Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

MOVIE REVIEW

വിഡ്ഢിത്തരങ്ങളുടെ ഘോഷയാത്ര

, 6:24 pm

കുറച്ച് നാളുകളായി ചാക്കോച്ചന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ നായകനാവണം എന്ന് വലിയ നിര്‍ബന്ധമൊന്നുമില്ലെന്നും, നല്ല സിനിമകളുടെ ഭാഗമാകുവാനാണ് അദ്ദേഹത്തിന് താത്പര്യമെന്നും നമുക്ക് മനസ്സിലാകും. ‘ടേക്ക് ഓഫി’ല്‍ പാര്‍വതിയും ‘രാമന്റെ ഏദന്‍തോട്ട’ത്തില്‍ അനു സിത്താരയും ‘വര്‍ണ്യത്തില്‍ ആശങ്ക’യില്‍ സുരാജും ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രി’യില്‍ നൈല ഉഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍, മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചുകൊണ്ട് ചാക്കോച്ചന്‍ ചുവടുമാറ്റം ഭംഗിയാക്കിയതായി കാണാവുന്നതാണ്. ഇമേജോ വലിപ്പച്ചെറുപ്പമോ നോക്കാതെ, നല്ല സിനിമകളുടെ ഭാഗമാകുവാനുള്ള ചാക്കോച്ചന്റെ ഈ തീരുമാനം അഭിനന്ദനാര്‍ഹമാണ്.

ചാക്കോച്ചന്റേതായി ഈ വര്‍ഷം ആദ്യമിറങ്ങിയ ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രി’ നേരിട്ട കനത്ത പരാജയത്തിന് ശേഷമിറങ്ങുന്ന ചിത്രമാണ് ശിക്കാരി ശംഭു. ‘ഓര്‍ഡിനറി’ നേടിയ എക്‌സ്ട്രാ ഓര്‍ഡിനറി വിജയം സുഗീതുമൊത്തുള്ള ചാക്കോച്ചന്റെ കൂട്ടുകെട്ടില്‍ വീണ്ടും ചിത്രമിറങ്ങുവാന്‍ ഇടയാക്കി. ത്രീ ഡോട്‌സ്, ഒന്നും മിണ്ടാതെ, എന്നീ സുഗീത് ചിത്രങ്ങള്‍ വന്‍ പരാജയമായപ്പോള്‍ ‘മധുരനാരങ്ങ’ ശരാശരിവിജയം നേടിയിരുന്നു. ഓര്‍ഡിനറി, മധുരനാരങ്ങ, പോളിടെക്‌നിക്, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച നിഷാദ് കോയയുടെ അടുത്ത സംരംഭം കൂടിയാണ് ശിക്കാരി ശംഭു..!

 

ബാലരമയിലെ ഏവര്‍ക്കും പ്രിയങ്കരനായ ഒരു കഥാപാത്രമാണ് ശിക്കാരി ശംഭു. ഭീരുവും തമാശക്കാരനുമായ ശംഭുവിന്റെ ആകുലതകളും അതുവഴി അബദ്ധത്തില്‍ നടക്കുന്ന പുലിപിടുത്തവുമെല്ലാം ഒരുകാലത്ത് നമ്മില്‍ പലരും വായിച്ചു രസിച്ച കഥകളാണ്. സ്വാഭാവികമായും ഇതേ പേരില്‍ ഒരു ചിത്രമിറങ്ങുമ്പോള്‍, ഒരു കോമഡി സിനിമ എന്നതിലുപരി സ്ഥാനമുണ്ടാവില്ല എന്നതുറപ്പാണ്.

കുരുതിമലക്കാവ് എന്ന ഗ്രാമത്തില്‍ നിന്നുമാണ് കഥ പറഞ്ഞുതുടങ്ങുന്നത്. നിറഞ്ഞ സദസ്സില്‍ ഏതാനും സുഹൃത്തുക്കള്‍ പുലിമുരുകന്‍ സിനിമ കാണുകയാണ്. തിരിച്ചുവരും വഴി അതിലൊരാളെ പുലി ആക്രമിക്കുന്നു. കുരുതിമലക്കാവ് ഗ്രാമത്തിലെ പുലിയെ പിടികൂടാന്‍ കുന്ദംകുളത്തുനിന്നും വരുന്ന അല്പസ്വല്പം തരികിടയും കള്ളത്തരവുമൊക്കെയുള്ള പീലി എന്ന ഫീലിപ്പോസും, സുഹൃത്തുക്കളായ ഷാജി, അച്ചു എന്നിവരും വന്നെത്തുമ്പോള്‍ അന്നാട്ടില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.

നര്‍മത്തിലൂടെ പുലിവേട്ടയുടെ കഥയാണ് സംവിധായകന്‍ പറയുവാന്‍ ശ്രമിക്കുന്നത്. കോമഡി എന്ന പേരിലുള്ള കേവലം കാട്ടിക്കൂട്ടലുകള്‍ മാത്രമായിരുന്നു ആദ്യപകുതി. നായകന്റെ മോഷണശ്രമങ്ങള്‍, പിടിക്കപ്പെടലുകള്‍ തുടങ്ങി കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന കാഴ്ചകളെല്ലാം അപക്വമായിരുന്നു. രണ്ടാം പകുതിയില്‍ അല്‍പം ഗൗരവവും നന്മയുമെല്ലാം കടത്തിവിട്ടിടുണ്ട്. ഇപ്പോള്‍ ആഘോഷസിനിമകളില്‍ ട്വിസ്റ്റ് ഇല്ലാതെ പറ്റില്ല എന്നതിനാല്‍ ക്ലൈമാക്‌സില്‍ ഒരു വലിയ ട്വിസ്റ്റും ചേര്‍ക്കപ്പെട്ടു. ഒരു കോമഡിച്ചിത്രമാണെങ്കിലും ആസ്വദിക്കത്തക്കതായി യാതൊന്നുമില്ലായിരുന്നു എന്ന് പറഞ്ഞേ മതിയാവൂ. വിലകുറഞ്ഞതും ആസ്വാദ്യകരമല്ലാത്തതുമായ സംഭാഷണരംഗങ്ങള്‍ ചിത്രത്തെ ദുരനുഭവമാക്കിത്തീര്‍ക്കുന്നു.

 

പുലിമുരുകന്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കഥ നടക്കുന്നതെങ്കിലും, നാടും നാട്ടുകാരും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അതേ അവസ്ഥയില്‍ത്തന്നെ. നാട്ടിലെ കാഴ്ചകളാണെങ്കില്‍ മലയാളസിനിമ പിറവിയെടുത്ത കാലം മുതല്‍ കണ്ടുവരുന്ന അതേ കാഴ്ചകള്‍ തന്നെയാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍, പഴയ ചായക്കട, അവിടെ കൂടിയിരുന്ന് പരദൂഷണം പറയുന്ന ആളുകള്‍, ആര് എന്തുപറഞ്ഞാലും കണ്ണുമടച്ച് വിശ്വസിക്കുന്ന, പുറത്തുനിന്ന് വരുന്ന ആളുകളെ രക്ഷകന്‍ സ്ഥാനത്ത് പരിഗണിക്കുന്ന ഗ്രാമവാസികള്‍, പ്രശ്‌നക്കാരനായ ഒരാള്‍, നന്മ ചെയ്യുന്ന നായകന്‍ എന്നിങ്ങനെയുള്ള ക്ലീഷേകളെല്ലാം ഇവിടെയും വന്നുചേര്‍ന്നിട്ടുണ്ട്.

ചാക്കോച്ചന് തീരെ യോജിക്കാത്ത കഥാപാത്രമായിരുന്നു പീലി. ഹാസ്യരംഗങ്ങളില്‍ മറ്റുള്ളവരെ ചിരിപ്പിക്കുവാനുള്ള പരാക്രമം കാണാമായിരുന്നു. നായകന് നല്‍കിയ, അസ്ഥാനത്തുള്ള മാസ്സ് ഡയലോഗുകളും മറ്റും ചിരിയുണര്‍ത്തുന്ന വിധത്തിലുള്ളതാണ്. എന്നാല്‍ സംഘട്ടനരംഗങ്ങളില്‍ മുന്‍പത്തേക്കാള്‍ മികവ് പുലര്‍ത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. നായകന്റെ സഹചാരികളായി രണ്ടുപേരാണുള്ളത്. വിഷ്ണു ഉണ്ണികൃഷ്ണനും, ഹരീഷ് കണാരനും. ഹരീഷ് കണാരന്‍ തന്റെ പതിവു ശൈലിയിലുള്ള സംഭാഷണങ്ങളിലൂടെ ഒന്നുരണ്ട് തവണ ചെറുതായി ചിരിപ്പിച്ചിട്ടുണ്ട്. വിഷ്ണുവിന്റേത് ശരാശരി പ്രകടനം. ശിക്കാരി ശംഭുവിനെ നായികാപ്രാധാന്യമുള്ള ഒരു ചിത്രമാക്കുവാനും ഒരു ശ്രമം നടന്നിട്ടുണ്ട്. സുധി വാത്മീകം, ഇടി, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷമുള്ള ശിവദയുടെ മോശം പ്രകടനം.

വന്യമൃഗസംരക്ഷണനിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട്, നായാട്ട് എന്ന സംവിധായകന്റെ സങ്കല്‍പ്പത്തിലെ യുക്തിയെ ഇത്തരമൊരു ചിത്രത്തില്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ചിത്രം ഒരുവിധത്തിലും ആസ്വാദനം നല്‍കിത്തരുന്നില്ല എന്നത് ദുഃഖകരമാണ്. ഈ ഹാസ്യചിത്രത്തില്‍ പ്രണയവും സാഹസികതയും പ്രതികാരവുമെല്ലാം കൂട്ടിയിണക്കുവാന്‍ സംവിധായകന്‍ ശ്രമം നടത്തിയിട്ടുണ്ട്. കണ്ടുപഴകിയ സഹതാപങ്ങളും പ്രണയചേഷ്ടകളും പ്രേക്ഷകനെ നന്നായിത്തന്നെ ബുദ്ധിമുട്ടിക്കുന്നു. വര്‍ണ്ണവിവേചനയും അല്‍പ സ്വല്‍പ ദ്വയാര്‍ത്ഥ സംഭാഷണങ്ങളും ചിത്രത്തില്‍ അങ്ങിങ്ങായി വന്നുചേര്‍ന്നിട്ടുണ്ട്. ‘കുന്ദംകുളത്തിനടുത്തുള്ള കാട് ചാവക്കാട്’ തുടങ്ങിയ വാട്‌സ് ആപ് കോമടികളും തികച്ചും അപക്വമായൊരുക്കിയ സംഭാഷണരംഗങ്ങളും പ്രേക്ഷകനെ പ്രയാസപ്പെടുത്തുകയാണ്.

ശ്രീജിത്ത് എടവനയുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവും മോശമായിരുന്നു. ഫൈസല്‍ അലി ഛായാഗ്രഹണവും സാജന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.. മറ്റ് സാങ്കേതികവശങ്ങളൊന്നും തന്നെ പൂര്‍ണ്ണതൃപ്തി പ്രദാനം ചെയ്യുന്നില്ല. ആകെത്തുകയില്‍ യാതൊരുവിധ മേന്മകളും അവകാശപ്പെടാനില്ലാത്ത ശരാശരിക്കും താഴെയുള്ള ഒരു ചിത്രം മാത്രമാണ് ശിക്കാരി ശംഭു. നിഷാദ് കോയയുടെ തികച്ചും സഹതാപകരമായ തിരക്കഥയുടെ വളരെ മോശം അവതരണമാണ് ചിത്രം. പ്രതീക്ഷകളോടെ സമീപിക്കുകയാണെങ്കില്‍ നിരാശമാത്രമാകും ഫലം.

Advertisement