ഷാജിമാരുടെ ചിരിപ്പൂരം

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ആദ്യ രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായതിനാല്‍ നാദിര്‍ഷയുടെ ഈ ചിത്രവും ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കിയത്.  ആ വിശ്വാസം താഴെ വീണുടയാതെ തന്നെ ഈ ചിത്രം കാത്തു സൂക്ഷിച്ചു എന്ന് പറയാം. മലയാളത്തിലെ തന്റെ മൂന്നാമത് ചിത്രം മേരാ നാം ഷാജിയും ചിരിമയമായ ഒരു ഫാമിലി എന്റര്‍ടെയ്നറായാണ് നാദിര്‍ഷ തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

മൂന്നു ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി. മൂന്നു പേരും മൂന്നു ജില്ലകളിലുള്ളവര്‍. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയും കൊച്ചിയിലുള്ള ഉഡായിപ്പ് ഷാജിയും തിരുവനന്തപുരത്തുള്ള ഒരു ജെന്റില്‍മാന്‍ ഷാജിയും. കോഴിക്കോട് ഷാജിയായി ബിജു മേനോന്‍ എത്തുമ്പോള്‍ കൊച്ചി ഷാജിയായി ആസിഫ് അലിയും തിരുവനന്തപുരം ഷാജിയായി ബൈജു സന്തോഷും വേഷമിടുന്നു. ഇവര്‍ മൂന്നു പേരും പ്രത്യേക സാഹചര്യങ്ങളിലായി കൊച്ചിയില്‍ വന്നെത്തുന്നതും അവിടെ ഇവരെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

കോഴിക്കോടു നിന്നാണ്  ക്യാമറ ചലിച്ചു തുടങ്ങുന്നത്. ഗുണ്ടയായ ഷാജി ഉസ്മാന്റെ വീട്ടില്‍ നിന്നാണ് കഥ തുടങ്ങുന്നത്. പരിതാപകരമായ ചുറ്റുപാടില്‍ താമസിക്കുന്ന ഷാജി ഗുണ്ടയാണെങ്കിലും മനസില്‍ സ്നേഹവും നന്മയും ഉള്ളവനാണെന്ന് ആദ്യ ഭാഗത്തില്‍ തന്നെ ചിത്രം പ്രേക്ഷകന് നല്‍കുന്നു. ടാക്സി ഡ്രൈവറാണ് തിരുവന്തപുരം ഷാജി. മറ്റ് ഷാജിമാരെ പോലെ ഉഡായിപ്പല്ല. ആള് നല്ല ഡീസന്റാണ്. പിന്നെ കൊച്ചി ഷാജി. ഉഡായിപ്പ് ഷാജി വിളിപ്പേരില്‍ തന്നെ എല്ലാമുണ്ട്. കോഴിക്കോട് ഷാജി ഒരു ക്വട്ടേഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിച്ചേരുന്നു. തിരുവനന്തപുരം ഷാജി ഒരു ട്രിപ്പുമായി ബന്ധപ്പെട്ടും കൊച്ചിയില്‍ വരുന്നു. ഇവിടെ വെച്ച് ഇവര്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ഈ പ്രശ്നങ്ങളും ഒരു സിം കാര്‍ഡും മൂന്നു ഷാജിമാരെയും ബന്ധിപ്പിക്കുന്നു.

മൂന്നു ഷാജിമാര്‍ തന്നെയാണ് സിനിമയുടെ ജീവന്‍. തുടക്കം മുതലുള്ള സിനിമയുടെ ഒരു ഫണ്ണിമൂഡ് അവസാനം വരെ തുടരാനായിട്ടുണ്ട് എന്നതാണ്  എടുത്തു പറയേണ്ടതൊന്ന്. മൂന്നു ഷാജിമാരും കട്ടയ്ക്ക് നിന്ന് പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. കോഴിക്കോട് ഷാജിയെന്ന തന്റെ കഥാപാത്രത്തെ ബിജു മേനോന്‍ തന്റെ തനതായ ശൈലിയില്‍ ഗംഭീരമാക്കിയിട്ടുണ്ട്. കൊച്ചി ഷാജിയായി ആസിഫും തകര്‍ത്താടുന്നു. അമര്‍ അക്ബര്‍ അന്തോണിയില്‍ കണ്ട ആസിഫലിയെ ഇവിടെയും പ്രേക്ഷകന് കാണാന്‍ കഴിയുമെന്നത് ശ്രദ്ധേയമാണ്. ആസിഫിന്റെ കഥാപാത്രത്തിന്റെ ഇന്‍ഡ്രോ തന്നെ അതോര്‍മിപ്പിക്കുന്നതാണ്.

ഒരിടവേളയ്ക്ക് ശേഷമുള്ള തന്റെ തിരിച്ചു വരവ് ബൈജു സന്തോഷ് മാസ് ആക്കിയിരിക്കുകയാണ് എന്നു തന്നെ പറയേണ്ടി വരും. ഈ ഒരു കഥാപാത്രത്തെ ഇത്രമേല്‍ മനോഹരമാക്കാന്‍ ബൈജുവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്ന് ആസിഫും ബിജു മേനോനും ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശരിവക്കുന്നതാണ് ബൈജുവിന്റെ പ്രകടനം. ആസിഫിന്റെ സുഹൃത്തായി കുന്ദീശന്‍ എന്ന കഥാപാത്രമായി ധര്‍മ്മജന്‍ ആവോളം പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്. അഡ്വ. ലോറന്‍സ് എന്ന കഥാപാത്രമായി ശ്രീനിവാസനും, സഖാവ് ഡൊമിനിക് എന്ന കഥാപാത്രമായി ഗണേഷ് കുമാറും തങ്ങളുടെ വേഷങ്ങള്‍ സുന്ദരമാക്കിയിരിക്കുന്നു. നായികയായി എത്തിയ നിഖില വിമലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.

സംവിധാനത്തിലേക്ക് വന്നാല്‍ മുന്‍ ചിത്രങ്ങളിലേതു പോലെ തന്നെ പഴുതടച്ചുള്ള പ്രകടനമാണ് നാദിര്‍ഷയുടെ. തന്റെ ചിത്രങ്ങളിലെ ഹൈലൈറ്റായ “ചിരിപ്പൂരം” ഷാജിമാരുടെ കഥയിലും നാദിര്‍ഷ കേടുകൂടാതെ അവതരിപ്പിച്ചിട്ടുണ്ട്. അതും പുതുമയോടെ. സരസമായ സഞ്ചാരത്തിനിടയിലും കഥയുടെ പ്രധാന്യം നഷ്ടപ്പെടാതെ അതിന്റേതായ പരുവത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ തിരക്കഥാകൃത്ത് ദിലീപ് പൊന്നന്‍ വിജയിച്ചിട്ടുണ്ട്. ചെറിയ കഥാ ചുറ്റുപാടിലും വിനോദ് ഇല്ലമ്പിള്ളിയുടെ ക്യാമറ കണ്ണുകള്‍ മനോഹരമായി തന്നെ എല്ലാം ഒപ്പിയെടുത്തിട്ടുണ്ട്. സിനിമയില്‍ ഒരിക്കല്‍ മാത്രം വന്നു പോകുന്ന കോഴിക്കോടിന്റെയും ഇടുക്കിയുടെയും ദൃശ്യ ഭംഗിലേക്കുള്ള ക്യാമറയുടെ നോട്ടം എടുത്തു പറയേണ്ടതാണ്.

ചിരിക്കാഴ്ചക്കിടയിലും നല്ലൊരു സന്ദേശവും സിനിമ പങ്കുവെയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കുടുംബ ജീവിതവും വ്യക്തി ബന്ധങ്ങളും പുതുതലമുറയുടെ തെറ്റായ വഴികളും മക്കളുടെ ഇഷ്ടങ്ങളെ മാനിക്കാതെ മാതാപിതാക്കള്‍ ചെന്നു വീണേക്കാവുന്ന ചതിക്കുഴികളും സിനിമയുടെ പരിസരമാണ്. ഈ മൂന്ന് ഷാജിമാരുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നെങ്കിലും കഥ അവസാനിക്കുന്നില്ല മറ്റൊരു ഷാജിയിലൂടെ കഥ തുടരുകയാണ്.

Latest Stories

കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും; രണ്ട് പേര്‍ പിടിയില്‍

'ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും എംടി ശബ്ദമായി, സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത'; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

നിരാശ എങ്കിലും ആദ്യ ദിനത്തില്‍ പണി പാളിയില്ല; 'ബറോസ്' ഗംഭീര കളക്ഷനുമായി മുന്നില്‍, റിപ്പോര്‍ട്ട് പുറത്ത്

ഇടയ്ക്കൊക്കെ ചെറുപുഞ്ചിരി സമ്മാനിച്ചു.. ആ വിരല്‍ത്തണുപ്പ് ബാക്കിനില്‍ക്കുന്ന എഴുത്തോല മതി ഒരായുസ്സിലേക്ക്: മഞ്ജു വാര്യര്‍

2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികൾ; കണക്കുകൾ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ

സ്വന്തം ജീവിതം കൊണ്ട് എംടി തീർത്തത് കേരളത്തിന്റെ സംസ്‌കാരിക ചരിത്രം; അദ്ദേഹത്തിന്‍റെ വാക്കുകൾ തീവ്രമായിരുന്നു: വി ഡി സതീശൻ

എന്റെ എംടി സാര്‍ പോയല്ലോ, അദ്ദേഹം എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ ആവില്ല..; വേദനയോടെ മോഹന്‍ലാല്‍

ഓപ്പണറായി രോഹിത്, രാഹുൽ മൂന്നാമത്, ഗില്ല് പുറത്തും; ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മാറ്റങ്ങൾ ഇങ്ങനെ

മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്