റിയാലിറ്റിയോട് ചേര്‍ന്നു നില്‍ക്കുന്ന, വളരെ നാച്ചുറലായി പറഞ്ഞു പോകുന്ന സിനിമ. ഈയൊരു കഥ പറച്ചില്‍ തന്നെയാണ് ശരണ്‍ വേണുഗോപാലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ സിനിമയുടെ ഹൈലൈറ്റ്. ഗൃഹാതുരത ഉണര്‍ത്തുന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍, പഴമയും പുതുമയും ഒരുപോലെ കൂട്ടിച്ചേര്‍ത്താണ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന എംടി വാസുദേവന്‍ നായര്‍ എഴുതി ഐവി ശശി സംവിധാനം ചെയ്ത സിനിമയുടെ അതേ പശ്ചാത്തലത്തിലാണ് നാരായാണിയുടെ ആണ്മക്കളും ചിത്രീകരിച്ചിരിക്കുന്നത്. മരണക്കിടക്കയിലുള്ള അമ്മ നാരായണിയെ കാണാന്‍ തറവാട്ടിലേക്ക് മൂന്നാണ്മക്കള്‍ എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
മൂന്ന് മികച്ച അഭിനേതാക്കള്‍ തുല്യ പ്രാധാന്യമുള്ള വേഷം ചെയ്യുന്ന സിനിമ എന്ന നിലയില്‍, ജോജു ജോര്‍ജും അലന്‍സിയറും സുരാജ് വെഞ്ഞാറമൂടും തമ്മില്‍ വളരെ ആരോഗ്യകരമായ അഭിനയ മത്സരം ഈ ചിത്രത്തില്‍ കാഴ്ചവച്ചിട്ടുണ്ട്. ഗ്രാമീണാന്തരീക്ഷത്തിലെ വീട്ടിലെ മൂന്ന് സഹോദരങ്ങളായി അവര്‍ ജീവിക്കുക തന്നെയാണ്. കൃത്രിമത്വം അനുഭവപ്പെടാത്ത മൂന്ന് താരങ്ങളുടെയും അഭിനയമാണ് സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്ന്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചില പ്രത്യേക സാഹചര്യങ്ങളില്‍ കൂടി കടന്നു പോകുമ്പോള്‍ നാരായണീന്റെ മൂന്നാണ്മക്കള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ഈ സിനിമ. അത് വളരെ പക്വതയോടെ ഫലിപ്പിക്കാന്‍ അഭിനേതാക്കള്‍ക്കും അത് മികവാര്‍ന്ന രീതിയില്‍ സംവിധായകനും സാധിച്ചിട്ടുണ്ട്. മാത്രമല്ല ഈ കാലത്ത് പറയാന്‍ ആഗ്രഹിക്കുന്ന ചില പൊളിറ്റിക്കല്‍ നിരീക്ഷണങ്ങള്‍ വളരെ സൂക്ഷ്മമായി സംവിധായകന്‍ പറഞ്ഞു പോകാന്‍ ശ്രമിക്കുന്നുണ്ട്.
കൊയിലാണ്ടിയിലെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമ സഞ്ചരിക്കുന്നത്. നാരാണിയമ്മ എന്ന വൃദ്ധയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ഈ സിനിമ. ഈ കുടുംബത്തില്‍ നിന്നും അന്യദേശത്തേക്ക് പോയ ഇളയ മകന്‍ തിരിച്ചു വരുന്നതോടെ കുടുംബത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. വീട്ടിലെ മൂത്ത മകന്‍ എന്നതിന്റെ എല്ലാ അഹങ്കാരവും അധികാരവും ഉള്ളില്‍ക്കൊണ്ടു നടക്കുന്ന മൂത്ത മകന്‍ വിശ്വനാഥനും (അലന്‍സിയര്‍) ഇളയമകന്‍ ഭാസ്‌ക്കരനും (സുരാജ് വെഞ്ഞാറമൂട്) തമ്മില്‍ പണ്ടേ അകല്‍ച്ചയിലാണ്. നാട്ടില്‍ തന്നെയുള്ള രണ്ടാമത്തെ മകനായ സേതുവാണ് അമ്മയുടെ കാര്യങ്ങള്‍ നോക്കുന്നത്. പക്ഷെ സേതുവിനെ മറ്റ് രണ്ട് പേര്‍ക്കും വലിയ വിലയില്ല. എന്നാല്‍ മറ്റ് രണ്ട് പേരുടെയും സ്വഭാവം വച്ച് നോക്കുമ്പോള്‍ കഥയിലെ സെന്‍സിബിള്‍ ആയ കഥാപാത്രം ജോജു ജോര്‍ജ് കൈകാര്യം ചെയ്ത സേതു ആണ്.
എന്നാല്‍ നാരായണിയുടെ മൂന്നാണ്മക്കള്‍ ചിത്രത്തിന്റെ കഥ നീങ്ങുന്നത് പുതിയ തലമുറയുടെ വീക്ഷണകോണിലൂടെയാണ്. പരസ്പരം അകല്‍ച്ചയിലുള്ള വിശ്വന്റെയും ഭാസ്‌ക്കരന്റെയും മക്കളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. വിശ്വന്റെ മകളായ ആതിരയും (ഗാര്‍ഗി അനന്തന്‍) ഭാസ്‌കരന്റെ മകനായ നിഖിലുമാണ് (തോമസ് മാത്യു) കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുന്നത്. ചിത്രത്തിലെ ആന്തരിക സംഘര്‍ഷങ്ങള്‍ എല്ലാം ഈ കഥാപാത്രങ്ങളിലൂടെയാണ് പുറത്തു കൊണ്ടുവരാന്‍ തിരക്കഥാകൃത്ത് ശ്രമിച്ചിരിക്കുന്നത്. മനുഷ്യര്‍ക്ക് ഇടയില്‍ വേണ്ട മാനസിക അടുപ്പത്തെ കുറിച്ചും പരസ്പര ധാരണയെ കുറിച്ചും പ്രേക്ഷകര്‍ക്ക് ചിന്തിക്കാനുള്ള വക തരുന്നുണ്ട് തിരക്കഥാകൃത്ത്.
സിനിമയിലൂടെ പറയാനുള്ളതെല്ലാം പറയുകയും എന്നാല്‍ അല്‍പ്പം പറയാതിരിക്കുകയും ശരണ്‍ വേണുഗോപാല്‍ ചെയ്യുന്നുണ്ട്. ആകെ മൊത്തത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ മലയാളത്തിലെ മറ്റൊരു സിനിമാ അനുഭവമാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. നവാഗത സംവിധായകന്‍ എന്ന പതര്‍ച്ചയില്ലാതെ തന്നെ കൈയ്യടക്കത്തോടെ ശരണ്‍ വേണുഗോപാല്‍ സിനിമ അവതരിപ്പിച്ചിട്ടുണ്ട്. രാഹുല്‍ രാജ് നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പേര്ക്ഷകനില്‍ ശ്രദ്ധ ചെലുത്തും. ഗുഡ്‌വില്‍ എന്റര്‍ടെയ്മന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.