'ഡാ മക്കളെ..സിന്തറ്റിക് ഡ്രഗ്‌സ് നമുക്ക് വേണ്ട', ചര്‍ച്ചയായി വേടന്‍ ഒരാഴ്ച മുമ്പ് പറഞ്ഞത്; സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും പുറത്ത്

വോയിസ് ഓഫ് വോയിസ്‌ലെസ് എന്ന ഒറ്റ റാപ്പിലൂടെയാണ് വേടന്‍ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഗാനങ്ങള്‍ മലയാള സിനിമയ്ക്കും സമ്മാനിച്ച വേടന് ആരാധകര്‍ ഏറെയാണ്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയിലെ ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’ എന്ന ഗാനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കഞ്ചാവ് കേസില്‍ അറസ്റ്റിലായതോടെ വേടന്‍ ലഹരിക്കെതിരെ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു സിന്തറ്റിക് ഡ്രഗ്‌സിനെതിരെ റാപ്പര്‍ വേടന്‍ സംസാരിച്ചത്.

”ഡാ മക്കളെ..സിന്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരില്‍ രണ്ട് പേര് മരിച്ചു പോകും. അത് ചെകുത്താനാണ്. ഒഴിവാക്കണം. ദയവ് ചെയ്ത് പ്ലീസ്. നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ്. എത്ര അമ്മയും അപ്പനും ആണ് എന്റേ അടുത്ത് വന്ന് മക്കളേ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസിലാക്കെന്ന് പറഞ്ഞ് കരയുന്നത്. സിന്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരില്‍ രണ്ട് പേര് ചത്ത് പോകും.”

”എനിക്ക് ഇതിപ്പോള്‍ പറയേണ്ട ആവശ്യമില്ല. എന്നാലും ഞാന്‍ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ” എന്നായിരുന്നു തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെ വേടന്‍ പറഞ്ഞത്. അതേസമയം, 6 ഗ്രാം കഞ്ചാവ് ആണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്നും പൊലീസ് പിടികൂടിയത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവര്‍ ഫ്‌ളാറ്റില്‍ ഒത്തുകൂടിയത്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നാണ് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.

Read more