ഓട്ടം ഒരു പുതിയ ഓട്ടം

റിയലിസ്റ്റിക് സിനിമകള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമാവുകയാണ്. യാഥാര്‍ത്ഥ്യങ്ങളുമായി ഇഴുകിച്ചേര്‍ന്ന പശ്ചാത്തലങ്ങളുടെ നേര്‍ ആവിഷ്‌കാരങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകര്‍ക്കു മുന്‍പിലേയ്ക്ക് ഏതാനും നവാഗതര്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഓട്ടം. “നായിക നായകന്‍” റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദും റോഷന്‍ ഉല്ലാസും മുഖ്യ വേഷത്തിലെത്തുന്ന “ഓട്ടം” സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സാം ആണ്. കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന സിനിമ കൂടിയാണിത്.

മനുഷ്യജീവിതത്തിലെ നിര്‍ണ്ണായകമായ ചില അവസ്ഥകളാണ് “ഓട്ടം” വരച്ചുകാട്ടുന്നത്. തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടകളുടെ കൈകളില്‍ അകപ്പെടുന്ന അഭിയില്‍ നിന്നുമാണ് ചിത്രം പറഞ്ഞു തുടങ്ങുന്നത്. അഭി പങ്കുവയ്ക്കുന്ന ഓര്‍മ്മകളില്‍ വൈപ്പിന്‍ പ്രദേശത്തെ സാമൂഹിക ചുറ്റുപാടുകളും പ്രതിപാദ്യമാകുന്നു.

ജീവിതത്തില്‍ എല്ലായ്‌പോഴും നമുക്കു മുന്‍പില്‍ മറ്റൊരാളുണ്ട്. അയാള്‍ മൂലം നമുക്ക് നമ്മുടെ ഊഴം നഷ്ടപ്പെട്ടേക്കാം എന്നതാണ് ചിത്രം കേന്ദ്രീകരിക്കുന്ന വിഷയം.. അഥവാ വിജയിച്ച് കാണപ്പെടുന്ന ഓരോ ആള്‍ക്കും പിന്നില്‍ ഒരു പരാജിതനുണ്ട് എന്ന ആശയം സങ്കീര്‍ണ്ണതകളില്ലാതെ പറഞ്ഞുവയ്ക്കുകയാണ് സംവിധായകന്‍. തികച്ചും വ്യത്യസ്ഥമായ പ്രമേയം, ചിത്രത്തില്‍ വളരെ ലാളിത്യത്തോടുകൂടി അവതരിപ്പിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകളാവട്ടെ, ക്ഷണികമായ പരാജയങ്ങളാവട്ടെ, വേര്‍ പിരിയലുകളാവട്ടെ, ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നാമോരോരുത്തരും കടന്നുപോകുന്ന നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും ആരംഭിക്കുന്ന മനുഷ്യന്റെ യാത്രയില്‍ തുടങ്ങുന്ന ഓട്ടം മരണം വരെ തുടരുന്നു എന്ന ആശയമാണ് തിരക്കഥാകൃത്ത് രാജേഷ് കെ നാരായണന്‍ പങ്കുവയ്ക്കുന്നത്. അഭി എന്ന നായകകഥാപാത്രത്തിലേയ്ക്ക് നോക്കുകയാണെങ്കില്‍, അവന്റെ ജീവിതത്തിന്റെ സുപ്രധാന അവസരങ്ങളില്‍ വഴിത്തിരിവായി എത്തുന്ന മറ്റുചിലര്‍ അയാളുടെ അവസരങ്ങളെ അസ്ഥാനത്താക്കുകയാണ്. വിനയ് എല്ലായ്‌പ്പോഴും വിജയിക്കപ്പെടുന്നവന്റെ പ്രതീകമാണ്. വിനയിന്റെ നിശ്ചയദാര്‍ഢ്യം അയാളെ ഉന്നതങ്ങളിലെത്തിക്കുമ്പോള്‍ അഭി മറുവശത്ത് പരാജയത്തിലമരുന്നു.

വളരെ റിയലിസ്റ്റിക് ആയ രീതിയിലാണ് ഓട്ടം ആഖ്യാനിക്കപ്പെട്ടിരിക്കുന്നത്. വൈപ്പിന്‍ നിവാസികളുടെ അനുദിന ജീവിതം, മദ്യപാനം, പ്രണയം, ഇണക്കങ്ങള്‍, പിണക്കങ്ങള്‍ എന്നിവയെല്ലാം ചിത്രത്തില്‍ രസകരമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ, തിരുവനന്തപുരം നഗരത്തിന്റെ സവിശേഷതയാര്‍ന്ന ഉഭയജീവിതവും ചിത്രത്തില്‍ ദൃശ്യവത്കരിക്കപ്പെടുന്നു.

സിനിമയുടെ കഥാഘടന ഏറെ വ്യത്യസ്ഥമാണ്. രണ്ട് ഫ്‌ലാഷ് ബാക്കുകളില്‍ വികസിക്കുന്ന കഥ, വര്‍ത്തമാനഘട്ടത്തിലെ ഒരപ്രതീക്ഷിതസംഭവത്തോടുകൂടി അവസാനിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നവീനവും കെട്ടുറപ്പുള്ളതുമായ തിരക്കഥയുടെ മേന്മ കൂടി ആസ്വാദനത്തിനു മാറ്റുകൂട്ടുന്നു. രോഹിണി ഉള്‍പ്പെട്ട ചില രംഗങ്ങളില്‍ തെല്ല് കൃത്രിമത്വം തോന്നിയിരുന്നു. വിവാഹവീട്ടിലെ മദ്യപാനവും അനുബന്ധരംഗങ്ങളും അത്രകണ്ട് രസിക്കുന്നില്ല. ചവിട്ടുനാടകവും റിഹേഴ്‌സലുകളും കാഴ്ചകള്‍ക്ക് മോടികൂട്ടുന്നുണ്ട്.

ഹാസ്യസംഭാഷണങ്ങള്‍ ചിത്രത്തിനു മുതല്‍ക്കൂട്ടാണ്. “അങ്കമാലി ഡയറീസി”നും “ഈ.മ.യൗ.”നും ശേഷം മരണവീടും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും മദ്യപാനവുമെല്ലാം ചിത്രത്തില്‍ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി അവതരിപ്പിക്കുവാന്‍ സംവിധായകന്‍ സാം ശ്രമിച്ചിട്ടുണ്ട്. മതിയായ വേഗതയില്‍ നീങ്ങുന്ന ചിത്രം ഒരുനിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല.

സംഭാഷണങ്ങള്‍ ചിത്രത്തോടു പൂര്‍ണ്ണനീതിപുലര്‍ത്തി. സംസാരഭാഷയില്‍, തന്മയത്വത്തോടുകൂടി ചേര്‍ക്കപ്പെട്ട ഡയലോഗുകള്‍ സന്ദര്‍ഭങ്ങളുമായി ഇഴചേര്‍ന്നുനില്‍ക്കുന്നു. അലന്‍ഷ്യര്‍ അവതരിപ്പിച്ച “ചാച്ചപ്പന്‍” എന്ന കഥാപാത്രം മഹേഷിന്റെ പ്രതികാരത്തിലെ ബേബിച്ചേട്ടന്റെ പകര്‍പ്പായിരുന്നെന്ന് തോന്നിയിരുന്നു. ചിത്രത്തിലുടനീളമുള്ള ചാച്ചപ്പന്റെ പ്രണയത്തേക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ശ്രദ്ധേയമാണ്.

ഫോര്‍ മ്യൂസിക്സ്, ജോണ്‍ പി വര്‍ക്കി എന്നിവരാണ് സംഗീത സംവിധാനം. കുരീപ്പുഴ ശ്രീകുമാറിന്റെ ഏറെ തരംഗമായ ജെസ്സി എന്ന കവിത ചിത്രത്തില്‍ ഗാനരൂപത്തില്‍ അവതരിപ്പിക്കുന്നുമുണ്ട്. പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ചടുലത വര്‍ദ്ധിപ്പിച്ചു. ടൈറ്റില്‍ ഗാനം എടുത്തുപറയേണ്ടതാണ്. ഛായാഗ്രഹണവും എഡിറ്റിംഗും മികവുപുലര്‍ത്തിയിട്ടുണ്ട്. നവാഗതരുടെ പ്രകടനങ്ങളില്‍ നേരിയ ചില പോരായ്കകള്‍ പ്രകടമായിരുന്നുവെങ്കിലും ആദ്യന്തം പ്രേക്ഷകനെ മുഷിപ്പിക്കാതെയാണ് ചിത്രം കടന്നുപോയത്. ആകെത്തുകയില്‍ അമിതപ്രതീക്ഷകളില്ലാതെ പോയിക്കാണാവുന്ന ഒരു ചലച്ചിത്രമാണ് ഓട്ടം.

Latest Stories

'സഞ്ജു ചേട്ടാ, എന്തൊരു അടിയാണ് നിങ്ങള്‍ അടിച്ചത്?'; ശ്രീകാന്തിന് ബോധമുദിച്ചു

IND VS AUS: പെർത്തിലെ തീപിടിപ്പിക്കാനുള്ള ഇന്ത്യൻ ഇലവൻ റെഡി, ടീമിലിടം നേടി അപ്രതീക്ഷിത താരങ്ങളും

വിവി പാറ്റിൽ സാങ്കേതിക പ്രശ്നം; സരിന്റെ ബൂത്തിൽ പോളിംഗ് വൈകി, വോട്ട് ചെയ്യാതെ സരിൻ മടങ്ങി

ജി20 ഉച്ചകോടി: ലോകനേതാക്കളുമായി മാരത്തോണ്‍ ചര്‍ച്ചയുമായി പ്രധാനമന്ത്രി; മോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോനി

എന്തൊക്കെ കോമഡിയാണ് മോനെ സഫ്രു നീ കാണിക്കുന്നത്, സർഫ്രാസ് ഖാനെ കളിയാക്കി കോഹ്‌ലിയും പന്തും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എംഎസ് സുബ്ബുലക്ഷ്മിയുടെ പേരില്‍ ടിഎം കൃഷ്ണക്ക് അവാര്‍ഡ് നല്‍കേണ്ട; സംഗീതജ്ഞയുടെ ചെറുമകന്‍ നടത്തിയ പേരാട്ടം വിജയിച്ചു; നിര്‍ണായക ഉത്തരവുമായി ഹൈകോടതി

ഒരുങ്ങിയിരുന്നോ ഓസീസ് കോഹ്‌ലിയുമായിട്ടുള്ള അങ്കത്തിന്, കാണാൻ പോകുന്നത് കിങ്ങിന്റെ പുതിയ മോഡ്; താരം നെറ്റ്സിൽ നൽകിയത് വമ്പൻ സൂചന

ആര്‍ക്കും പരിഹരിക്കാനാകാത്ത വിടവ്; സ്വകാര്യത മാനിക്കണം; എആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു; ഏറെ വിഷമമെന്ന് സെറ

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുന്നു; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

ദയവ് ചെയ്ത് ആ ഇന്ത്യൻ താരത്തെ മാത്രം ചൊറിയരുത്, അങ്ങനെ ചെയ്താൽ അവൻ കയറി മാന്തും; ഓസ്‌ട്രേലിയക്ക് ഉപദ്ദേശവുമായി ഷെയ്ൻ വാട്സൺ