Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

MOVIE REVIEW

തലൈവന്റെ തലൈവരായി സംവിധായകന്‍

, 3:52 pm

നവതലമുറ തമിഴ് ഐഡന്റിറ്റിയുടെ, അവ അനുഭവിക്കുന്ന അത്യന്തം വ്യത്യസ്തമായ ക്രൈസിസുകളുടെ പോസ്റ്റര്‍ ബോയ് ആണ് തന്റെ നാലാമത് ചിത്രവുമായി എത്തുന്ന പാ.രഞ്ജിത്ത് എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. ഓണ്‍സ്‌ക്രീനിലും ഓഫ്സ്‌ക്രീനിലും, താന്‍ പതിഞ്ഞുകിടക്കുന്ന ഓരോ വിഷയത്തിലും എലമെന്റുകളിലും താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിന്റെ, തമിഴ് ആകുലതയുടെ, പ്രതിസന്ധിയുടെ അടയാളങ്ങള്‍ ചേര്‍ത്തുകെട്ടുവാന്‍ കഴിഞ്ഞ ഒരു സംവിധായകനാണ് രഞ്ജിത്ത്.

ജാതി, മണ്ണ്, ലൈംഗികത (Ladies & Gentlewomen എന്ന തമിഴ് ലെസ്ബിയന്‍ ഡോക്യുമെന്ററി നിര്‍മ്മിച്ചത്), അധികാരം, നിലനില്‍പ്പ് തുടങ്ങി വലിയൊരു സ്പാനിലുള്ള വിഷയങ്ങളെയാണ് രഞ്ജിത്ത് തന്റെ ചിത്രങ്ങളിലൂടെയും അല്ലാതെയും അഡ്രസ്സ് ചെയ്തിട്ടുള്ളത്. ആട്ടക്കത്തിയില്‍ തുടങ്ങി മദ്രാസില്‍ വരെ താന്‍ മുന്‍പോട്ടുവയ്ക്കുന്ന വിഷയഗൗരവത്തെ തമിഴ് സിനിമാറ്റിക് നേച്ചര്‍ ആയ ‘ലൗഡ്നെസ്സ്’ലൂടെത്തന്നെ അവതരിപ്പിച്ച രഞ്ജിത്ത് കബാലിയിലൂടെ മലേഷ്യയിലെ തമിഴ് ഡയസ്‌പോറയേയും വരച്ചുകാട്ടി.

തമിഴ് സിനിമാറ്റിക് ഫോര്‍മുലകളുടെയും കഥാപാത്രരൂപീകരണങ്ങളുടെയും കോണ്‍ഫ്‌ലിക്റ്റുകള്‍, പ്രത്യേകിച്ച് സ്ത്രീകഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലും സമീപിക്കുന്നതിലും കബാലിയില്‍ പ്രകടമാണെങ്കിലും, ആത്യന്തികമായി ചിത്രം മുന്നോട്ട് വയ്ക്കുന്നത് മലേഷ്യന്‍ നാഗരികതയില്‍, അതിന്റെ Urban millieu-ല്‍ ജീവിക്കുന്ന തമിഴ് വിഭാഗത്തെയാണ്. രഞ്ജിത്തിന്റെ പ്രൈമറി മോട്ടീവും തമിഴ് ഐഡന്റിറ്റിയെ, ദേശാതിരുകള്‍ക്കുമപ്പുറം തുറന്നുകാണിക്കുക എന്നതു തന്നെയാണ്. കാല ജനിക്കുന്നതും കബാലി പറയാതെ പറഞ്ഞുവന്ന ആ ബിന്ദുവില്‍ നിന്നാണ്.

മഹാരാഷ്ട്രയിലെ തമിഴ്‌നാടാണ് ധാരവി. തമിഴ് ജനത ഏറ്റവും കൂടുതല്‍ ജനസംഖ്യ കയ്യാളുന്ന മഹാരാഷ്ട്രയിലെ ഈ ചേരിക്ക് തമിഴ് സ്വത്വത്തിന്റെ കഥ പറയുവാന്‍ ദശകങ്ങള്‍ പിന്നോട്ടുപോവണം. നാഗരികത സമൃദ്ധിയോട് ഉപമിക്കപ്പെട്ടിരുന്ന കാലത്തിന്റെ ഇല്ല്യൂഷനില്‍ തമിഴ് ഗ്രാമങ്ങളില്‍ നിന്ന് നിരവധിയാണ് ധാരാവിയിലെ ഇടുങ്ങിയ തെരുവുകളിലേക്ക് വന്നെത്തിയവര്‍. സമൃദ്ധിയ്ക്ക് പകരം, അന്നന്നത്തെ ജീവിതചലനത്തിന് പകരം, തന്റെ സ്വത്വം തന്നെ പണയം നല്‍കി ആരുമല്ലാതായിത്തീര്‍ന്ന ധാരാവിയിലെ തമിഴ് ജനതയ്ക്ക് ഉയര്‍ത്തിപ്പിടിക്കുവാന്‍ കറുപ്പ് കലര്‍ന്ന രോഷവും നിസ്സഹായാവസ്ഥയും മാത്രമേ ഉണ്ടായിരുന്നുള്ളു. കാല എന്ന രഞ്ജിത്ത് ചിത്രം ജനിക്കുന്നത് ഇവിടെയാണ്, രോഷവും നിസ്സഹായാവസ്ഥയും കൂടിച്ചേര്‍ന്ന് പ്രതീക്ഷയുടെ ഒരു നായകന്‍ അവരില്‍ നിന്നുതന്നെ, അവരുടെ നിറത്തില്‍ തന്നെ ജനിക്കുമ്പോള്‍.

ധാരാവി എന്ന ചേരി ‘ശുദ്ധീകരിക്കുവാന്‍’ ശ്രമിക്കുന്ന ഹരിദാദ എന്ന രാഷ്ട്രീയക്കാരന്റെയും, എന്നാല്‍ തങ്ങളുടെ ‘നിലം’ സംരക്ഷിക്കുവാനായി നില്‍ക്കുന്ന കരികാലന്റെയും കഥയാണ് കാലാ. ഒരുപക്ഷേ ഇന്ത്യന്‍ അധോലോകസിനിമാ കോണ്‍ടെക്സ്റ്റില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ട പശ്ചാത്തലത്തിലുള്ള ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് സംവിധായകന്റെ സമീപനം മാത്രമാണ്. കാലാ നായകനില്‍ നിന്നും ‘മക്കളിലേക്ക്’ നോക്കുന്ന, ഉയരത്തിലുള്ള കാഴ്ചയല്ല പ്രധാനം ചെയ്യുന്നത്. പകരം അവര്‍ക്കിടയില്‍ വളരെ ഡൌണ്‍-ടു-ഏര്‍ത്ത് ആയ നായകനെയാണ് പ്ലേസ് ചെയ്യുന്നത്. നായകന്‍-വില്ലന്‍ ഇമേജറിയില്‍ തന്നെ, വെളുപ്പും കറുപ്പും നിറങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മുഴുവന്‍ സിനിമയെ തന്നെ വിശദീകരിക്കുവാന്‍, രാഷ്ട്രീയമായ മാനം അവതരിപ്പിക്കുവാന്‍ സംവിധായകന് ആയാസമേതുമില്ലാതെ കഴിയുന്നുണ്ട്. ‘കറുപ്പിന്റെ’, ആ നിറം വഹിക്കുന്ന ജനതയുടെ ഉയരവും താഴ്ചയും ശബ്ദവും ഒക്കെ ചിത്രത്തിനാകമാനം ഒരു താളം നല്‍കുന്നുണ്ട്.

എന്നാല്‍ കാലാ ഒരിക്കലും ഒരു സമ്പൂര്‍ണ്ണ രാഷ്ട്രീയ ചിത്രമായും ലേബല്‍ ചെയ്യുവാന്‍ കഴിയാത്ത ഒന്നാണ്. മേല്‍പ്പറഞ്ഞ എലമെന്റുകള്‍ കൃത്യമായി സന്നിവേശിപ്പിച്ച ഒരു പക്കാ കൊമേര്‍ഷ്യല്‍ ചിത്രമായിത്തന്നെയാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്. എന്നിരുന്നാലും കഥപറച്ചിലില്‍ രഞ്ജിത്ത് പതിവ് സിനിമകളേക്കാള്‍ ഒരടി മുന്നോട്ടുപോകുന്നുണ്ട്. കഥയവതരിപ്പിക്കുവാന്‍ രാമരാവണ കഥയെ കൃത്യമായി മെറ്റഫര്‍ ആയി ഉപയോഗിക്കുന്നുണ്ട് രഞ്ജിത്ത്. രാമരാജ്യം എന്ന അലയൊലികള്‍ കേള്‍ക്കുന്ന കാലത്തില്‍ രഞ്ജിത്ത് ഇതിനുമുതിരുന്നു എന്നത് തന്നെ പ്രശംസനീയമാണ്. സമകാലത്തില്‍നിന്നും വേര്‍തിരിഞ്ഞുനില്‍ക്കുന്ന ഒരു ഹീറോയിക്-ഡീഡ് കാഴ്ചബഗ്ലാവ് ആവാതിരിക്കാന്‍ സംവിധായകന്റെ ശ്രമം ചിത്രത്തിലുടനീളം പ്രകടമാണ്.

‘സ്വച്ഛത’ എന്ന വാക്കിനുപോലും പലതിനെയും വഹിക്കേണ്ടുന്ന രാഷ്ട്രീയസാഹചര്യത്തില്‍ ധാരാവിയെ ഒരു മെറ്റഫര്‍ ആയി സ്വീകരിക്കുവാനും രഞ്ജിത്തിന് കഴിയുന്നുണ്ട്. എന്നാല്‍ കാലാ ഒരു സൊലൂഷ്യന്‍ പ്രൊപ്പഗേറ്റ് ചെയ്യുന്ന സിനിമയല്ല, നമ്മുടെ ജനതയുടെ വാതില്‍ക്കലുള്ള കടന്നുകയറ്റത്തെ വിളിച്ചുപറയാനുമല്ല രഞ്ജിത്ത് ശ്രമിക്കുന്നത്, മറിച്ചൊരു ഉട്ടോപ്യയുടെ ഉദയം കൊമേര്‍ഷ്യല്‍ സിനിമയുടെ ഫ്രെയിമിനുള്ളില്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി അവതരിപ്പിക്കുവാനാണ്. അതില്‍ അദ്ദേഹം പൂര്‍ണ്ണമായും വിജയിക്കുകയും ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് പരിപൂര്‍ണ്ണമായി കണ്‍വിന്‍സിങ്ങ് ആയ ചിത്രത്തിന്റെ ക്ലൈമാക്‌സ്. ‘മക്കള്‍ വ്യാകുലത’യുടെ, ആ ഫാന്റസിയുടെ ഏറ്റവും മനോഹരമായ ആവിഷ്‌ക്കാരമാണ് ചിത്രത്തിന്റെ അവസാനഭാഗത്തില്‍ ഉള്ളത്. ഒപ്പം കുറിക്കുകൊള്ളുന്ന, സമകാലീന രാഷ്ട്രീയത്തിന് നേരെ തൊടുത്തുവിടുന്ന സംഭാഷണങ്ങളും കൂടിയാകുമ്പോള്‍ രഞ്ജിത്ത് തന്റെ ലക്ഷ്യം പൂര്‍ണ്ണമാക്കുന്നുണ്ട്.

കാലാകാലങ്ങളായി കണ്ടുവരുന്ന രജനിയും ഉപഗ്രഹങ്ങളില്‍ നിന്നും കാലായില്‍ ആശ്വസിക്കാവുന്ന മാറ്റമുണ്ടെന്ന് പറയാതെ വയ്യ. രജനി പതിവുപോലെ ഷോമാന്‍ ആയി തുടരുന്നു. എന്നാല്‍ കഥാപാത്രത്തിനപ്പുറത്തേക്ക് വളരുന്ന രജനിയെന്ന വ്യക്തിപ്രഭാവത്തെ സംവിധായകന്‍ മെരുക്കിയെടുക്കുന്നുണ്ട്. കാലായെ വേണ്ടിടത് കരയിക്കുവാനും കത്തിക്കയറുവാനും അനുവദിക്കുന്നതിവിടെ താരത്തെക്കാള്‍ സംവിധായകന്‍ ആണ്. ഒരു രജനി ഷോയില്‍ നിന്നും മുക്തമാക്കി മറ്റുള്ള കഥാപാത്രങ്ങള്‍ക്ക് കൊടുക്കുന്ന ഐഡന്റിറ്റി ഇതില്‍ പ്രധാനമാണ്. രജനിയുടെ ഭാര്യവേഷം ചെയ്ത ഈശ്വരി റാവു, അഞ്ജലി പട്ടീലിന്റെ കഥാപാത്രം തുടങ്ങി ചിത്രത്തിലെ പെണ്‍കഥാപാത്രങ്ങള്‍ എല്ലാം മികച്ചവയാണെന്ന് പറയാതെവയ്യ. വലുപ്പച്ചെറുപ്പങ്ങളെക്കാള്‍ പെണ്‍കഥാപാത്രങ്ങളെ സമീപിക്കുന്നതില്‍ രഞ്ജിത്ത് പ്രകടമാക്കുന്ന വ്യത്യസ്തത അടയാളപ്പെടുത്തേണ്ടതാണ്. ഹുമ ഖുറേഷി എന്ന മിസ്‌കാസ്റ്റ് ഒഴിച്ചാല്‍ ബാക്കിയുള്ള കാസ്റ്റിങ് ചിത്രത്തിനെ താങ്ങിനിര്‍ത്തുന്നത് പ്രധാനമാണ്. പ്രതിനായകനായി വേഷമിട്ട നാനാ പടേക്കര്‍-രജനി കോംബോ ചിത്രത്തിന് മറ്റൊരു ഡയമെന്‍ഷനാണ് നല്‍കുന്നത്.

മദ്രാസിലും കബാലിയിലും ആവര്‍ത്തിച്ചതുപോലെതന്നെ സംഗീതത്തില്‍ സന്തോഷ് നാരായണനും ഛായാഗ്രാഹണത്തില്‍ മുരളിയും യഥാസ്ഥാനത്തു തുടരുന്നു. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ നാഡീഞരമ്പുകള്‍. മക്കള്‍ ആങ്‌സ്റ്റിനോട് ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഹിപ്-ഹോപ് റിഥം ചിത്രത്തില്‍ ഉടനീളമുണ്ട്. അവയ്‌ക്കൊപ്പം മുരളിയുടെ ധാരാവി മുഴുവനായി കവര്‍ ചെയ്യുന്ന ക്യാമറയും ചിത്രത്തിന്റെ സ്‌ക്കോപ്പിനെ സെറ്റ് ചെയ്യുന്നുണ്ട്.

കാലാ നല്ലതും ചീത്തയും എന്ന് വിധിയെഴുതാവുന്ന, ജനറലൈസ് ചെയ്യാന്‍ കഴിയുന്ന ചിത്രമായി തോന്നിയിട്ടില്ല. സിനിമ സംവിധായകന്റെ കലയാണെങ്കില്‍ രഞ്ജിത്തിന്റെ മോട്ടീവ് ചിത്രത്തില്‍ പൂര്‍ണ്ണമാവുന്നുണ്ട്. എന്നാല്‍ ഏതൊരു രജനിച്ചിത്രത്തേയും പോലെ സമീപിക്കുന്നതാണെങ്കില്‍ ആസ്വാദനവും വിധിയെഴുത്തും വ്യക്തിപരമെന്നേ പറയാനാവുകയുള്ളു.

Advertisement