Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

MOVIE REVIEW

നടിപ്പിന്‍ നായകന്റെ തണുപ്പന്‍ ചിത്രം

, 4:03 pm

സൂര്യ എന്ന നടനെ ഒരു സമയത്ത് മലയാളികള്‍ ഏറെയിഷ്ടപ്പെട്ടിരുന്നു. വ്യത്യസ്ഥങ്ങളായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുള്ള സൂര്യ ഏതാനും വര്‍ഷങ്ങളായി തന്നേക്കൊണ്ട് ചെയ്ത് ഫലിപ്പിക്കുവാന്‍ പ്രയാസമുള്ളതും, ജനങ്ങള്‍ ആഗ്രഹിക്കാത്ത വിധത്തിലുള്ളതുമായ കഥാപാത്രങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത് നിരവധി ആളുകളില്‍ നിന്നുമുള്ള അപ്രീതിക്ക് കാരണമായി. സിംഗം സിരീസുകള്‍, അഞ്ജാന്‍, മാസു തുടങ്ങിയ സമീപകാല സിനിമകള്‍ അദ്ദേഹത്തിന്റെ തുടര്‍ പരാജയങ്ങളുടെ ആക്കം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ‘നാനും റൗഡിതാനി’ലൂടെ ശ്രദ്ധേയനായ വിഘ്‌നേഷ് ശിവനുമൊത്തുള്ള അദ്ദേഹത്തിന്റെ മുപ്പത്തിയഞ്ചാം ചിത്രം പ്രതീക്ഷ നല്‍കിയതിനു പിന്നില്‍ പല കാരണങ്ങളുണ്ടായിരുന്നു. സൂര്യ എന്ന ‘താരത്തിന്റെ’ ചിത്രമല്ല എന്ന തോന്നലുളവാക്കിയ ട്രൈലറും, ഷെറില്‍ കടവന്‍, അന്നാ ജോര്‍ജ്ജ് തുടങ്ങിയവരുള്‍പ്പെട്ട ഗാനത്തിന്റെ ടീസറും ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

നൂറ് കോടി ക്ലബ്ലില്‍ പ്രവേശിച്ച ബോളിവുഡിലെ മികച്ച ത്രില്ലറുകളില്‍ ഒന്നായ നീരജ് പാണ്‌ഢെ-അക്ഷയ് കുമാര്‍ ടീമിന്റെ ‘സ്പെഷ്യല്‍ ഛബ്ബീസിന്റെ തമിഴ് പുനരവതരണമാണ് ‘താനേ സേര്‍ന്ത കൂട്ടം.’ 1987 മാര്‍ച്ച് 19 ന്, മുംബൈയിലെ ത്രൈഭോവന്‍ദാസ് ഭിംജി സവേരി & സണ്‍സ് ജ്വല്ലേഴ്‌സിന്റെ ഓപ്പറ ഹൗസ് ബ്രാഞ്ചില്‍ വ്യാജ വരുമാന നികുതി അന്വേഷണ റെയ്ഡ് നടത്തി സിബിഐ ഉദ്യോഗസ്ഥരെ കബളിപ്പിച്ച ഒരു സംഭവത്തിനാണ് സംവിധായകന്‍ ചലച്ചിത്രഭാഷ്യം നല്‍കിയിരിക്കുന്നത്.

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ പറഞ്ഞുപോവുന്ന ചിത്രം തൊഴിലില്ലായ്മ മൂലം മോഷണം ശീലമാക്കിയ ഒരുകൂട്ടം ആളുകളിലൂടെയാണ് സഞ്ചരിക്കുന്നത്. സിബിഐ ഓഫിസര്‍ ആവണമെന്ന് അതിയായി ആഗ്രഹിക്കുകയും എന്നാല്‍ ആര്‍ഹതയുണ്ടായിട്ടും, സീനിയര്‍ ഉദ്യോഗസ്ഥരുടെ ചില നിലപാടുകള്‍ മൂലം ആ ജോലി ലഭിക്കാതെ വരികയും ചെയ്യുന്ന നായകന്‍ ചില തിക്താനുഭവങ്ങള്‍ നിമിത്തം പതിയെ മോഷണത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിനാധാരം.

റെഗുലര്‍ ആക്ഷന്‍ ചിത്രങ്ങളില്‍നിന്ന് മാറി കോമഡിയിലുള്ള സൂര്യയുടെ പരീക്ഷണം കൂടിയാണ് ഈ ചിത്രം. ഹാസ്യത്തിന്റെ അകമ്പടിയോടുകൂടിയാണ് ചിത്രം പറഞ്ഞുപോകുന്നത്. കരുത്തില്ലാത്തതും, യുക്തിക്ക് നിരക്കാത്തതുമായ തിരക്കഥയാണ് വിഘ്‌നേഷ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗങ്ങള്‍ ആവേശജനകമായിരുന്നെങ്കിലും ക്രമേണ ചിത്രത്തിന്റെ വീര്യം കുറഞ്ഞുവരികയാണുണ്ടായത്. രണ്ടാം പകുതി കണ്ടിരിക്കുക തന്നെ ശ്രമകരമാണ്. സൂര്യയുടെ തന്നെ മുന്‍ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന, ഫാന്‍സിനുവേണ്ടി മാത്രമുള്ള അവസാനഭാഗങ്ങള്‍ പ്രേക്ഷകനെ നന്നായിത്തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

യാതൊരുവിധ പുതുമകളും ചിത്രത്തിനില്ല. കാലങ്ങളായി തമിഴിലും ഇതരഭാഷകളിലുമായി കണ്ടുശീലിച്ച കഥ തന്നെയാണ് ഇവിടെയും. വേഷം മാറിയുള്ള മോഷണം എന്ന ത്രെഡ്ഡിനെ വികസിപ്പിക്കുമ്പോള്‍ പോലും, സാങ്കേതികമായി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത് എന്നതൊഴിച്ചാല്‍ പ്രേക്ഷകനു വിശ്വസനീയമായ വിധത്തില്‍ അവതരിപ്പിക്കുവാന്‍ സംവിധായകനു സാധിച്ചില്ല. നായകന്‍ കീഴടക്കുന്ന മേഖലകളോ അതിജീവിക്കുന്ന വിധങ്ങളോ യുക്തിപൂര്‍വ്വകമല്ല. എല്ലാ യോഗ്യതകളും ഉള്ളവര്‍ അവഗണിക്കപ്പെടുകയും കൈക്കൂലി കൊണ്ട് മറ്റ് ചിലര്‍ കാര്യങ്ങള്‍ സ്ഥാപിച്ചെടുക്കുകയും ചെയ്യുമ്പോള്‍, ഈ സിസ്റ്റത്തോടുതന്നെയുള്ള നായകന്റെ പ്രതിഷേധവും പോരാട്ടവുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. അതുപോലെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തേയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

ആരാധകരെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശം ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. നന്മ നിറഞ്ഞ, പരസഹായത്തില്‍ വ്യാപൃതനായ, വെടിയുണ്ടകളേല്‍ക്കാത്ത നായകനേയും കൂട്ടാളികളേയും ഇവിടെയും കാണാവുന്നതാണ്. ഇന്റര്‍വെല്‍ പഞ്ചും, സംഘട്ടനരംഗങ്ങളും തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ പര്യാപ്തമാണ്. എങ്കിലും പൊതുപ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ചിത്രം തൃപ്തികരമായ അനുഭവം പ്രദാനം ചെയ്യുന്നില്ല. എണ്‍പതുകളെ ഇന്നിലേയ്ക്ക് പറിച്ചുനടുവാന്‍ സംവിധായകനു സാധിച്ചിട്ടുണ്ടെങ്കിലും കഥ പറഞ്ഞുതുടങ്ങുന്ന കാലഘട്ടവുമായി പലപ്പോഴും നായകന്റെ വസ്ത്രധാരണം ചേര്‍ന്നുനില്‍ക്കാതെ വരുന്നുണ്ട്.

സ്‌പെഷ്യല്‍ ഛബ്ബീസിന്റെ തമിഴ് പുനരവതരണമെന്ന നിലയില്‍ വീക്ഷിക്കുകയാണെങ്കില്‍ ‘താനേ സേര്‍ന്ത കൂട്ടം’ തികച്ചും നിരാശാജനകമാണ്. തമിഴ് പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമായി കൂട്ടിവിളക്കുവാന്‍ ശ്രമിച്ച പ്രണയം, അസ്ഥാനത്തുള്ള തമാശാ പ്രയോഗങ്ങള്‍, സെന്റിമെന്റ്‌സ് തുടങ്ങിയവ ചിത്രത്തിന്റെ നിറം കെടുത്തിയിട്ടുണ്ട്. ദ്വയാര്‍ത്ഥ കോമഡികളും ധാരാളമായി കടന്നുവന്നിരുന്നു. സിംഗം ശ്രേണിയില്‍ അകപ്പെട്ട് ജനങ്ങളില്‍ നിന്ന് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സൂര്യയെ സംബന്ധിച്ചിടത്തോളം, ‘താനേ സേര്‍ന്ത കൂട്ടം’ തമ്മില്‍ ഭേദപ്പെട്ട ഒരു ചിത്രം മാത്രമേ ആകുന്നുള്ളൂ. ഹാസ്യം എന്ന ഉദ്ദേശത്തോടുകൂടി മാത്രമായിരുന്നെങ്കിലും, ‘ദുരൈ സിംഗം’ ഒരബദ്ധമായിരുന്നു എന്ന് നായകന് തോന്നിത്തുടങ്ങിയോ എന്ന് ചില പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

സൂര്യയുടെ ഊര്‍ജ്ജസ്വലമായ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയന്റ്. ഇമോഷണല്‍ രംഗങ്ങളില്‍ മിതത്വം പാലിച്ചപ്പോള്‍ നൃത്ത രംഗങ്ങളില്‍ അദ്ദേഹം തിളങ്ങി. പ്രധാന സ്ത്രീകഥാപാത്രമായി രമ്യാ കൃഷ്ണന്‍ നിറഞ്ഞാടിയപ്പോള്‍ കീര്‍ത്തി സുരേഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ യാതൊരാവശ്യവും സിനിമയില്‍ ഇല്ലായിരുന്നു. സുരേഷ് മേനോന്‍, തമ്പി രാമയ്യ, തുടങ്ങിയവരാണ് ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കൊമേഡിയന്‍ സെന്തില്‍ മടങ്ങി വരവ് നടത്തുന്ന ചിത്രം കൂടിയാണിത്.

ഏതാനും ആഴ്ചകളായി സംഗീത ലോകത്ത് തരംഗമായ, മണി അമുദവന്‍, വിഗ്‌നേഷ് ശിവന്‍ എന്നിവരുടെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്ന സൊടക്ക് മേലെ സൊടക്ക്’ എന്ന ഗാനം തിയേറ്ററില്‍ ഇന്നോളം കണ്ടിട്ടില്ലാത്തത്ര വലിയ ഓളമാണ് സൃഷ്ടിക്കുന്നത്. ആന്റണി ദാസന്‍ ആലപിച്ച ഈ ഗാനമൊഴിച്ചാല്‍ മറ്റുള്ള ആറു ഗാനങ്ങളും വളരെ മോശമായിരുന്നു. പലപ്പോഴും തുടര്‍ച്ച നഷ്ടപ്പെട്ടതും ചിത്രവുമായി സംയോജിക്കാത്തതുമായ പശ്ചാത്തലസംഗീതം ആസ്വാദ്യതയെ ബാധിക്കുകയുണ്ടായി. ദിലീപ് സുബ്ബരായന്റെ സംഘട്ടനരംഗങ്ങളും ദിനേഷ് കൃഷ്ണന്റെ ഛായാഗ്രഹണവും മികച്ചുനില്‍ക്കുന്നു.

ആകെത്തുകയില്‍, ചില സാമൂഹികവിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തികച്ചും നിരാശാജനകമായ ഒരു സിനിമാനുഭവം മാത്രമാണ് സൂര്യ ഇത്തവണയും തന്റെ ചിത്രത്തിലൂടെ പ്രേക്ഷകന് വച്ചുനീട്ടുന്നത്.

Advertisement