സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് കെ. എസ് ചിത്രയുടേത്. വിവധ ഭാഷകളിലായി 25000 ഗാനങ്ങളാണ് ചിത്ര ഇതുവരെ പാടിയിരിക്കുന്നത്. പാട്ട് പാടുന്നതിലൂടെ ഇത്തരത്തിൽ നിരവധി റെക്കോർഡുകളും കെ. എസ് ചിത്ര സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു ഗോത്രവർഗ ഭാഷയായ ‘ബഞ്ചാര’യിൽ പാട്ട് പാടിയിരിക്കുകയാണ് ചിത്ര. ‘ആംദാർ നിവാസ്’ എന്ന ബംജാര ചിത്രത്തിലെ ഗാനമാണ് കഴിഞ്ഞ ദിവസം റെക്കോർഡ് ചെയ്തത്.
എം. എൽ രാജ സംഗീതം നൽകിയ ഗാനത്തിന് വിനായക് പവാർ ആണ് വരികളെഴുതിയിരിക്കുന്നത്. ചിത്രയെ കൂടാതെ ബഞ്ചാര ഗോത്രത്തിൽ നിന്ന് പുറത്തുള്ള ഒരാൾ മാത്രമേ പിന്നണി പാടിയിട്ടൊളളൂ, അത് എസ്. പി ബാലസുബ്രഹ്മണ്യം ആയിരുന്നു. സ്വന്തമായി ലിപിയില്ലാത്ത ഭാഷയായതിനാൽ തന്നെ തെലുങ്കിലും ദേവനാഗിരിയിലുമാണ് ബഞ്ചാര എഴുതുന്നത്.
കെ. എസ് ചിത്ര ആലപിക്കുന്ന ഇരുപത്തിരണ്ടാമത്തെ ഇന്ത്യന് ഭാഷയാണ് ബഞ്ചാര. ഫെയ്സ്ബുക്കിലൂടെ ചിത്ര തന്നെയാണ് വിവരം പങ്കുവെച്ചത്. ഗോത്രത്തിന്റെ പരമ്പരാഗതമായ വേഷം ധരിച്ചാണ് ചിത്ര ഗാനം റെക്കോർഡ് ചെയ്യാനെത്തിയത്.