തന്റെ കുലമഹിമയ്ക്ക് മുന്നില്‍ രക്ത ബന്ധങ്ങള്‍ക്ക് പോലും വില കല്‍പ്പിക്കാന്‍ അയാള്‍ക്ക് ആകുന്നില്ല. ഉള്ളില്‍ അടിഞ്ഞിരിക്കുന്ന ജാതിയുടെ പക അയാളിലെ ക്രൂരനെ തുറന്നു വിടുകയാണ്.
മുന്‍ നിര സംവിധായകരില്‍ പലരും പറയാന്‍ ധൈര്യം കാണിക്കാന്‍ മടിക്കുന്ന വിഷയത്തെ മനോഹരമായി ക്യാന്‍വാസിലേക്ക് പകര്‍ത്തിയ രതീനയ്ക്കും മമ്മൂട്ടിക്കും അഭിനന്ദനം. കൃത്യമായ രാഷ്ട്രീയമാണ് പുഴുവിലൂടെ സംവിധായിക പങ്കുവെക്കുന്നത്. എത്രതന്നെ പുരോഗമനം പാടി നടന്നാലും മായാത്ത ജാതി എന്ന ആ കറയെ തുറന്നു കാട്ടപ്പെടുന്നു. പെര്‍ഫോമന്‍സിന് അധികം ഇടമില്ലെങ്കിലും പാര്‍വ്വതി തിരുവോത്തും പ്രേക്ഷകനെ മടുപ്പിക്കില്ല, അപ്പുണ്ണി ശശിയുടെ കുട്ടപ്പന്‍ എന്ന നാടകക്കാരനും പ്രേക്ഷക മനസില്‍ നോവായി അവശേഷിക്കുന്നു.
Read more
ഹര്‍ഷദ്, ഷര്‍ഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥ തന്നെയാണ് എടുത്തു പറയേണ്ടത്. മാളവിക മേനോന്‍, ആത്മീയ രാജന്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, കുഞ്ചന്‍, കോട്ടയം രമേശ്, പ്രശാന്ത് അലക്സാണ്ടര്‍, വാസുദേവ് സജീഷ് മാരാര്‍, തേജസ്സ് ഇകെ തുടങ്ങിയവരും ചിത്രത്തില്‍ തങ്ങളുടെതായ ഇടം നേടി. തേനി ഈശ്വറിന്റെ ക്യാമറയും ജേക്‌സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും, ദീപു ജോസഫിന്റെ എഡിറ്റിംഗും സിനിമയിലെ അസുഖകരമായ കാഴ്ചകള്‍ക്ക് ബലമേകുന്നു. സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ സംബന്ധിച്ചിടത്തോളം ഇനിയും ഒരുപാടുണ്ട് പ്രേക്ഷകന് നല്‍കാനെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്.