ഉക്രൈനെതിരെയുള്ള റഷ്യന്‍ സൈനിക നടപടിയില്‍ സിപിഎമ്മും സിപിഐയും പ്രഖ്യാപിച്ച നിലപാടുകള്‍ക്കെതിരെ സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. എന്നാല്‍ ഉക്രൈനെ ആക്രമിച്ച റഷ്യയുടെ നിലപാടിനെതിരെ നിലകൊണ്ട സിപിഐ എംഎല്ലിനെ ടി.എം കൃഷ്ണ അഭിനന്ദിക്കുകയും ചെയ്തു.
അന്താരാഷ്ട്ര രാഷ്ട്രീയ വിഷയങ്ങളിലെ അവരുടെ അഭിപ്രായങ്ങള്‍ എന്തുതന്നെയാവട്ടെ, മറ്റൊരു രാജ്യത്തില്‍ അതിക്രമിച്ച് കയറിയ റഷ്യയുടെ നടപടിയെ അപലപിക്കാത്ത സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാടിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാവൂ എന്നാണ് ഇരു പാര്‍ട്ടികളെയും ടാഗ് ചെയ്ത് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തത്.
The statements coming from @cpimspeak @cpofindia on the Ukraine crisis are horrible. Irrespective of their geo-political opinions their inability to unequivocally condemn Russia for ‘invading’ a country is deplorable.
— T M Krishna (@tmkrishna) February 26, 2022
റഷ്യയും അമേരിക്കയും ഒരുപോലെ അധിനിവേശക്കാരാണ്. അതില്‍ ഒരാളെ മാത്രം അധിനിവേശക്കാരനെന്ന് വിശേഷിപ്പിക്കുകയും മറ്റൊരാള്‍ക്ക് വിഷയത്തില്‍ നിയമപരമായ താല്‍പര്യം ഉണ്ടെന്ന് മാത്രം പറയുകയും ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത കാര്യമാണ് എന്നും സംഗീതജ്ഞന്‍ കുറിച്ചു.
അതേസമയം, റഷ്യ ഉടനെ ഉക്രൈനെതിരായ ആക്രമണം അവസാനിപ്പിച്ച് സൈന്യത്തെ പിന്‍വലിക്കണമെന്നും റഷ്യയുടെ കടന്നു കയറ്റത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് കൈക്കൊള്ളണമെന്നുമാണ് സിപിഐ എംഎല്‍ ആവശ്യപ്പെട്ടത്.
Thank you @cpimlliberation for saying it as it should be said.https://t.co/tqaAw5QkGe
— T M Krishna (@tmkrishna) February 26, 2022
സിപിഐ എമ്മിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
ഉക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. ഉക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു.
അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം ഉക്രൈനെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചു വിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു.
അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധ ഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നു. കിഴക്കന്‍ ഉക്രൈനിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു.
Read more
ഉക്രൈനിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധ ഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.