'പാരഡൈസ്': അധികാരത്തിന്റെയും അനുകമ്പയുടെയും രാഷ്ട്രീയ മാനങ്ങൾ

‘A good film usually begins after the last frame. It slows you down, it follows you around, it disturbs you, it wakes you up, it shows you more… more than you just saw!’

2022-ലെ ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് അവിടേക്ക് തങ്ങളുടെ പ്രണയത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കാൻ എത്തുന്ന കേശവ് ( റോഷൻ മാത്യു), അമൃത (ദർശന രാജേന്ദ്രൻ) എന്നീ പങ്കാളികളുടെ കുറച്ച് ദിവസത്തെ ജീവിതവും, പ്രണയവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പ്രശസ്ത ശ്രീലങ്കൻ ഫിലിംമേക്കർ പ്രസന്ന വിതനാഗെ സംവിധാനം ചെയ്ത ‘പാരഡൈസ്’ എന്ന ചിത്രത്തിന്റെ പ്രമേയം.

Paradise movie review: Darshana Rajendran, Roshan Mathew film is a masterclass in filmmaking | Movie-review News - The Indian Express

മിത്തുകളിലും ചരിത്രത്തിലും യാഥാർത്ഥ്യങ്ങളിലും എപ്പോഴും നിറഞ്ഞുനിൽക്കുന്ന ഒരു രാജ്യമാണ് ശ്രീലങ്ക. കൂടാതെ കടൽകൊണ്ട് ചുറ്റപ്പെട്ട ശ്രീലങ്ക എല്ലാകാലത്തും വിനോദ സഞ്ചാരികളുടെ ഇഷ്ട മേഖലയുമാണ്. അടുത്തിടെ ശ്രീലങ്ക ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞുനിന്നത് അവിടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെയും ആഭ്യന്തര കലാപത്തിന്റെയും പേരിലുമാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ലഭ്യതയില്ലായ്മയും വലിയ രീതിയിലാണ് ശ്രീലങ്കയിലെ ജനങ്ങളെ ബാധിച്ചത്. പാചകവാതകത്തിന്റെ വിലവർദ്ധനവ് മൂലം മണ്ണെണ്ണ ഉപയോഗിച്ച് പാചകം ചെയ്യാൻ അവിടുത്തെ ജനങ്ങളെ നിർബന്ധിതരാക്കി. പെട്രോളിയം ഉല്പന്നങ്ങളുടെ ലഭ്യതക്കുറവ് പൊതുമേഖലയെ വലിയ രീതിയിൽ ബാധിച്ചു, മണിക്കൂറുകളോളമുള്ള ലോഡ്ഷെഡിങ് ആശുപത്രികളെയും മറ്റും വലിയ രീതിയിലാണ് ബാധിച്ചത്. ഭരണകൂടത്തിന്റെ അത്തരമൊരു കൊടുകാര്യാവസ്ഥയെ രാഷ്ട്രീയപരമായ വിമർശനങ്ങൾ കൊണ്ടും, തമിഴ് ജനതയോടുള്ള സിംഹളരുടെ വംശീയതയെയും വളരെ സൂക്ഷ്മവും ആഴത്തിലും പ്രസന്ന വിതാനഗെ തന്റെ സിനിമാറ്റിക് ലാംഗ്വേജിൽ പറയുന്നു.

(spoiler alert)

കേശവിനെ സംബന്ധിച്ച് ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു വിദേശയാത്ര എന്ന നിലയ്ക്കാണ് അയാൾ ശ്രീലങ്ക തിരഞ്ഞെടുക്കുന്നത്. ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് അയാളുടെ പുതിയ പ്രോജക്ട് ഏറ്റെടുക്കുമെന്നും പ്രൊജക്ടിന്റെ ബാക്കി എഴുത്ത് അവിടെ നിന്ന് പൂർത്തിയാക്കാൻ കഴിയുമെന്നുമുള്ള ശുഭപ്രതീക്ഷയോടെയാണ് അയാൾ ശ്രീലങ്കയിലെത്തുന്നത്. യാത്രയിലുടനീളം ഗൈഡും ഡ്രൈവറുമായ ആൻഡ്രൂ ( ശ്യാം ഫെർണാണ്ടോ) ശ്രീലങ്കയുടെ രാമായണവുമായി ബന്ധപ്പെട്ട മിത്തുകളെ കുറിച്ച് കേശവിനും അമൃതയ്ക്കും വിവരിച്ചുകൊടുക്കുകയാണ്, രാവണൻ സീതയെ കൊണ്ടുവന്ന വഴികളും, രാവണൻ ഉറങ്ങികിടക്കുന്ന ഗുഹയും എല്ലാം വിശദീകരിച്ച് നൽകുന്നു. രാവണൻ എന്തുകൊണ്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നുകൊണ്ട് ശ്രീലങ്കയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാത്തതെന്ന് അമൃത തമാശ രൂപേണ ആൻഡ്രൂവിനോട് ചോദിക്കുന്നുണ്ട്. അതിനിടെയിലാണ് നെറ്റ്ഫ്ലിക്സ് തന്റെ പ്രോജക്ട് ഏറ്റെടുത്തെന്നുള്ള വിവരം കേശവിന് ലഭിക്കുന്നത്, ഇതിലൂടെ തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും എല്ലാ പ്രശ്നങ്ങളും മാറുമെന്നും അവർ പ്രതീക്ഷിക്കുന്നു. എന്നാൽ കാര്യങ്ങൾ അവർ പ്രതീക്ഷിക്കുന്നത് പോലെയൊന്നുമല്ല നടക്കുന്നത്. അന്ന് രാത്രി അവർ തങ്ങളുടെ കൊട്ടേജിൽ വെച്ച് കൊള്ളയടിക്കപ്പെടുന്നുണ്ട്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും മോഷ്ടാക്കൾ എന്ന് കരുതി പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ഒരാൾ ലോക്കപ്പ് മർദ്ധനത്തിൽ കൊല്ലപ്പെടുകയും, ഇതിന്റെ പ്രതിഷേധമെന്നോണം ജനങ്ങൾ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും പ്രതിഷേധം കേശവിന്റെയും അമൃതയുടെയും കൊട്ടേജിന് നേരെ വഴിത്തിരിച്ച് വിടുകയും തുടർന്നുള്ള ഉദ്വേഗഭരിതമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അധികാരം എന്ന പ്രക്രിയയെ വളരെ ഗംഭീരമായാണ് പ്രസന്ന വിതാനഗെ ചിത്രീകരിച്ചിരിക്കുന്നത്. കേശവിന് അമ്മുവിന്റെ മേലുള്ള അധികാര പ്രയോഗം വളരെ സൂക്ഷ്മമാണ്. എപ്പോഴും സ്വന്തം കാര്യങ്ങൾക്ക് പ്രയോരിറ്റി കൽപ്പിക്കുന്ന കഥാപാത്രമാണ് കേശവ്. മൃഗങ്ങളെ കൊല്ലുന്നതിൽ ഒരു തരത്തിലും അമ്മു യോജിക്കുന്നില്ല, പക്ഷേ കോട്ടേജിൽ എത്തിയതിന് ശേഷം വേട്ടയ്ക്ക് പോണമെന്ന് കേശവ് പറയുമ്പോൾ അമ്മു അതിന് നിർബന്ധിതയാവുകയാണ്. കൊള്ളയടിക്കപ്പെട്ടതിന് ശേഷം പൊലീസിൽ പരാതിപറയാൻ പോവുമ്പോഴും, കുറ്റവാളികളെന്ന് ആരോപിച്ച് പൊലീസ് ഹാജരാക്കുന്ന തമിഴ് വംശജരുടെ മേൽ കുറ്റം ചാർത്താൻ കേശവ് കൂട്ടുനിൽക്കുന്നു. എന്നാൽ അമ്മുവിന് അവരാണ് കുറ്റവാളികളെന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്നില്ല. അവിടെയെല്ലാം അമ്മുവിനെക്കാൾ കൂടുതൽ അധികാരം എന്ന പ്രവിലേജ് ഉപയോഗപ്പെടുത്തുന്നത് കേശവ് ആണെന്ന് കാണാൻ കഴിയും. കൂടാതെ ഒരു പങ്കാളി എന്നതിനപ്പുറം ഒരു ആൺ എന്ന അധികാരം അയാൾ അമൃതയിൽ പ്രയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ് കൊട്ടേജിലെ കെയർ ടേക്കർ രാതി പാട്ട് പാടുമ്പോൾ കേശവിലെ സദാചാരബോധം ഉയരുന്നത്. അതിന്റെ തുടർച്ചയെന്നോണം അതിനെ ചോദ്യം ചെയ്യാൻ പോവുമ്പോൾ പെട്ടെന്ന് അവിടെ മൂന്ന് പേരെയും അവരുടെ മദ്യപാന പാർട്ടിയും കാണുമ്പോൾ മനംമാറ്റമുണ്ടാവുന്നുണ്ട്. വേട്ടയ്ക്ക് പോയപ്പോൾ കണ്ട കലമാൻ (Sambar Deer) ഇടയ്ക്കിടെ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. റൂമിലിരിക്കുമ്പോൾ കലമാനെ കാണുമ്പോഴാണ് അതിനെ തേടി അമൃത ഒറ്റയ്ക്ക് ഇറങ്ങുന്നത്. അവിടെയാണ് കേശവിന്റെ അധികാരത്തെ ആദ്യമായി അമൃത ബ്രേക്ക് ചെയ്യുന്നത്. തുടർന്നാണ് ആൻഡ്രൂവിന്റെ കൂടെ അവൾ ഡ്രൈവിന് പോകുന്നതും, ലങ്കയുടെ രാമായണവുമായി ബന്ധപ്പെട്ട മിത്തുകൾ ഉറങ്ങികിടക്കുന്ന പ്രകൃതിയുടെ ഭംഗി ആസ്വദിക്കുന്നതും. ടൂറിസ്റ്റുകളോടുള്ള ശ്രീലങ്കൻ ജനതയുടെ മനോഭാവം സിനിമയിൽ കാണാൻ കഴിയും, സെർജന്റ് ബണ്ഡാര ( മഹേന്ദ്ര പെരേര) എന്ന പൊലീസ് ഉദ്യോഗസ്ഥന് കേശവിനോടും അമൃതയോടും എപ്പോഴും ബഹുമാനമാണ്. ഈ ബഹുമാനത്തെ കേശവ് തന്റെ അധികാരമുപയോഗിച്ച് തുടർന്ന്കൊണ്ടുപോകുന്നുണ്ട്. ആൻഡ്രൂവിനോടും, കൊട്ടേജ് കെയർടേക്കറായ ശ്രീയോടും, പാചകക്കാരൻ ഇക്ബാലിനോടും ടൂറിസ്റ്റ് എന്ന നിലയിലുള്ള അധികാരം കേശവ് ഉപയോഗിക്കുന്നുണ്ട്.

ന്യൂട്ടൺ സിനിമയുടെ 'പാരഡൈസ്', മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ് ആദ്യമായി‌ മലയാളത്തിൽ, Paradise Movie, Roshan Mathew, Darshana Rajendran, Madras Talkies

രണ്ടാമതായി ഭരണകൂടവും, അതിന്റെ മർദ്ധനോപകരണമായ പൊലീസ് എന്ന വ്യവസ്ഥിതിയും ജനങ്ങളുടെ മേൽ പ്രയോഗിക്കുന്ന അധികാരമാണ്. അത് കൃത്യമായും തങ്ങളുടെ അധികാര ദുഃർവിനിയോഗത്തെ മറച്ചുപിടിക്കാനുള്ളതും, അടിസ്ഥാന ജനവിഭാഗങ്ങളെ എപ്പോഴും അടിച്ചമർത്താനുള്ളതുമാണ്. അവർ മറ്റ് രാജ്യക്കാരെ അതിഥികളായി തന്നെ കരുതുകയും പെരുമാറുകയും ചെയ്യുന്നു. എന്നാൽ ലോക്കപ്പ് മർദ്ധനങ്ങളെ വളരെ സ്വാഭാവികമായ ഒരു കാര്യമെന്ന പോലെ അവർ കരുതുന്നുണ്ട്. പോലീസിന്റെ ഈ അധികാര പ്രയോഗത്തെ കെയർടേക്കർ ശ്രീ ബ്രേക്ക് ചെയ്യുന്ന നിമിഷവും അത് ചിത്രീകരിച്ചിരിക്കുന്ന രീതിയും പ്രശംസയർഹിക്കുന്നതാണ്. ‘ഇത്രയും കാലം ഞാൻ നിരവധി മൃഗങ്ങളെ കൊന്നിട്ടുണ്ട്, പക്ഷേ ഇനി ഒരു മനുഷ്യനെ കൊല്ലാനും എനിക്ക് മടിയില്ല’ എന്ന് അയാൾ പറയുന്നുണ്ട്. ഇത്രയും കാലമായുള്ള സിസ്റ്റമിക് ഒപ്രഷനെതിരെയുള്ള അയാളുടെ പ്രതികരണവും കലഹവുമാണത്. അയാൾ പ്രതിനിധീകരിക്കുന്നത് ശബ്ദമില്ലാത്തവരെയും, നിരപരാധികളെയും ഭരണകൂട ഭീകരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടവരുടെയുമാണ്. കഥാപാത്രങ്ങളുടെ മാനസികനിലകൾ ക്ലോസിൽ നിന്ന് മിഡ് ഷോട്ടിലേക്കും ശ്രീലങ്കയുടെ ലാന്റ്സ്കേപ്പിന്റെ വൈഡ് ഷോട്ടിലേക്കും രാജീവ് രവി പകർത്തുന്നു. കൂടുതൽ സമയവും ക്യാമറ ക്ലോസപ്പ് ഷോട്ടുകളിലായിരുന്നുവെന്ന് കാണാൻ കഴിയും.

അമൃത എന്ന അമ്മുവിന്റെ അനുകമ്പ എന്ന വികാരമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. യാത്രയ്ക്കിടയിൽ വഴിയരികിൽ പേരയ്ക്ക വിൽക്കുന്ന കുട്ടികളോട് അവൾ സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. അമ്മുവിനെ വെച്ച് നോക്കുമ്പോൾ കേശവ് പലപ്പോഴും ഗ്രീഡിയായിട്ടുള്ള സ്വാർത്ഥനായ, മെറ്റീരിയലസ്റ്റിക് ആയിട്ടുള്ള വ്യക്തിയാണെന്ന് കാണാൻ കഴിയും. അയാൾക്ക് പലപ്പോഴും മറ്റൊരു മനുഷ്യനോട് അനുകമ്പ തോന്നുന്നില്ല. എന്നാൽ തന്റെ കൺമുന്നിലുള്ള ആ മനുഷ്യർക്ക് ഇത്തരമൊരു അവസ്ഥ വരാൻ കാരണക്കാർ ഒരു തരത്തിലെല്ലെങ്കിൽ മറ്റൊരു തരത്തിൽ തങ്ങൾ കൂടിയാണെന്ന് അമൃത വിശ്വസിക്കുന്നു. അതുകൊണ്ട് കൂടിയാണ് പൊലീസ് മർദ്ദിച്ച ആ മനുഷ്യനെ ആശുപത്രിയിൽ എത്തിക്കാൻ അമൃത മുന്നിട്ടിറങ്ങുന്നത്. വണ്ടിയിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥനോട് മനുഷ്യരുടെ ജീവന് ഒരു വിലയുമില്ലേ എന്ന് അമൃത ചോദിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയുമ്പോൾ മാത്രമാണ് ഇവിടെ മനുഷ്യജീവന് വിലയെന്ന് അയാൾ മറുപടി പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ശ്രീലങ്കയുടെ സമകാലിക രാഷ്ട്രീയ അവസ്ഥയെ ഈ ഒരൊറ്റ സംഭാഷണത്തിലൂടെ പ്രസന്ന വിതനാഗെ വരച്ചിടുന്നു.

പ്രസന്ന വിതാനഗെ

ശ്രീലങ്കയിലെ തങ്ങളുടെ ആദ്യത്തെ രാത്രിയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പുറത്ത് വെടിയൊച്ച കേൾക്കുമ്പോൾ അത് ഹണ്ടിങ് ആണെന്ന് ശ്രീ പറയുന്നുണ്ട്. എന്നാൽ കൊള്ളയടിക്കപ്പെട്ടതിന് ശേഷമുള്ളൊരു ദിവസം വെടിയൊച്ച കേൾക്കുമ്പോൾ കേശവ് അമൃതയെ പ്രകോപിക്കാൻ അത് ഹണ്ടിങ് ആണെന്ന് വീണ്ടും ഓർമ്മപ്പെടുത്തുമ്പോൾ അമൃത തന്റെ വിയോജിപ്പ് കൃത്യമായി പ്രകടിപ്പിക്കുന്നുണ്ട്. പൊലീസ് തങ്ങളുടെ കോട്ടേജിൽ എത്തി, മറ്റ് മനുഷ്യരെ ചോദ്യം ചെയ്യുമ്പോഴും ഉപദ്രവിക്കുമ്പോഴുമെല്ലാം അമൃത കൃത്യമായി ഇടപെടുന്നു. അതുവരെ തന്റെ പങ്കാളിയെ അമ്മു എന്ന് വിളിച്ചിരുന്ന കേശവ് ഒരു ഘട്ടത്തിലെത്തുമ്പോൾ അമൃത എന്നാണ് വിളിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതായത് അമ്മുവിന്റെയും കേശവിന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള ആന്തരിക സംഘർഷങ്ങളാണ് സിനിയമയുടെ ഗതി നിർണയിക്കുന്നത്.

രാമായണം എന്ന മിത്തിനെയും രാമൻ- രാവണൻ എന്ന ദ്വന്തത്തെയും സീത എന്ന സ്ത്രീയെയും സിനിമ വളരെ സൂക്ഷമായി ചർച്ച ചെയ്യുന്നുണ്ട്. ഒരു സ്ത്രീക്ക് ഒരു പ്രശ്നം വരുമ്പോൾ ഏതെങ്കിലുമൊരു പുരുഷൻ വന്ന് തന്നെ രക്ഷിക്കുമെന്നാണോ ഒരു സ്ത്രീ പ്രാർത്ഥിക്കുകയെന്ന് അമൃത ചിത്രത്തിലൊരിടത്ത് ചോദിക്കുന്നുണ്ട്. അത് പ്രേക്ഷകരോടുള്ള ചോദ്യം കൂടിയാണ്. രാമായണത്തിലെ സത്യം എന്നത് ഇപ്പോഴും പലരും പല രീതിയിലാണ് വായിച്ചുപോവുന്നത്. സീത ‘തെറ്റ്കാരി’ ആണെന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷ പുരുഷ സമൂഹമാണ് നിലനിൽക്കുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ പറയുന്ന ‘തെറ്റ്’ അല്ലെങ്കിൽ ശുദ്ധതാ വാദമെന്നത് കേവലം അവളുടെ ശരീരത്തെ ബന്ധപ്പെടുത്തി മാത്രമാണ് ചർച്ച ചെയ്യുന്നത് എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ട ഒന്നാണ്. മുന്നൂറ് രാമായണങ്ങൾ ഉണ്ടെന്ന് അമൃത ചിത്രത്തിലൊരിടത്ത് പറയുന്നുണ്ട്. മുന്നൂറ് എണ്ണവും മുന്നൂറ് തരത്തിലുള്ളതും, അതിലെല്ലാം സത്യമെന്നത് വ്യക്തികൾ മാറുന്നതിനനുസരിച്ച് മാറികൊണ്ടിരിക്കുമെന്നും കാണാൻ കഴിയും. അതായത് ഒരു സംഭവത്തിന്റെ തന്നെ പല രീതിയിലുള്ള വ്യാഖ്യാനങ്ങൾ കാണാൻ കഴിയുമെന്ന റാഷോമോൺ എഫെക്റ്റിന്റെ കൃത്യമായ ഉപയോഗം സിനിമയിലുടന്നീളം കാണാൻ കഴിയും. രാമയണമെന്ന മിത്തിനെ, മിത്തായി ഒരിക്കലും കാണാൻ കഴിയാത്ത ഒരു ജനതയാണ് നമ്മുടെ രാജ്യത്തും ഹിന്ദുത്വ ഫാസിസത്തിന് വളമിട്ട് കൊടുക്കുന്നത് എന്നത് മറ്റൊരു സത്യം.

അമൃതയുടെയും കേശവിന്റെയും ക്യാരക്ടർ ആർക്ക് ഗംഭീരമാണ്. ഓരോ സംഭവങ്ങൾ അരങ്ങേറുമ്പോൾ അതിനോട് അവരുടെ മനോഭാവം എന്താണ് എന്നുള്ളത് തന്നെയാണ് സിനിമയുടെ ഗതി നിർണയിക്കുന്നത്. ആദ്യമായി അമൃത കാറിൽ വെച്ച് തോക്ക് കയ്യിലെടുക്കുമ്പോൾ കേശവ് പാനിക്ക് ആവുകയും തിരിച്ചുകൊടുക്കാൻ പറയുകയും ചെയ്യുന്നുണ്ട്. ഈ തോക്കാണ് പിന്നീട് സിനിമയിയുടെ തേർഡ് ആക്ടിൽ ഒരു പ്രധാന ഘടകമാവുന്നത്. അതുപോലെ തന്നെ ആൾക്കൂട്ടത്തെ കാണുമ്പോഴും അയാൾ അതിനെ എങ്ങനെ നേരിടണമെന്നും അതിന്റെ ഭവിഷ്യത്തുകൾ എന്താവുമെന്നും ആലോചിക്കുന്നില്ല. കൂടാതെ ഒരു യാഥാസ്ഥിതിക കാമുകന്റെ എല്ലാ ഷെയ്ഡുകളും കേശവിൽ കാണാൻ കഴിയും. എന്നാൽ അമൃതയിലുള്ള അനുകമ്പയുടെ അംശംപോലും കേശവിന് ഇല്ല എന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെയാണ് അത്തരമൊരു നിർണായക ഘട്ടത്തിൽ അമൃതയ്ക്ക് അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വരുന്നത്.

മനുഷ്യരുടെ വർഗ്ഗ- ജാതി വ്യത്യാസം പ്രസന്ന വിതാനഗെ ചിത്രത്തിൽ വരച്ചിടുന്നുണ്ട്. അമൃതയുടെയും കേശവിന്റെയും തീൻമേശയിൽ നിന്നും കട്ട് ചെയ്ത് പോവുന്നത് കുറച്ചകലെ ചെറുതായി മഴ ചോരുന്ന ഒരു പഴയ മുറിയിലയിരുന്ന് ഭക്ഷണം കഴിക്കുന്ന ആൻഡ്രൂവിലേക്കാണ്. ഇത്തരത്തിൽ മനുഷ്യരുടെ സമൂഹികാവസ്ഥയുടെ വൈരുദ്ധ്യങ്ങൾ നിറയെ പാരഡൈസിൽ കാണാൻ കഴിയും. കൃത്യമായൊരു മിനിമലിസ്റ്റിക് ഘടന സിനിമ പിന്തുരുമ്പോഴും, ലൗഡ് ആവേണ്ട ഘട്ടത്തിൽ പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ട് അതിന്റെ പീക്കിലേക്ക് സിനിമ എത്തുകയും ചെയ്യുന്നു. കഥാഗതിയെ നിയന്ത്രിക്കുന്ന പല ഘട്ടങ്ങളിലും ചിത്രത്തിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്. നേരത്തെ പരാമർശിച്ച പോലെ രാജീവ് രവിയുടെ ദൃശ്യങ്ങൾ ശ്രീലങ്കയുടെ തണുപ്പും വന്യതയും, സിനിമയുടെ നിഗൂഢതയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. റോഷന്റെയും ദർശനയുടെയും ഗംഭീര പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ ഘടകം. ക്ലോസപ്പ് ഷോട്ടുകളിൽ ഒരു രംഗത്തിന്റെ വൈകാരിക തലം കൃത്യമായി അവർ പ്രതിഫലിപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റ് താരങ്ങളുടെയും കയ്യടക്കത്തോടുള്ള പ്രകടനം പ്രശംസയർഹിക്കുന്നു.

കഴിഞ്ഞ വർഷം ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ പാരഡൈസ് പ്രസന്ന വിതാനഗെയുടെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. എന്തുകൊണ്ടാണ് ചിത്രം നിർമ്മിക്കാൻ ശ്രീലങ്കയ്ക്ക് പുറത്തുള്ള പ്രൊഡക്ഷൻ കമ്പനിയായ ന്യൂട്ടൺ സിനിമാസും മദ്രാസ് ടാക്കീസും വേണ്ടിവന്നു എന്നുള്ളത് അവിടുത്തെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ അവസ്ഥകളെ തുറന്നുകാട്ടുന്നുണ്ട്.

പ്രസന്ന വിതാനഗെയുടെ പാരഡൈസ് ഒരു രാഷ്ട്രീയ സിനിമ കൂടിയാണ്. അയാൾ ദൃശ്യ ഭാഷയിലൂടെ ചോദ്യം ചെയ്യലുകൾ നടത്തുന്നു. ആർക്കാണ് ഈ ലോകം എപ്പോഴും ‘പാരഡൈസ്’ ആയിരിക്കുന്നത് എന്നത് എപ്പോഴും പ്രസക്തമായ ചോദ്യമാണ്. ഭരണകൂടം എന്ന വ്യവസ്ഥിതി അടിച്ചമർത്തുന്ന ജനങ്ങൾക്ക് ജീവിതമെപ്പോഴും പോരാട്ടങ്ങളുടെതാണ്. നീതിക്ക് വേണ്ടിയും, അവകാശങ്ങൾക്ക് വേണ്ടിയും അവർ നിരന്തരം ശബ്ദമുയർത്തികൊണ്ടേയിരിക്കുന്നു. ഭരണകൂടം- ജനങ്ങൾ എന്ന ദ്വന്ദത്തിലായാലും, രണ്ട് മനുഷ്യർ തമ്മിലുള്ള ബന്ധത്തിലായാലും അധികാര ഘടനയെ പരസ്പരം ചോദ്യം ചെയ്യുന്നിടത്ത് വിയോജിപ്പുകളും വിപ്ലവങ്ങളും അരങ്ങേറുന്നു. അതെ, ഒരു മികച്ച സിനിമ തുടങ്ങുന്നത് അതിന്റെ അവസാന ഫ്രെയ്മിൽ നിന്നാണ്. അത് നിങ്ങളെ പിന്തുടരുന്നു, നിങ്ങളെ ആലോസരപ്പെടുത്തുന്നു, നിങ്ങളെകൊണ്ട് ചിന്തിപ്പിക്കുന്നു, നിങ്ങൾ അതുവരെ കണ്ടതിനും അപ്പുറമുള്ള കാര്യങ്ങൾ നിങ്ങൾക്ക് കാണിച്ചുതരുന്നു.

Latest Stories

എതിര്‍ശബ്ദം ഉയരുമ്പോള്‍ കഷ്ടപ്പെട്ട് വിരിയിച്ച 'സാത്വിക' ഭാവം മാറുന്ന മോദി

പാര്‍ലമെന്റില്‍ യഥാര്‍ത്ഥത്തില്‍ നടന്നതും ബിജെപി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും!; എതിര്‍ശബ്ദം ഉയരുമ്പോള്‍ കഷ്ടപ്പെട്ട് വിരിയിച്ച 'സാത്വിക' ഭാവം മാറുന്ന മോദി

യൂറോയിലെ മികച്ച പ്രകടനത്തിന് ശേഷം ആവശ്യക്കാർ ഏറെ, റയൽ വിടുന്ന കാര്യത്തിൽ നിർണായക തീരുമാനം എടുത്ത് യുവതാരം

റൊണാൾഡോ മെസിയെക്കാൾ എത്രയോ മികച്ചവനാണ്, ഈ സത്യം അറിയാവുന്നവർ പോലും മൗനം പാലിക്കുകയാണ് എന്ന് മാത്രം; സൂപ്പർതാരം പറയുന്നത് ഇങ്ങനെ

ബീഹാറില്‍ ഒരു പഞ്ചവടി പാലം കൂടി തകര്‍ന്നു; 15 ദിവസത്തിനുള്ളില്‍ തകര്‍ന്നത് ഏഴാമത്തെ പാലം

വിക്രത്തിന് ശേഷം ലോകേഷ്- ഗിരീഷ് ഗംഗാധരൻ കോമ്പോ വീണ്ടും; കൂലി അപ്ഡേറ്റ്

തുടക്കത്തില്‍ കല്ലുകടിയായി ഭൈരവയും ബുജ്ജിയും, സെക്കന്‍ഡ് ഹാഫില്‍ റീ ഇന്‍ട്രൊ നല്‍കി സംവിധായകന്‍; സ്‌കോര്‍ ചെയ്ത് അമിതാഭ് ബച്ചന്‍

ഇത്തവണ ബാലൺ ഡി ഓർ അവന്‍ നേടും; യുവതാരത്തെ പിന്തുണച്ച് ആലിസൺ ബക്കർ

'മണിപ്പൂർ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല'; സംസ്ഥാനത്തിന് സുപ്രീം കോടതിയുടെ വിമർശനം

ഇന്ത്യയുടെ വിക്ടറി പരേഡ് സംബന്ധിച്ച് ബിസിസിഐ തീരുമാനം ഇങ്ങനെ, ആരാധകർ ആവേശത്തിൽ