'രൗദ്രം 2018' തികച്ചും സുരക്ഷിതമായ കോണില്‍ നിന്നു കൊണ്ടുള്ള ഒരു സംവിധായകന്റെ പ്രളയക്കാഴ്ച- റിവ്യൂ

സോക്രട്ടീസ് കെ. വാലത്ത്

“പോയ വര്‍ഷത്തെ കേരളത്തിന്റെ പ്രളയകാല ദുരിത- ജീവിതത്തിന്റെ സത്യസന്ധമായ രേഖപ്പെടുത്തലിനാണ് ജയരാജ് എന്ന സംവിധായന്‍ രൗദ്രം – 2018 ലൂടെ ശ്രമിച്ചിരിക്കുന്നത്. പക്ഷേ, ജയരാജ് ഫോക്കസ് ചെയ്യുന്നത് മധ്യകേരളത്തിലെ ഒരു ക്രിസ്തീയ ഭവനത്തിലെ എണ്‍പതു കഴിഞ്ഞ ദമ്പതികളുടെ പ്രളയാനുഭവത്തിലേക്കു മാത്രമാണ്.

രൗദ്രം – 2018 എന്ന പേരിനു പിന്നില്‍ കുറഞ്ഞത് രണ്ട് കാര്യങ്ങളെങ്കിലും കാണാം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒന്‍പത് രസാനുഭൂതികളുടെ ദൃശ്യാവിഷ്‌കാരത്തിന്റെ തുടര്‍ചയായി ജയരാജ് രൗദ്രം എന്ന ഭാവത്തിലെത്തിയിരിക്കുന്നു എന്നതാണു് ഒന്ന്. രണ്ടാമത്തേത് ആ നാളുകളിലെ പ്രകൃതിയുടെ രൗദ്രഭാവത്തെ ഉദ്ദേശിച്ചു തന്നെ. മികവുറ്റ ശബ്ദസംവിധാനത്തിലൂടെ സിനിമയില്‍ ഉടനീളം പുറത്തെ രൗദ്രഭാവം നിലനിര്‍ത്താനായെങ്കിലും ക്യാമറ കൂടുതലും അകത്തായതു കൊണ്ടും അകത്തെ സ്ഥിതി അത്യന്തം ദയനീയമായതിനാലും “ദൈന്യം” എന്ന ശീര്‍ഷകമാവും കൂടുതല്‍ ചേരുക .

2018 ആഗസ്റ്റിലെ ആ നാലു ദിവസങ്ങളിലെ കേരളത്തിന്റെ ഏറ്റവും ഗതി കെട്ട ജീവിതത്തിന്റെ ഒരു അകത്തു നിന്നുള്ള കാഴ്ചയാണ് ഇവിടെ. ഒരു കാര്‍ യാത്രയില്‍, കാറിനകത്തേക്ക് വന്നെത്തുന്ന ചില സൂചനകളിലൂടെയാണ് പ്രളയത്തിന്റെ സാമൂഹികമായ അനുഭവതലം ജയരാജ് സൃഷ്ടിക്കുന്നത്. ഇരച്ചു പെയ്യുന്ന മഴയില്‍ വഴിയാത്രകളൊക്കെ തടസ്സപ്പെടുകയും വഴിയൊക്കെ പുഴകളാവുകയും ചെയ്യുന്നതിന്റെയും കേരളമാകെ മുങ്ങിക്കൊണ്ടിരിക്കുന്നതിന്റെ യുമൊക്കെ ഒരു കാറില്‍ നിന്നുമുള്ള അകക്കാഴ്ച. രണ്ടാമത്തേത് എണ്‍പത് കഴിഞ്ഞവരും സാമ്പത്തികമായും സാമൂഹികമായും നല്ല സ്ഥിതിലുള്ളവരുമായ ദമ്പതികള്‍ പ്രളയത്തില്‍ പെട്ടു പോകുന്നതിന്റെ ഒരു വീടിന് അകത്തു നിന്നുള്ള കാഴ്ചയും .

ഈ വിഷയത്തിന് അകം മാത്രമല്ല. പുറവുമുണ്ട്. അഥവാ ബഹിര്‍ ഭാഗസ്ഥമായ പല പലതലങ്ങളുണ്ട്. രാഷ്ട്രീയമുണ്ട്. ഭരണപരമായ, ഓദ്യോഗികപരമായ കെടുകാര്യസ്ഥതകളുണ്ട്. സേവനത്തിന്റെ വിവിധ മുഖങ്ങളുണ്ട്. ജാതി-മത-ധന ബലത്തിന്റെ കെട്ടുകള്‍ പൊട്ടിപ്പോകുന്നതിന്റെ പരിഹാസ്യതയുണ്ട്. അങ്ങനെയങ്ങനെ പല ഉണ്‍മകളും ഉള്‍പ്പെടുന്ന ആ പുറം സിനിമയില്‍ അപ്പാടെ പുറത്ത് നിര്‍ത്തിയിരിക്കുകയാണ്.

എല്ലാമുണ്ടായിട്ടും നിസ്വരും നിസ്സഹായരുമായിപ്പോയ വൃദ്ധ ദമ്പതികളുടെ ദൈന്യത്തിലേക്കും ഫ്‌ലാഷ് ബാക്കിലൂടെ അവരുടെ പ്രണയത്തിലേക്കും ഒക്കെ ഉള്ള അകക്കാഴ്ചയായി മാത്രം കേരളത്തിന്റെ ആ മഹാദുരന്തം ഇവിടെ പരിമിതപ്പെട്ടിരിക്കുന്നു.

അകത്തെ ദൈന്യത അനുഭവിപ്പിക്കുന്നതില്‍ ജയരാജിന് തുണയായത് രണ്‍ജി പണിക്കരും കെ .പി .എ.സി. ലീലയുമാണ്. പുറത്തെ മഴയുടെയും ഇടിയുടെയും രൗദ്രഭാവം ശബ്ദസന്നിവേശത്തിലൂടെ അകത്തേക്ക് എത്തിക്കാന്‍ രംഗനാഥ് രവിയും ടീമും സഹായിച്ചു.. രണ്ടേ രണ്ടു പ്രധാന കഥാപാത്രങ്ങളും നിസ്സാര സമയത്തേക്കു വന്നു പോകുന്ന ഒന്നോ രണ്ടോ പേരും ചാനലിലും മറ്റും വന്ന പ്രളയത്തിന്റെ സ്റ്റോക്ക് ഷോട്ടുകളും കൂടി ആയപ്പോള്‍ വലിയ പണചെലവും വന്നു കാണില്ല. വെള്ളം പോലെ -പ്രത്യേകിച്ചും പ്രളയം പോലെ – പണം പച്ച വെള്ളമാക്കിക്കളയുന്ന, രാഷ്ട്രീയപരമായി വിവാദതലങ്ങളുള്ള നിലയില്ലാ ക യ ങ്ങ ളാ യ വിഷയങ്ങളെടുക്കുമ്പോള്‍ഒരു സംവിധായകന്‍ അപകടം കൂടാതെ എങ്ങനെ മറുകര പറ്റണം എന്നതിനു് രൗദ്രം – 2018 ബുദ്ധിപരമായ മാതൃകയാകുന്നു. പ്രളയത്തോടൊപ്പം പഴയ മലയാളം – ഹിന്ദി സിനിമാ കാല്‍പ്പനിക ഗാനങ്ങളെ ഉചിതമായി സന്നിവേശിപ്പിച്ചു കൊണ്ട് പ്രണയകാലത്തെ കൂടി അവതരിപ്പിക്കാനുള്ള ബുദ്ധി കാണിച്ചതിനാല്‍ വിരസത ഒഴിവാക്കാനുമായി. എന്നാല്‍,
ഇങ്ങനെ തികച്ചും ഭദ്രമായ ആംഗിളില്‍ നിന്നുകൊണ്ട് ജയരാജ് എന്താണോ നമ്മെ കാണിക്കാന്‍ ഉദ്ദേശിച്ചത് അത് അതി മനോഹരമായി തന്നെ കാണിച്ചു തന്നിട്ടുണ്ട്. സച്ചിന്‍ ശങ്കര്‍ മന്നാത്തിന്റെ സംഗീതവും നിഖില്‍ എസ്.പ്രവീണിന്റെ ഛായാ ഗ്രഹണവും രണ്‍ജി പണിക്കര്‍ – ലീല ടീമിന്റെ അതുല്യമായ ഭാവാവിഷ്‌കാരവും സര്‍വോപരി ജയരാജിന്റെ സംവിധാനവും ക്ലാസ്സ് എന്നു തന്നെ പറയണം.
അവസാന സീനില്‍ തട്ടിന്‍പുറം തടാകമാക്കിയ വെള്ളത്തില്‍ തന്റെ ഭാര്യ കിടക്കുന്നത് വൃദ്ധന്‍ കാണുന്നത് ആമ്പല്‍ പൂക്കള്‍ക്കിടയിലായിട്ടാണ് എന്നത് ജയരാജിന്റെ ഭാവനയുടെ ആഴം വെളിവാക്കുന്നു.

മുക്കു മുട്ടെ വെള്ളം കയറിയപ്പോള്‍ തട്ടിന്‍ പുറത്തേക്കു കയറിയ വൃദ്ധ ദമ്പതികള്‍ക്കു മുന്നില്‍ ഒന്നുകില്‍ ആരെങ്കിലും രക്ഷിക്കും അല്ലെങ്കില്‍ വെള്ളത്തില്‍ മുങ്ങി മരിക്കും എന്നീ രണ്ടു സാധ്യതകളേ ഉള്ളു എന്നു ഏതു പ്രേക്ഷകനും അറിയാം എന്നിരിക്കെ അതില്‍ ഒന്നിലേക്ക് അധികം വൈകാതെ സിനിമ കൊണ്ടെത്തിച്ചത് ഏതായാലും ഉചിതമായി.

വിദേശങ്ങളിലാവും രൗദ്രം 2018 കൂടുതല്‍ ആസ്വദിക്കപ്പെടുക. വാഗ്ദാനങ്ങളാല്‍ വഞ്ചിക്കപ്പെട്ട , നഷ്ട ദുരന്തങ്ങളില്‍ നിന്ന് ഇന്നും കരകയറാനാവാത്ത ഒരു ജനതയുടെ ഉള്ളിലെ പ്രതിഷേധത്തിന്റെ അടങ്ങാത്ത രൗദ്രഭാവത്തെക്കുറിച്ച് വിദേശികള്‍ക്ക് ഒന്നും അറിയില്ലല്ലോ.

കഴിവും അനുഭവങ്ങളുടെ കരുത്തുമുള്ള ഒരു സംവിധായകന്‍ പ്രളയ ദുരന്തം പോലെ വിപുലമായ രാഷ്ട്രീയ സാമൂഹിക മാനങ്ങളുള്ള ഒരു വിലപ്പെട്ട വിഷയത്തിലെ വൈകാരിക ഭാവം മാത്രമേ കണ്ടുള്ളൂ എന്നത് കുറ്റകരമായ അനാസ്ഥ തന്നെ. അത് ഒഴിച്ചാല്‍ രൗദ്രം 2018 അതിലെ മറക്കാനാവാത്ത രാത്രി രംഗങ്ങള്‍ കൊണ്ടു കൂടി മികവിലും മികച്ച ഒരു ദൃശ്യാനുഭവം തന്നെയാണ്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍