എഡ് ഷീറന്റെ പുറത്തിറങ്ങാത്ത പാട്ടുകള്‍ മോഷ്ടിച്ച് ഡാര്‍ക്ക് വെബ്ബില്‍ വിറ്റു!

ഗായകന്‍ എഡ് ഷീറന്റെ പുറത്തിറങ്ങാത്ത പാട്ടുകള്‍ മോഷ്ടിച്ച് ഡാര്‍ക്ക് വെബ്ബില്‍ വിറ്റ ഹാക്കര്‍ക്ക് 18 മാസം തടവ് ശിക്ഷ. ഗായകരുടെ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് 23-കാരനായ അഡ്രിയന്‍ വ്യാസോവ്സ്‌കി പാട്ടുകള്‍ മോഷ്ടിച്ചത്.

ഷീറന്റെ പാട്ടുകളും റാപ്പര്‍ ലില്‍ ഉസി വേര്‍ട്ടിന്റെ 12 പാട്ടുകളുമാണ് ക്രിപ്റ്റോ കറന്‍സിയ്ക്ക് വിറ്റത്. 1.20 കോടിയിലേറെ രൂപയാണ് ഇയാള്‍ ഇതിലൂടെ നേടിയത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡ്രൈവില്‍ നിന്ന് 89 ഗായകരുടെ പുറത്തിറങ്ങിയിട്ടില്ലാത്ത 1263 പാട്ടുകള്‍ കണ്ടെടുത്തത്.

പ്രതിയുടെ ആപ്പിള്‍ മാക്ക് ലാപ്ടോപ്പില്‍ ഷീറന്റെയും വെര്‍ട്ടിന്റേയും പാട്ടുകള്‍ ഉള്‍പ്പടെ 565 ഓളം ഓഡിയോ ഫയലുകളും പൊലീസ് കണ്ടെത്തി. സ്പൈര്‍ഡാര്‍ക്ക് എന്ന പേരിലാണ് ഇയാള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പാട്ടുകള്‍ മോഷ്ടിച്ചത്.

ക്രിപ്റ്റോ കറന്‍സി അക്കൗണ്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഇമെയില്‍ ഐഡിയും ഐപി അഡ്രസും കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക് എത്തിയത്. ബിറ്റ്കോയിന്‍ ഇടപാടാണ് ഇയാള്‍ നടത്തിയത്.