Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

MOVIE REVIEW

ഇന്നിന്റെ ശബ്ദം – ഞാന്‍ മേരിക്കുട്ടി

, 12:10 pm

തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ മാറ്റി നിറുത്തപ്പെടുന്ന ഒരു സമൂഹത്തിനു പൊതുധാരയിലേയ്ക്ക് കടന്നുവരാനുള്ള പ്രചോദനമാണ് ‘ഞാന്‍ മേരിക്കുട്ടി.’

കാലാകാലങ്ങളായി മലയാളസിനിമ പിന്തുടരുന്ന ചില വാര്‍പ്പ് മാതൃകകളുണ്ട്. അവയിലൊന്നാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ – പൊതുവേ മലയാള സിനിമകളിലൂടെ പറയാതെ പറയുന്ന – അവഗണനയുടെ കഥകള്‍. കുറെയധികം സിനിമകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കഥാപാത്രങ്ങളായി വരുന്നുണ്ടെങ്കിലും ഒരു പ്രധാന കഥാപാത്രമായി ഈ വിഭാഗം പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു സൂത്രധാരന്‍. അതേസമയം സ്‌ത്രൈണതയുള്ള ഒരു കഥാപാത്രത്തെ ചാന്തുപൊട്ടിലൂടെ അവതരിപ്പിച്ച് ലാല്‍ ജോസ് വാണിജ്യവിജയം നേടിയിരുന്നു. സൂത്രധാരനില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മാത്രം ഉപയോഗിച്ച് ഇവരുടെ സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനായിരുന്നു ശ്രമമെങ്കിലും അതൊരിക്കലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സ്വാതന്ത്ര്യവുമായുള്ള ബന്ധത്തില്‍ നീതിപൂര്‍വ്വകമായ ഒന്നായിരുന്നില്ല. സമീപകാലത്ത് മായാനദി, പൂമരം, ആഭാസം എന്നീ ചിത്രങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ചെറിയ വേഷങ്ങളില്‍ കാണുവാനായി. ജയസൂര്യ തന്നെ, സ്‌ത്രൈണതയുള്ള ഒരു കഥാപാത്രത്തെ ‘101 വെഡ്ഡിംഗ്‌സ്’ എന്ന ചിത്രത്തിലൂടെ വികലമായി അവതരിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന മലയാള സിനിമ അല്ലെങ്കില്‍ മലയാളി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനേപ്പറ്റി സമൂഹത്തില്‍ വേറിട്ട ഒരു സങ്കല്‍പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ശ്രേണിയില്‍ ‘ആഭാസം’ ഒഴികെയുള്ള ഏതാണ്ടെല്ലാ ചിത്രങ്ങളും തന്നെ ഒരര്‍ത്ഥത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ കോമാളിവേഷം കെട്ടിക്കുകയായിരുന്നു എന്ന് പറഞ്ഞേ മതിയാവൂ. സമൂഹത്തില്‍ നിന്നും ഒരിക്കല്‍ പോലും നാം അടര്‍ത്തിമാറ്റുവാന്‍ പാടില്ലാത്ത ഇക്കൂട്ടരെ ഒരു കൈയ്യകലത്തില്‍ മാത്രം നിര്‍ത്താനാണ് അത്തരം ചിത്രങ്ങള്‍ സഹായിച്ചത്. വളച്ചൊടിക്കാതെ പറയുകയാണെങ്കില്‍, മലയാള സിനിമ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഇന്നോളം അംഗീകരിക്കുവാന്‍ പഠിപ്പിച്ചിട്ടില്ല. ആണിനോ പെണ്ണിനോ മാത്രമാണ് ഈ ഭൂമിയില്‍ സ്ഥാനമുള്ളത് എന്നമട്ടിലുള്ള നിലപാടുകള്‍ കാലങ്ങളായി മലയാളസിനിമയില്‍ വ്യക്തമായിരുന്നു. ആ വിധത്തില്‍ ഇക്കാലമത്രയും കുമിഞ്ഞുകൂടിയ പലതരം മാലിന്യങ്ങള്‍ ഇന്ന് സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സമയത്താണ് ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രവുമായി ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഇരുപത്തിയേഴാം വയസ്സുവരെ മാത്തുക്കുട്ടിയായി ജീവിച്ച ഒരു വ്യക്തി പിന്നീട് സ്വയം തിരിച്ചറിഞ്ഞ് മേരിക്കുട്ടിയായി മാറുന്നതും, ഒറ്റപ്പെടുത്തിയത് സമൂഹം തിരിച്ചറിയാനും താനുള്‍പ്പെടുന്ന ജനവിഭാഗത്തെ അംഗീകരിക്കുവാനും വേണ്ടി നടത്തുന്ന പോരാട്ടങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. 27 വര്‍ഷം പുരുഷ ശരീരത്തില്‍ അകപ്പെട്ട് കിടന്ന ആ പെണ്മനസ്സ്, സ്ത്രീ ശരീരം സ്വന്തമാക്കുന്ന കഥയല്ല ചിത്രം പറയുന്നത്. മറിച്ച് ഈ ലോകത്തില്‍ തന്നെ സ്ത്രീയായി ബഹുമാനിക്കാന്‍ സമൂഹത്തിന് കഴിയുന്ന വിധത്തിൂള്ള ഒരു വ്യക്തിയായി ജീവിക്കുവാനാഗ്രഹിച്ച മേരിക്കുട്ടിയുടെ കഥയാണ് സംവിധായകന്‍ പറയുന്നത്. രഞ്ജിത് ശങ്കര്‍ ചിത്രങ്ങളുടെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കാവുന്ന പല മോട്ടിവേഷണല്‍ തത്വങ്ങള്‍ ഇവിടെ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും അത് ആസ്വാദനത്തെ ബാധിക്കുന്നില്ല. നന്മ, ഇന്‍സ്പിരേഷന്‍ തുടങ്ങിയ ചേരുവകള്‍ തന്നെയാണ് ഈ ചിത്രത്തിലും. പക്ഷെ കൃത്യമായ അളവില്‍ അവ ചേര്‍ക്കപ്പെട്ടതുകൊണ്ടുതന്നെ മേരിക്കുട്ടി ഒരവസരത്തിലും മടുപ്പുളവാക്കുന്നില്ല എന്നത് സത്യം തന്നെയാണ്. ആത്മാര്‍ത്ഥതയോടുകൂടി എഴുതപ്പെട്ട ഒരു തിരക്കഥയും, അതിനും മുകളിലായി നില്‍ക്കുന്ന ഒരഭിനേതാവിന്റെ മികച്ച പ്രകടനവും കൂടിച്ചേരുമ്പോള്‍ തന്നെ ഒരസാധാരണ ചിത്രമായി മേരിക്കുട്ടിയെ കാണുന്നതില്‍ തെറ്റില്ല.

മാറ്റമില്ലാതെ മമ്മൂട്ടി, വൈകല്യമുള്ള സന്തതികള്‍

സൊസൈറ്റി ഒരു വിഭാഗമാളുകളെ സമീപിക്കുന്ന രീതിയെ ശക്തമായ ഭാഷയില്‍ സംവിധായകന്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നിരുന്നാലും സംവിധായകന്‍ പൂര്‍ണമായും സമൂഹത്തെ അടച്ചാക്ഷേപിക്കുന്നില്ല. പുതിയ കാര്യങ്ങള്‍ സമൂഹം ഏറ്റെടുക്കാന്‍ സമയമെടുക്കുമെന്ന പൊതുവായ കാര്യത്തെ അദ്ദേഹം തുറന്നുകാണിക്കുകയും, തന്മൂലം ക്ലേശങ്ങള്‍ അനുഭവിക്കുന്ന ഒരുവിഭാഗമാളുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നു. എന്നാല്‍ ഈ ചിത്രത്തിലൂടെ, ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ എല്ലാവരും അംഗീകരിക്കുന്ന ഒരു സമയത്തിനായി കാത്തിരിക്കുവാനല്ല സംവിധായകന്‍ പ്രോത്സാഹിപ്പിക്കുന്നത്, മറിച്ച് തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അവര്‍ തന്നെ മുന്നിട്ടിറങ്ങിയാല്‍ അവരുടെ ഒപ്പം നില്‍ക്കാന്‍ പതിയെയാണെങ്കിലും ഈ സമൂഹവും കൂടെയുണ്ടാകും എന്ന് സ്ഥാപിക്കുവാന്‍ വേണ്ടിയാണ്.

എല്ലാത്തരത്തിലും നമ്മുടെ സമൂഹം മാറുന്നതിനോടൊപ്പം മാറ്റിനിര്‍ത്തപ്പെടുന്ന ഈ വിഭാഗത്തോടുള്ള സമീപനത്തിലും ചെറുതാണെങ്കിലും വളരെയധികം മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരുകള്‍ ആണെങ്കില്‍ പോലും ഇത്തരം ആളുകളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നുണ്ട്. എങ്കില്‍ത്തന്നെയും അവരുടെ അവകാശങ്ങള്‍ എല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഒരു ചോദ്യം കൂടി ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. അവരെ ‘മറ്റൊരു തരക്കാരായി’ മാറ്റിനിര്‍ത്താതെ ആണിന്റെയും പെണ്ണിന്റെയും ഒപ്പം എല്ലാവിധ അവകാശങ്ങളോടും കൂടി ഒരുമിച്ചു നിര്‍ത്തുകയാണ് പക്വതയാര്‍ന്ന ഒരു സമൂഹം ചെയ്യേണ്ടത്. ഒരാളുടെ ലൈംഗികത അത് അയാളുടെ മാത്രമാണ്. മറ്റൊരാള്‍ക്ക് അല്ലെങ്കില്‍ ഒരു മതത്തിന് അല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍ക്ക് അതില്‍ അഭിപ്രായം പറയുവാനോ അതിനെ ചോദ്യം ചെയ്യാനോ യാതൊരവകാശവും ഇല്ല. അത് വളരെ കൃത്യമായി പറഞ്ഞുകൊണ്ടുതന്നെ സംവിധായകന്‍ തന്റെ രാഷ്ട്രീയം ചിത്രത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

മേരിക്കുട്ടിയേപ്പോലെ ഒരാളുടെ പുരോഗമനം സ്വയം പര്യാപ്തതയിലൂന്നി വേണമെന്ന് ചിത്രം പലവുരു പറയുന്നുണ്ടെങ്കിലും മേരിക്കുട്ടിയുടെ സാമ്പത്തിക ഭദ്രത, കളക്ടറുടെ അസ്വാഭാവിക ഇടപെടല്‍ എന്നിവ, കഥാപാത്രത്തിന്റെ സ്വയം പര്യാപ്തതയെ ചോദ്യം ചെയ്യുന്നുണ്ട്. ഞാന്‍ ട്രാന്‍സ്ജെന്‍ഡറല്ല, ട്രാന്‍സ് സെക്ഷ്വല്‍ ആണെന്ന് മേരിക്കുട്ടി ഓര്‍മ്മപ്പെടുത്തുന്നതും നമ്മള്‍ ഓര്‍ത്തു വയ്‌ക്കേണ്ടതുമായ ഒന്നാണ്. ആണിന്റെയും പെണ്ണിന്റെയും ലോകത്തിനപ്പുറം വളരെ വിശാലമായൊരു കഴിവിന്റെ ലോകമിങ്ങനെ തുറന്ന് കിടക്കുമ്പോള്‍ സിനിമയിലെ മേരിക്കുട്ടി ഓരോ പടികള്‍ കയറി ആ ലോകത്തേക്ക് മുന്നേറുന്നത് പോലെ യഥാര്‍ത്ഥ ജീവിതത്തിലെ മേരിക്കുട്ടിമാര്‍ക്ക് മുന്നേറണമെങ്കില്‍ നമ്മള്‍ കൂടി വിചാരിച്ചേ തീരൂ. സംവരണമല്ല ആണിന്റേയും പെണ്ണിന്റെയും ഒപ്പമല്ലാതെ ‘മനുഷ്യന്റെ’ ഒപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുവാനുള്ള അവസരങ്ങളാണ് അവര്‍ക്ക് വേണ്ടത്.

വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭങ്ങളും സമരങ്ങളും നടക്കുന്ന ഈ കാലത്തും സ്വന്തം ലൈംഗികതയുടെ പേരില്‍ മാത്രം ചോദ്യം ചെയ്യപ്പെടുന്ന ഒരു സമൂഹം നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ് മേരിക്കുട്ടി. അത്തരം ആളുകളെ ഒപ്പം നിറുത്തിയാല്‍ മാത്രമേ നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തില്‍ വലുതായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. നീതിനിഷേധങ്ങളും അവകാശലംഘനങ്ങളും വലിയ വാര്‍ത്തയാകുന്ന നാളുകളില്‍ തന്റെ ലൈംഗികതയുടെ പേരില്‍ മാത്രം എത്രപേര്‍ മുഖ്യധാരയിലേക്ക് വരുന്നുണ്ട്? അല്ലെങ്കില്‍ തന്റെ ലൈംഗികത തുറന്നുപറയാനുള്ള ധൈര്യം ഈ സമൂഹം എത്രപേര്‍ക്ക് നല്‍കുന്നുണ്ട്? ചോദ്യങ്ങള്‍ ഒരുപാടുണ്ട് പക്ഷേ ഉത്തരങ്ങളില്ല. നമ്മുടെ കൂടെത്തന്നെ ജീവിക്കേണ്ടവരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഇന്നിന്റെ ശബ്ദമാണ് മേരിക്കുട്ടി. അത് കേള്‍ക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് അല്ലെങ്കില്‍ നമ്മള്‍ അറിയാതെ തന്നെ അവരോട് ചെയ്യുന്ന വലിയ തെറ്റാണ്.

തനിക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ജയസൂര്യ പ്രകടമാകുന്ന പാടവം ഈ ചിത്രത്തിലും തെറ്റാതെ തന്നെ മുന്നോട്ടു പോകുന്നു. ഒരു നടനെന്ന നിലയില്‍ ജയസൂര്യയെ സംബന്ധിച്ചിടത്തോളം ഇന്നോളം ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ചലഞ്ചിംഗ് ആയ വേഷമായിരുന്നു മാത്തുക്കുട്ടി/മേരിക്കുട്ടി. അഭിനന്ദിക്കാന്‍ വേറെ എന്തുണ്ടെങ്കിലും അതൊന്നും ജയസൂര്യക്ക് മുകളില്‍ പോകുന്നില്ല എന്നത് തന്നെയാണ് ചിത്രത്തെ പറ്റി പറയുമ്പോള്‍ എടുത്തുപറയേണ്ട ഒരുകാര്യം. ആദ്യം മുതല്‍ക്ക് തന്നെ ജയസൂര്യ എന്ന അഭിനേതാവില്‍ നിന്നും പാടെ മാറി മുഴുവന്‍ സമയവും മേരിക്കുട്ടിയെ മാത്രമാണ് കാണാന്‍ കഴിയുന്നത്. അത്രമേല്‍ ഹൃദ്യമായി യാതൊരു വിധ ചേഷ്ടകളും ഗോഷ്ടികളോ കാണിക്കാതെ മുന്നില്‍നില്‍ക്കുന്നത് മേരിക്കുട്ടി തന്നെയാണ് എന്ന നിലക്ക് ചിത്രത്തിലുടനീളം പെര്‍ഫോം ചെയ്യാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചാന്തുപൊട്ട് എന്ന ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച സ്‌ത്രൈണതയുള്ള കഥാപാത്രത്തിന്റെ മാതൃകയെ പലപ്പോഴായി ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി ഏറെ മുകളില്‍ നില്‍ക്കുന്ന തരത്തില്‍ ഒരു പ്രകടനം കാഴ്ച വച്ചതില്‍ ജയസൂര്യയ്ക്ക് അഭിമാനിക്കാം.

രഞ്ജിത് ശങ്കറിന്റെ തന്നെ ചിത്രമായ ‘രാമന്റെ ഏദന്‍തോട്ട’ത്തില്‍ മികച്ച അഭിനയം കാഴ്ചവച്ച നടനാണ് ജോജു ജോര്‍ജ്ജ്. ഈ ചിത്രത്തിലും അദ്ദേഹം കയ്യടി അര്‍ഹിക്കുന്നു. അദ്ദേഹം അവതരിപ്പിച്ച കുഞ്ഞിപ്പാലു എന്ന പോലീസ് കഥാപാത്രം ഒരു പരിധിവരെ നമ്മുടെ മലയാള സമൂഹത്തിന്റെ ഒരു നേര്‍പകര്‍പ്പാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമായുള്ള ബന്ധത്തില്‍ നമ്മുടെ സമൂഹത്തില്‍ നില്‍ക്കുന്ന പരിഹാസവും പുച്ഛവും തന്നെയാണ് സംവിധായകന്‍ ജോജുവിന്റെ കഥാപാത്രത്തിലൂടെ വരച്ചു കാണിക്കുന്നത്. ഗ്രാമവാസികളായ ഒരുവിഭാഗമാളുകള്‍ കഥാപാത്രത്തെ നടുറോഡില്‍ അപമാനിക്കുന്നതും മറ്റും ഒറ്റപ്പെട്ട ചില കാഴ്ചകളുടെ പുനരവതരണമായിരുന്നേക്കാം. അപമാനിക്കുന്നതിനു നേതൃത്വം നല്‍കിയത് കാവിവസ്ത്രധാരിയായിരുന്നു എന്നത് യാദൃശ്ചികമല്ലെങ്കില്‍, ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യങ്ങളുമായി അതിനെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

അങ്ങിങ്ങായി വന്നുചേരുന്ന തമാശയ്ക്കുള്ള ശ്രമങ്ങള്‍ ചിത്രത്തില്‍ കല്ലുകടിയായി നിലനില്‍ക്കുന്നു. നായകന്റെ ശരീരവര്‍ണ്ണനയുമായി ബന്ധപ്പെട്ടുള്ള സംഭാഷണരംഗങ്ങളിലെ ദ്വയാര്‍ത്ഥങ്ങള്‍, ചിത്രം വഹിക്കുന്ന വിഷയത്തോടുള്ള ബന്ധത്തില്‍ അനിവാര്യമായിരിക്കുന്നു. പലരും പറയുവാന്‍ മറന്നുപോയ, അല്ലെങ്കില്‍ പറയാന്‍ മടിച്ച വിഷയങ്ങളെ ധീരതയോടെ അവതരിപ്പിച്ചു എന്നതിനാല്‍ രഞ്ജിത് ശങ്കര്‍ കയ്യടി അര്‍ഹിക്കുന്നു. മിഥ്യാധാരണകള്‍ പതിയെ പൊതുസമൂഹത്തില്‍ നിന്നും മാറി വളരെ ലിബറലായ ചിന്താഗതികള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടുന്ന ഇതേസമയത്ത് മേരിക്കുട്ടിയെ പോലുള്ള ചിത്രങ്ങള്‍ നമ്മുടെ സമൂഹത്തിന് തന്നെ അത്യന്താപേക്ഷികമാണ്.

ശിവജി ഗുരുവായൂരിന്റെ പ്രകടനങ്ങള്‍ മികച്ചു നില്‍ക്കുമ്പോഴും ‘ചാന്തുപൊട്ടി’ലെ അമ്മവേഷം കൈകാര്യം ചെയ്ത ശോഭ മോഹന്‍ തന്നെ ‘മേരിക്കുട്ടി’യുടെ അമ്മയായെത്തുന്നത് യാദൃശ്ചികം എന്ന് വിശ്വസിക്കുക കഷ്ടം തന്നെ. ആനന്ദ് മധുസുദനന്റെ ശരാശരി ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തോടൊപ്പം ചേര്‍ന്നു, വിഷ്ണുനാരായണന്റെ ഛായാഗ്രഹണവും മികവുപുലര്‍ത്തുന്നു.

കേവലമൊരു സിനിമയെന്നതിലുപരി, വരും തലമുറയ്ക്കുള്ള ഒരു മാതൃക കൂടിയാണ് ‘ഞാന്‍ മേരിക്കുട്ടി.’ സാമൂഹികമായി എല്ലാ മാധ്യമങ്ങളും പ്രേക്ഷകനെ ചിലതെല്ലാം പറഞ്ഞുമനസ്സിലാക്കുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ കൊമേഴ്‌സ്യല്‍ സ്‌പേസില്‍ മെയിന്‍ സ്ട്രീം സിനിമയുടെ ഭാഷയും നിലപാടുകളാണ് എല്ലായ്‌പോഴും പൊതു പ്രേക്ഷകനെ സ്വാധീനിക്കാറുള്ളത്. അഥവാ ഇത്തരം സിനിമകള്‍ക്ക് മറ്റേതൊരു മാധ്യമത്തേക്കാളും പ്രേക്ഷകരുമായി എളുപ്പത്തില്‍ സംവദിക്കുവാന്‍ സാധിക്കുന്നു. ഇവിടെയാണ് രഞ്ജിത് ശങ്കര്‍ നടത്തിയ ശ്രമം മൂല്യമുള്ളതാവുന്നത്. പൊതുജനങ്ങളുടെമേല്‍ ഇത്രത്തോളം സ്വാധീനമുള്ള മെയിന്‍ സ്ട്രീം സിനിമയെത്തന്നെ വാണിജ്യ താത്പര്യങ്ങളേക്കാളുപരി അതിപ്രാധാന്യമുള്ള ഒരു വിഷയം പ്രതിപാദിക്കുന്നതിനായി വിനിയോഗിച്ചു എന്നതില്‍ സംവിധായകനും തിരക്കഥാകൃത്തും പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

Advertisement