ഇന്ത്യൻ സിനിമയുടെ തന്നെ ഗാന ഗന്ധർവന് ഇന്ന് എൺപത്തിനാലാം ജന്മദിനം. യേശുദാസ് എന്നാൽ സംഗീതത്തിന്റെ മറ്റൊരു പര്യായമാണ് മലയാളികൾക്ക്. അരനൂറ്റാണ്ടിലേറെയായ സംഗീത ജീവിതത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് തന്റെ സ്വര മാധുര്യമറിയിച്ചു. പകരം വെക്കാനില്ലാത്ത തന്റെ സംഗീത ജീവിതത്തിൽ ഇതുവരെ നേടിയത് 8 ദേശീയ പുരസ്കാരങ്ങൾ. കൂടാതെ കേരള, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങീ സംസ്ഥാന സർക്കാരുകളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം.
അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയുടെയും എലിസബത്തിന്റെയും ഏഴ് മക്കളിൽ രണ്ടാമനായി ഫോർട്ട് കൊച്ചിയിൽ ജനിച്ച യേശുദാസിനെ സംഗീതത്തിന്റെ വഴിയേ കൈപിടിച്ച് നടത്തിയത് അച്ഛൻ തന്നെയായിരുന്നു. അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു.
പിന്നീട് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ കോളേജ് ഓഫ് മ്യൂസിക്, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ് എന്നിവിടങ്ങളിൽ നിന്നായി സംഗീത പഠനം. എന്നാൽ ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.
സിനിമയിൽ പിന്നണി ഗായകനായി യേശുദാസ് തുടക്കമിടുന്നത് കെ. എസ് ആന്റണി സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ടാണ്.
പിന്നീട് യേശുദാസിന് ഒരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. ഗാനഗന്ധർവൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന മലയാളത്തിന്റെ സ്വന്തം ദാസേട്ടൻ ഇന്ത്യൻ പിന്നണി ഗാന രംഗത്തെ തന്നെ അതുല്യനായി ഇന്നും തുടരുന്നു. 2017- ൽ രാജ്യം പത്മവിഭൂഷണും, 2002-ൽ പത്മഭൂഷണും, 1973-ൽ പത്മശ്രീ നൽകിയും ആദരിച്ചു.