'തൊട്ടപ്പൻ' ഹൃദയത്തിൽ തൊടുമ്പോൾ- സിനിമാ റിവ്യു

ഡോ. സാബിൻ ജോർജ്

മാമ്മോദീസയുടെ ദിവസം പള്ളിയകത്ത് ഇത്താക്കിന്റെ കൈകൾ സാറക്കുഞ്ഞിന്റെ ശിരസിൽ തൊട്ടപ്പോൾ ആകാശത്തു നിന്ന് അരുളപ്പാടുണ്ടാവുകയോ അരൂപി പ്രാവായ് പറന്നിറങ്ങുകയോ  ചെയ്തില്ല. പക്ഷേ കൺ തുറന്ന ദിവസം മുതൽ അവരുടെ ഹൃദയങ്ങൾക്കിടയിൽ  പവിത്രസ്നേഹത്തിന്റെ ഒരു പാലം പണിയപ്പെട്ടു. അവൾക്ക് അയാൾ തലതൊട്ടപ്പനായി, കൂടുതൽ കരുതലിൽ വിളിക്കാൻ തൊട്ടപ്പനായി. തൊട്ടപ്പനാകട്ടെ ജീവിതം മുഴുവൻ കരുതലിന്റെ മേഘക്കീറായി കൺനോട്ടം പതിക്കേണ്ട പീലാസെയായി. തൊട്ടപ്പന്റെയും തൊട്ട മകളുടെയും കറ തീർന്ന ആത്മബന്ധത്തിന്റെ വശ്യതയാണ് പശ്ചിമ കൊച്ചിയുടെ കഥാകാരൻ  ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന നീണ്ടകഥയുടെ അടിത്തറയിൽ ഷാനവാസ് ബാവക്കുട്ടി നമ്മുടെ മുമ്പിലെത്തിക്കുന്നത്. മനസ്സിന്റെ ആർദ്രതയും വിശാലമായ മനുഷ്യസ്നേഹവും നഷ്ടപ്പെടാത്തവർ തീർച്ചയായും മിസ് ചെയ്യരുതാത്ത ചിത്രം.

കവർന്നെടുത്ത നിധി കണ്ടൽവേരുക്കൾക്കിടയിൽ  സുരക്ഷിതമാക്കാൻ കായൽ വെള്ളത്തിനടിയിലേക്ക്  മുങ്ങാംകുഴിയിടുന്ന സമയത്താണ് ജോണപ്പൻ ( ദിലീഷ് പോത്തൻ) എന്ന കള്ളൻ, ഇത്താക്ക് (വിനായകൻ) എന്ന തന്റെ നല്ല പാതിയായ സഹകള്ളനെ തന്റെ കുഞ്ഞിനെ തൊട്ടപ്പനായി ഉറപ്പിക്കുന്നത്. വെള്ളത്തിൽ ശ്വാസം പിടിച്ചു കിടന്ന് കായലിനടിയിലേക്ക് ഊളിയിടാനുള്ള കഴിവു തന്നെയായിരുന്നു ഇതിനുള്ള ആധാരം. അങ്ങിനെ നാട്ടിലെ കള്ളൻ തൊട്ടപ്പനായി. അതു കാണാൻ കാത്തു നിൽക്കാതെ കുഞ്ഞിന്റെ അപ്പൻ എവിടെയോ മറഞ്ഞപ്പോൾ സാറ മോൾക്ക് (പ്രിയംവദ ) ഇത്താക്ക് അപ്പൻ കൂടിയായി. ഭർത്താവ് അപ്രത്യക്ഷയായ ദിനം മുതൽ മിണ്ടാട്ടമില്ലാതെ ശിലയായി  മാറിയ സാറയുടെ  അമ്മയ്ക്ക് കൊടുക്കാൻ കഴിയാതെ പോയ മാതൃവാത്സ്യല്യത്തിന്റെ കരുതൽ കൂടി തൊട്ടപ്പനെ കാത്തു വച്ച നിയോഗമായി. അന്നു മുതൽ അവൾ തൊട്ടപ്പനൊത്ത് പിച്ചവെച്ചു, നിലാവുള്ള രാത്രികളിൽ കായലിൽ വഞ്ചിയൂന്നി, തൊട്ടപ്പന്റെ തോളിലേറി, സൈക്കിളിലേറി തുരുത്തിലെ മഴയും മഞ്ഞും വെയിലും കൊണ്ടു. ദീനം വന്നാലും, സ്കൂളിൽ പോയാലും അവൾക്ക് തൊട്ടപ്പൻ അമ്മയായി. സിനിമ കാണിച്ചും, ക്രിസ്മസ് പപ്പയെ കാണിച്ചും അപ്പനായി. കായൽ വെള്ളത്തിനടിയിലേക്ക് താഴ്ന്നിറങ്ങാനും, ഏതു വേദനയിലും കുറവിലും നട്ടെല്ലോടെ നിവർന്നു നിൽക്കാനും അവളെ പഠിപ്പിച്ചെടുത്തത് ഏത് പൂട്ടും പൊളിക്കുന്ന കള്ളനായ ആ തൊട്ടപ്പൻ തന്നെ. മനുഷ്യബന്ധങ്ങളുടെ നിരവധി കഥകൾ കണ്ട മലയാള സിനിമയ്ക്ക് പുതുമയായിരിക്കും ഈ തൊട്ടപ്പൻ – മകൾ ബന്ധം. കൊച്ചിയിലെ ക്രിസ്ത്യൻ, വിശേഷിച്ച് ആംഗ്ലോ ഇന്ത്യൻ കുടുoബങ്ങളിൽ സവിശേഷ പ്രാധാന്യമുള്ള തലതൊട്ടപ്പൻ  ത്രെഡാണ് നൊറോണയുടെ വിശാലമായ ചെറുകഥയിൽ നിന്ന് പി.എസ് റഫീക്ക്  (തിരക്കഥ) സിനിമാറ്റിക് കഥയ്ക്ക് ജീവനായി നൽകിയിരിക്കുന്നത്. പല ദൃശ്യങ്ങളിലും ആമേൻ സിനിമ നൽകിയ മാജിക്കൽ റിയലിസത്തിന്റെ ഒളി മിന്നുന്നുണ്ട് തൊട്ടപ്പനിലും.


കണ്ടലുകൾ പച്ചപ്പേകുന്ന, ചെമ്മീൻ കെട്ടുകൾ നിറയുന്ന, ഓരു വെള്ളത്തിന്റെ രുചിയുള്ള പശ്ചിമകൊച്ചിയിലെ ഒരു തുരുത്തിലാണ് കഥയുടെ അരങ്ങേറ്റം. തികച്ചും പ്രാദേശികമായ, തനതായ ഭാഷയും ശീലങ്ങളും വിശ്വാസങ്ങളും പ്രകൃതിയും കുട പിടിക്കുന്ന ഈ ദേശത്താണ് തൊട്ടപ്പനെന്ന കള്ളൻ കഥാപാത്രത്തെ പ്രതിഷ്ഠിക്കുന്നത്. പലപ്പോഴും നാടിന്റെ പരുക്കനായ നല്ല കള്ളനായി തന്നെ. സാറക്കുഞ്ഞെന്ന കാര്യം വരുമ്പോൾ ഒരേ സമയം അപ്പൻ, അമ്മ,  ഭാവങ്ങളുടെ വാത്സല്യവും, കരുതലും പേറണം. മോഷ്ടിക്കാനിറങ്ങുമ്പോൾ ഒടിയന്റെ കൃത്യതയും, സൂക്ഷ്മതയും കാട്ടണം. ഒരേസമയം പൈലിപ്പോലീസിനും, മജിസ്ട്രേറ്റിനും പരിചിതനാകണം. കട്ട മുതൽ കൂട്ടുകാരന് പെര വെയ്ക്കാൻ മാറ്റിവെയ്ക്കണമെന്ന് പറയുന്ന, എന്നാൽ ചതിക്കുമ്പോൾ രണ്ടു പൊട്ടിക്കുന്ന ഭാവംകാണിക്കണം. പള്ളീലച്ചന്റെ മേടയിലിരുന്ന് ഭവനഭേദനത്തിന്റെ പദ്ധതി തയ്യാറാക്കണം. മോഷണമുതൽ അനാഥർക്ക് നൽകുന്ന കൊച്ചുണ്ണിയാകണം. എൺപതു തികഞ്ഞ പ്രാഞ്ചിയമ്മാവന്റെയും അമ്മായിയുടേയും പ്രണയത്തിന് ദൂതനാകണം. പീഡനം നടത്തിയ മുതലാളിയുടെ മുമ്പിൽ ക്രൗര്യം കാട്ടണം. കാമുകിക്ക് സന്തോഷവും സമാധാനവും കിട്ടാൻ സ്വയം ത്യാഗം ചെയ്യണം. സാറ മോൾ കല്യാണം കഴിഞ്ഞ് സന്തോഷമായി കഴിയുമ്പോൾ അവളുടെ മേൽ തന്റെ നിഴൽ വീഴാതെ തുരുത്തിൽ നിന്നു പോണം. കൂടാതെ കട്ടിട്ടും നിൽക്കാനറിയാവുന്ന വമ്പൻ കള്ളൻമാരോട്, അവരെ സംരക്ഷിക്കുന്ന വ്യവസ്ഥയോട് രോഷവും, നിർമ്മതയും വേണം. ഒടുവിൽ കർത്താവിനു പോലും കൂട്ടായി ഇടതും വലതും കള്ളൻമാരേ ഉണ്ടായിരുന്നുള്ളു എന്ന് ആശ്വസിക്കണം. ഇങ്ങിനെ ബഹുമുഖഭാവങ്ങൾ നൽകി വികസിപ്പിച്ച തൊട്ടപ്പനെന്ന കഥാപാത്രത്തിന്റെ വാത്സല്യത്തിന്റെ മുതൽ ക്രൗര്യത്തിന്റെ ഭാവങ്ങൾ വരെ സ്വന്തം മാനറിസങ്ങൾ പൂർണമായും ഉപയോഗിച്ച് ഫലിപ്പിക്കാൻ വിനായകൻ വിജയിക്കുന്നു എന്നു തന്നെ പറയണം. വിനായകൻ ജനിച്ചത് തൊട്ടപ്പനാകാൻ തന്നെ എന്ന വിധത്തിൽ കാണികൾക്കും വിശ്വാസമായിട്ടുണ്ടാകും.

കണ്ടൽ വിട്ടെങ്ങും പോകാതെ തന്നെ കാത്ത തൊട്ടപ്പന്റെ വിശ്വസ്തയായ സാറ മോളായി വന്ന പ്രിയംവദയും കഥാപാത്ര രൂപകൽപനയോട് നീതി പുലർത്തി. കറുപ്പാൽ കരിമീനെന്നും, താടിരോമത്താൽ കുഞ്ഞാടെന്നും, കള്ളിയെന്നും, മോശക്കാരിയെന്നും വിളിക്കുമ്പോഴും അവസാനരംഗം വരെ ഊക്കോടെ നിൽക്കുന്നു സാറ, തൊട്ടപ്പന്റെ തന്റേടത്തോടെ തന്നെ. കിഡ്നിയച്ചനായി , ലോകത്തിലെ എല്ലാ മുതലും ദൈവത്തിന്റേതാകയാൽ മോഷണത്തെ വെറുക്കാത്ത, നല്ല കള്ളന്  കഞ്ഞി വെയ്ക്കുന്ന പീറ്ററച്ചനായി എത്തുന്ന മനോജ് കെ ജയനും, സിനിമയുടെ യുവ മുഖമായെത്തുന്ന റോഷന്റെ ഇസ്മയേലും തുടങ്ങി കൃത്യമായ അച്ചുകളിൽ വാർത്തെടുക്കപ്പെട്ട ഒരു പിടി പച്ചമനുഷ്യർ കഥാപാത്രങ്ങളായി അവരിൽ മിക്കവരും പുതുമുഖങ്ങളാകുമ്പോൾ കിട്ടുന്ന ഒറിജിനാലിറ്റി തൊട്ടപ്പന്റെ കഥാകാരനും തിരക്കഥാകൃത്തിനും,കാസ്റ്റിങ്ങ് ഡയറക്ടർക്കും കൈയടി നേടിത്തരും.

പ്രാന്തൻ കണ്ടലിന്റെ പാട്ട് പരസ്പരം പാടി മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയത്തെ ഓർമ്മിപ്പിച്ച പ്രാഞ്ചിയും, അമ്മായിയും ഓർമ്മിക്കപ്പെടും. ഭാര്യയുടെ സ്വർണം മോഷ്ടിച്ചു തരാൻ കള്ളനെ കൂട്ടുപിടിക്കുന്ന ഭർത്താവും, ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കടുംകെട്ട് വീഴുന്ന അണ്ടർവെയറിന്റെ വള്ളിയഴിക്കാൻ ഭാര്യയുടെ സഹായം തേടുന്ന പുരുഷത്വവും ചിരിയും ചിന്തയുമാകും. കണ്ണില്ലാതെ എല്ലാം കാണുന്ന മനസ്സിലാക്കുന്ന അദ്രുമാൻ രഘുനാഥ് പലേരിയുടെ കൈകളിൽ ഭദ്രമായി. ചങ്ങലയിടപ്പെട്ട, അതീവ സ്വാതന്ത്ര്യമുള്ള കഥാപാത്രങ്ങളാൽ, സ്വാഭാവികത പ്രകടിപ്പിക്കാൻ വൈമനസ്യം ഇല്ലാത്ത കഥാപാത്രങ്ങളാൽ സമ്പന്നമാണ് തൊട്ടപ്പൻ. മനുഷ്യന്റെ വന്യതയാണ് തന്റെ ആകർഷണമെന്ന് പറയുന്ന നൊറോണയുടെ കഥാപാത്രങ്ങൾക്ക് അങ്ങിനെയാകാനല്ലേ തരമുള്ളൂ?

ജൈവവും, അജൈവവുമായ പ്രകൃതിയുടെ സാന്നിധ്യമാണ് തൊട്ടപ്പൻ സിനിമയുടെ ഹൈലൈറ്റ്. സാഹിത്യ സൃഷ്ടി സിനിമയാകുമ്പോൾ ഉണ്ടാകുന്ന പരിമിതികൾക്കിടയിലും മനുഷ്യനൊപ്പം തന്നെ പ്രകൃതിയും സിനിമയിൽ കഥാപാത്രമാകുന്നു. ഇരുളായി വെളിച്ചമായി മഴയായി വെയിലായി സൂര്യനും ചന്ദ്രനുമായി കായലും നിലാവുമായി പ്രകൃതി, ദേശം, കാലം എന്നിവ ദൃശ്യങ്ങൾക്ക് കാവലാകുന്നു. കക്കയും, ചെമ്മീനും, കളാഞ്ചിയും, ചിലന്തിയും, പോത്തും സിനിമയിൽ കഥാപാത്രങ്ങൾ തന്നെ. ഉമ്മുക്കുൽസു എന്ന പൂച്ചയും ടിപ്പു എന്ന നായയും സിനിമയിൽ അവതരിപ്പിക്കുന്ന പുതുമുഖങ്ങളെന്ന് ടൈറ്റിലിൽ തെളിയുമ്പോൾ തന്നെ ചിത്രത്തിന്റെ ഫിലോസഫി മനസ്സിൽ നിറയുന്നു.ഇരുൾ വെളിച്ചങ്ങളും, വൈകാരികതയും മാറി മറയുന്ന സീനുകളെ ദൃശ്യങ്ങളാക്കിയ സുരേഷ് രാജന്റെ ഛായാഗ്രഹണം മികച്ചത്, ഒപ്പം ചേരാൻ സ്വാഭാവിക ശബ്ദ വിന്യാസവും. സിനിമ കാണുമ്പോൾ ശബ്ദം കൃത്യമായി ശ്രദ്ധിക്കാൻ തിയേറ്ററുകൾക്ക് നിർദേശം നൽകിയത് അത് സ്വാഭാവികതയിൽ ഊന്നൽ നൽകിയതിനാലാണ്. പ്രിയ കവി അൻവർ അലിയും കൂട്ടരും ചേർന്നെഴുതി ലീലാ എൽ ഗിരീഷ് കുട്ടൻ ഈണം നൽകിയ പാട്ടുകൾ പ്രകൃതിയെ ആത്മാവിലെടുത്തവയാണ്.

തൊട്ടപ്പനിലൂടെ കിസ്മത്തിലെ നവസംവിധായകന്റെ ലേബലിൽ നിന്ന് മികച്ച ക്രാഫ്റ്റ് സ്വന്തമായുള്ള പുതിയ സിനിമാ സങ്കൽപ്പങ്ങൾക്കൊപ്പം നിൽക്കുന്നയാളാണെന്ന് സംവിധായകൻ തെളിയിക്കുന്നു. തൊട്ടപ്പൻ ഹൃദയത്തിൽ തൊട്ടതിന്റെ വൈകാരിക അനുഭവമാണ്, ദേശപ്രകൃതിയുടെ ദൃശ്യാവിഷ്കാരത്തിന്റെ ആർദ്രതയാണ് തൊട്ടപ്പനെ ആകർഷകമാകുന്നതെങ്കിലും, സിനിമാപ്രേക്ഷകർക്കായി ഡ്രാമയും, ത്രില്ലും, റൊമാൻസും ഒക്കെ ചേരുവയായുണ്ട്..സ്നേഹവും, ആർദ്രതയും കലർന്ന മനസ്സുള്ളവർക്ക് പ്രകൃതിയെ തൊട്ടറിയാൻ കഴിവുള്ളവർക്ക് മനുഷ്യജീവിതത്തിന്റെയും വിധിയുടെയും ആകസ്മികതകളിൽ വിശ്വസിക്കന്നവർക്ക് തൊട്ടപ്പന്റെയും പതിനാറു കൊല്ലം അപ്പൻ തെണ്ടൽ നടത്തിയ കണ്ടലിന്റെ പുത്രി സാറയുടേയും ഹൃദയങ്ങൾ തൊട്ട കഥ തിയേറ്ററിൽ തന്നെ കാണാം ഉറപ്പ്.