വുമൺഹുഡ് എന്ന വികാരത്തെ ഇത്രയും ആഴത്തിലും സൂക്ഷ്മമായും അവതരിപ്പിച്ച ഒരു സിനിമ മലയാളത്തിൽ സമീപകാലത്തൊന്നും പുറത്തിറങ്ങിയിട്ടില്ല എന്ന് നിസ്സംശയം പറയാം. മലയാള സിനിമയ്ക്ക് എല്ലാകാലത്തും അഭിമാനിക്കുന്ന ഒരു ഗംഭീര സൃഷ്ടിയാണ് ക്രിസ്റ്റോ ടോമിയുടെ ‘ഉള്ളൊഴുക്ക്’. ഓരോ മനുഷ്യരും പലവിധ രഹസ്യങ്ങൾ പേറിയാണ് ജീവിക്കുന്നത്. ഒരുപക്ഷേ അത്തരം രഹസ്യങ്ങളാണ് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയതെന്ന് പിന്നീട് കാണാൻ കഴിയും. അത്തരത്തിൽ ചില രഹസ്യങ്ങൾ രണ്ട് സ്ത്രീകളുടെ ജീവിതത്തെയും അവരുമായി ബന്ധപ്പെട്ട മറ്റ് മനുഷ്യരെയും എങ്ങനെയാണ് ബാധിക്കുന്നതെന്നാണ് ക്രിസ്റ്റോ ടോമി ഉള്ളൊഴുക്കിലൂടെ പറയുന്നത്. കാമുകനായ രാജീവിന്റെ കൂടെ സംസാരിക്കുന്ന അഞ്ജു (പാർവതി) എന്ന ‘സെയ്ൽസ്ഗേളി’ൽ നിന്നും, ഒരു മഴ പെയ്താൽ പോലും വെള്ളം കയറുന്ന കുട്ടനാട്ടിലെ കായലിലിലെ തോണിയിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അഞ്ജു എന്ന ‘കല്ല്യാണപ്പെണ്ണി’ലേക്കുള്ള ട്രാൻസിഷനാണ് ആദ്യ നിമിഷങ്ങളിൽ കാണാൻ കഴിയുന്നത്. സ്ത്രീകളുടെ ചോയ്സുകളും ജീവിതവും എല്ലാകാലത്തും പുരുഷ- പിതൃ കേന്ദ്രീകൃത വ്യവസ്ഥിതികളാണ് നിശ്ചയിക്കുന്നതെന്ന യാഥാർത്ഥ്യം ഇവിടെയും ആവർത്തിക്കപ്പെടുന്നു.
(Spoiler Alert)
പലപ്പോഴും സ്വന്തമായി തീരുമാനങ്ങളെടുക്കാൻ സാധിക്കാത്ത അഞ്ജു എന്ന കഥാപാത്രത്തിന്റെ പരിണാമം കൂടിയാണ് സിനിമ പറയുന്നത്. ഇഷ്ടമില്ലാത്ത കല്ല്യാണം കഴിക്കുകയും, ഭർത്താവിന്റെ കിടപ്പറയിൽ കേവലമൊരു ഒബ്ജക്ട് ആയും, കിടപ്പിലായ ഭർത്താവിനെ ശുശ്രൂഷിക്കുന്ന ഒരു ജോലിക്കാരിയെ പോലെയും അഞ്ജുവിനെ സിനിമയിലുടനീളം കാണാൻ സാധിക്കും. എന്നാൽ അഞ്ജു സന്തോഷവതിയായിരിക്കുന്നത് തന്റെ പ്രണയത്തിൽ മാത്രമാണ്. അതുമാത്രമാണ് അവളുടെ ഒരേയൊരു ആശ്വാസം. നിറയെ മനുഷ്യർ ചുറ്റുമുണ്ടായിട്ടും അവളുടെ ഏകാന്തതയ്ക്ക് ശമനം കിട്ടുന്നത് അവളുടെ പ്രണയത്തിലാണ്. തനിക്ക് എന്നും ഇങ്ങനെ വേണമെന്ന് കാമുകനോട് പറയുമ്പോൾ മനസിലാക്കാം അവളുടെ സ്നേഹത്തിന്റെ ശക്തി. കാമുകനാണ് തന്നെ പൂർണമായും മനസിലാക്കുന്നതെന്ന ധൈര്യത്തിലാണ് ഓരോ പ്രതിസന്ധി ഘട്ടം വരുമ്പോഴും അവൾ മുന്നോട്ട് പോവുന്നത്.
ലീലാമ്മ (ഉർവശി) മകനെ പോലെ തന്നെ മരുമകളെയും സ്നേഹിക്കുന്ന, എന്നാൽ മകൻ തോമസുകുട്ടിയുടെ ( പ്രശാന്ത് മുരളി) ആരോഗ്യത്തിലും മറ്റും കൂടുതൽ ശ്രദ്ധാലുവായ എപ്പോഴും ദൈവത്തിൽ അഭയം പ്രാപിക്കുന്ന സ്ത്രീയാണ്. അതുകൊണ്ട് തന്നെ ‘എല്ലാം ദൈവത്തിന്റെ നിശ്ചയം പോലെ നടക്കുമെന്ന്’ അവർ കരുതുന്നുണ്ട്. ഭർത്താവിന്റെ മരണശേഷം രണ്ട് മക്കളെയും നല്ല പോലെ വളർത്തി, മകളെ കല്ല്യാണം കഴിച്ച് അയക്കുകയും, മകന്റെ കൂടെ ജീവിതം നയിക്കുന്നവളുമാണ്. ഏകാന്തതയെ ലീലാമ്മ ഭയക്കുന്നുണ്ടെന്ന് സിനിമയിൽ കാണാം. ഏകാന്തതയെ മാത്രമല്ല സമൂഹത്തെയും അവർ ഭയക്കുന്നുണ്ട്. മകന്റെ രോഗവിവരം ഒരു രഹസ്യമാക്കിവെക്കുന്നത് അങ്ങനെയാണ്. തന്റെ മരണശേഷം മകൻ ഒറ്റപ്പെട്ട് പോവുമെന്ന അവരുടെ തോന്നലിന്റെ ഫലം കൂടിയാണ് മകന്റെ കല്ല്യാണമെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്. അഞ്ജു ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ മുത്തശ്ശിയാവാൻ അവർ മനസ്സ് കൊണ്ട് തയ്യാറെടുക്കുന്നു. പക്ഷേ സമൂഹത്തിലെ യാഥാസ്ഥിതിക മരുമകൾ- അമ്മായിയമ്മ ബന്ധമല്ല അഞ്ജുവും ലീലാമ്മയും തമ്മിലെന്ന് കാണാൻ കഴിയും. ഭർത്താവിന്റെ കുട്ടിയല്ല തന്റെ വയറ്റിൽ വളരുന്നതെന്ന സത്യമറിയുന്നതുകൊണ്ട് തന്നെ ലീലാമ്മയുടെ സ്നേഹം അഞ്ജു പലപ്പോഴും അവഗണിക്കുന്നുണ്ട്. ലീലാമ്മ പലപ്പോഴും സ്നേഹം കിട്ടാതെ ജീവിച്ച സ്ത്രീയാണ്, മരണവീട്ടിലിരുന്ന് ആശ്വാസത്തിനായി അഞ്ജുവിന്റെ കയ്യിൽ മുറുകെപിടിക്കുന്ന ലീലാമ്മയുടെ സ്പർശനത്തെ പോലും അഞ്ജു കൃത്യമായി അവഗണിക്കുന്നുണ്ട്. കൂടാതെ തോമസുകുട്ടിയുടെ മരണശേഷം തന്റെ ഏകാന്തതയിൽ ഇനി മകന്റെ കുഞ്ഞുണ്ടല്ലോ എന്ന ലീലാമ്മയുടെ ആശ്വാസത്തിന്റെ ദൈർഘ്യം വളരെ ചെറുതായിരുന്നുവെന്ന് കാണാൻ കഴിയും. മകന്റെ രോഗവിവരം മറച്ചുവെച്ചാണ് അഞ്ജുവിനെ ഈ വീട്ടിലേക്ക് താൻ കൂട്ടികൊണ്ടുവന്നതെന്ന വലിയ സത്യം ലീലാമ്മയെ മനസിന്റെ ഉള്ളിൽ എപ്പോഴും വേട്ടയാടുന്നുണ്ട്. അതുകൊണ്ടാണ് അഞ്ജുവിനെ മരിയ എന്ന പേരിൽ വിളിച്ചിരുന്നത് രാജീവ് ആണെന്ന് തിരിച്ചറിഞ്ഞിട്ടും അതിനെപറ്റിയുള്ള അഞ്ജുവിന്റെ അലസമായ വിശദീകരണത്തിൽ അവർ തൃപ്തിയടയുന്നത്.കൂടാതെ അഞ്ജുവിന്റെ പിറക്കാൻ പോകുന്ന കുഞ്ഞിനെ സ്വന്തം പേരക്കുട്ടിയായി തന്നെ കാണാൻ ലീലാമ്മയ്ക്ക് കാണാൻ കഴിയുന്നുണ്ട്.
വലിയ രഹസ്യവും ചെറിയ രഹസ്യവും തമ്മിലുള്ള സംഘർഷം സിനിമയിലുടനീളം കാണാൻ കഴിയും. ‘പരപുരുഷ ബന്ധം’ സ്ഥാപിക്കുന്ന സ്ത്രീയെക്കാളും ‘ചെറിയ തെറ്റ്’ മാത്രമാണ് സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുന്നിൽ ലീലാമ്മ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ അഞ്ജുവിനെയാണ് എപ്പോഴും തെറ്റുകാരിയായി കുടുംബമെന്ന വ്യവസ്ഥിതി കാണുന്നത്. എന്നാൽ ലീലാമ്മയ്ക്ക് താൻ ചെയ്തതിന്റെ ആഴവും വലുപ്പവും കുറച്ച് സമയമെടുത്താണെങ്കിലും തിരിച്ചറിയാൻ കഴിയുന്നുണ്ട്. മകന്റെ മരണശേഷമാണ് ജീവിതത്തിന്റെ കയ്പ് നിറഞ്ഞ പല യാഥാർത്ഥ്യങ്ങളും ലീലാമ്മ തിരിച്ചറിയുന്നതും അതെല്ലാം അംഗീകരിക്കുന്നതും. അത് കേവലം രണ്ട് മനുഷ്യർ തമ്മിലുള്ള മനസിലാക്കലുകളല്ല. അത് ഈ ലോകത്ത് രണ്ട് സ്ത്രീകൾക്ക് മാത്രം കഴിയുന്നതാണ്. അതുകൊണ്ട് കൂടിയാണ് മരുമകളുടെ അച്ഛനായ ജോർജിനോട് (അലൻസിയർ) അഞ്ജുവിനെ നല്ല പോലെ ജീവിക്കാനനുവദിക്കണമെന്ന് ലീലാമ്മ പറയുന്നത്. താൻ മുൻപൊരിക്കൽ ചെയ്ത തെറ്റിനെ തിരുത്തുകകൂടിയാണ് ജോർജ് ഇതിലൂടെ ചെയ്യുന്നത്.
അഞ്ജുവിന്റെ കാമുകൻ രാജീവ് (അർജുൻ രാധാകൃഷ്ണൻ) തന്നെ കല്ല്യാണ ശേഷവും സ്നേഹിക്കുന്നത് എന്തിനുവേണ്ടിയായിരുന്നുവെന്ന് കുറേ സമയമെടുത്താണ് അഞ്ജു മനസിലാക്കുന്നത്. താൻ ആത്മാർത്ഥമായാണ് സ്നേഹിക്കുന്നതെന്ന് അഞ്ജുവിനെയും പ്രേക്ഷകരെയും കൊണ്ട് അയാൾ തോന്നിപ്പിക്കുന്നുണ്ട്. എന്നാൽ തന്നെ വെറും ഒബ്ജക്ട് മാത്രമായാണ് താൻ സ്നേഹിച്ചിരുന്ന മനുഷ്യൻ കണ്ടിരുന്നതെന്ന തിരിച്ചറിവാണ് അഞ്ജുവിനെ കൊണ്ട് ശരിയായ തീരുമാനമെടുക്കാൻ പ്രാപതയാക്കുന്നത്. അഞ്ജുവിനെയും ലീലാമ്മയെയും ഒന്നിപ്പിക്കുന്നത് ആ വീടാണ്. രണ്ടുപേരും സ്വന്തം വീടുപേക്ഷിച്ച് ആ വീട്ടിലേക്ക് ‘ഭാര്യമാരായി’ വന്ന് ചേർന്നവരാണ്. സ്വന്തം മകളെക്കാൾ ഒരുപക്ഷേ അഞ്ജുവിനെ ലീലാമ്മ മനസിലാക്കുന്നുണ്ടെന്ന് ചിത്രത്തിലെ ഒരു രംഗത്തിലൂടെ സംവിധായകൻ പറയുന്നുണ്ട്.
സിനിമയവസാനിക്കുമ്പോൾ ലീലാമ്മയുടെ കൈ മുറുകെപിടിക്കുന്ന അഞ്ജുവിനെ കാണാം, മുൻപൊരിക്കൽ അവഗണിച്ചുകളഞ്ഞ ആ സ്പർശനം, കരുതൽ എന്നിവയെല്ലാം അഞ്ജു തിരികെകൊടുക്കുന്നു. സദാസമയം മഴപെയ്തുകൊണ്ടിരിക്കുന്ന കുട്ടനാട്ടിലെ ആ ഗ്രാമം പോലെതന്നെയാണ് ഉള്ളൊഴുക്കിലെ മനുഷ്യരുടെ മനസുകളും. മഴ പെയ്ത് വെള്ളം നിറയുകയും, അത് പല വഴിക്ക് ഒഴുകി പോവുകയും ചെയ്യുന്നു. ചിലപ്പോൾ ദിവസങ്ങളോളം അതെല്ലാം കെട്ടികിടക്കുകയും മനുഷ്യരുടെയെല്ലാം ദൈനംദിന ജീവിതത്തെപോലും സാരമായി ബാധിക്കുകയും ചെയ്യുന്നു. അഞ്ജുവും ലീലാമ്മയും മനസ്സിൽ വെള്ളത്തെ പോലെയുള്ള വലിയ ഭാരവും ചുമന്നാണ് ജീവിക്കുന്നത്. അതൊന്ന് ഒഴുക്കിവിടാൻ അവർക്ക് ഇടങ്ങളില്ല, അതിന്റെ വലിയ ഭാരമാണ് ജീവിതത്തിലുടനീളം അവർ പേറിയത്. അതുകൊണ്ട് തന്നെ സ്ത്രീത്വം എന്ന അനുഭവത്തെ, സ്ത്രീകളുടെ അനുകമ്പയെ, അവരുടെ ദുർബലതയെയെല്ലാം ക്രിസ്റ്റോ ടോമി തടഞ്ഞുനിർത്താതെ ഒഴുക്കിവിടാൻ ശ്രമിക്കുന്നു, അതുതന്നെയാണ് ഉള്ളൊഴുക്കിനെ ഗംഭീര സിനിമാനുഭവമാക്കി മാറ്റുന്നത്.
ഫ്ലാഷ്ബാക്കുകളിലൂടെയല്ല സിനിമയുടെ കഥ വെളിവാകുന്നത്, അത് സംഭാഷണങ്ങളിലൂടെയാണ്. സംഭാഷണങ്ങൾ തന്നെയാണ് ഉള്ളൊഴുക്കിന്റെ ശക്തി. കൂടുതൽ സമയവും ചെറുതും ദീർഘവുമായ സംഭാഷണങ്ങളിലൂടെ കഥാപാത്രങ്ങൾ സ്ക്രീനിൽ നിന്നും പുറത്തിറങ്ങി സംസാരിക്കുന്നത് പോലെ തോന്നും, പ്ലോട്ട് ഡ്രിവൺ ആയല്ല, പേർഫോമൻസ് ഡ്രിവൺ ആയാണ് സിനിമ മുന്നോട്ട് പോകുന്നത്. നിരവധി ലെയറുകളുള്ള കഥാപാത്രങ്ങളാണ് സിനിമയിലുടനീളം. അതിൽ തന്നെ അഞ്ജുവിന്റെയും ലീലാമ്മയുടെയും രാജീവിന്റെയും ക്യാരക്ടർ ആർക് ഗംഭീരമാണ്. അത്രയും റിയലിസ്റ്റിക് ആയാണ് പാർവതിയും ഉർവശിയും തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ രണ്ട് പേരുടെ ഗംഭീരമായ പ്രകടനം തന്നെ സിനിമയിൽ കാണാം. മഴ എന്നത് സിനിമയിലെ മറ്റൊരു കഥാപാത്രം കൂടിയായിരുന്നു. മനോഹരമായാണ് കുട്ടനാടിന്റെ ടെറൈൻ ക്രിസ്റ്റോ ടോമി ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാൽ തീർച്ചയായും കയ്യടിയർഹിക്കുന്നു. ഓവർ ഡ്രമാറ്റിക് ആയി ഒരുപക്ഷേ പ്രേക്ഷകന് തോന്നേണ്ടിയിരുന്ന പല ഭാഗങ്ങളും വൈകാരികമായ അനുഭവമുണ്ടാക്കിയെടുത്തതിൽ സുഷിൻ ശ്യാമിന്റെ കയ്യടക്കത്തോടെയുള്ള പശ്ചാത്തല സംഗീതം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ക്രിസ്റ്റോ ടോമി ഒരിക്കലും ഭൂരിപക്ഷ പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയല്ല ഉള്ളൊഴുക്ക് എന്ന് കൃത്യമായി കാണാൻ സാധിക്കും.സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വീഡിയോഗ്രഫിയിലും പഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കന്യക’ എന്ന ഹൃസ്വചിത്രം 2014-ലെ 61-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു,
കൂടാതെ 2016-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ നോൺ- ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ ലോട്ടസ് പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കാമുകി’ എന്ന ഹ്രസ്വചിത്രത്തിനായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ‘കറി ആന്റ് സയനൈഡ്’ എന്ന പ്രശസ്തമായ ഡോക്യുമെന്ററി ക്രിസ്റ്റോ ടോമി എന്ന ഫിലിംമേക്കറുടെ ഒരു ഇൻട്രൊഡക്ഷൻ മാത്രമായിരുന്നുവെന്ന് വേണം മനസിലാക്കാൻ.