ബംഗളൂരു ചര്‍ച്ച സ്ട്രീറ്റില്‍ സര്‍പ്രൈസ് ആയി പാടാനെത്തിയ പോപ് ഇതിഹാസ ഗായകന്‍ എഡ് ഷീരനെ തടഞ്ഞ് തിരിച്ചയച്ച് പൊലീസ്. ആരാണ് നിങ്ങളെന്ന് ചോദിച്ച പൊലീസ് അവിടെ നിന്ന് ഒഴിഞ്ഞു പോകാനും ആവശ്യപ്പെടുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് എഡ് ഷീരന്‍ ചര്‍ച്ച് സ്ട്രീറ്റില്‍ പാടാനെത്തിയത്. നേരത്തേ അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞാണ് ഗായകന്റെ പാട്ട് ബംഗളുരു പൊലീസ് തടഞ്ഞത്.
എഡ് ഷീരനെ കണ്ട് ആളുകള്‍ കൂടുകയും, അദ്ദേഹം പാടുന്നത് മൊബൈലില്‍ പകര്‍ത്താനും തുടങ്ങിയിരുന്നു. ഗായകന്റെ ഏറ്റവും പ്രസിദ്ധമായ ‘ഷേപ്പ് ഓഫ് യൂ’ പാടുന്നതിനിടെയാണ് പൊലീസുകാരന്‍ വന്ന് പാട്ട് നിര്‍ത്താന്‍ പറഞ്ഞത്. എഡ് ഷീരന്‍ ആണെന്ന് പറയാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ അതൊന്നും കേട്ടില്ല.
മൈക്കിന്റെ കണക്ഷന്‍ ഊരി സ്ഥലം വിടാനായിരുന്നു പൊലീസിന്റെ നിര്‍ദേശം. തുടര്‍ന്ന് പാട്ട് അവസാനിപ്പിച്ച് എഡ് ഷീരനും ടീമും മടങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വ്യാപക വിമര്‍ശനമാണ് ഇത് സംബന്ധിച്ച് നിരവധി ആളുകള്‍ ഉന്നയിക്കുന്നത്.
വിദേശപര്യടനത്തിന്റെ ഭാഗമായാണ് എഡ് ഷീരന്‍ ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്‌മാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. അതേസമയം, പരിപാടി അവതരിപ്പിക്കാന്‍ ഗായകനും സംഘവും അനുമതി വാങ്ങിയിരുന്നില്ല എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.