ബോറൻ വിമാനയാത്ര

ജോമോൻ തിരു

തൊടുപുഴക്കാരനായ സജി തോമസിനെ നമ്മിൽ പലർക്കും അറിയാമായിരിക്കും. ബധിരനും മൂകനുമായ സജി തോമസിന്‌ ഏഴാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നെങ്കിലും ജന്മനാ ഉള്ള തന്റെ പരിമിതികൾക്കും പ്രതികൂല ജീവിതസാഹചര്യങ്ങൾക്കും മുൻപിൽ തളരാൻ അയാൾ തയ്യാറായിരുന്നില്ല. റബ്ബർതോട്ടങ്ങളിൽ കീടനാശിയടിക്കാൻ വന്ന ഹെലികോപ്റ്ററുകൾ കണ്ട്‌, ആ പതിനഞ്ചുകാരന്റെ സ്വപ്‍നങ്ങളിൽ വിമാനങ്ങൾ പറന്നുയർന്നു.

പിന്നീട് സ്വന്തമായി വിമാനങ്ങൾ നിർമ്മിക്കാനുള്ള നിരന്തര പരിശ്രമങ്ങളായിരുന്നു സജിയുടെ ജീവിതത്തിൽ. വിമാനനിർമ്മാണം സംബന്ധിച്ച പുസ്തകങ്ങൾ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങൾ തേടിയും സജി ഒടുവിൽ തന്റെ സ്വപ്നം പൂവണിയിക്കുക തന്നെ ചെയ്‍തു.

പതിനഞ്ചു വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ സജി സ്വന്തമായി വിമാനം നിർമ്മിച്ചു പറപ്പിച്ചു. വിമാനം രൂപകൽപന ചെയ്ത ഭിന്നശേഷിയുടെ ആദ്യ വ്യക്തി എന്ന നേട്ടവുമായി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സജിയുടെ പേര് ഇടം നേടി. ഡിസ്കവറി ചാനലിൽ ഋഥ്വിക്‌ റോഷൻ അവതരിപ്പിച്ച പ്രോഗ്രാമിലും അടുത്തിടെ സജിയുടെ കണ്ടുപിടിത്തങ്ങൾ കയ്യടി നേടി. വൈകല്യങ്ങൾ മറികടന്ന് ജീവിതവിജയം സ്വന്തമാക്കിയ ഒൻപത്‌ ഹീറോകളുടെ പട്ടികയിലായിരുന്നു നാൽപ്പത്തിയഞ്ചുകാരനായ സജി ഇടം നേടിയത്‌.

മറ്റുള്ളവർക്കു പ്രചോദനമായിമാറിയ സജിയുടെ ഈ ജീവിതകഥയാണ് “വിമാനം” എന്ന പേരിൽ സിനിമയാകുന്നത്. വിനീത്‌ ശ്രീനിവാസൻ നായകനായി ഏതാനും മാസങ്ങൾക്ക്‌ മുൻപിറങ്ങിയ “എബി” എന്ന ചിത്രത്തിലും സജി തോമസിന്റെ ജീവിതകഥതന്നെയായിരുന്നു ഉപയോഗപ്പെടുത്തിയത്‌. ഒരു യഥാർത്ഥ കഥ സിനിമയാക്കി മാറ്റുമ്പോൾ പുലർത്തേണ്ട മിനിമം നിലവാരം പോലും എബിയിൽ ഉണ്ടായിരുന്നില്ല. വിനീത്‌ ശ്രീനിവാസന്റെ ഗോഷ്ടികളും അപക്വമായ അവതരണവും “എബി”യെ ഒരു ദുസ്സഹമായ അനുഭവമാക്കി മാറ്റിയിരുന്നു. “വിമാന”ത്തിലേക്ക്‌ എത്തുമ്പോഴോ? ഒഴുക്കിനെതിരെ നീന്തി, മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ്‌ പൃഥ്വിരാജ്.

തലപ്പാവ്‌, സെല്ലുലോയ്ഡ്‌, എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിലൂടെ, യഥാർത്ഥ കഥാപാത്രങ്ങളെ ഭംഗിയായി തിരശ്ശീലയിലെത്തിച്ച പൃഥ്വിരാജ് വീണ്ടും ജീവിതകഥ പ്രമേയമാകുന്ന സിനിമയിലെ നായകനാവുകയാണ്‌. നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‌ തണുപ്പൻ മട്ടിലുള്ള പ്രൊമോഷനുകളായിരുന്നു.

ട്രൈലറോ ഗാനങ്ങളോ ഒട്ടും തന്നെ ആശാവഹമായിരുന്നില്ല. എന്നാൽ പൃഥ്വിരാജ്‌ എന്ന നടനിലുള്ള നടനിലും, മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവിലും ഉള്ള വിശ്വാസവും, പൊതുപ്രേക്ഷകന്‌ ചില പ്രതീക്ഷകൾ അവശേഷിപ്പിച്ചിരുന്നു. ഒരുവർഷത്തിനു മുൻപേ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‌ സജി തോമസിന്റെ ജീവിതമാണ്‌ ആധാരമെങ്കിലും, അല്‍പ്പം ഭാവനകൂടി ചേര്‍ത്തുള്ള സ്വതന്ത്രാഖ്യാനമാവും വിമാനമെന്ന് സംവിധായകന്‍ മുൻകൂർ പറഞ്ഞിരുന്നു.

പത്മഭൂഷന്‍ പുരസ്‌കാരം നേടിയ പ്രൊഫ. വെങ്കിടേശ്വരന്‍ എന്ന ശാസ്ത്രജ്ഞനില്‍ നിന്നുമാണ്‌ ചിത്രം ആരംഭിക്കുന്നത്. അയാളുടെ ഓര്‍മകളിലൂടെ, യുവാവായ വെങ്കിടിയുടെ ജീവിതത്തിലേയ്ക്ക് ചിത്രം ചെന്നെത്തുകയാണ്‌. വിമാനമുണ്ടാക്കാനും വിമാനത്തില്‍ പറക്കാനും ചെറുപ്പം മുതലേ ആഗ്രഹിച്ച, ശ്രവണപരിമിതികളുള്ള വെങ്കിടിയുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും, വെല്ലുവിളികളെ തരണം ചെയ്തുകൊണ്ടുള്ള അവന്റെ വിജയത്തിന്റെയും കഥയാണ് സിനിമ പറയുവാൻ ശ്രമിക്കുന്നത്‌. ഒപ്പം, അവന്റെ പ്രണയത്തിന്റെയും പരാജയങ്ങളുടെയും കഥ കൂടി പാരരലായി പറഞ്ഞുപോവുകയാണ്‌.

വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ അമ്മാവന്റെ വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കായി ജോലിചെയ്യുമ്പോഴും വെങ്കിടിയുടെ സ്വപ്നം പറക്കുക എന്നത്‌ മാത്രമാണ്‌. സ്വന്തമായി വിമാനമുണ്ടാക്കാനുള്ള കഠിന പരിശ്രമത്തിലാണ് വെങ്കിടി. അയാള്‍ക്ക് പിന്തുണയുമായി ഒപ്പമുള്ളത് അയാളുടെ അമ്മാവനും റോജർ എന്ന പ്രൊജക്ഷനിസ്റ്റുമാണ്.

അയൽവക്കത്തെ സമ്പന്നകുടുംബത്തിലെ പെൺകുട്ടിയായ ജാനകിയുമായി വെങ്കിടിക്കുള്ളത്‌ കുട്ടിക്കാലം മുതലുള്ള ബന്ധമാണ്. വെങ്കിടിക്ക് വിമാനത്തോടുള്ള പ്രണയവും ജാനകിയോടുള്ള ഇഷ്ടവും സമാന്തരമായാണ് വളരുന്നതും വികസിക്കുന്നതും. നാട്ടുകാര്‍ പൊട്ടനെന്നും ഭ്രാന്തനെന്നും വിളിച്ചു പരിഹസിക്കുന്ന വെങ്കിടിയുടെ കഴിവുകളും അയാളുടെ സ്വപ്നങ്ങളുടെ തീവ്രതയും യഥാര്‍ഥത്തില്‍ അറിയുന്നത് ജാനകിക്കാണ്.

മറ്റെന്തിനേക്കാളും വിമാനത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വെങ്കിടിക്ക് ഏറ്റവുമധികം പിന്തുണ നൽകുന്നതും അവളാണ്. വെങ്കിടിയുണ്ടാക്കുന്ന വിമാനത്തില്‍ ഒരുമിച്ച്‌ പറക്കുക എന്നതാണ്‌ ഇരുവരുടെയും ഏറ്റവും വലിയ സ്വപ്നം. യഥാർത്ഥ ജീവിതകഥ നൽകുന്ന പ്രചോദനവുമായുള്ള താരതമ്യത്തിൽ പ്രേക്ഷകന്റെ ഹൃദയങ്ങളെ സ്പർശിക്കുന്ന വിധത്തിലുള്ള അവതരണമല്ല ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത്‌. “വിമാനം” പോലെതന്നെ പ്രണയവും പ്രണയ സംഘർഷങ്ങളും സിനിമയുടെ പ്രധാന വിഷയംതന്നെയാണ്. എന്നാൽ രണ്ട്‌ വിഷയങ്ങളിലും നിർവികാരത മാത്രമാണ്‌ പ്രേക്ഷകന്‌ അനുഭവപ്പെടുന്നത്‌. വൈകാരിക മുഹൂർത്തങ്ങളെല്ലാം വെറും പൊള്ളയായ കാഴ്ചകളായിരുന്നു.

അതിശയോക്തി കലരാതെ കഥാപരിസരങ്ങളെ രൂപപ്പെടുത്തുവാനോ യുക്തിപൂര്‍വകമായി ദൃശ്യവത്കരിക്കുവാനോ തിരക്കഥാകൃത്ത്‌ കൂടിയായ സംവിധായകനു സാധിച്ചിട്ടില്ല. മലയാളത്തിലും മറ്റ്‌ ഭാഷകളിലുമായിറങ്ങുന്ന മോട്ടിവേഷണൽ സിനിമകൾക്കെല്ലാം ചില പൊതു സ്വഭാവങ്ങളുണ്ട്‌. ലക്ഷ്യങ്ങളും മോഹങ്ങളുമുള്ള ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും അവയുടെ മുൻപോട്ടുള്ള പ്രയാണം. അവൻ/അവൾ ഒരുപക്ഷേ കൊച്ചുകുട്ടികളോ കൗമാരക്കാരോ യുവാക്കളോ ആയിരുന്നേക്കാം.

എതിർക്കുവാനും നിരുത്സാഹപ്പെടുത്തുവാനും ഒന്നോ അതിലധികമോ ആളുകൾ, ക്ലേശപൂരിതമായ സാഹചര്യങ്ങളിലൂടെ വളർന്നുവന്ന അവൻ/അവൾ മറ്റൊരാളുടെ സഹായത്താൽ ലക്ഷ്യത്തിലെത്തിച്ചേരുന്നു. സമാന്തരമായി ഒരു പ്രണയകഥയോ ഒരു സഹതാപ വശമോ ഇത്തരത്തിലുള്ള ചിത്രങ്ങളിൽ കാണാം. വിമാനത്തിന്റെ കാര്യവും ഇതുതന്നെ. കണ്ടുപഴകിയ ക്ലീഷേ കഥകളിൽ നിന്നും തെല്ലിട വ്യതിചലിക്കാതെയുള്ള അവതരണം പ്രേക്ഷകനെ നന്നായിത്തന്നെ ബോറടിപ്പിക്കുന്നുണ്ട്‌.

പതിഞ്ഞ താളത്തിലാണ്‌ ചിത്രത്തിന്റെ സഞ്ചാരം. നായകന്റെ ബാല്യകാലത്ത്‌ അവനനുഭവിക്കുന്ന പ്രശ്നങ്ങളിൽനിന്നുമാരംഭിക്കുന്ന ചിത്രം വിലകുറഞ്ഞതും അപക്വവുമായ സംഭാഷണരംഗങ്ങളുടെ അകമ്പടിയോടെ കടന്നുപോകുന്നു. രണ്ടാം പകുതിയിൽ ചിത്രം കൂടുതൽ നാടകീയതകളിലേക്ക് കടക്കുകയാണ്. പലതവണ വിമാനം ഇടിച്ചിറക്കേണ്ടി വന്നിട്ടും പരാജയപ്പെട്ടിട്ടും വീണ്ടും വീണ്ടും തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി ശ്രമിക്കുന്ന വെങ്കിടിയുടെ ജീവിതത്തെ പ്രചോദനത്തിന്റെ മാതൃകയാക്കുവാനുള്ള ശ്രമവും നടന്നിരുന്നു. ഉപസംഹാര ഭാഗങ്ങളിലേയ്ക്കെത്തുമ്പോഴാണ്‌ അവതരണം അൽപമെങ്കിലും ചടുലമാകുന്നത്‌. സ്വാഭാവിക അന്ത്യത്തിലേക്കാണ്‌ കഥ നീങ്ങുന്നത് എന്നതുകൊണ്ടുതന്നെ ട്വിസ്റ്റുകളോ അപ്രതീക്ഷിത സംഭവങ്ങളോ ചിത്രത്തിലില്ല.

എന്നാൽ പലപ്പോഴും കഥാപാത്രങ്ങളുടെ പ്രതികരണങ്ങളിൽ സ്വാഭാവികത തോന്നിയില്ല. വെങ്കിടിയുടെ ജീവിതത്തിലെ രണ്ടു ഘട്ടങ്ങളാണ്‌ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം, ശരാശരി പ്രകടനങ്ങൾ എന്നേ പറയുവാനാകൂ. യുവാവായ വെങ്കിടിയില്‍നിന്ന് വൃദ്ധനായ വെങ്കിടിയിലേയ്ക്കെത്തുമ്പോള്‍ രൂപത്തിലും ഭാവത്തിലും കൃത്രിമത്വം പ്രകടമായിരുനുന്നു. വിഗ്ഗ്‌ മിക്കപ്പോഴും ചിരിക്കുവാനുള്ള വക നൽകി. കേൾവി ശക്തി കുറഞ്ഞ കഥാപാത്രമായി, പലപ്പോഴും ഫ്ലക്സിബിൾ ആകാനുള്ള അദ്ദേഹത്തിന്റെ ശ്രമം കാണാം. പുതുമുഖം ദുർഗ്ഗാ കൃഷ്ണയായിരുന്നു നായികയായഭിനയിച്ചത്‌. മോശം പ്രകടനമായിരുന്നു.

പ്രണയരംഗങ്ങളിലും ഗാനരംഗങ്ങളിലും ഡയലോഗ്‌ പ്രസന്റേഷനിലും കൃത്രിമത്വം നിഴലിച്ചിരുന്നു. വൃദ്ധകഥാപാത്രമായി മാറിയപ്പോഴേയ്ക്കും നായികാനായകന്മാരുടെ പ്രഛന്നവേഷം തികച്ചും അനുചിതമായിത്തോന്നി. ചില കഥാപാത്രങ്ങൾ തമ്മിലുള്ള 22 വർഷത്തെ അകലം ചമയത്തിൽ പ്രകടമായിരുന്നില്ല. നായികാനായകന്മാരുടെ കുടുംബസാഹചര്യങ്ങൾ ടെലിവിഷൻ സീരിയലുകളെ ഓർമ്മിപ്പിക്കും.

നായകന്റെ സ്വഭാവത്തിൽ മനം നൊന്ത്‌ പിറുപിറുക്കുന്ന അമ്മ, കദനകഥ പറച്ചിൽ, നായകനെ, പിന്തുണയ്ക്കുന്ന അമ്മാവൻ, നായികയിൽ സമ്മർദ്ദം ചെലുത്തുന്ന മാതാപിതാക്കൾ, സ്ഥിരം കൂടിക്കാഴ്ചകൾ, പിറന്നാൾ സമ്മാനം എന്നിങ്ങനെ കണ്ടുമുഷിഞ്ഞ കാഴ്ചകളുടെ പുനരവതരണം തന്നെയായിരുന്നു. നായികയുടെ പിതാവായഭിനയിച്ച നടൻ അറുബോറൻ പ്രകടനം കാഴ്ചവച്ചു. അശോകൻ, സൈജു കുറുപ്പ്‌ തുടങ്ങിയവരും പ്രതീക്ഷ നഷ്ടപ്പെടുത്തിയപ്പോൾ അലന്‍സിയറും സുധീര്‍ കരമനയും ലെനയും സ്വാഭാവികമായ അഭിനയംകൊണ്ട് തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

സിനിമയിൽ നായകന്റെ സ്വപ്നങ്ങളുടെ ആഖ്യാനത്തിൽ മാത്രമല്ല, പ്രണയരംഗങ്ങളിലും യാതൊരു പുതുമയുമില്ല. കാലാകാലങ്ങളായി സിനിമകളില്‍ കണ്ടുവരുന്ന പ്രതിബന്ധങ്ങള്‍ത്തന്നെയാണ് അവരുടെ പ്രണയത്തിലുമുള്ളത്‌. കാമുകിയോടുള്ള പ്രണയവും, വിമാനത്തോടുള്ള പ്രണയവും സമാന്തരമായി വിശദീകരിക്കുമ്പോൾത്തന്നെ രണ്ടിലും നേരിടുന്ന സംഘർഷങ്ങളും വിജയങ്ങളും അതേപടി തന്നെ വിശദീകരിക്കുവാൻ സംവിധായകൻ ശ്രമിച്ചിരുന്നു. നായകന്റെ ആദ്യ പറക്കലിനോടനുബന്ധിച്ചുള്ള ചില കഥാപാത്രങ്ങളുടെ പ്രതികരണങ്ങളും പുഷ്പവൃഷ്ടിയുമെല്ലാം തികച്ചും ബാലിശമായ കാഴ്ചകളായിരുന്നു. മനുഷ്യന്റെ ആഗ്രഹങ്ങൾക്ക്‌ പരിമിതികളില്ല.

ഉറച്ച സ്വപ്നങ്ങളും കഠിന ശ്രമവും ഒരാളെ വിജയത്തിലേയ്ക്കു നയിച്ചേക്കാം. എന്ന തത്വമാണ്‌ ചിത്രം ആത്യന്തികമായി പറയുവാൻ ശ്രമിക്കുന്നത്‌. ലക്ഷ്യപൂർത്തീകരണത്തിനായി നായകൻ കണ്ടെത്തുന്ന വഴികളും അനുബന്ധ സംഭവങ്ങളും, തിരക്കഥാകൃത്തിന്റെ വികലമായ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ്‌. ഏത്‌ വിധേനെയും ലക്ഷ്യം സഫലീകരിക്കുക എന്ന ഉദ്യമമായിരുന്നു നായകനുള്ളത്‌ എങ്കിലും അതിനുവേണ്ടി എന്ത്‌ കൊള്ളരുതായ്മകളും ചെയ്യും എന്ന തലത്തിലേയ്ക്കാണ്‌ കാര്യങ്ങൾ പോകുന്നത്‌. നായകന്റെ അനുചിതമായ പ്രവർത്തനരീതിയെ മൃദുസമീപനത്തോടുകൂടി നോക്കിക്കണ്ട്‌ അവയെ ന്യായീകരിക്കുവാൻ ശ്രമിക്കുക വഴി, സജി തോമസിന്റെ ശ്രമങ്ങളുടെമേൽ സംവിധായകൻ കളങ്കം വീഴ്ത്തുകയാണ്‌ ചെയ്തത്‌.

ഇത്തരമൊരു പ്രമേയത്തിന്റെ അവതരണത്തിൽ ഹാസ്യത്തിന്‌ പങ്കില്ല. എന്നാൽ നായകനുചുറ്റും വലം വയ്ക്കുന്ന ചില കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും, അവരേക്കൊണ്ട്‌ കോമഡി പറയിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്ത സംവിധായകൻ വിരസതയുള്ള അനുഭവം പ്രേക്ഷകർക്ക്‌ സമ്മാനിച്ചു.

സൈജു കുറുപ്പുമൊത്തുള്ള ആദ്യ രംഗങ്ങളും, വർക്ക്‌ ഷോപ്പിലെ സ്ഥിരം സന്ദർശകരായ മറ്റ്‌ കഥാപാത്രങ്ങൾ ഉൾപ്പെട്ട രംഗങ്ങളും അതിനുദാഹരണങ്ങളാണ്‌. “മുഖം നോക്കി” സിനിമകൾക്ക്‌ സംഗീതം നൽകാറുള്ള ഗോപി സുന്ദറിന്റെ അസഹ്യമായ ഗാനങ്ങളും പശ്ചാത്തലസംഗീതവും ആസ്വാദനത്തിന്‌ വലിയ അളവിൽ ഭംഗം വരുത്തി. “മേഘക്കനവിന്‌” എന്നുതുടങ്ങുന്ന ഗാനവും, നൃത്തരംഗങ്ങളും പ്രേക്ഷകനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്‌. ഷഹ്നാദ് ജലാലിന്റെ ഛായാഗ്രഹണം മികവു പുലർത്തി.

വിദേശ ടെക്നീഷ്യൻസിന്റെ സഹായത്താൽ ചിത്രീകരിച്ച ആകാശയാത്രയും ദൃശ്യങ്ങളും മികച്ചുനിൽക്കുന്നു. ബൈജു കുറുപ്പിന്റെ എഡിറ്റിംഗ്‌ അപാകത ചിത്രത്തിലുടനീളം പ്രകടമായിരുന്നു. റിയൽ ലൈഫ്‌ സ്റ്റോറി സിനിമയാക്കുക എന്നത്‌ ഏറെ ശ്രമകരമായ ഒന്നുതന്നെയാണ്‌. ഒട്ടേറെയാളുകളുടെ ജീവിതത്തെ സ്വാധീനിച്ച വ്യക്തിയായ സജി സുരേന്ദ്രന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്‌ പറിച്ചുനടുമ്പോൾ, അതിലേയ്ക്ക്‌ സിനിമാറ്റിക്‌ ഘടകങ്ങളുടെ കൂട്ടിച്ചേർക്കലുകൾ ആവശ്യമാണ്‌ എന്നത്‌ അംഗീകരിക്കുന്നു.

എങ്കിൽത്തന്നെയും പൊതുപ്രേക്ഷകനോട്‌ സാമാന്യനീതിപോലും പുലർത്താത്ത വെറും ആവിഷ്കാരങ്ങൾ മാത്രമായി ഇവ മാറുന്നത്‌ ജീവിച്ചിരിക്കുന്ന യഥാർത്ഥ വ്യക്തികളോട്‌ ചെയ്യുന്ന ക്രൂരതയാണ്‌. വിനീത്‌ ശ്രീനിവാസൻ നായകനായ “എബി” തന്നെയായിരുന്നു സജി തോമസിന്റെ ജീവിതത്തോട്‌ അൽപമെങ്കിലും കൂറുപുലർത്തിയത്‌. വിമാനത്തിലേക്ക്‌ വന്നപ്പോൾ, യഥാർത്ഥ സംഭവങ്ങളെ വളച്ചൊടിച്ച്‌ വികൃതമാക്കി, അതിനെ തികച്ചും സഹതാപകരമായ ഒരുൽപ്പന്നമാക്കി മാറ്റുകയായിരുന്നു..

ഒരു യഥാർത്ഥകഥയെ എത്രത്തോളം വലിച്ചുനീട്ടി വികലമാക്കി അവതരിപ്പിക്കാമോ അതാണ്‌ വിമാനത്തിന്റെ ആകെത്തുക. എടുത്തുപറയത്തക്കതായ ഒരു മേന്മയും ചിത്രത്തിലില്ല. പ്രെഡിക്ടബിൾ ആയ കഥയായിരിക്കെ തന്നെ ക്ലീഷേകളിൽ നിന്നും മുക്തിനേടിയ ഒരു സിനിമയൊരുക്കുവാൻ സംവിധായകന്‌ സാധിക്കാതെപോയി. നാടകീയത നിറഞ്ഞ സന്ദർഭങ്ങളും, പ്രധാന കഥാപാത്രങ്ങളുടെ മോശം പ്രകടനങ്ങളും അപക്വമായ അവതരണവും ചിത്രത്തെ ഒരു മോശം അനുഭവമാക്കിത്തീർക്കുകയാണ്‌.