Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

MOVIE REVIEW

പ്രേക്ഷക ഹൃദയത്തിലേക്ക് ഗോളടിച്ച് സുഡാനി

, 5:17 pm

സ്വതസിദ്ധമായ സംഭാഷണശൈലിയിലൂടെയും പ്രകടനങ്ങളിലൂടെയും ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് സൗബിന്‍ ഷാഹിര്‍. ഒരുപക്ഷേ തിയെറ്ററില്‍ സൂപ്പര്‍ താരങ്ങളേക്കാള്‍ കൂടുതല്‍ കൈയ്യടി നേടിയെടുക്കുവാന്‍ ഏതാനും ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച സൗബിന് കഴിഞ്ഞിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ നെഗറ്റിവ് കഥാപാത്രം ഇതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കും. കഴിഞ്ഞവര്‍ഷം ഒരു സംവിധായകനെന്ന നിലയില്‍ തുടക്കം കുറിച്ച ‘പറവ’ വാണിജ്യപരമായി വിജയം നേടുകയും ചെയ്തു. ഇപ്പോള്‍ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ സൗബിന്‍ നായകനായഭിനയിക്കുകയാണ്.

സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍ എന്നീ പേരുകള്‍, നവതലമുറ സിനിമാ പ്രേക്ഷകരെ ഉറ്റുനോക്കുന്നവരെ സംബന്ധിച്ചിടത്തോളം മൂല്യമുള്ളതാണ്. തങ്ങളുടേതായ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും, തിളങ്ങിനില്‍ക്കുകയും ചെയ്യുന്ന ഇവര്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ പങ്കാളികളാവുന്നു എന്നതും പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. മൊത്തത്തില്‍ ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞുപോകുന്ന കഥയാണിതെന്ന ചിത്രത്തിന്റെ ധ്വനി ട്രൈലറില്‍ മുഴങ്ങിയിരുന്നു. ട്രൈലറില്‍ കേട്ട, സൗബിന്റെ മുറി ഇംഗ്ലീഷ് സംഭാഷണരംഗങ്ങളും ചിത്രത്തിലേയ്ക്ക് പ്രേക്ഷകനെ ആകര്‍ഷിക്കുവാനിടയാക്കി..

നവംബര്‍ മാസം മുതല്‍ മേയ് മാസം വരെ കേരളത്തിലെ സെവന്‍സ് ടൂര്‍ണമെന്റുകളുടെ സീസണ്‍ ആണ്. ടൂര്‍ണ്ണമെന്റുകള്‍ നടക്കുന്നതും ഏറ്റവും കൂടുതല്‍ ക്ലബ്ബുകളുള്ളതും മലപ്പുറം ജില്ലയില്‍ നിന്നാണ്. ഓരോ ക്ലബ്ബിലും വിദേശ താരങ്ങള്‍ കളിക്കുവാന്‍ എത്താറുണ്ട്. നാട്ടിന്‍പുറത്തും അങ്ങാടികളിലും ആഫ്രിക്കന്‍ കളിക്കാരെ ഈ സമയത്ത് സ്ഥിരമായി കാണാന്‍ കഴിയും. തുടക്കത്തില്‍ സുഡാനില്‍ നിന്നുള്ള ഒന്നു രണ്ട് കളിക്കാരാണ് ഉണ്ടായിരുന്നത്. കേരളത്തിലെ ഫുട്‌ബോള്‍ കളിയില്‍ സാന്നിധ്യമറിയിച്ച ആദ്യത്തെ ആഫ്രിക്കക്കാരന്‍ ഒരു സുഡാനി ആയിരുന്നു. ലൈബീരിയയില്‍ നിന്നും നൈജീരിയയില്‍ നിന്നും കോംഗോയില്‍ നിന്നും പിന്നീട് കളിക്കാര്‍ വരാന്‍ തുടങ്ങിയെങ്കിലും ആളുകള്‍ പൊതുവായി ഇവരെ സുഡാനി എന്ന് വിളിച്ചുവരുന്നു. സുഡാനിയും ചുരുക്കി സുഡു എന്ന് ഒറ്റ പേരിലാണ് ആഫ്രിക്കന്‍ കളിക്കാര്‍ വിളിക്കപ്പെടുന്നത്.

ഒരു സീസണില്‍ നാട്ടിലെ ക്ലബ്ബില്‍ കളിക്കാനെത്തിയ ആഫ്രിക്കന്‍ കളിക്കാരന്റേയും ടീമിന്റെ മാനേജറായ മജീദിന്റെയും കഥയാണ് ചിത്രം പറയുന്നത്. സാധാരണക്കാരനായ മജീദ് സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രാമത്തില്‍ താമസിക്കുന്നു. സുഡു കളിക്കാരില്‍ ഒരാളായ സാമുവലിന് ഒരു പരിക്കുപറ്റുകയും അതിനേത്തുടര്‍ന്നുണ്ടാവുന്ന ചില സംഭവങ്ങളുമാണ് ചിത്രം പശ്ചാത്തലമാക്കുന്നത്. മജീദില്‍ നിന്നും പറഞ്ഞുതുടങ്ങുന്ന കഥ, പൊതു സിനിമകളുടെ ഗതിയില്‍ നിന്നും മാറിയാണ് ഒഴുകിത്തുടങ്ങുന്നത്. വളരെ ലളിതമായ ഒരു കഥാതന്തുവിനെ അല്‍പ്പം പോലും ബോറടിക്കാത്ത വിധത്തില്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് സംവിധായകന്‍.

മജീദിന്റെ ജീവിതം പരാജയമാണ്. ലക്ഷ്യങ്ങളെല്ലാം പരാജയപ്പെടുന്നു. ചില കാരണങ്ങള്‍കൊണ്ട് വൃദ്ധമാതാപിതാക്കളോട് സംസാരിക്കുവാന്‍ പോലും മജീദിന് താത്പര്യമില്ല. ഫുട്‌ബോള്‍ കളിയും, സൗഹൃദങ്ങളുമാണ് മജീദിന്റെ സന്തോഷം. കളിക്കാരെ മാനേജ് ചെയ്യുന്നതില്‍ പലപ്പോഴും മജീദിന് പിഴവുകള്‍ ഭവിയ്ക്കാറുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ മജീദിന് തന്റെ നേതൃത്വത്തില്‍ നൈജീരിയയില്‍ നിന്നും വന്ന സുഡുവിന് ഏറ്റ പരിക്ക് സാമ്പത്തികബാധ്യതകള്‍ വരുത്തിവയ്ക്കുന്നു. തുടര്‍ന്നുള്ള സംഭവങ്ങള്‍ രണ്ട് മണിക്കൂറില്‍ കാണുവാന്‍ കഴിയുന്നത്. ആദ്യപകുതിയേക്കാള്‍ ഊര്‍ജ്ജം പകരുന്നതും എന്‍ഗേജ് ചെയ്യിക്കുന്നതും രണ്ടാം പകുതിയാണ്. ഉപസംഹാരഭാഗങ്ങള്‍ പ്രേക്ഷകനെ ചിന്തിപ്പിക്കുന്നു.

മുന്‍പ് കരുതിയതുപോലെ, ഇതൊരു സ്‌പോര്‍ട്‌സ് മൂവി അല്ല. എന്നാല്‍ കഥാസന്ദര്‍ഭങ്ങളുടെ അടിത്തറ സ്‌പോര്‍ട്‌സ് ആണുതാനും. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ചിത്രമായാണ് ‘സുഡാനി ഫ്രം നൈജീരിയ’ ഒരുക്കിയിരിക്കുന്നത്. സ്വാഭാവികത നിറഞ്ഞ ഒരു കഥ എന്നതിലുപരി യാതൊന്നും പ്രേക്ഷകരിലേയ്ക്ക് അടിച്ചേല്‍പ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിക്കുന്നില്ല. മറിച്ച് യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നുനില്‍ക്കുന്ന സരണി തന്നെ കഥാഖ്യാനത്തിനായി അദ്ദേഹം തിരഞ്ഞെടുത്തു. അസ്വാഭാവികത നിഴലിക്കുന്ന സംഭാഷണരംഗങ്ങളോ കൃത്രിമത്വം നിറഞ്ഞ രംഗങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായി പറഞ്ഞുതീര്‍ക്കുകയാണ് ചിത്രം. ഒരു ഹാസ്യചിത്രം ആയിരുന്നില്ലെങ്കില്‍ കൂടി, സ്വാഭാവിക സംഭാഷണങ്ങള്‍ പ്രേക്ഷകരെ വളരെയധികം ചിരിപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ അതിഭാവുകത്വങ്ങളില്ലാതെ പരോക്ഷമായി പറഞ്ഞുപോകുന്ന വിലപ്പെട്ട ചില സന്ദേശങ്ങളുണ്ട്. ആഫ്രിക്കയും കഥാപശ്ചാത്തലത്തില്‍ കടന്നുവരുന്ന ഈ ചിത്രത്തില്‍ അവിടുത്തെ ജനങ്ങളുടെ അവസ്ഥകള്‍ വിവരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ എന്ന നിലയില്‍ നാം ആസ്വദിക്കുന്ന ജലത്തിന്റെ ലഭ്യതയും, ആഫ്രിക്കയിലെ വരള്‍ച്ചയും തമ്മിലുള്ള താരതമ്യം ശ്രദ്ധേയമാണ്. അതുപോലെ ഫുട്‌ബോള്‍ കളിയോടുള്ള ഇന്ത്യയുടെ സമീപനരീതികളേക്കുറിച്ചും നൈജീരിയന്‍ കഥാപാത്രത്തേക്കൊണ്ട് പറയിക്കുന്നുണ്ട്. കുടുംബബന്ധത്തിന്റേയും സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും അനുകമ്പയുടേയും മികച്ച ദൃഷ്ടാന്തങ്ങള്‍ ചിത്രം വരച്ചുകാണിക്കുന്നു. സ്‌നേഹം സാര്‍വ്വലൗകികമായ ഒന്നാണ്, ദേശഭാഷാ വ്യത്യാസങ്ങളില്ലാതെ ഓരോരുത്തരുടേയും ജീവിതം മറ്റുള്ളവര്‍ക്ക് പാഠമായിത്തീരുന്നതും ചിത്രം വ്യക്തമായി കാണിച്ചുതരുന്നു.

കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ എടുത്തുപറഞ്ഞേ മതിയാവൂ. ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ, ഹാസ്യരംഗങ്ങളില്‍ തങ്ങളുടേതായ ഇടം കാത്തുസൂക്ഷിച്ച നടന്മാര്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടിനേടിയപ്പോള്‍, സൗബിനും സ്വാഭാവിക പ്രകടനങ്ങളിലൂടെ മജീദ് എന്ന കഥാപാത്രമായി മാറുന്നു. അന്നന്നത്തെ ദിവസങ്ങള്‍ എങ്ങനെയെങ്കിലുമൊക്കെ തള്ളിനീക്കി ജീവിതം നയിക്കുന്ന, അലസരായ യുവാക്കളുടെ പ്രതിനിധികൂടിയാണ് മജീദ്. സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്ന, തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന, ആംഗലേയ ഭാഷാപരിജ്ഞാനം കുറവുള്ള കഥാപാത്രവുമായി സൗബിന്റെ സംഭാഷണങ്ങള്‍ കൂടിച്ചേരുമ്പോള്‍ രസകരമായ അനുഭവമാണുണ്ടാവുന്നത്. മജീദിന് നായികയായി ആരും തന്നെ ചിത്രത്തിലില്ല. എടുത്തുപറയേണ്ട മറ്റ് കഥാപാത്രങ്ങള്‍ മജീദിന്റെ മാതാപിതാക്കളായും മാതാവിന്റെ കൂട്ടുകാരി ജമീലയായും അഭിനയിച്ച നടീനടന്മാരാണ്. മജീദിന്റെ മാതാവിനെ അവതരിപ്പിച്ച സാരസ ബാല്‍സൂരിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സ്‌നേഹമുള്ള, കരുതല്‍ പ്രകടമാക്കുന്ന, നിഷ്‌കളങ്കയായ ഈ കഥാപാത്രത്തില്‍ നമ്മില്‍ പലരുടേയും മാതാവിനെ കാണാം. ഊര്‍ജ്ജസ്വലയായ ഒരു കഥാപാത്രമായിരുന്നു ജമീല. നാടകരംഗത്തുനിന്നെത്തിയ സവിത്ര ശ്രീധരന്‍, സാരസ ബാല്‍സൂരി എന്നിവര്‍ യഥാക്രമം ജമീല, ബേയമ്മ എന്നിവരായി മാറിയത്.

‘സുഡു’ എന്ന സാമുവലായി അഭിനയിക്കുന്നത് നൈജീരിയന്‍ അഭിനേതാവായ സാമുവല്‍ അബിയോള റോബിന്‍സണ്‍ ആണ്. വളരെ മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. മാതാവുമൊത്തുള്ളതും, കുടുംബത്തോടൊത്തുള്ളതുമായ സംഭാഷണങ്ങള്‍, പ്രകടനങ്ങള്‍, ഇമോഷണല്‍ രംഗങ്ങള്‍ എല്ലാം വളരെ നല്ല വിധത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ചില നോട്ടങ്ങള്‍ക്കോ പുഞ്ചിരിക്കോ ഒരുപക്ഷേ ഒരായിരം വാക്കുകളേക്കാള്‍ അര്‍ത്ഥമുണ്ടാകും എന്ന് പലപ്പോഴും ഈ നടന്റെ പ്രകടനങ്ങളില്‍ നിന്ന് തോന്നി. നായകനു ചുറ്റും വലം വയ്ക്കുന്ന കഥാപാത്രങ്ങളും സ്വാഭാവിക പ്രകടനങ്ങള്‍ കാഴ്ചവച്ചു.

ചിത്രത്തിന്റെ സംഗീതവിഭാഗം ശ്രദ്ധേയമാണ്. ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചിത്രത്തിനു ചേരുന്ന വിധത്തിലുള്ള ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ളയുടെ എഡിറ്റിംഗും ചിത്രത്തെ പൂര്‍ണ്ണതയുള്ളതാക്കിമാറ്റി. നവാഗതസംവിധായകര്‍ മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിക്കുമ്പോള്‍, സക്കറിയയും അതേ പാതതന്നെ പിന്തുടരുന്നു. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നിഷ്‌കളങ്കതയുടേയും നന്മയുടേയും ചില പാഠങ്ങള്‍ ചിത്രം നല്‍കുവാന്‍ ശ്രമിക്കുകയാണ്. തന്റെ ആദ്യചിത്രത്തില്‍ മുഖ്യവിഷയമാക്കിയ സഖറിയയുടെ ശ്രമത്തെ വിലമതിക്കേണ്ടതാണ്. ഒരു ഫാമിലി ഡ്രാമ എന്ന നിലയില്‍ പൂര്‍ണ്ണ തൃപ്തി പ്രദാനം ചെയ്യുന്ന ചിത്രം തന്നെയാണ് സുഡാനി ഫ്രം നൈജീരിയ.

 

Advertisement