ഇരവത്കരണത്തിന്റെ ഉത്തരാധുനിക വ്യവഹാരങ്ങൾ; സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ് എന്ന സിനിമയെ ആസ്പദമാക്കിയുള്ള നിരൂപണം

സനൽ ഹരിദാസ്

2019-ലെ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കപ്പെട്ടതും ഏതാനും ദിവസം മുമ്പ് മാത്രം യൂട്യൂബിൽ റിലീസ് ചെയ്യപ്പെട്ടതുമായ മലയാള ചലച്ചിത്രമാണ് സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ് (sleeplessly yours). മാനു, ജെസ്സി എന്നീ കഥാപാത്രങ്ങളുടെ  കുറച്ചുകാലം നീണ്ട സഹവാസവും അതേത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം. മാനുവായി ദേവകി രാജേന്ദ്രനും ജെസ്സിയായി സുദേവ് നായരുമാണ് വേഷമിട്ടിരിക്കുന്നത്. ഗൗതം സൂര്യയും സുദീപ് ഇളമണും ചേർന്നാണ് സംവിധാനം.

ആഴമേറിയ ഒരുറക്കത്തിനു ശേഷമുള്ള ഉണർച്ചയിൽ കുറച്ചു ദിവസങ്ങളുടെ ഓർമ്മയും ഒപ്പം കാമുകിയും നഷ്ടമാകുന്ന നായകനെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. സാഹസപ്രിയരായ കമിതാക്കൾ തങ്ങളെത്തന്നെ തള്ളിവിട്ട  സ്വമേധയാലുള്ള ഇൻസോമാനിയക്കൊടുവിലാണ് (ഉറക്കമില്ലായ്മ) ഇത്തരമൊരു അസാധാരണ സംഭവത്തെ നായകന് അഭിമുഖീകരിക്കേണ്ടി വരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ജെസ്സി വീണ്ടെടുക്കുന്ന നിദ്രാരഹിതമായ ദിവസങ്ങളുടെ ഓർമ്മകളിലൂടെയാണ് ചിത്രം വികാസം പ്രാപിക്കുന്നത്.

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത മൊമെൻടോ (2000) എന്ന ചിത്രത്തിൽ ഷോർട്ട്  ടൈം മെമ്മറി ലോസ് ഉള്ള  ഒരു കഥാപാത്രമാണ് നായകനാകുന്നത്. കഥാഗതിയെ മുന്നോട്ടും പിന്നോട്ടും ഇടകലർത്തി കാണിച്ചു കൊണ്ട് പ്രേക്ഷകർക്കും മെമ്മറി ലോസ് എന്ന അവസ്ഥ അനുഭവിപ്പിക്കത്തക്ക വണ്ണമാണ് ഈ സിനിമയുടെ ആഖ്യാനശൈലി. ഇതിനു സമാനമായി ഓർമ്മകളുടെ ഇടവിട്ടുള്ള വേലിയേറ്റങ്ങൾ അതേ നിലയിൽ തന്നെ അവതരിപ്പിച്ചു കൊണ്ടും  കഥാപാത്രങ്ങളുടെ നിദ്രാരഹിത്യ സംബന്ധമായ പെരുമാറ്റ വൈചിത്ര്യങ്ങളെ  വിശദാംശവത്കരിച്ചു കൊണ്ടും കാഴ്ചക്കാരിൽ ഉറക്കമില്ലായ്മ എന്ന അവസ്ഥാവിശേഷത്തെ അനുഭവസാദ്ധ്യമാക്കാൻ sleeplessly yours ന് കഴിയുന്നുണ്ട്.

യോഗ ട്രെയിനർ ആയ മാനുവും ഡോക്യുമെന്ററി സംവിധായകനായ ജെസ്സിയും കമിതാക്കളും ഒന്നിച്ച് ജീവിക്കുന്നവരുമാണ്. എന്നാൽ താന്താങ്ങളുടെ ഭൂതകാലം ഇരുവർക്കും അജ്ഞാതമാണു താനും. സ്വന്തം നിഗൂഢത കാത്തു  സൂക്ഷിക്കുന്നതിലും,  ജെസ്സിയെ വെളിപ്പെടുത്താനനുവദിക്കാതെ നിലനിർത്തുന്നതിലും മാനു സ്വീകരിക്കുന്ന ജാഗ്രതയാണ് ഇതിന് കാരണമാകുന്നത്. പ്രണയബന്ധത്തെ, വിവാഹമെന്ന നിലയിലേക്ക് സ്ഥാപനവത്കരിക്കാനുള്ള ജെസ്സിയുടെ നിർബന്ധങ്ങളെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്യുന്നതും മാനു  തന്നെയാണ്. ഈ നിലയിൽ ഇരുവരുടേയും ജീവിതം പുരോഗമിക്കേയാണ്  സ്വയം നിർമ്മിത നിദ്രാരാഹിത്യം എന്ന ആശയം ജെസ്സി മുന്നോട്ടുവയ്ക്കുന്നത്. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ഈ പദ്ധതി ഭാഗീകവിജയമായി തുടർന്നെങ്കിലും പിന്നീടങ്ങോട്ട് ഇരുവർക്കുമിടയിൽ വാഗ്വാദങ്ങളും ആക്ഷേപങ്ങളും ഉടലെടുക്കുന്നതിലേക്ക് ഇത് നയിക്കുകയായിരുന്നു. വാഗ്വാദങ്ങൾ പിന്നീട് മാനുവിന്റെ തുറന്നു പറച്ചിലുകളിലേക്ക് രൂപാന്തരപ്പെടുന്നതാണ്  പിന്നീട് നാം കാണുന്നത്.  അത്തരമൊരു തുറന്നുപറച്ചിലിന് ഒടുവിലാണ് മാനു അറിയിപ്പുകളേതുമില്ലാതെ അപ്രത്യക്ഷയാകുന്നതും.

മാനുവിന്റേയും  ജെസ്സിയുടെയും ഉപാധികളേതുമില്ലാത്ത  പാരസ്പര്യ ജീവിതത്തെ ആധാരമാക്കിയാണ് പ്രദർശനത്തിനൊടുവിലുള്ള സിനിമാസ്വാദന ആവിഷ്കാരങ്ങൾ മിക്കവാറും അടയാളപ്പെടുത്തപ്പെട്ടത്. സിനിമ മുന്നോട്ടുവെയ്ക്കുന്ന വൈവാഹിക ജീവിതത്തിനുപരിയായ സ്ത്രീ പുരുഷ സഹജീവിതം മലയാള സിനിമയ്ക്ക് അന്യമായതാണെന്ന വസ്തുത ഇതോട് ചേർത്തുവെച്ച്  പരിഗണിക്കേണ്ടതാണ്. എന്നാൽ ഇതിലുപരിയായി സിനിമ മുന്നോട്ടു വെയ്ക്കുന്ന ജീവിതദർശനം വേണ്ടവിധത്തിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായോ എന്ന ആശങ്കയാണ് ഇവിടെ മുന്നോട്ടുവെയ്ക്കാനാഗ്രഹിക്കുന്നത്. മാനുവിന്റെ  ആദ്യത്തെതും  അവസാനത്തേതുമായ തുറന്നുപറച്ചിലിനെ  അടിസ്ഥാനമാക്കിയാണ് ഈ ചിന്ത രൂപപ്പെടുന്നത്. പതിനേഴുവയസ്സുകാരനായ ഒരാൺകുട്ടിക്കൊപ്പം ഇറങ്ങിത്തിരിച്ച തന്റെ കൗമാരവും, അതിൽ പിറന്ന കുഞ്ഞിനെ കാമുകൻ പാമ്പൻ പാലത്തിൽ നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയതുമാണ് മാനുവിന്റെ  വെളിപ്പെടുത്തലുകളുടെ സാരമായി പ്രേക്ഷകനിലേക്കെത്തുന്നത്. മാഞ്ഞുപോയ തന്റെ ഓർമ്മകളിൽ നിന്ന് ഈ സന്ദർഭത്തെ വീണ്ടെടുത്തു കൊണ്ട് മാനുവിനെ തേടി ജെസ്സി നടത്തുന്ന യാത്രയവതരിപ്പിച്ച് സിനിമ അവസാനം കുറിക്കുമ്പോഴും എന്നെ അലട്ടിക്കൊണ്ടിരുന്നത് മാനു എന്ന പെൺകുട്ടിയുടെ ജീവിത ബോദ്ധ്യങ്ങളാണ്.

ജീവിതതാരംഭത്തിൽ തന്നെ നേരിടേണ്ടി വന്ന അനിതരസാധാരണമായ പ്രതിസന്ധിഘട്ടങ്ങളെ പർവ്വതീകരിക്കുകയോ  മാരകവത്കരിക്കുകയോ ചെയ്യാതെ സ്വന്തം ജീവിതം നവനിർമ്മാണം ചെയ്ത പെൺകരുത്ത് ഒരിക്കലും കാണാതെ പോകാവുന്ന ഒന്നല്ല. സ്വന്തം പങ്കാളിയോടു പോലും അത് തുറന്നു പറയാതെ ഇരവത്കരണ സാദ്ധ്യതകളെ ആകമാനമായി റദ്ദു  ചെയ്യുന്നിടത്ത് അതിന്റെ മികവേറുകയുമാണ്. ഇൻസോമാനിയയുടെ മുനമ്പുകളിൽ അറിഞ്ഞോ അറിയാതെയോ താൻ  നടത്തിയ വെളിപ്പെടുത്തലുകൾ തനിക്കുതന്നെ ബാദ്ധ്യതയായേക്കാം എന്ന തോന്നലിലാകാം നായിക പിന്മടങ്ങിയതെന്നും ഇതിലൂടെ അനുമാനിച്ചെടുക്കാവുന്നതാണ്. ലൈംഗിക പീഡനങ്ങളെ പോലും സ്ത്രീയുടെ പിഴവായി  പരിഗണിക്കുന്ന ആണധികാര സമൂഹത്തിൽ സ്വയം ആർജ്ജിച്ചെടുത്ത ബോദ്ധ്യങ്ങളെ മുറുകെപ്പിടിച്ച് അവ്യവസ്ഥാപിത ജീവിതം നയിക്കുന്ന നായികയുടെ നിശ്ചയദാർഢ്യമാണ് ഈ നിലയിൽ സിനിമയുടെ ആത്മാവായി മാറുന്നതും.

അയഞ്ഞ ജീവിതത്തിന്റെ വർണപ്പൊലിമയാൽ ആകർഷിക്കപ്പെട്ട് അദൃശ്യമാക്കപ്പെടേണ്ടതല്ല നായികാകേന്ദ്രിതമായ ചെറുത്തുനൽപ്പിന്റെ ഈ ജൈവ രാഷ്ട്രീയം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്