ഇന്ത്യൻ സ്വതന്ത്ര സംഗീത ശാഖയെ മുഴുവൻ ഇളക്കിമറിച്ച ഗാനമായിരുന്നു, റാപ്പർ അറിവ് വരികളെഴുതി കമ്പോസ് ചെയ്ത എൻജോയ് എൻജാമി. സന്തോഷ് നാരായണൻ പ്രൊഡ്യൂസ് ചെയ്ത മ്യൂസിക് ആൽബത്തിൽ അറിവും ദീയുമാണ് പാടി അഭിനയിച്ചത്.
2021- മാർച്ച് 7 ന് പുറത്തിറങ്ങിയ ഗാനത്തിന്റെ മൂന്നാം വാർഷികമാണ് ഈ വർഷം. മാജ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് ഇതുവരെ 487 മില്ല്യൺ വ്യൂസാണ് ലഭിച്ചിരിക്കുന്നത്.
എന്നാൽ മാജ യൂട്യൂബ് ചാനലിൽ നിന്നും തങ്ങൾക്ക് ഇതുവരെ പ്രതിഫലമൊന്നും ലഭിച്ചില്ലെന്നാണ് ആൽബത്തിന്റെ മൂന്നാം വാർഷികത്തിൽ സന്തോഷ് നാരായണൻ എക്സിലൂടെ വെളിപ്പെടുത്തിയത്.
സൗത്ത്- ഏഷ്യൻ ഇൻഡിപെന്റന്റ് ആർട്ടിസ്റ്റുകളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഓസ്കർ ജേതാവ് എ. ആർ റഹ്മാന്റെ സഹകരണത്തോടെ മൂന്ന് കനേഡിയൻ സ്വദേശികളാണ് മാജ യൂട്യൂബ് ചാനൽ ആരഭിച്ചത്.
കൂടാതെ ആൽബത്തിന്റെ പൂർണ്ണ അവകാശങ്ങളും, വരുമാനവും, റോയൽറ്റിയും തങ്ങൾക്ക് തന്നെ നൽകുമെന്ന് ഉറപ്പുനൽകിയാണ് മാജ തങ്ങളുടെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതെന്നും, എന്നാൽ മൂന്ന് വർഷമായിട്ടും തങ്ങൾക്ക് ഇതുവരെ യാതൊരുവിധ പ്രതിഫലവും ലഭിച്ചില്ലെന്ന് പറഞ്ഞ സന്തോഷ് നാരായണൻ, ഇനി മുതൽ ഇൻഡിപെന്റന്റ് ആർട്ടിസ്റ്റുകളെ പിന്തുണയ്ക്കാൻ താൻ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
എന്നാൽ കമ്പനിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇല്ലെന്നാണ് എ. ആർ റഹ്മാൻ ഇക്കാര്യത്തിൽ വ്യക്തമാക്കിയത്. താൻ മാജയുടെ വെറുമൊരു മെന്റർ മാത്രമായിരുന്നെന്നും, അവർ ആർട്ടിസ്റ്റുകൾക്ക് നൽകുന്ന ഉറപ്പുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും എ. ആർ റഹ്മാൻ പറഞ്ഞു.