ഇത് വരെ ഉണ്ടാക്കിയ എല്ലാ ഹൈപ്പിനോടും പൂര്‍ണ്ണ തൃപ്തി നല്‍കിക്കൊണ്ടാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവല്‍ തമിഴ്‌നാടിനെ സംബന്ധിച്ച് അവരുടെ ചരിത്രവും വികാരവുമാണ്. ഈ ബ്രഹ്‌മാണ്ഡ നോവലിന്റെ ചലച്ചിത്ര ഭാഷ്യം സ്‌ക്രീനിലേക്ക് എത്തിക്കാന്‍ 64 വര്‍ഷങ്ങളായി എംജിആര്‍ മുതലിങ്ങോട്ട് പലരും ശ്രമിച്ചു. ഒടുവില്‍ മണിരത്‌നം തന്റെ സ്വപ്‌നപദ്ധതിയായ പൊന്നിയിന്‍ സെല്‍വന്‍ സ്‌ക്രീനില്‍ എത്തിച്ചു. ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ക്ലാസ്, മണിരത്‌നം എന്ന ക്രാഫ്റ്റ്‌സ്മാന്റെ മാജിക് തന്നെയാണ് പൊന്നിയിന്‍ സെല്‍വന്‍ 1 എന്ന ബ്രഹ്‌മാണ്ഡ ചിത്രം.
അതിനാടകീതയോ, ‘കത്തി’ ആയി തോന്നുന്ന തരത്തിലുള്ള സാഹസികരംഗങ്ങളോ ഉള്‍പ്പെടുത്താതെ കല്‍ക്കിയുടെ നോവലിനോട് പൂര്‍ണമായും നീതിപുലര്‍ത്തുന്ന അവതരണശൈലിയും സംവിധായകന്റെ ക്ലാസ്സ് ടച്ചുമാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയ്ക്ക് പിന്നില്‍. പൊന്നിയിന്‍ സെല്‍വന്‍ എന്ന കഥയെയും കഥാപാത്രങ്ങളെയുമാണ് മണിരത്‌നം ഈ ആദ്യ ഭാഗത്തിലൂടെ പരിചയപ്പെടുത്തുന്നത്. കാര്‍ത്തി അവതരിപ്പിക്കുന്ന വല്ലവരയന്‍ വന്തിയതേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥ ആരംഭിക്കുന്നതും മുന്നോട്ട് നീങ്ങുന്നതും. ചരിത്രത്തില്‍ അധികം പരാമര്‍ശിക്കാത്ത കഥാപാത്രമാണെങ്കിലും വന്തിയതേവന്‍ എന്ന ചാരനെയാണ് ചോളന്മാരുടെ ചരിത്രം പറയാന്‍ കല്‍ക്കി നിയോഗിച്ചത്. സ്‌ക്രീനില്‍ അഭിനേതാക്കളെ ഒന്നും കാണാനാവില്ല, കാരണം ഒരോ കഥാപാത്രങ്ങളും അത്രയും മനോഹരമാണ്.
സ്‌ക്രീന്‍ സ്‌പേസ് കൂടുതല്‍ ഉള്ളത് കാര്‍ത്തിയുടെ കഥാപാത്രത്തിന് ആണെങ്കിലും വിക്രത്തിന്റെ ആദിത്യ കരികാലനും ടൈറ്റില്‍ റോള്‍ ചെയ്ത ജയം രവിക്കും ഒരു പോലെ തന്നെ പ്രാധാന്യം സിനിമയിലുണ്ട്. ഏറെ ഇന്റന്‍സ് ആയ ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെ വിക്രം വളരെ മികച്ചത് ആക്കിയിട്ടുണ്ട്. വിക്രമിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവല്‍ എന്ന് തന്നെ ആദിത്യ കരികാലനെ അടയാളപ്പെടുത്താം. പൊന്നിയിന്‍ സെല്‍വന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ജയം രവി സിനിമയില്‍ എത്തുന്നത്. തന്റെ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു ചരിത്ര കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാന്‍ ജയം രവിക്ക് സാധിച്ചിട്ടുണ്ട്.
പ്രണയത്തിന്റെ പുക പരത്തി പ്രതികാരം തീര്‍ക്കാന്‍ എത്തുന്ന നന്ദിനി ആണ് സിനിമയിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം. ഐശ്വര്യ റായ്‌യെ അല്ലാതെ മറ്റൊരു താരത്തെയും നന്ദിനിയായി സങ്കല്‍പ്പിക്കാനാവില്ല. ഏറെ പക്വതയുള്ള കഥാപാത്രമാണ് തൃഷയുടെ കുന്ദവി ദേവി. ഐശ്വര്യ റായിയും തൃഷയുമുള്ള കോംമ്പോ സീനുകള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്. സ്‌ക്രീന്‍ പ്രസെന്‍സിന്റെ കാര്യത്തില്‍ തൃഷ പലപ്പോഴും ഐശ്വര്യയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഗൗരവമായ കഥകള്‍ക്കിടയില്‍ സിനിമയുടെ തുടക്കം മുതല്‍ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആള്‍കവടിയാര്‍ നമ്പി എന്ന കഥാപാത്രമായി ജയറാമിന്റെത് അസാധ്യ പ്രകടനമാണ്. സുന്ദരിയായ, കടലിന്റെ നടുവില്‍ പോലും അചഞ്ചലയായ പൂങ്കുഴലിയെ തന്റെ ശരീര ഭാഷയിലെ അനായാസത കൊണ്ട് ഐശ്വര്യ ലക്ഷ്മി ഭംഗിയായി സ്‌ക്രീനിലെത്തിച്ചു.
ഒളിപ്പിക്കേണ്ടവരെ ഒളിപ്പിച്ചും, തെളിഞ്ഞു നില്‍ക്കുന്നവരെ കൂടുതല്‍ തെളിവോടെയും, ദുരൂഹതകള്‍ നല്‍കി വലിയൊരു ദൃശ്യ വിരുന്ന് ആണ് മണിരത്‌നം ഒരുക്കിയിരിക്കുന്നത്. മികച്ച ആര്‍ട്ടും വസ്ത്രാലങ്കാരവും സംഘട്ടന, യുദ്ധ രംഗങ്ങളും ഒരുക്കി കാഴ്ചക്കാരെ ത്രസിപ്പിച്ച കലാകാരന്മാരും, റഹ്‌മാന്റെ സംഗീതവും, ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗും മണിരത്‌നത്തിനൊപ്പം ഇളങ്കോ കുമരവേല്‍ എഴുതിയ തിരക്കഥയും എല്ലാം ഭംഗിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കാവേരി അഥവാ പൊന്നി നദി എന്നത് അടയാളപ്പെടുന്നത് സിനിമയുടെ രണ്ടാം പകുതിയിലാണ്. ഒരു ജിഗ്‌സോ പസില്‍ പൂരിപ്പിക്കും പോലെ കൗതുകവും ദുരൂഹതകളും അതുണ്ടാക്കുന്നുണ്ട്.
എല്ലാത്തിലുമുപരി ദി മാസ്റ്റര്‍ ഫിലിം മേക്കര്‍ ഓഫ് ഇന്ത്യന്‍ സിനിമ എന്ന വിളിപ്പേര് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് മണിരത്‌നം. പേരും പെരുമയുമുള്ള ഇത്രയധികം താരങ്ങളെ ഒന്നിച്ച് അണിനിരത്തി മാസും ക്ലാസ്സും ആയ ഒരു സിനിമ എങ്ങനെ സംവിധാനം ചെയ്യണം എന്നതിന് ധൈര്യമായി സിനിമാ ലോകത്തോട് ചൂണ്ടിക്കാണിക്കാം മണിരത്‌നം എന്ന സംവിധായകനെ.