ലോക സംഗീത പ്രേമികൾക്കിടയിൽ ‘ഹനുമാൻകൈൻഡ്’ എന്ന പേരാണ് ഇപ്പോൾ ചർച്ചയായികൊണ്ടിരിക്കുന്നത്. ‘ബിഗ് ഡൗസ്’ എന്ന സംഗീത ആൽബം പുറത്തുവന്നതോടു കൂടി ലോകം തിരയുന്നത് ആരാണീ ഹനുമാൻകൈൻഡ് എന്നതാണ്.
കേരളത്തിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും കാണപ്പെട്ടുന്ന സാഹസിക അഭ്യാസപ്രകടനമായ മരണക്കിണറിന്റെ പശ്ചാത്തലത്തിൽ ഹനുമാൻകൈൻഡ് എന്ന പേരിലറിയപ്പെടുന്ന സൂരജ് ചെറുകാട്ട് ഒരുക്കിയ ‘ബിഗ് ഡൗസ്’എന്ന ആൽബം വെറും നാല് ആഴ്ചകൾ കൊണ്ട് 24 മില്ല്യൺ വ്യൂസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. മ്യൂസിക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ വെച്ചാണ്.
ബിഗ് ഡൗസ് എന്ന ട്രാക്ക് യൂട്യൂബിൽ റിലീസ് ചെയ്തതിന് പിന്നാലെ ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചിരുന്നു. പിന്നാലെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള സംഗീത പ്രേമികൾ ബിഗ് ഡൗസിന്റെ റിയാക്ഷൻ വീഡിയോകൾ ചെയ്യാൻ തുടങ്ങി. മരണക്കിണറിൽ ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളിലിരുന്ന് പാട്ട് പാടുന്ന ഹനുമാൻകൈൻഡിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. ബിജോയ് ഷെട്ടി സംവിധാനം ചെയ്തിരിക്കുന്ന ബിഗ് ഡൗസിന്റെ വരികൾ എഴുതിയിരിക്കുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും ഹനുമാൻകൈൻഡ് തന്നെയാണ്.
കേരളത്തിലാണ് ജനിച്ചതെങ്കിലും പിതാവിന് ഓയിൽ മേഖലയിലുള്ള ജോലിയായതുകൊണ്ട് തന്നെ അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു സൂരജിന്റെ സ്കൂൾ, കോളേജ് വിദ്യാഭ്യാസം.
പിന്നീട് കോയമ്പത്തൂരിലെ പിജി പഠനത്തിന് ശേഷം ജോലി ചെയ്തെങ്കിലും സംഗീതം തന്നെയായിരുന്നു സൂരജിന്റെ മേഖല. കളരി, ബീർ ആന്റ് ബിരിയാണി, ജെങ്കിസ്, ഡാംസൺ, റഷ് അവർ, ഗോ ടു സ്ലീപ് തുടങ്ങീ സൂരജിന്റെ മിക്ക ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടംനേടിയവയാണ്. ഫഹദ് ഫാസിൽ- ജിതു മാധവൻ ചിത്രം ആവേശത്തിലെ സുഷിൻ ശ്യാം കമ്പോസ് ചെയ്ത ദി ലാസ്റ്റ് ഡാൻസ് എന്ന ട്രാക്ക് ആലപിച്ചിരിക്കുന്നത് ഹനുമാൻകൈൻഡ് ആണ്.
നിരവധി പേരാണ് ഗാനം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. പ്രശസ്ത അമേരിക്കൻ റാപ്പർ പ്രൊജക്ട് റാറ്റ് നേരത്തെ ഗാനം പങ്കുവെച്ചിരിരുന്നു.