ലൈവ് പരിപാടിക്കിടെ ആരാധകനെ മൈക്ക് കൊണ്ട് അടിച്ച് ഗായകന്‍ ആദിത്യ നാരായണന്‍. സംഗീത പരിപാടിക്കിടെ ഗായകന് നേരെ കൈ നീട്ടിയ ആരാധകരില്‍ ഒരാളെ ആദിത്യ മൈക്ക് കൊണ്ടടിക്കുകയും ഫോണ്‍ വാങ്ങി ദൂരേക്കു വലിച്ചെറിയുകയുമാണ് ചെയ്തത്.
ഗായകന്റെ ഈ മോശം പ്രവര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. ഛത്തീസ്ഗഡിലെ ഭിലായിലാണ് സംഭവം. ഒരു കോളജിലാണ് ആദിത്യ നാരായണന്‍ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയത്. വിവിധയിടങ്ങളില്‍ നിന്നും ഗായകന്റെ പാട്ട് കേള്‍ക്കാനായി ആരാധകര്‍ എത്തിയിരുന്നു.
ഷാരൂഖ് ഖാന്റെ ചിത്രമായ ഡോണിലെ ‘ആജ് കി രാത്’ എന്ന ഗാനമായിരുന്നു ആദിത്യ ആ സമയത്ത് ആലപിച്ചുകൊണ്ടിരുന്നത്. വേദിയുടെ മുന്‍നിരയിലായി നിന്ന ഒരു ആരാധകന്‍ ആദിത്യയ്ക്ക് നേരെ കൈ നീട്ടിയപ്പോഴാണ് ഗായകന്‍ പ്രകോപിതനായത്.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഗായകനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ ആരംഭിച്ചത്. ഗായകന്‍ പ്രകോപിതനായതിന്റെ കാരണവും പലരും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ആദിത്യ നാരായണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.