ആറ്റ്‌ലി മാജിക്കല്ല സ്ഥിരം തമിഴ് മാജിക് മിക്സ്; പഴകിയ വീഞ്ഞ് ഒരുമിച്ച് ചേർത്ത് പുതിയ കുപ്പിയിലാക്കിയ ജവാൻ

തമിഴകത്തെ ഹിറ്റ് മേക്കർ ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായെത്തിയ ബോളിവുഡ് ആക്ഷൻ പാക്കേജ് ജവാൻ തീയേറ്ററുകളിൽ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ആവേശം തോന്നിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ അൽപം തീയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്നതിനപ്പുറം കടക്കാൻ ജവാന് കഴിഞ്ഞോ എന്നകാര്യം സംശയമാണ്. മൊത്തത്തിൽ ആറ്റ്ലി മാജിക്കല്ല, ആറ്റ്ലിയുടെ മറ്റ് തമിഴ്ചിത്രങ്ങളിലെ മാജിക്കുകൾ കൂട്ടിക്കെട്ടിയ പാക്കേജാണ് ജവാൻ എന്ന് തന്നെ പറയേണ്ടിവരും.

മാരകമായി മുറിവേറ്റ് ചോരവാർന്ന് ഹിമാലയൻ താഴ്വരയിലെ ഗ്രാമത്തിലേക്ക് നദിയിലൂടെ ഒഴുകിവരുന്ന മനുഷ്യനെ നാട്ടുമരുന്നുകൾ കൊണ്ട് ചികിത്സിച്ച് ജീവൻ നൽകുന്ന ഗ്രാമവാസികൾ. 2006 പുറത്തിറങ്ങിയ അഡ്വഞ്ചർ ആക്ഷൻ ചിത്രം അപൊകാലിപ്റ്റോയിലെ സീനുകളുമായുള്ള സാമ്യത ഈ സീനുകളിൽ  കാണാം. ഒരു രാത്രി ആക്രമിക്കപ്പെട്ട് കത്തിയെരിഞ്ഞ ഗ്രാമത്തിൽ അയാൾ രക്ഷകനായി ഉയിർത്തെണീറ്റ് ആക്രമികളെ തുരത്തുകയാണ്. പിന്നീട് കഥ 30 വർഷത്തിനിപ്പുറത്തേക്ക് മാറുന്നു.

ഷാരൂഖിന്റെ ഫ്ലാഷ് ബാക്ക് വിരൽ ചൂണ്ടുന്നത് കാലങ്ങളായി ഇത്തരം ആക്ഷൻ സിനിമകൾ പറഞ്ഞ് വയക്കുന്ന അതേ കഥതന്നെയാണ്. അതിൽ നിന്ന് ഒരുമാറ്റവും അവകാശപ്പെടാനില്ല ജവാന്. അച്ഛനും അമ്മയ്ക്കും നേരിട്ട കൊടും ക്രൂരതയ്ക്ക്, അതുവഴി നടന്ന രാജ്യദ്രോഹത്തിന് പകരം ചോദിക്കാനെത്തുന്ന മകനാണ് നായകൻ. അതിനായി മെട്രോ  ഹൈജാക്ക് ചെയ്യുക , മന്ത്രിയെ വെടിവയ്ക്കുക, ബോംബിടുക തുടങ്ങിയ ‘കുഞ്ഞു കുഞ്ഞു’ കുറ്റകൃത്യങ്ങളിലൂടെ ബാധിക്കപ്പെട്ടവർക്ക് നീതിവാങ്ങിക്കൊടുക്കുന്ന നായകൻ. അതിനായി അയാൾ നയിക്കുന്ന പെൺ പട്ടാളവും അവരുടെ ഒത്തൊരുമയും ബിഗിലിനെ ഓർമ്മിപ്പിക്കും വിധമായിപ്പോയി.

യുപിയിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവവും, കർഷക ആത്മഹത്യയും കൊണ്ടുവന്നത് സമകാലീന സംഭവങ്ങളുടെ നേർക്കാഴ്ചയായില്ലെങ്കിലും , ഇത്തരമൊരു വിഷയം പ്രതിപാദിക്കുക എന്ന സ്ഥിരം സാമൂഹിക പ്രതിബദ്ധതാ ചടങ്ങ് നിറവേറ്റാൻ അതിനായി എന്നു വേണം കരുതാൻ. കഥാപാത്രങ്ങളിലെ സാമ്യതയിലോ, കഥയിലോ മാത്രമല്ല. മെർസൽ, തെരി, ബിഗിൽ തുടങ്ങിയ വിജയ് ചിത്രങ്ങളുമായി ജവാൻ സാമ്യപ്പെടുന്നത്. പലപ്പോഴും ചിത്രത്തിലെ പ്രധാന സീനുകളിൽ പോലും ആ സാമ്യം കാണാനാകും.

തെന്നിന്ത്യൻ പ്രേക്ഷകർക്ക് അതു കൊണ്ടു തന്നെ വലിയ അത്ഭുതമൊന്നും തോന്നാൻ ഇടയില്ലാത്ത ചിത്രം പക്ഷെ ഉത്തരേന്ത്യൻ ബെൽറ്റിനെ വിസ്മയിപ്പിച്ചേക്കും. കൂട്ടത്തിൽ തെരഞ്ഞെടുപ്പിനെക്കുറിച്ചും, വോട്ട് ചെയ്യുന്ന പൗരന്റെ അവകാശങ്ങളെക്കുറിച്ചുമെല്ലാം കൃത്യമായ അവബോധം നൽകുവാനുള്ള ശ്രമം വിജയ് നായകനായെത്തിയ സർക്കാർ സിനിമയെ ഓർമ്മിപ്പിച്ചെന്ന് പറഞ്ഞാലും തെറ്റില്ല.

സ്ഥിരം മാസ് മസാല ആരാധകരെ ആവേശം കൊള്ളിക്കുന്ന ചേരുവകളെല്ലാം തന്നെ ചേർത്തിളക്കിയാണ് ആറ്റ്ലി ജവാൻ ഒരുക്കിയിരിക്കുന്നത്. നയൻ താരയുടെ കിടിലൻ ലുക്കും, ആക്ഷനും, അവർ അവതരിപ്പിച്ച നർമ്മദ എന്ന കഥാപാത്രത്തിന്റെ മകളുടെ ക്യൂട്ട്നെസും എടുത്തു പറയാം.  പ്രിയാമണി ഉൾപ്പെടെയുള്ള പെൺപടയുടെ പോരാട്ടവും, തീയേറ്ററുകളിൽ നല്ല കാഴ്ചയാണ് ഒരുക്കുന്നത്.

എന്നാൽ ഏറെ ഹൈപ്പിൽ വന്ന വിജയ് സേതുപതിക്ക് ഒരു ശരാശരി വില്ലനിൽ നിന്ന് മുന്നോട്ടു പോകാനുള്ള അവസരമൊന്നും സിനിമ നൽകിയിട്ടില്ല. എത്ര വലിയ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായാലും ഫാമിലി ഡ്രാമയും, വൈകാരിക നിമിഷങ്ങളും ഉൾപ്പെടുത്താൻ ആറ്റ്ലി ഇനിയും മറന്നിട്ടില്ല. ഒരു റോബിൻ ഹുഡ് മോഡലിൽ പണക്കാരനായ വില്ലനിൽ നിന്ന് പാവപ്പെട്ടവർക്കായി പണം എത്തിക്കുവാനാണ് ആസാദ് എന്ന ജയിലറായ ഷാരൂഖ് കഥാപാത്രം ശ്രമിക്കുന്നത്.

ഒപ്പം തന്റെ അച്ഛനെയും അമ്മയെയും ചതിയിൽ പെടുത്തിയവരോടുള്ള പ്രതികാരവും. ‌‌ഒരു ഘട്ടത്തിൽവീണുപോകുന്ന മകനെ സഹായിക്കാൻ വിക്രം റാത്തോഡ് എന്ന ഷാരൂഖിന്റെ അച്ഛൻ കഥാപാത്രവും എത്തുന്നുണ്ട് . റാത്തോഡിന്റെ പഴയ മിലിട്ടറി സുഹൃത്തുക്കളും ഒപ്പമെത്തുന്നതോടെ വിക്രം സിനിമയുടെ കാറ്റ് വീശിയതാണോയെന്ന സംശയം തോന്നിയാൽ അത് സ്വാഭാവികം മാത്രമാണ്. ലോജിക് മാറ്റിവച്ച്, ഇത്തരം സംശയങ്ങളും ഒഴിവാക്കിയാൽ ജവാൻ നല്ലൊരു സിനിമാ അനുഭവമായിരിക്കും.

പാട്ടും പാടി മുണ്ടുടുത്ത് ഓണാംശംസ നേരുന്ന ബോളിവുഡ് താരവും, തമിഴ് പതിപ്പിൽ മാത്രമുള്ള യോഗി ബാബുവിന്റെ അവസരത്തിനൊത്ത കോമഡിയും നൂറേ നൂറ് സ്പീഡിൽ പോകുന്ന ചിത്രത്തിൽ കൃത്യമായി ഇടം കണ്ടെത്തുന്നുണ്ട്. അനിരുദ്ധിന്റെ സംഗീതത്തിനൊപ്പം പിടിച്ച് നിൽക്കാൻ ഷാരൂഖിന് കഴിഞ്ഞെങ്കിലും കണ്ട് ശീലിച്ച പ്രക്ഷകർക്ക് വിജയ്നെ അവിടെ മിസ് ചെയ്തെന്ന് പറഞ്ഞാൻ അധികമാകില്ല. എത്ര തമിഴ് സിനിമ വെട്ടിയൊട്ടിച്ചെന്ന് പറഞ്ഞാലും, പാട്ടും, ഡാൻസും, ആക്ഷനും, ആവേശവും വാരി വിതറിയെത്തിയ ജവാൻ ഒരു തീയേറ്റർ കാഴ്ചയാണ്. ഒപ്പം ഷാരൂഖ് ഫാൻസിന് ആവേശം നൽകുന്ന ചേരുവകളും ചിത്രം ഉൾക്കൊള്ളുന്നുണ്ട്. അത് പ്രേക്ഷകർ സന്തോഷത്തോടെ സ്വീകരിക്കുന്നതിനാലാണ് ഇപ്പോഴും ബോക്സോഫീസുകളിൽ വൻ കളക്ഷൻ നേടി ജവാൻ പ്രദർശനം തുടരുന്നത്..

Latest Stories

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

IPL 2025: ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; വ്യക്തിപരമായ കാരണങ്ങളാൽ മത്സരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി സൂപ്പർ താരം

മലപ്പുറത്ത് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീ വീണുമരിച്ചു

'ഭരണഘടനാപരം, ഭരണഘടനാവിരുദ്ധം എന്നീ വാക്കുകള്‍ അത്ര നിസാരമായി ഉപയോഗിക്കരുത്': കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് ബിൽ; ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍

"മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ, ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ"; പ്രതികരിച്ച് എം ജി ശ്രീകുമാർ

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി; പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിൽ സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്തയും

ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്ന് ഹൈക്കോടതി; 'ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്'

INDIAN CRICKET: സൂര്യ മുംബൈ വിടുമെന്ന് ആരാടോ പറഞ്ഞേ? ഒടുവില്‍ മൗനം വെടിഞ്ഞ് അസോസിയേഷന്‍, ഇത്രയ്ക്കും വേണ്ടിയിരുന്നില്ല