17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലേറെ; ദൃശ്യ'ത്തെയും 'ഭീഷ്‍മ'യെയും കടത്തിവെട്ടി 'ആര്‍ഡിഎക്സ്

വമ്പിച്ച പ്രൊമോഷനോ, ഹൈപ്പോ ഇല്ലാതെ തന്നെ തീയേറ്ററുകളിൽ നിന്ന് അപ്രതീക്ഷിതമായി മികച്ച വിജയം നേടിയ ചിത്രങ്ങളുണ്ട്. ഇത്തവണത്തെ ഓണം ചിത്രങ്ങളിൽ അത്തരത്തിൽ ബംബറടിച്ച ചിത്രമാണ് ആർ ഡി എക്സ്. ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം മികച്ച പ്രതികരണം ലഭിച്ചു. പിന്നീട് മൗത്ത് പബ്ലിസിറ്റിയിലാണ് പ്രേക്ഷകർ തീയേറ്ററികളിലെത്തിയത്.

ഷെയ്ന്‍ നി​ഗം, ആന്‍റണി വര്‍​ഗീസ്, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നവാ​ഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴിതാ കളക്ഷൻ റെക്കോഡുകളിലും മുന്നേറുകയാണ്. ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രം ഇക്കഴിഞ്ഞ ഞായറാഴ്ചയും കാര്യമായി പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചു. ഈ ഞായറാഴ്ച കേരളത്തില്‍ നിന്ന് ചിത്രത്തിന് 2 കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലേറെ നേടിയ ചിത്രം വൈകാതെ കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കും. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 75 കോടി നേടിയതായാണ് റിപ്പോർട്ടുകൾ.

Read more

എക്കാലത്തെയും മലയാള ചിത്രങ്ങളുടെ കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട് ആര്‍ഡിഎക്സ്. ദൃശ്യം, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളെയാണ് ആർ ഡി എക്സ് മറികടന്നിരിക്കുന്നത്. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് 2018 ആണ്. രണ്ടാം സ്ഥാനത്ത് പുലിമുരുകനും മൂന്നാമത് ലൂസിഫറും.