ബോളിവുഡിലെ വാണിജ്യ സിനിമകളുടെ കുത്തൊഴുക്കിനെ എല്ലാക്കാലത്തും കലാമൂല്യമുള്ള സിനിമകൾ കൊണ്ട് പ്രതിരോധിച്ചിട്ടുള്ളത് ഇന്ത്യയിലെ പ്രാദേശിക സിനിമകളാണ്.ബോളിവുഡ് സിനിമകൾ എപ്പോഴും വലിയ ബഡ്ജറ്റുകൾ കൊണ്ടും സാങ്കേതികമായും മുന്നിട്ട് നിൽക്കുമ്പോൾ താരതമ്യേന കുറഞ്ഞ ബഡ്ജെറ്റിലും,കലാമൂല്യത്തിൽ വിട്ടുവീഴ്ചകൾ നടത്താതെയും മികച്ച സിനിമകൾ നിർമ്മിച്ചുകൊണ്ടാണ് പ്രാദേശിക സിനിമകൾ ബോളിവുഡിനോട് മത്സരിച്ചിരുന്നത്. ഇന്ത്യൻ സിനിമ ചരിത്രമെടുത്തുനോക്കിയാൽ മലയാള സിനിമകളും മറാത്തി സിനിമകളും തമിഴ് സിനിമകളും ബംഗാളി സിനിമകളും നല്കിയ സംഭാവനകൾ എല്ലാക്കാലത്തും വിലപ്പെട്ടതാണ്.ഇത്തരത്തിൽ വാണിജ്യ സിനിമകൾക്കപ്പുറം കലാമൂല്യമുള്ള സിനിമകൾ എല്ലാക്കാലത്തും ആസ്സാമിൽ നിന്നും പിറവിയെടുത്തിട്ടുണ്ട്.അതുകൊണ്ടു തന്നെ ഇന്ത്യൻ സിനിമയെന്ന് പറയുമ്പോൾ, ബോളിവുഡിനു ചുറ്റും ഭ്രമണം ചെയ്തിരുന്ന പഴയ കാലത്തിൽ നിന്നും ഇന്ന് ഏറെ ദൂരം മുന്നോട്ട് വന്നിട്ടുണ്ട്. സിനിമകളെ പറ്റി പറയുമ്പോൾ അധികമാരും ചർച്ച ചെയ്യാത്ത, അല്ലെങ്കിൽ മുഖ്യധാര സിനിമ ചർച്ചകളിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന ഒരുപാട് നല്ല സിനിമകൾ നമ്മുക്കുണ്ട്.
ബർഗ്മാനെയും സത്യജിത് റേയെയും മജീദ് മജീദിയെയും ഇഷ്ടപ്പെടുന്ന,ആസ്സാമിൽ നിന്നുള്ള റിമ ദാസ് അതിഗംഭീരമായ സിനിമകൾ ചെയ്തിട്ടുള്ള ഫിലിം മേക്കറാണ്.2009 ലാണ് പ്രദ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് റിമയും സിനിമാ ലോകത്തിലേക്ക് വരുന്നത്. പിന്നീട് 2013 ലാണ് തന്റെ ആദ്യ സിനിമയായ അന്തർദൃഷ്ടി (man with binoculars) സംവിധാനം ചെയ്യുന്നത്. അത് മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി.
അതിനു ശേഷമാണ് ‘വില്ലേജ് റോക്ക്സ്റ്റാറും'(Village Rockstar), ‘ബുൾബുൾ കാൻ സിങ്ങും'(Bulbul can sing) ചെയ്യുന്നത്.പുതിയ സിനിമയായ തോറാസ് ഹസ്ബന്റ (Tora’s Husband) സെപ്റ്റംബർ 22 ന് തിയേറ്ററുകളിലെത്തുകയാണ്,മാത്രമല്ല ചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ(TIFF) പ്രദർശിപ്പിക്കുകയുണ്ടായി. ആസ്സാമിന്റെ ഭൂപ്രകൃതി,സംസ്കാരം,മിത്തുകൾ തുടങ്ങീ എല്ലാത്തിന്റെയും പ്രതിനിധാനം സിനിമകളിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് റിമ സിനിമാ പ്രേക്ഷകർക്കിടയിൽ തന്റെ സ്ഥാനമുറപ്പിച്ചത്.കേരളത്തിലെ ഭൂപ്രകൃതിയോട് അടുത്ത് നിൽക്കുന്ന ആസ്സാമിന്റെ ഭംഗി, അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിൽ തന്നെ തന്റെ ഓരോ സിനിമകളിലും കൊണ്ടുവാരാൻ, തന്റെ ചിത്രങ്ങളുടെ ഛായാഗ്രഹകയും എഡിറ്ററും കൂടിയായ റിമ ശ്രദ്ധിച്ചിട്ടുണ്ട്.
ഒരു Canon 5D ക്യാമറ കൊണ്ട് ലോക സിനിമയുടെ മുന്നിലേക്ക് ആസ്സാം എന്ന സംസ്ഥാനത്തിലെ, അവിടുത്തെ സംസ്കാരത്തെ, വൈവിധ്യങ്ങളെ,മാനുഷികാവസ്ഥകളെ അവതരിപ്പുകയായിരുന്നു വില്ലേജ് റോക്ക് സ്റ്റാർ എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ റിമ ദാസ്. അതിനു ശേഷം ഇന്ത്യൻ സിനിമാപ്രേക്ഷകർക്കിടയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പേരാണ് റിമ ദാസ് എന്നത്. തന്റെ ആദ്യ സിനിമയായ ‘അന്തർദൃഷ്ടി’യുടെ (Antardrishti) ഷൂട്ടിങ്ങിനിടയിലാണ് ഒരുകൂട്ടം കുട്ടികൾ തെർമോക്കോളുപയോഗിച്ച് സംഗീതോപകരണങ്ങളുടെ രൂപങ്ങളുണ്ടാക്കി ഒരു ബാൻഡ് സംഘത്തെ പോലെ കളിക്കുന്നത് റിമയുടെ ശ്രദ്ധയിൽപ്പെടുന്നത്,അവിടെ നിന്നുമായിരുന്നു വില്ലേജ് റോക്ക്സ്റ്റാർ എന്ന സിനിമയുടെ പിറവി. ഏകദേശം നാലുവർഷമെടുത്താണ് സിനിമ പൂർത്തീകരിച്ചത്. റിമയുടെ ബന്ധുക്കളും നാട്ടുകാരുമൊക്കെതന്നെയാണ് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. സിനിമ നമ്മളെ ദൃശ്യങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്നുണ്ട്. അതൊരിക്കലും നിരാശപ്പെടുത്തുന്നില്ല,ചിന്തിപ്പികുകയാണ്.
ധുനു എന്ന പത്തുവയസ്സുകാരിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. ധുനുവിന്റെ അഭിനിവേഷങ്ങളുടെ പൂർത്തീകരണമാണ് സിനിമ. അതേ സമയം തന്നെ ആസ്സാം പോലൊരു സംസ്ഥാനത്തെ മനുഷ്യരുടെ ജീവിതാവസ്ഥകളും,അവിടുത്തെ ആചാരങ്ങളും,പ്രളയമെന്ന മഹാദുരിതത്തിന്റെ നേർക്കാഴ്ചകളും,കേവലമൊരു സിനിമ കാണുകയാണെന്ന തോന്നലിന്റെ അപ്പുറത്തേക്ക് വളരെ റിയലിസ്റ്റിക്കായി തന്നെ ചിത്രീകരിക്കുന്നതിൽ റിമ വിജയിച്ചിട്ടുണ്ട്.പ്രളയത്തിലാണ് ധുനുവിന് തന്റെ അച്ഛനെ നഷ്ടപ്പെടുന്നത്. ധുനുവിന് മാത്രമല്ല അവിടുത്തെ പല കുട്ടികളും അനാഥരാവുന്നത് ഓരോ വർഷവും വരുന്ന പ്രളയത്തിലാണ്. ഒരു ഗ്രാമം ഒന്നടങ്കം പ്രളയക്കെടുതിയിൽ ദുരിതത്തിലാവുന്നത് നമ്മുക്ക് കാണാൻ കഴിയും. തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന ചെറുകഥ വായിച്ച് പ്രളയത്തിന്റെ ഒരു ചിത്രം മനസിലുള്ള മലയാളിക്ക്, കേരളത്തിലുണ്ടായ പ്രളയമാണ് അതിന്റെ തീവ്രത മനസ്സിലാക്കികൊടുത്തത്.അതിന്റെ തന്നെ ഒരു നേർക്കാഴ്ച നമ്മുക്ക് ഈ സിനിമയിലും കാണാനാവും.
കടുത്ത ദാരിദ്ര്യത്തിനും പ്രളയദുരിതങ്ങൾക്കിടയിലും തനിക്കൊരു ഗിറ്റാർ സ്വന്തമാക്കണമെന്നും, ഒരു മ്യൂസിക് ബാൻഡ് തുടങ്ങണമെന്ന സ്വപ്നം ധുനു കൈവിടുന്നില്ല. അമ്മ അവൾക്ക് ഗിറ്റാർ വാങ്ങി നൽകുന്നുണ്ട്,അതുപയോഗിച്ച് കൂട്ടുകാരുടെ കൂടെ പാടത്ത് പാട്ടുപാടി കൊണ്ടിരിക്കുന്ന ദൃശ്യത്തോട് കൂടി സിനിമ അവസാനിക്കുന്നു. എന്നാൽ അവസാന ഫ്രയിമും കടന്ന് സിനിമ മുന്നോട്ട് പോവുന്നു. ആസ്സാം പോലൊരു സ്ഥലത്ത് നിന്നും ഒരു സിനിമയെടുക്കുമ്പോൾ,ഒരു സ്ത്രീയെന്ന നിലയിൽ കൂടി റിമ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ഒരു കുടയും പിടിച്ച് മഴയത്ത് ക്യാമറയും കയ്യിലേന്തി സിനിമയുടെ നിർമാണവും,എഡിറ്റിങ്ങും,ഛായഗ്രഹണവും നിർവഹിച്ച്, ലോക സിനിമാ പ്രേക്ഷകരുടെ മുന്നിലേക്കാണ് റിമ വില്ലേജ് റോക്ക്സ്റ്റാർ എന്ന സിനിമ കൊണ്ടുവന്നു വെക്കുന്നത്.
2018-ൽ ടൊറന്റോ അന്താരഷട്ര ഫിലിം ഫെസ്റ്റിവലിൽ(TIFF) സമകാലിക ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച്,നിരവധി നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ റിമയുടെ മൂന്നാമത്തെ ചിത്രമാണ് ബുൾബുൾ കാൻ സിങ്ങ്(Bulbul Can Sing). അതേ വർഷം തന്നെ അറുപത്തിയാറാമത് ദേശീയ ഫിലിം അവാർഡിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരവും ചിത്രം നേടി. ബുൾബുൾ,സോണി ,സുമൻ എന്നീ മൂന്ന് വിദ്യാർഥികളുടെ കൗമാരജീവിതത്തിലെ പ്രണയവും സൗഹൃദവും ,വേദനകളും ഐഡന്റിറ്റി ക്രൈസിസുകളും ആസ്സാമിലെ കലാർദിയ എന്ന ഗ്രാമത്തിൽ നിന്നുകൊണ്ട് ലോകസിനിമയുടെ മുന്നിലേക്ക് എത്തിക്കുകയാണ് റിമ ദാസ് ഈ സിനിയമയിലൂടെ. ചുവന്ന നിറത്തിലുള്ള ഒരു പൂവ് മാറിൽ വെച്ചുകൊണ്ട് ചിന്തകളിൽ മുഴുകി കിടക്കുന്ന ബുൾബുളിനെയാണ് ആദ്യം സിനിമയിൽ നമ്മുക്ക് കാണാൻ കഴിയുന്നത്. ബുൾബുളും സോണിയും സുമനും സുഹൃത്തുക്കളാണ്, സെക്ഷ്വൽ ബൈനറികളെ ഇല്ലാതെയാക്കികൊണ്ടാണ് അവരുടെ സൗഹൃദം മുന്നോട്ട് പോവുന്നത്. സൂക്ഷ്മമായ ആൺനോട്ടങ്ങളെ,സദാചാര സമൂഹത്തെ എല്ലാം സിനിമ ചോദ്യം ചെയ്യുന്നുണ്ട്.
സൗഹൃദത്തിലെ നിഷ്കളങ്കതയും,പ്രണയവും,ആകാംക്ഷയും,ബുൾബുളിന്റെ വ്യക്തിപരമായ ഇൻസെക്യൂരിറ്റീസും സിനിമ പറഞ്ഞുപോവുന്നുണ്ട്. അതേ സമയം സുമൻ എന്ന കഥാപാത്രം തന്റെ സെക്ഷ്വൽ ഓറിയന്റേഷൻ എന്താണ് എന്നുള്ള സംശയത്തിൽ,മറ്റുള്ളവരുടെ കളിയാക്കലുകൾക്ക് ഇരയാവുന്നുണ്ട്. അതിനെയെല്ലാം ചോദ്യം ചെയ്തും സുമന്റെ കൂടെ എപ്പോഴും താങ്ങായി നിൽക്കുന്നതും ബുൾബുളും സോണിയും തന്നെയാണ്.
സമൂഹം അതിന്റെ ആണാധികാര-സദാചാര നോട്ടങ്ങൾ കൊണ്ട് സൃഷ്ടിച്ചെടുത്ത,തിരുത്താനാവാത്ത ഒരു വലിയ തെറ്റിനെ സിനിമ ചിത്രീകരിക്കുന്നുണ്ട്. തെറ്റായ ചിന്തകളിൽ നിന്നും മാറി നടക്കുന്ന ആദ്യ വ്യക്തിയും സോണിയുടെ അമ്മ തന്നെയാണ്.സ്കൂൾ കാലഘട്ടങ്ങളിലെ പ്രണയം അതിന്റെ ഏറ്റവും മനോഹരമായ തലത്തിൽ തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.ചുംബനങ്ങളും സ്പർശനങ്ങളും കൂടിയിരിക്കലുകളും ആണാധികാര സമൂഹത്തെ എങ്ങനെയാണ് രോഷം കൊള്ളിക്കുന്നത് എന്ന് സിനിമ നമ്മുക്ക് കാണിച്ചു തരുന്നു.സദാചാരത്തിന് കേരളത്തിലായാലും ആസ്സാമിലായാലും ഒരേ അർത്ഥം തന്നെയാണ്.
സിനിമ ഒരു വിഷ്വൽ പോയട്രിയാണ്. മനോഹരമായ ദൃശ്യങ്ങൾ കൊണ്ടും ആസ്സാമിലെ ജീവിതം ചിത്രീകരിച്ചും സിനിമ നമ്മളെ അത്ഭുതപ്പെടുത്തുന്നു. “നാട്ടുകാർ പറയുന്നത് ഒരിക്കലും കേൾക്കരുത് അത് നിന്റെ ജീവിതത്തെ തകർക്കും. നിന്റെ ഹൃദയം പറയുന്നതെന്താണോ അത് മാത്രം നീ കേൾക്കുക.” വൈകുന്നേരത്തിന്റെ മഞ്ഞ കലർന്ന ചുവപ്പിൽ,സോണിയുടെ അമ്മയും ബുൾബുളും തമ്മിലുള്ള ഈ സംഭാഷണത്തിലാണ് സിനിമയവസാനിക്കുന്നത്.ബുൾബുൾ ഇനിയും പാട്ടുപാടികൊണ്ടിരിക്കും. ജീവിതത്തിൽ ഒന്നിനെയും അവളെ തളർത്താൻ കഴിയില്ല.നിങ്ങൾ ഒരുപാട് ബുൾബുൾമാരെ കണ്ടിട്ടുണ്ടാവും,ഈ ലോകത്ത് അവർ ഒരുപാട് പേരുണ്ട്.
Read more
ആസ്സാമിൽ നിന്നും സിനിമാ മോഹവുമായി മുംബൈ പോലെയൊരു വലിയ നഗരത്തിൽ വന്ന് നാടകം ചെയ്തും മറ്റും അതിജീവിച്ച ഒരു പെൺകുട്ടി ഇന്ന് ലോകസിനിമാ പ്രേക്ഷകർ ഉറ്റുനോക്കുന്ന ഒരു ഫിലിം മേക്കറാണ്! റിമ ദാസിന്റെ നാലാമത്തെ സിനിമ തോറാസ് ഹസ്ബൻഡ്(Tora’s Husband) സെപ്റ്റംബർ 22 ന് റിലീസിനൊരുങ്ങുകയാണ്.