മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ലതാ മങ്കേഷ്‌കര്‍ പാടിയത്. അതും പ്രഗഭല്‍ സംഗീതജ്ഞന്‍ സലില്‍ ചൗധരിയുടെ നിര്‍ബന്ധ പ്രകാരം. ചെമ്മീന്‍ സിനിമയിലെ ഗാനങ്ങളും മികച്ചതായിരിക്കണം എന്ന നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സലില്‍ ചൗധരി എത്തുന്നത്.
‘കടലിനക്കരെ പോണേരേ…’ ലതാ മങ്കേഷ്‌കറെ കൊണ്ടു പാടിക്കാന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. ആദ്യം നോ പറഞ്ഞെങ്കിലും സലില്‍ ചൗധരിയുടെ നിര്‍ബന്ധത്തിന് അവര്‍ സമ്മതം മൂളി. മലയാളം ഉച്ചാരണം തെറ്റാതിരിക്കാനുള്ള തയാറെടുപ്പുകള്‍ ഉണ്ടായി.
അടുത്ത ദിവസം സംവിധായകന്‍ രാമു കാര്യാട്ട് യേശുദാസിനെ വിളിച്ചു പറഞ്ഞു ‘കടലിനക്കരെ പോണോരേ…’ ലതാ മങ്കേഷ്‌കറെ കൊണ്ടു പാടിക്കണം എന്നാണ് വിചാരിക്കുന്നത്. അവര്‍ സലില്‍ദായ്ക്കു സമ്മതം നല്‍കിക്കഴിഞ്ഞു. ചിത്രത്തില്‍ ഷീലയുടെ റോളിനു പിന്നണിയായി വരും.
ഇക്കാര്യത്തില്‍ ദാസിന്റെ സഹായം വേണം. ലതാജിയെ മലയാളം ഉച്ചാരണം പഠിപ്പിക്കണം. ഹിന്ദിക്കാരിയായതു കൊണ്ടു മലയാളവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാവും. പക്ഷേ, അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ല. പാട്ട് ഒന്നാന്തരമാക്കണം.
ഏതായാലും അടുത്തയാഴ്ച നമുക്കു ബോംബെയില്‍ പോയി ലതയെ കണ്ടു പാടിച്ചു നോക്കണം എന്ന് സംവിധായകന്‍ പറഞ്ഞു. താന്‍ ബാല്യം മുതല്‍ ആരാധിച്ചിരുന്ന ഗായികയെ പാട്ടു പഠിപ്പിക്കുകയോ? യേശുദാസിന് ഇതു സ്വപ്നസദൃശമായ അനുഭവമായിരുന്നു.
ബോംബെയില്‍ പോയി യേശുദാസ് എത്ര ശ്രമിച്ചിട്ടും ലതയ്ക്ക് മലയാള ഉച്ചാരണം പഠിക്കാന്‍ കഴിഞ്ഞില്ല. തനിക്കു വഴങ്ങാത്ത ഭാഷയില്‍ പാടാന്‍ അവര്‍ സമ്മതിച്ചില്ല. അങ്ങനെയാണു ‘കടലിനക്കരെ പോണോരേ…’ യേശുദാസ് പാടുന്നത്. രംഗങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തി.
എന്നാല്‍ ലതയെ മലയാളത്തില്‍ പാടിക്കണം എന്ന ആഗ്രഹം സലില്‍ ചൗധരിക്ക് ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തില്‍ സലിലിന്റെ കടുത്ത നിര്‍ബന്ധത്തിന് വഴങ്ങി ലത പാടിയത്.
വയലാര്‍ രചിച്ച ‘കദളീ തെങ്കദളി …’. ചിത്രത്തില്‍ ജയഭാരതി വേഷമിടുന്ന ആദിവാസിപ്പെണ്ണ് പാടുന്ന ഗാനം. ഗാനം പ്രേക്ഷകര്‍ ആസ്വദിച്ചെങ്കിലും ഉച്ചാരണത്തിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നു. പിന്നീടൊരിക്കലും ഒരു മലയാളം പാട്ടു പാടാന്‍ ലതാ മങ്കേഷ്‌കര്‍ തയാറാവാതിരുന്നത് ഇതിനാലാകണം.