സിബിഐ 5 അണിയറയില്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ ആയി എത്തുന്ന ചിത്രത്തെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇതിനിടയില്‍ സിബിഐ സീരിസുകളുടെ പ്രശസ്തമായ തീം മ്യൂസിക്കിന് പിന്നില്‍ എ.ആര്‍ റഹ്‌മാനാണ് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
‘മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടുകളില്ലാതെ’ എന്ന രമേശ് പുതിയമഠം രചിച്ച പുസ്തകത്തില്‍ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി ആണ് ഇക്കാര്യം പങ്കുവച്ചത്. ”ഒരു സിബിഐ ഡയറിക്കുറിപ്പില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ നടന്നു വരുമ്പോള്‍ കേള്‍ക്കുന്ന ആ ഈണം പിറന്നത് ദിലീപിന്റെ വിരല്‍ത്തുമ്പിലാണ്.”
”ശ്യാം ആ ഈണമാണ് പിന്നീട് വികസിപ്പിച്ചത്. പില്‍ക്കാലത്ത് ഇതേ ദിലീപാണ് എ.ആര്‍ റഹ്‌മാനായത്” എന്നായിരുന്നു എസ്.എന്‍ സ്വാമി കുറിച്ചത്. റഹ്‌മാന്‍ അന്ന് ശ്യാമിന്റെ അസിസ്റ്റന്റ് ആയിരുന്നു എന്നും എസ്.എന്‍. സ്വാമി കുറിച്ചിരുന്നു.
എന്നാല്‍ സിബിഐക്ക് ഈണം നല്‍കിയത് ശ്യാമായിരുന്നുവെന്നും സ്വന്തം കുഞ്ഞിന്റെ ജീവിതം മറ്റൊരാള്‍ക്ക് അടയറ വെക്കേണ്ടി വന്നതിന്റെ ആത്മ സംഘര്‍ഷത്തിലാണ് ശ്യാമെന്നും പറയുകയാണ് സംഗീത നിരൂപകന്‍ രവി മേനോന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രവി മേനോന പ്രതികരിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ശ്യാം സാറിന്റെ ഹൃദയത്തില്‍ പിറന്ന സിബിഐ തീം മ്യൂസിക്
സ്വന്തം കുഞ്ഞിന്റെ പിതൃത്വം മറ്റൊരാള്‍ക്ക് അടിയറവെക്കേണ്ടി വരുന്ന അച്ഛന്റെ ആത്മസംഘര്‍ഷം ഓര്‍ത്തു നോക്കൂ. ആ സംഘര്‍ഷം വേദനയോടെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ് ജീവിത സായാഹ്നത്തില്‍ സംഗീത സംവിധായകന്‍ ശ്യാം. മലയാള സിനിമയിലെ, ഇന്ത്യന്‍ സിനിമയിലെ തന്നെ, ഏറ്റവും പ്രശസ്തവും പരിചിതവുമായ സംഗീത ശകലങ്ങളില്‍ ഒന്നായ സിബിഐ ഡയറിക്കുറിപ്പിലെ തീം മ്യൂസിക് സൃഷ്ടിച്ചത് താനല്ല എന്ന ഭഭപുത്തന്‍ അറിവ്” ശ്യാം സാറിനെ ഞെട്ടിക്കുന്നു.
ആ മ്യൂസിക്കല്‍ ബിറ്റിന്റെ യഥാര്‍ത്ഥ ശില്‍പ്പി തനിക്കേറെ പ്രിയപ്പെട്ട സാക്ഷാല്‍ എ.ആര്‍ റഹ്‌മാന്‍ ആണെന്ന് പടത്തിന്റെ തിരക്കഥാകൃത്ത് തന്നെ വെളിപ്പെടുത്തുമ്പോള്‍ എങ്ങനെ തളരാതിരിക്കും പൊതുവെ സൗമ്യനും ശാന്തശീലനുമായ ശ്യാം സാറിന്റെ മനസ്സ്? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ഭഭവെളിപ്പെടുത്ത”ലിനെ കുറിച്ച് കേട്ടും അറിഞ്ഞും അന്തം വിടുകയാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍.
ഭഭമൂന്നര പതിറ്റാണ്ടോളമായി ആ ഈണം പിറന്നിട്ട്. മറ്റെല്ലാം മറന്നാലും അതിന്റെ ജന്മനിമിഷങ്ങള്‍ ഞാന്‍ മറക്കില്ല. ഒരു പക്ഷേ ഞാന്‍ ചെയ്ത സിനിമാപ്പാട്ടുകളേക്കാള്‍ സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ഇടംനേടിയ ഈണമാണത്.”– ശ്യാം പറയുന്നു. റഹ്‌മാന്‍ എനിക്കേറെ പ്രിയപ്പെട്ട കുട്ടിയാണ്. സംഗീത ജീവിതത്തിന്റെ ആരംഭ ഘട്ടത്തില്‍ എനിക്ക് തണലും തുണയുമായിരുന്ന പ്രിയ സുഹൃത്ത് ആര്‍ കെ ശേഖറിന്റെ മകന്‍. അസാമാന്യ പ്രതിഭാശാലി. എന്റെ മറ്റു പല ഗാനങ്ങളിലും ആദ്യകാലത്ത് കീബോര്‍ഡ് വായിച്ചിട്ടുണ്ട് അന്ന് ദിലീപ് ആയിരുന്ന റഹ്‌മാന്‍. ഒരിക്കലും മറക്കാന്‍ പറ്റില്ല അതൊന്നും. പക്ഷേ സിബിഐയിലെ തീം മ്യൂസിക്ക് എന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്. എന്റെ മാത്രം സൃഷ്ടി…എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ല. റഹ്‌മാന്‍ ഒരിക്കലും അങ്ങനെ പറയാന്‍ ഇടയില്ല.”– 85 വയസ്സ് പിന്നിട്ട ശ്യാം സാറിന്റെ വാക്കുകള്‍ വികാരാധിക്യത്താല്‍ ഇടറുന്നു.
ഒരു അവകാശ വാദമായി ദയവായി ഇതിനെ കാണരുത് എന്ന് കൂട്ടിച്ചേര്‍ക്കുന്നു ശ്യാം. ഈ പ്രായത്തില്‍ സ്വന്തം സൃഷ്ടിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി വാദിക്കേണ്ടി വരുന്നതിന്റെ ഗതികേട് മുഴുവനുണ്ടായിരുന്നു ശ്യാം സാറിന്റെ വാക്കുകളില്‍. ഭാര്യയുടെ വിയോഗത്തിന് ശേഷം മിക്കവാറും ഏകാന്ത ജീവിതത്തിലാണ് ശ്യാം. എങ്കിലും സംഗീതത്തോടുള്ള അഭിനിവേശം കൈവിട്ടിട്ടില്ല. ഭഭസംഗീതമാണ് എല്ലാ വിഷമങ്ങളും മറക്കാന്‍ ദൈവം എനിക്ക് തന്നിട്ടുള്ള ഔഷധം. പാട്ടില്‍ മുഴുകുമ്പോള്‍ മറ്റെല്ലാം മറക്കും. പുതിയ ചില ഭക്തിഗാനങ്ങളുടെ സൃഷ്ടിയിലാണ്. ദൈവം അനുവദിക്കുകയാണെങ്കില്‍ കുറെ പാട്ടുകള്‍ കൂടി ചെയ്തു നിങ്ങളെ കേള്‍പ്പിക്കണം എന്നുണ്ട്. അതിനിടക്ക് ഇതുപോലുള്ള വിവാദങ്ങള്‍ ഉയരുമ്പോള്‍ ശരിക്കും വേദന തോന്നുന്നു. ദൈവം എല്ലാ തെറ്റിദ്ധാരണകളും നീക്കട്ടെ എന്ന് മാത്രമാണിപ്പോള്‍ എന്റെ പ്രാര്‍ത്ഥന..”
ഈയിടെ ഇറങ്ങിയ സിനിമാ സംബന്ധിയായ ഒരു പുസ്തകത്തിലാണ് സിബിഐ ഡയറിക്കുറിപ്പിലെ പ്രമേയ സംഗീതത്തെ കുറിച്ചുള്ള വിവാദപരമായ പരാമര്‍ശമുള്ളത്. ശ്യാമിന്റെ അസിസ്റ്റന്റ് ആയിരുന്ന ദിലീപിന്റെ വിരലുകളിലാണ് ആ ബിറ്റ് ആദ്യം പിറന്നത് എന്ന് തിരക്കഥാകൃത്തിനെ ഉദ്ധരിച്ചുകൊണ്ട് രേഖപ്പെടുത്തുന്നു ഗ്രന്ഥകര്‍ത്താവ്. എന്നാല്‍ തലമുറകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന ഈ സംഗീതശകലം ശ്യാമിന്റെ സൃഷ്ടിയാണെന്ന് നിസ്സംശയം പ്രഖ്യാപിച്ചിരിക്കുകയാണ് പടത്തിന്റെ സംവിധായകന്‍ കെ മധു. സിബിഐയുടെ അഞ്ചാം പതിപ്പിന്റെ പണിപ്പുരയിലാണിപ്പോള്‍ അദ്ദേഹം.
സംവിധായകന്‍ കെ മധു പങ്കുവച്ച കുറിപ്പ്:
ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടം കൂടി സി.ബി.ഐ.യുടെ അഞ്ചാം പതിപ്പോടെ ഞങ്ങള്‍ സ്വന്തമാക്കുകയാണ്. ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിന്റെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യര്‍ക്ക് ജന്‍മം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്.എന്‍. സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങള്‍ക്ക് താളലയം നല്‍കിയ സംഗീത സംവിധായകന്‍ ശ്രീ. ശ്യാം, സി.ബി.ഐ. അഞ്ചാം പതിപ്പിന്റെ നിര്‍മ്മാതാവ് ശ്രീ. സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍, സി.ബി.ഐ. ഒന്നുമുതല്‍ അഞ്ചുവരെ നിര്‍മ്മാണ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുന്ന ശ്രീ.അരോമ മോഹന്‍, ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്‌സ് ബിജോയ്, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ്,ആര്‍ട്ട് ഡയറക്ടര്‍ സിറിള്‍ കുരുവിള , മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍,ഒപ്പം, കഴിഞ്ഞ 34 വര്‍ഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകള്‍ക്ക്.. എല്ലാവര്‍ക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു….
സിബിഐയിലെ തീം മ്യൂസിക് രൂപമെടുത്ത സന്ദര്‍ഭത്തെ കുറിച്ച് ശ്യാം സാറിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന ഈ പഴയ കുറിപ്പ് ഒരിക്കല്‍ കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. സംശയനിവാരണത്തിന് വേണ്ടി മാത്രം….
——————
ശ്യാം സാറിന്റെ സേതുരാമയ്യര്‍ സിബിഐ
ബുദ്ധിരാക്ഷസനായ കുറ്റാന്വേഷകന്‍ സേതുരാമയ്യരെ കാണാന്‍ സി ബി ഐ ഡയറിക്കുറിപ്പ് എന്ന സിനിമ കാണേണ്ടതില്ല നാം. ശ്യാം ചിട്ടപ്പെടുത്തിയ തീം മ്യൂസിക് കേട്ടാല്‍ മതി. ഏതാനും നിമിഷങ്ങള്‍ നീളുന്ന ഒരു സംഗീതശകലത്തിന് ഒരു കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ മുഴുവന്‍ ശ്രോതാക്കളുടെ മനസ്സില്‍ മിഴിവോടെ വരച്ചിടാന്‍ കഴിഞ്ഞു എന്നത് ചില്ലറ കാര്യമാണോ? അതും എന്നന്നേക്കുമായി.
സിബിഐയുടെ തീം മ്യൂസിക് ചിട്ടപ്പെടുത്തുമ്പോള്‍ സിനിമക്കപ്പുറത്തേക്ക് അത് വളരുമെന്നോ, ഇത്ര കാലം ജീവിക്കുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. പാട്ടില്ലാത്ത സിനിമയായതുകൊണ്ട് സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പോന്ന ഒരു തന്ത്രം അതില്‍ ഉള്‍പ്പെടുത്തണം എന്നേ ആലോചിച്ചിരുന്നുള്ളൂ.” — ശ്യാം പറയുന്നു. ഉറക്കത്തില്‍ പോലും മലയാളി തിരിച്ചറിയുന്ന സംഗീത ശകലമായി അത് മാറി എന്നത് ചരിത്രനിയോഗം.
റീറെക്കോര്‍ഡിംഗിനായി പടം കണ്ടപ്പോള്‍ ആദ്യം ശ്യാമിന്റെ മനസ്സില്‍ തങ്ങിയത് സേതുരാമയ്യരുടെ വേറിട്ട വ്യക്തിത്വമാണ്. സാധാരണ സി ഐ ഡി സിനിമകളിലെപ്പോലെ ആക്ഷന്‍ ഹീറോ അല്ല അയാള്‍. ബുദ്ധി ഉപയോഗിച്ചാണ് കളി. കേസിന്റെ നൂലാമാലകള്‍ തലച്ചോറ് കൊണ്ട് ഇഴകീറി പരിശോധിക്കുമ്പോള്‍ സ്വാഭാവികമായും മനസ്സ് ഏകാഗ്രമാകും. ഭഭആ ഏകാഗ്രത സംഗീതത്തിലൂടെ എങ്ങനെ പ്രേക്ഷകനെ അനുഭവിപ്പിക്കാനാകുമെന്ന് ചിന്തിച്ചപ്പോഴാണ് അറിയാതെ തന്നെ എന്റെ മനസ്സ് ഈ ഈണം മൂളിയത്.
തലച്ചോറിന്റെ സംഗീതം. അതായിരുന്നു ആശയം. കുറച്ചു നേരം ഒരേ താളത്തില്‍ മുന്നേറിയ ശേഷം പൊടുന്നനെ അത് വിജയതാളത്തിലേക്ക് മാറുന്നു. വിക്ടറി നോട്ട് എന്നാണ് പറയേണ്ടത്. സേതുരാമയ്യരെ അവതരിപ്പിക്കുമ്പോള്‍ ഈ വിക്ടറി നോട്ട് അത്യാവശ്യമാണെന്ന് തോന്നി. പരാജയമെന്തെന്നറിയാത്ത കുറ്റാന്വേഷകനല്ലേ?” മോണ്ടി നോര്‍മന്‍ സൃഷ്ടിച്ച വിഖ്യാതമായ ജെയിംസ് ബോണ്ട് തീം പോലെ സേതുരാമയ്യരുടെ സവിശേഷ വ്യക്തിത്വം അനായാസം പകര്‍ത്തിവെക്കുന്നു ശ്യാമിന്റെ ഈണം. സി ബി ഐ സിനിമകളുടെ പില്‍ക്കാല പതിപ്പുകളിലും ചില്ലറ ഭേദഗതികളോടെ ഈ ഈണം കേട്ടു. കവര്‍ വേര്‍ഷനുകളുടെയും റീമിക്‌സുകളുടെയും രൂപത്തില്‍ ഇന്നും നമ്മെ തേടിയെത്തിക്കൊണ്ടിരിക്കുന്നു ശ്യാമിന്റെ ഈണം.
ആരാധനാപാത്രവും മാനസഗുരുവുമൊക്കെയായ ഹെന്റി നിക്കോള മാന്‍ചീനി ആയിരുന്നു ഈ പ്രമേയ സംഗീതം ചിട്ടപ്പെടുത്തുമ്പോള്‍ ശ്യാമിന്റെ മനസ്സില്‍. സംഗീതസംവിധാനത്തിലെ കുലപതിമാരില്‍ ഒരാള്‍. കുട്ടിക്കാലം മുതലേ ഹോളിവുഡ് സിനിമകളില്‍ കേട്ട് മനസ്സില്‍ പതിഞ്ഞ ഈണങ്ങളുടെ ശില്‍പ്പി. പിങ്ക് പാന്തര്‍, ഹടാരി, മൂണ്‍ റിവര്‍, റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്നിങ്ങനെ നിരവധി സിനിമകളില്‍ മാന്‍ചീനിയുടെ മാന്ത്രിക സംഗീതമുണ്ട്. പല സിനിമകളിലും തീം മ്യൂസിക് ഒരുക്കുമ്പോള്‍ എന്റെ മാതൃക അദ്ദേഹമായിരുന്നു.”– ശ്യാം പറയും.
പ്രിയ സംഗീതസംവിധായകനെ ഒരിക്കലെങ്കിലും നേരില്‍ കണ്ടു സംസാരിക്കാന്‍ മോഹിച്ചിട്ടുണ്ട് ശ്യാം. ലോസ് ഏഞ്ചല്‍സ് സന്ദര്‍ശനത്തിനിടെ ഒരു തവണ അവസരം ഒത്തുവന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ കൂടിക്കാഴ്ച്ച നടന്നില്ല. മാന്‍ചീനിയുടെ ഓഫീസില്‍ ചെന്നപ്പോള്‍ അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു. എന്നാല്‍ ആ യാത്രയില്‍ ഹോളിവുഡിലെ മറ്റു പല പ്രമുഖ കംപോസര്‍മാരെയും കണ്ടുമുട്ടാനും സംസാരിക്കാനുമായി.
Read more
ആയിരക്കണക്കിന് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പലതും മലയാളികള്‍ സ്‌നേഹത്തോടെ മനസ്സില്‍ സൂക്ഷിക്കുന്നവ. എങ്കിലും എന്നെ കാണുമ്പോള്‍ പുതിയ തലമുറയിലെ കുട്ടികള്‍ പോലും പെട്ടെന്ന് ഓര്‍ത്തെടുത്തു മൂളിക്കേള്‍പ്പിക്കുക സി ബി ഐ ഡയറിക്കുറിപ്പിന്റെ തീം മ്യൂസിക് ആണ്. സന്തോഷത്തോടൊപ്പം അത്ഭുതവും തോന്നും അപ്പോള്‍. മനസ്സു കൊണ്ട് ദൈവത്തിന് നന്ദി പറയും. എനിക്ക് വേണ്ടി ആ സംഗീതശകലം ചിട്ടപ്പെടുത്തിയത് ദൈവമല്ലാതെ മറ്റാരുമല്ല എന്ന് വിശ്വസിക്കുന്നു ഞാന്‍. ചില നിമിഷങ്ങളില്‍ നമ്മളറിയാതെ തന്നെ ദൈവം നമ്മുടെ ചിന്തകളില്‍, ഭാവനകളില്‍ മറഞ്ഞുനില്‍ക്കും. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു….” ശ്യാം വികാരാധീനനാകുന്നു -രവിമേനോന്‍