സോക്രട്ടീസ് കെ. വാലത്ത്
പഴയ ബോംബെയിലെ ചുവന്ന തെരുവ്. രാത്രി..പ്രേംനസീര്‍ വേഷം നല്‍കിയ ജയിംസ് എന്ന മധ്യവയസ്‌കനായ ബിസിനസ് മാന്‍. അയാളുടെ മകള്‍ ചുവന്ന തെരുവില്‍ അകപ്പെട്ടു പോയിരുന്നു. മീനാ മേനോനാണ് ആ റോളില്‍. അവളെ അയാള്‍ ജീവന്‍ പണയം വച്ചു തന്നെ കണ്ടെത്തി. വീണ്ടെടുത്തു. കാറില്‍ കയറ്റി. അവള്‍ പ്രതിമ പോലെ ഇരുന്നു. ഉള്ളില്‍ കടുത്ത ആത്മനിന്ദയാകാം. ചുവന്നതെരുവിലേക്കെത്തിച്ച കാമുകനോടുള്ള വെറുപ്പാകാം. കാമുകനിലേക്ക് തള്ളിയിട്ട സ്വന്തം വീട്ടിലെ ഒറ്റപ്പെടലാകാം. കാര്‍ സ്റ്റാര്‍ട്ടു ചെയ്യും മുമ്പ് അഛന്‍ മകളെ ഒന്നു നോക്കി. ഒരു നിമിഷം. അയാള്‍ വിതുമ്പിപ്പോയി. അതുവരെ പിടിച്ചു നിന്നതാണ്. അമ്മയില്ലാത്ത അവള്‍ക്ക് ഇങ്ങനെയൊരു ഗതികേടു വന്നതില്‍ കുറ്റബോധമുണ്ട്. തന്റെ ഒഫീഷ്യല്‍ തിരക്കുകള്‍ക്കിടയില്‍ അവളെ മറന്നു. അയാള്‍ പൊട്ടിക്കരഞ്ഞു. കരച്ചിലിനൊപ്പം ഒരു ചിരി കേട്ടു. അതാ ചുവന്നതെരുവിലെ പഴയ ഇരുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ്. കൈവരിയില്‍ പിടിച്ച് ഒരുവള്‍ ചിരിക്കുന്നു. അവള്‍ കൂട്ടുകാരികളെ വിളിച്ച് കാണിച്ചു കൊടുക്കുന്നു- ഒരഛന്‍ മകളെ അവര്‍ക്കിടയില്‍ നിന്ന് സമൂഹത്തിലേക്കു തിരികെ കൊണ്ടു പോകുന്നു! എല്ലാ പെണ്ണുങ്ങളും കൂടി ഉറക്കെ ചിരിച്ചു. കൂട്ടച്ചിരിയായി. അതില്‍ അമ്പരന്ന് ഏറി വരുന്ന ആശങ്കയോടെ ഭാവിയിലേക്കു നോക്കി പ്രേംനസീറിന്റെ അഛന്‍. -അവിടെ പി.എ. ബക്കറിന്റെ “ചാരം” അവസാനിക്കുന്നു.
പക്ഷേ അവിടെയും അവസാനിക്കുന്നില്ല. ആ പെണ്‍ചിരിയുടെ മുഴക്കം തുടരുകയാണിന്നും. അവരെ പോലെ ചതിക്കപ്പെടുന്ന പെണ്‍കുട്ടികള്‍. അതിലേക്ക് അവരെ തള്ളിവിടുന്ന കുടുംബ പശ്ചാത്തലങ്ങള്‍- ഒന്നിനും മാറ്റമില്ല. അര്‍ഥവത്തായ ആ ഒരൊറ്റ ചിരി കൊണ്ട് ബക്കര്‍ സിനിമയെ കാലത്തിനപ്പുറത്തേക്കെത്തിച്ചു.
ബക്കറിന്റെ സിനിമാ സംസ്‌കാരത്തില്‍ നിന്നുമകന്നു നില്‍ക്കുന്ന സൃഷ്ടിയാണ് “ചാരം”. 1983ലാണ് ചാരം വരുന്നത്. ചുവന്നതെരുവിന്റെ പശ്ചാത്തലമുള്ള കഥ. ബക്കര്‍ എന്ന സംവിധായകന്‍.-ഇതു രണ്ടുമായും പൊരുത്തപ്പെടാന്‍ പ്രേംനസീര്‍ എന്ന ജനപ്രിയ നായകന്‍ തയ്യാറായി എന്നത് അത്ഭുതം. മാറ്റിനി മാനറിസങ്ങളൊക്കെ നസീര്‍ മാറ്റി വച്ചു. തിരക്കേറിയ ബിസിനസ്സുകാരനായും വിഭാര്യനും ടീനേജിലെത്തിയ മകളെ നഷ്ടപ്പെടുമ്പോള്‍ എല്ലാം ഉപേക്ഷിച്ച് അവളെ തേടി ചുവന്നതെരുവിലെത്തുന്ന അഛനായും ഭാവം പകര്‍ന്നു. തികഞ്ഞ കയ്യടക്കത്തോടെയാണ് ബക്കര്‍ ചാരം ചെയ്തത്. വിശദാംശങ്ങള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട്. എണ്‍പതുകളില്‍ സജീവമായിരുന്ന ഭരതന്‍-പത്മരാജന്‍-മോഹന്‍-കെ.ജി.ജോര്‍ജ് തരംഗവുമായി ചേര്‍ന്നു പോകുന്ന രീതിയില്‍. ചുവന്ന തെരുവിനെ ഹേമചന്ദ്രന്റെ ക്യാമറയും യഥാതഥമായി തന്നെ പകര്‍ത്തി. ബക്കറിന്റെ ധീരമായ ഒരു നീക്കം. പക്ഷേ, ചാരം ശ്രദ്ധിക്കപ്പെട്ടില്ല. ഇന്നാണെങ്കില്‍ “റിയലിസ്റ്റിക്” സിനിമയായി വാഴ്ത്തപ്പെട്ടേനെ.
കബനീ നദി ചുവന്നപ്പോള്‍ (1975), മണിമുഴക്കം (1976), ചുവന്ന വിത്തുകള്‍ (1978), സംഘഗാനം ( 1979), മണ്ണിന്റെ മാറില്‍ (1979), ഉണര്‍ത്തുപാട്ട് (1980), ചാപ്പ (1982), പ്രേമലേഖനം (1985), ശ്രീനാരായണ ഗുരു (1985),ഇന്നലെയുടെ ബാക്കി (1988) എന്നിങ്ങനെ പതിനൊന്നു ചിത്രങ്ങളാണ് ബക്കറിന്റേതായുള്ളത്. ഇതില്‍ കബനീ നദി ചുവന്നപ്പോള്‍, സംഘഗാനം, മണ്ണിന്റെ മാറില്‍, ഉണര്‍ത്തുപാട്ട് എന്നിവ ഇടതുപക്ഷ ആശയങ്ങള്‍ കേന്ദ്രീകരിച്ചുള്ളവയാണ്. മണിമുഴക്കം, ചുവന്ന വിത്തുകള്‍, പ്രേമലേഖനം, ചാരം, ഇന്നലെയുടെ ബാക്കി എന്നിവയുടെ പശ്ചാത്തലം സാമൂഹിക വൈയക്തിക, കുടുംബ വിഷയങ്ങളും. ശ്രീനാരായണഗുരു തികഞ്ഞ ജീവചരിത്ര സിനിമയണ്. ചാപ്പയ്ക്കാധാരം കൊച്ചിയുടെ തുറമുഖ സമരചരിത്രവും.
1940ല്‍ കുന്നംകുളത്തിനടുത്ത് കാണിപ്പയ്യൂരില്‍ ഫാത്തിമയുടെയും അഹമ്മദ് മുസലിയാരുടെയും മകനായി പി. എ. ബക്കര്‍ ജനിച്ചു. വിദ്യാര്‍ഥിയായിരിക്കെ തന്നെ “കുട്ടികള്‍”, “പൂമൊട്ടുകള്‍” തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപസമിതിയംഗമായി. 1960ല്‍ രാമു കാര്യാട്ടിന്റെ സംവിധാന സഹായി. 1970ല്‍ സഹനിര്‍മാതാവ്. ചിത്രം “ഓളവും തീരവും”. 1975ലാണ് ബക്കര്‍ സ്വതന്ത്ര സംവധായകനായത്.
ആദ്യ ചിത്രം “കബനീ നദി ചുവന്നപ്പോള്‍”
1975-ല്‍ ബക്കര്‍ ആദ്യ സിനിമയ്്ക്കു ക്‌ളാപ്പടിക്കാനുദ്ദേശിച്ച ദിവസം. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രമേയം നക്‌സലിസവും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടല്‍. പോലീസ് പിടിക്കുമെന്നുറപ്പ്. ജാമ്യമോ വിചാരണയോ ഇല്ലാത്ത കാലം. കുറഞ്ഞത് മൂന്നു വര്‍ഷം ജയിലില്‍. പടം ചെയ്യണോ? ബക്കര്‍ ശങ്കിച്ചു. നിര്‍മാതാവ് പവിത്രന്‍ സംശയിച്ചില്ല. പടം ചെയ്യുന്നു. പിടിച്ചാല്‍ അകത്തു കിടക്കുന്നു. ആ ധൈര്യത്തില്‍ ഷൂട്ടു തുടങ്ങി. ബാംഗ്‌ളൂരിലായിരുന്നു ഷൂട്ട്. താരങ്ങളില്ല. ഗോപി എന്ന യുവാവാണ് മുഖ്യ കഥാപാത്രം. കേരളത്തില്‍ നടന്ന നക്‌സല്‍ കൊലപാതകത്തില്‍ പ്രതി. സിനിമയുടെ സ്‌ക്രിപ്‌റ്റെഴുതുമ്പോഴേ സഹായിയായുണ്ടായിരുന്ന ചന്ദ്രനെ ബക്കര്‍ ആ റോള്‍ ഏല്‍പ്പിച്ചു. ടിവി. ചന്ദ്രന്‍.
പില്‍ക്കാലത്ത് “പൊന്തന്‍മാട”, “ഓര്‍മകള്‍ ഉണ്ടായിരിക്കണം”, “ആലീസിന്റെ അന്വേഷണങ്ങള്‍”, “സൂസന്ന”, തുടങ്ങി ഈയടുത്ത് “പെങ്ങളില” വരെയുള്ള സിനിമകള്‍ സംവിധാനം ചെയ്ത ടിവി ചന്ദ്രന്‍ തന്നെ. ആദ്യമൊന്നും നായകനെ കിട്ടിയിരുന്നില്ല. ചന്ദ്രന്‍ പലരേയും ബക്കറിനു മുന്നിലെത്തിച്ചു. ചെന്നൈയില്‍ കൂടെ ലോഡ്ജില്‍ താമസിച്ചിരുന്ന, പില്‍ക്കാലത്ത് തമിഴിലും മറ്റും അറിയപ്പെടുന്ന നടനായ വിജയന്‍, അരവിന്ദന്റെ “ഉത്തരായണ”ത്തിലൂടെ വന്ന ഡോ. മോഹന്‍ദാസ് – അങ്ങനെ ഒരുപാടു പേരെ. ആരെയും ബക്കറിനു ബോധിച്ചില്ല. ചന്ദ്രന്‍ തന്നെ മതി എന്നു പറഞ്ഞു. പിന്നീടാണ് ചന്ദ്രന്‍ അറിയുന്നത് – “ബക്കര്‍ജി നേരത്തേ തന്നെ എന്നെ തീരുമാനിച്ചിരുന്നു. എന്നോടു പറഞ്ഞില്ല. പറഞ്ഞാല്‍ സംവിധാനം പഠിക്കാന്‍ വന്ന് സഹായിയായി നില്‍ക്കുന്ന ഞാന്‍ അതിട്ടേച്ചു പൊയ്ക്കളഞ്ഞാലോന്നു കരുതി.””- ടി. വി. ചന്ദ്രന്‍ പറയുന്നു.
തീപ്പന്തത്തിന്റെ ദൃശ്യത്തില്‍ നിന്നു തുടങ്ങുന്ന സിനിമ. ചാക്കു കഷണം നടുവില്‍ കീറി ആ തുളയിലൂടെ കാണുന്ന വിധത്തിലാണ് പ്രധാന ടൈറ്റില്‍സ്. ബ്‌ളാക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫിയില്‍ അന്നത്തെ മാസ്റ്റര്‍ എന്നു തന്നെ വിളിക്കാവുന്ന വിപിന്‍ ദാസിന്റെ ഛായാഗ്രഹണം. ബക്കറിന് ഏറ്റവും മനസ്സടുപ്പമുള്ള ക്യാമറാമാനായിരുന്നു അദ്ദേഹം.
“കബനീ നദി….” ഒരു വിപ്‌ളവ സിനിമയല്ല. സ്ത്രീ പക്ഷ സിനിമ തന്നെയാണ്. പ്രകടമായ രാഷ്ട്രീയമൊന്നുമില്ലാത്ത ഒരു സാധാരണ യുവതി. ശാരദ. വലിയൊരു നഗരത്തില്‍ ചെറിയൊരു ജോലിയുണ്ട്. അവളുടെ അഭയം തേടി നാട്ടില്‍ നിന്നു കാമുകന്‍ ഗോപി എത്തുന്നു. പോലീസ് അയാള്‍ക്കു പിന്നാലെയുണ്ട്.
ഖസാക്കിന്റെ ഇതിഹാസത്തിലെ രവി-പത്മമാരുടെ ബന്ധത്തോട് സാദൃശ്യമള്ള പ്രണയ ബന്ധം. പ്രമേയപരമായി ബക്കറിനു നിര്‍മാണ പങ്കാളിത്തമുണ്ടായിരുന്ന ഓളവും തീരവും സിനിമയുടെ ഹാങ് ഓവര്‍ ബക്കറിനെ വിട്ടൊഴിഞ്ഞിരുന്നില്ല എന്നത് പ്രണയത്തിന്റെ വൈകാരികതയിലൂന്നി നിന്ന് ഒരു വിപ്‌ളവ സംഭവത്തെ നോക്കിക്കണ്ടതില്‍ നിന്നു മനസ്സിലാക്കാം. കാമുകനോടുള്ള അവളുടെ സ്‌നേഹം. അവനോടൊപ്പം ജീവിക്കാനുള്ള അഭിനിവേശം. കാമുകനെ തന്റെ ശരീരത്തിലേക്ക് ആകര്‍ഷിച്ച് വിപ്‌ളവജീവിതത്തില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള അവളുടെ വിഫലശ്രമങ്ങള്‍. അതൊക്കെ നിശ്ശബ്ദമായ ഏതാനും ഷോട്ടുകളിലൂടെ ബക്കര്‍ ആവിഷ്‌കരിച്ചിരിക്കുന്നത് സുന്ദരമായിട്ടാണ്. ക്‌ളോസ് അപ്പുകളും എക്‌സ്ട്രീം ക്‌ളോസ് അപ്പുകളും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. മിതമായ പശ്ചാത്തലസംഗീതം. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ലൊക്കേഷന്‍ ശബ്ദമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശാരദയെ താമസസ്ഥലത്തു വന്ന് രഹസ്യപോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അയാളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാനാവാതെ അവള്‍ കുഴങ്ങുമ്പോള്‍ ഓഫീസര്‍ ബൂട്ടു കൊണ്ട് ഇരുമ്പു മേശയില്‍ മെല്ലെ താളത്തില്‍ തട്ടുന്നു. ആ ശബ്ദം രംഗത്തെ കൂടുതല്‍ ഉദ്വേഗഭരിതമാക്കുന്നു.
നിര്‍മാതാവ് പവിത്രനും ബക്കറും ഈ സിനിമയുടെ ജോലിയില്‍ ഏറെ പരീക്ഷിക്കപ്പെട്ടു. കേരളത്തില്‍ വച്ചു ഷൂട്ടു ചെയ്യാതിരുന്നിട്ടും. ലൊക്കേഷനില്‍ പല തവണ കര്‍ണ്ണാടക പോലീസ് എത്തി. സ്‌ക്രീപ്റ്റ് പരിശോധിച്ചു. വിപ്‌ളവപരമായ വിശദാംശങ്ങളിലേക്കു പോകാതെ നായികാ പക്ഷത്തു ഒതുങ്ങി നിന്ന്് ബക്കര്‍ സിനിമ എടുത്തത് ഇതു മുന്നില്‍ കണ്ടാണോ? സിനിമ നാലു തവണ സെന്‍സറിങ്ങിനിരയായി. നാലാം തവണ അന്നത്തെ ആഭ്യന്തര മന്ത്രി കെ. കരുണാകരന്‍ തന്നെ സിനിമ കണ്ടു.
ടിവി ചന്ദ്രന്‍ പറയുന്നു: “” അദ്ദേഹം തിരുവനന്തപുരത്ത് തിയറ്ററിനുള്ളില്‍ ഇരുന്നു സിനിമ കണ്ട് പ്രൊജക്റ്റ് റൂമിനുള്ളില്‍ കയറി കട്ടു ചെയ്തിട്ടുണ്ട്. “” പോലീസുകാര്‍ ശാരദയെ വട്ടമിട്ട് വികൃതരൂപികളായി വേതാളനൃത്തം നടത്തുന്ന രംഗമുള്‍പ്പെടെയുള്ള ഭാഗങ്ങളാണ് ഓപ്പറേറ്ററെ കൊണ്ടു തന്നെ കരുണാകരന്‍ നീക്കം ചെയ്യിച്ചത്.
“അതിനു ശേഷം ഇന്ദിരാഗാന്ധി രണ്ട് ഓഫീസര്‍മാരെ മദ്രാസിലേക്ക് അയച്ചു പടം സ്‌ക്രീന്‍ ചെയ്യിച്ചു. പ്രേം നസീര്‍ കംപ്‌ളെയ്ന്റ്ു കൊടുത്തിട്ടാണ്. ചിത്രത്തില്‍ തലയോട്ടികളുടെ ഇടയിലൂടെ ഞാന്‍ നടന്നു പോകുന്ന സീനുകളുണ്ട് എന്നൊക്കെ പറഞ്ഞായിരുന്നു പരാതി. ഞാനും പവിത്രനും- അന്നു ബക്കര്‍ജി മാറിക്കളഞ്ഞു-ഞങ്ങള്‍ പുറത്ത് അവരെന്താ പറയുന്നതെന്ന ടെന്‍ഷനിലില്‍ ഇരിക്കുകയായിരുന്നു.അന്നാ രണ്ടാപ്പീസര്‍മാര്‍ക്ക്് പ്രശ്‌നം തോന്നിയാല്‍ അകത്താണ്.”” പക്ഷേ, രാജ്യേ്രദ്രാഹപരമായി അതില്‍ യാതൊന്നും കാണാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല.
ഇതൊക്കെ ഉണ്ടായിട്ടും “കരുണാകരന്‍ സര്‍ക്കാര്‍” തന്നെ സിനിമയ്ക്ക് 1975ലെ രണ്ടു വലിയ അവാര്‍ഡുകള്‍ നല്‍കി. രണ്ടാമത്തെ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ളത്. പിന്നീട് ബക്കര്‍ പറഞ്ഞതായി കേള്‍ക്കുന്ന രസകരമായ കാര്യമുണ്ട്. സിനിമയെ കുറിച്ച് ആഭ്യന്തരമന്ത്രി കരുണാകരന്‍ ബക്കറിനോടു നേരിട്ടു തന്നെ വിശദീകരണം ചോദിച്ചത്രെ. കഥാന്ത്യത്തില്‍ വിപ്്‌ളവകാരിയായ നായകന്‍ പോലീസ് നായാട്ടില്‍ മരിക്കുന്നതു മുന്‍നിര്‍ത്തി “സര്‍ക്കാറിനെതിരേ പ്രവര്‍ത്തിച്ചാല്‍ അനന്തരഫലം അതായിരിക്കും” എന്നാണ് ഉദ്ദേശിച്ചതെന്നു ബക്കര്‍ തട്ടിവിട്ടത്രെ. കരുണാകരന്‍ ഹാപ്പിയായി. കബനീനദി ചുവന്നപ്പോള്‍- സര്‍ക്കാറിനെതിരെയുളള ചിത്രമാണെന്ന പരാതി കേന്ദ്രത്തിനയച്ചെന്ന പറയുന്ന അതേ പ്രേം നസീര്‍ തന്നെ ബക്കറിന്റെ നായകനായി എന്നതും ചരിത്രം (ചാരം).
മണിമുഴക്കം
1976ല്‍ ബക്കറിന്റെ രണ്ടാമത്തെ സിനിമ. മണിമുഴക്കം. സാറാ തോമസിന്റെ “മുറിപ്പാടുകള്‍” എന്ന നോവലിനെ അധികരിച്ച്. അനാഥാലയത്തില്‍ വളര്‍ന്ന ജോസ്. പഠിക്കാന്‍ മിടുക്കന്‍. അനാഥാലയം നടത്തുന്ന വികാരി യുടെ സഹായത്തോടെ കോളേജിലെത്തി. അവിടെ കണ്ടുമുട്ടുന്ന ഒരു പെണ്‍കുട്ടി. അവളുടെ പ്രണയം പക്ഷേ, അയാള്‍ അനാഥനാണെന്ന കേട്ടപ്പോള്‍ ഇല്ലാതായി. ജോസിന് അവകാശികളുണ്ടാകുന്നു. ഒരു ഹിന്ദു കുടുംബം ജോസിന്റെ വേരു ചികഞ്ഞെടുത്തു. ജോസ് തന്റെ സഹോദര പുത്രനാണെന്ന അവകാശത്തോടെ നല്ല ധനശേഷിയുള്ള കുടുംബത്തു നിന്നൊരാള്‍ ജോസിനെ ഏറ്റെടുത്തു. അങ്ങനെ ആ വല്യഛനും ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തോടും ഒപ്പമായി ജോസ്. ഇവിടം മുതല്‍ ജോസിന് ഒരു ഹിന്ദു നാമം കിട്ടുന്നു. രാജന്‍. അയാള്‍ ആ രണ്ടു പെങ്ങന്‍മാരുടെ രാജേട്ടനുമായി. അവരുടെ മുതിര്‍ന്ന സുഹൃത്തും ബന്ധവുമായ പ്രിയ രാജനുമായി പ്രണയത്തിലായി. അത് ഒരു വിവാഹാലോചനയിലേക്കെത്തി. പക്ഷേ, അലസി. കാരണം രാജന്‍ അനാഥാലയത്തിലായിരുന്നു. അയാള്‍ക്കു തറവാടില്ല. അയാള്‍ കൃസ്ത്യന്‍ പശ്ചാത്തലത്തില്‍ വളര്‍ന്നവനാണ്.
മൂന്നാമത് ഒരു യുവതി കൂടി വരുന്നു. മദ്രാസില്‍ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ സഹോദരി. നല്ല ഒന്നാന്തരം സുറിയാനി കുടുംബം. കാര്യത്തോടടുത്തപ്പോള്‍ അതും പോയി.
ഒടുവില്‍ കടല്‍ക്കരയില്‍ കണ്ട അനാഥബാലനെ തോളില്‍ ചേര്‍ത്തു പിടിച്ച് വിദൂരതയിലേക്കു ജോസ് എന്ന രാജന്‍ – ക്രിസ്ത്യാനിയോ ഹിന്ദുവോ എന്നു തനിക്കു തന്നെ തിട്ടമില്ലാത്ത അയാള്‍- നടന്നു നീങ്ങുന്നതോടെ മണിമുഴക്കം തീരുന്നു.
ഹരിയായിരുന്നു നായക വേഷത്തില്‍. പ്ില്‍ക്കാലത്ത് തിരക്കേറിയ ഡബ്ബിങ് ആര്‍ടിസ്്‌റായിത്തീര്‍ന്ന ഹരി. “മണിമുഴക്കം” മലയാള സിനിമയ്ക്കു ഒരു പ്രതിഭയെ തന്നു. നടനായി തുടങ്ങി തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി ഇന്നും സിനിമയില്‍ സജീവസാന്നിദ്ധ്യമായ ശ്രീനിവാസന്‍. മദിരാശിയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠി്ക്കുന്ന കാലത്താണ് ശ്രീനിവാസന്‍ ബക്കറിനെ പരിചയപ്പെടുന്നത്.
“ഞങ്ങള്‍ ഒരേ ബസ്സിലായിരുന്നു യാത്ര ചെയ്തിരുന്നത്. അപ്പൊ എന്നോടു പറഞ്ഞു, എറണാകുളത്തു ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. അവിടെ വന്നാല്‍ ഒരു റോളു തരാമെന്ന്. എനിക്കാണെങ്കില്‍ കൂടുതല്‍ പഠിച്ചു വരുന്തോറും സിനിമ ഏതാണ്ട് മതിയായ മട്ടായിരുന്നു. ഞാനിതിനൊന്നും പറ്റിയവനല്ലെന്നൊരു തോന്നല്‍. പക്ഷേ, ബക്കറിങ്ങനെ പറഞ്ഞപ്പോള്‍ തോന്നി, ഒരു സിനിമയുടെ ഷൂട്ടിങ് അതിനകത്തു നിന്നു തന്നെ കാണാന്‍ പറ്റുന്നതു നല്ല കാര്യമാണല്ലോന്ന് . അങ്ങനെ ഷൂട്ടിങ് കാണാന്‍ വേണ്ടി പോയതാണ്. എറണാകുളത്ത് രവിപുരത്തുള്ള ഒരു വീട്ടിലായിരുന്നു സിനിമയുടെ ആളുകളെല്ലാം താമസിച്ചിരുന്നത്. നായകന്‍ ഹരി, ക്യാമറമാന്‍ വിപിന്‍ ദാസ് അങ്ങന എല്ലാവരും ഒരുമിച്ച്. കാര്‍ടൂണിസ്റ്റ്് തോമസായിരുന്നു അത് പ്രൊഡ്യൂസ് ചെയ്തത്. തോമസ് അക്കാലത്ത് എറണാകുളത്ത് “ഡിസൈനേഴ്‌സ്” എന്ന പ്രശസ്തമായ പരസ്യകമ്പനിയൊക്കെ നടത്തിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “വീക്ഷണവിശേഷം” എന്ന പേരില്‍ അദ്ദേഹം ഒരു കാര്‍ട്ടൂണ്‍ പംക്തിയും ചെയ്തിരുന്നു.””
മണിമുഴക്കം 1976ലെ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാര്‍ഡിനും മികച്ച ഭാഷാചിത്രത്തിനുള്ള കേന്ദ്ര ബഹുമതിക്കും അര്‍ഹമായി.
തുടര്‍ന്നു സംവിധാനം ചെയ്ത “ചുവന്ന വിത്തുകളി”ല്‍ ശാന്തകുമാരിയായിരുന്നു നായിക. നിര്‍മാണം സലാം കാരശ്ശേരി. നിലമ്പൂര്‍ ബാലന്‍, കുഞ്ഞാവ, നിലമ്പൂര്‍ ആയിഷ, ശാന്താദേവി, സീനത്ത് എന്നിവരഭിനയിച്ച സിനിമയുടെ ഛായഗ്രഹണം ബക്കറിന്റെ സ്ഥിരം ക്യാമറാമാനായ വിപിന്‍ ദാസ് തന്നെ. ചേരിയുടെ പശ്ചാത്തലത്തില്‍ വേശ്യാവൃത്തിയിലേക്ക് വഴുതിപ്പോയ ഒരു യുവതിയുടെ കഥ പറഞ്ഞ ചുവന്ന വിത്തുകള്‍ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല.
“സംഘഗാനം” കഥാകൃത്ത് എം.സുകുമാരന്റെ രചനയില്‍ വന്ന ബക്കര്‍ ചിത്രമാണ്. പ്രധാന കഥാപാത്രം ശ്രീനിവാസന്‍. സ്വന്തം വര്‍ഗത്തെ അന്വേഷിച്ചു പോകുന്ന ചെറുപ്പക്കാരന്‍. അയാള്‍ സമൂഹത്തിലെ മൂന്നു തട്ടില്‍ പെട്ട മൂന്ന് ആളുകളുമായി ഇടപഴകുന്നു. പണക്കാരന്‍, ഇടത്തരക്കാരന്‍, അടിത്തട്ടുകാരന്‍. അവസാനം പറഞ്ഞയാളില്‍ വന്ന് അയാള്‍ എത്തിനില്‍ക്കുന്നിടത്ത് സിനിമ “നീ നിന്റെ രക്തത്തെ കണ്ടെത്തുക, തിരിച്ചറിയുക, സംഘം ചേരുക” എന്ന ആഹ്വാനം രേഖപ്പെടുത്തി അവസാനിക്കുന്നു.
പി.ജെ. ആന്റണി അവസാനമായി അഭിനയിച്ച ചിത്രങ്ങളില്‍ പെടുന്നു “മണ്ണിന്റെ മാറില്‍”. പിന്നീട് ബക്കറില്‍ നിന്നുണ്ടായത്് “ഉണര്‍ത്തുപാട്ട് എന്ന പൂര്‍ത്തിയാകാത്ത സിനിമയാണ്.
ഉണര്‍ത്തുപാട്ട്
“രാജന്‍ സംഭവം” ആസ്പദമാക്കി വന്ന സിനിമയാണ് ഷാജി. എന്‍ കരുണിന്റെ “പിറവി”. 1989-ലായിരുന്നു അത്. അതിനും മുമ്പ് പോലീസ് കസ്റ്റഡിയില്‍ പെട്ട് പിന്നീട് വിവരമൊന്നുമില്ലാതെ പോയ മകനെ തേടിയുള്ള ഒരഛന്റെ അലച്ചില്‍ ബക്കര്‍ വിഷയമാക്കിയിരുന്നു. “ഉണര്‍ത്തുപാട്ടിലൂടെ”. 1980ല്‍. എം.സുകുമാരനായിരുന്നു “ഉണര്‍ത്തുപാട്ടി”ന്റെ രചന തിരുവനന്തപുരത്ത് പടിഞ്ഞാറേ കോട്ടയില്‍ താമസിക്കുന്ന ഒരു തമിഴ് ബ്രാഹ്മണനാണിതില്‍ ഈച്ചരവാരിയരെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം. അയാളുടെ മകനെ കോളേജില്‍ നിന്നു പോലീസ് പിടിച്ചു. പിന്നെ വിവരമൊന്നുമില്ല. അയാള്‍ മകനെ തേടി കാമ്പസുകളിലൂടെ അലയുന്നു. അയാള്‍ പക്ഷേ “പിറവി”യിലെ അഛനെപ്പോലെ കീഴടങ്ങുന്നയാളായിരുന്നില്ലെന്ന ് ടി.വി ചന്ദ്രന്‍ ഓര്‍ക്കുന്നു.
“അയാള് ഒരു ഫോര്‍സുഫുള്ളായിട്ട് വളരെയധികം റിയാക്റ്റു ചെയ്യുന്നയാളായിട്ടാണ് കാണിച്ചിരുന്നത്. അയാളുടെ ആറ്റിറ്റിയൂഡില് വ്യത്യാസമുണ്ടായിരുന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ സിനിമ സെയിമാണ്. ”
“ഉണര്‍ത്തുപാട്ട്് ” പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം പൂര്‍ത്തിയായില്ലെന്നാണ് അറിവ്. ചന്ദ്രന്‍ അതില്‍ ഒരു കവിതയ്ക്കു ശബ്ദം കൊടുക്കുകയും ചെയ്തിരുന്നു. അതിനാല്‍ അപൂര്‍ണമായ നിലയിലാണെങ്കിലും ചിത്രം കാണാനൊത്തു. രാഷ്ട്രീയാവസ്ഥയോടു പ്രതികരിക്കുന്നൊരു സിനിമയായിരുന്നു അതെന്ന്് ചന്ദ്രന്‍ ഓര്‍ക്കുന്നു-
“” ബെറ്റര്‍ റിയാ്ക്ഷന്‍സുള്ളൊരു സിനിമയായിരുന്നു. കരച്ചിലും പിഴിച്ചിലും ഉള്ളതൊന്നുമായിരുന്നില്ല. ബക്കര്‍ജിയുടെ ഒരു സിനിമാ രീതി തന്നെ അതിലുണ്ടായിരുന്നു. “”
ചാപ്പ
പണ്ട് കൊച്ചി തുറമുഖത്ത് തൊഴില്‍ മേഖലയില്‍ നില നിന്നിരുന്ന ഒരു വ്യവസ്ഥിതിയെ ആധാരമാക്കിയാണ് ബക്കര്‍ “82ല്‍ ചാപ്പ സംവിധാനം ചെയ്യുന്നത്. തൊഴില്‍ ഉള്ള ദിവസം മൂപ്പന്‍ വന്ന് തൊഴിലാളികള്‍ക്കിടയിലേക്ക് ചാപ്പ എറിയുന്നു. അതു കിട്ടാന്‍ ഉന്തും തള്ളും തന്നെ നടക്കുന്നു. കിട്ടുന്നവന് പണിയുണ്ട്. ഇല്ലാത്തവന് പട്ടിണിയും. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ കൊച്ചങ്ങാടിയുടെ കഥ. തിരക്ക്ഥ ബക്കറും സംഭാഷണങ്ങള്‍ പവിത്രനും എഴുതി. ചാപ്പ കിട്ടാത്ത തൊഴിലാളിയായി ഹരിയും ക്രൂരനായ മൂപ്പനായി കുഞ്ഞാണ്ടിയും വേഷമിട്ടു. സംവിധായകന്‍ എന്ന നിലയില്‍ ആ പഴയ കാലഘട്ടം ബക്കര്‍ സത്യസന്ധമായി തന്നെ ആവിഷ്‌കരിച്ചു. ആ വര്‍ഷത്ത ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് “ചാപ്പ”യ്ക്കായിരുന്നു.
പ്രേമലേഖനം
തികഞ്ഞ പരാജയം. കാസ്്റ്റിങ് ഉള്‍പ്പെടെ. സോമനും സ്വപ്‌നയുമായിരുന്നു ബഷീറിന്റെ വിഖ്യാത കഥാപാത്രങ്ങളായ കേശവന്‍ നായര്‍ക്കും സാറാമ്മയ്ക്കും ജീവന്‍ നല്‍കാന്‍ നിയോഗിക്കപ്പെട്ടത്. നടന്‍ ശ്രീനിവാസന്‍ പറയുന്നു – “അതൊരു സിനിമയാക്കണമെന്ന് മുഹമ്മദ് ബഷീര്‍ ആഗ്രഹിച്ചിരുന്നോ എന്നെനിക്കറിയില്ല. കാരണം ആ നോവല് – നോവലായിട്ട് വായിക്കാന്‍ പറ്റുമായിരിക്കും പക്ഷേ, സിനിമയ്ക്കുള്ളതൊന്നും അതിലില്ല. അതെന്തിനായിരുന്നു ബക്കര്‍ പിടിച്ചത് എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷിര്‍ ഇപ്പൊ ഒരുപാട് എഴുതിയിട്ടുണ്ട്. എന്നുവച്ച് അതെല്ലാം സിനിമയാക്കണമെന്നു ആരെങ്കിലും വിചാരിച്ചാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്തു ചെയ്യും?”
ശ്രീനാരായണ ഗുരു
കൊല്ലം ജാഫര്‍ നിര്‍മിച്ച ഈ ചിത്രം ഗുരുവിന്റെ സമ്പൂര്‍ണ ജീവിതം ഉള്‍ക്കൊള്ളുന്നു. ശ്രീകുമാറാണ് ഗരുദേവന്റെ വേഷമിട്ടത്. മാറു മറയ്ക്കല്‍ സമരത്തിനുമുമ്പുള്ള കാലമൊക്കെ തെല്ലും അശ്ലീലമുളവാക്കാതെ തുറന്ന രീതിയില്‍ തന്നെ ചിത്രീകരിച്ചു എന്നത് ബക്കറിന്റെ സംവിധാന മികവു തെളിയിക്കുന്നു. ഗുരുപരിവേഷങ്ങളഴിച്ചു വച്ച് ആ ജീവിതത്തിലെ നിര്‍ണ്ണായക സന്ധികളെ യഥാതഥമായി നോക്കി കാണുന്ന സിനിമ. സൂക്ഷ്മമായ ദൃശ്യ സന്നിവേശമാണീ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണീയത. ഡോക്റ്റര്‍ പവിത്രന്‍ തിരക്കഥയും വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സംഭാഷണവും എഴുതി. സിനിമയ്ക്ക് മനോഹാരിത നല്‍കിയ മറ്റൊരു ഘടകമാണ് ഹേമചന്ദ്രന്റെ ഛായാഗ്രഹണം. “85-ലെ ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ലഭിച്ച ചിത്രത്തിന് ഈഴവ സമുദായത്തില്‍ നിന്നു പോലും കാണികള്‍ കാര്യമായി ഉണ്ടായില്ല.
അവസാന ചിത്രം “ഇന്നലെയുടെ ബാക്കി”
കൂട്ട ബലാത്ക്കാരം ചെയ്യപ്പെട്ട ഭാര്യ. അതിന് നിസ്സഹായനായി സാക്ഷിയാകേണ്ടി വന്ന ഭര്‍ത്താവ്. അവരുടെ പിന്നീടുള്ള ജീവിതം. -അതാണ് “ഇന്നലെയുടെ ബാക്കി”. മനശ്ശാസ്ത്രപരമായ ഒരാഴത്തിലൂടെ പോകേണ്ടിയിരുന്ന പ്രമേയമായിരുന്നു അതെന്ന് ചിത്രത്തിന് രചന നിര്‍വഹിച്ച പ്രശസ്്ത സാഹിത്യകാരന്‍ കെ.എല്‍ മോഹനവര്‍മ്മ പറയുന്നു. ദേവനും ഗീതയുമായിരുന്നു പ്രധാന വേഷങ്ങളില്‍. ബക്കറിനോ മലയാള സിനിമയ്‌ക്കോ ഗുണം ചെയ്യാതെ പോയ സിനിമ.
ബക്കര്‍- സംവിധായകനുള്ളിലെ വ്യക്തി
പതിനാലാം വയസ്സില്‍ സെറ്റില്‍ സഹായിയായി വന്നയാളാണ് ബക്കര്‍ . പലതും കണ്ടു. പലരേയും കൊണ്ടു. സിനിമ പഠിച്ചു. അതിലേറെ ജീവിതം പഠിച്ചു. അങ്ങനെ ആരെയും ഉള്‍ക്കൊള്ളാനുള്ള കഴിവു നേടി. കെ.എല്‍ മോഹനവര്‍മ പറയുന്നു: “” ഒരാളെ കണ്ടാല്‍ തന്നെ ബക്കര്‍ അയാളെ ശരിക്കു മനസ്സിലാക്കും. ആവശ്യമെങ്കില്‍ തനിക്കു വേണ്ട ഏരിയകളില്‍ അയാളെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യും. താഴെത്തട്ടില്‍ നിന്നുയര്‍ന്നു വന്നതു കൊണ്ട് ബക്കര്‍ ആരെയും വളരെ ഭംഗിയായി ഹാന്‍ഡ്ല്‍ ചെയ്യും. പടം ഓര്‍ഗനൈസ് ചെയ്യാന്‍ മിടുക്കനായിരുന്നു. കുറച്ചൊക്കെ വരക്കുമായിരുന്നു. നടീനടന്‍മാരുടെ കഴിവറിഞ്ഞ് അവരെ കൃത്യമായി ഉപയോഗിക്കാനുള്ള സ്‌കില്ലുള്ള ഡയറക്ടറായിരുന്നു ബക്കര്‍. ഇംഗ്‌ളീഷ് ഒട്ടും അറിയില്ലാഞ്ഞിട്ടും ഇംഗ്‌ളീഷില്‍ ഒരു പടമെടുക്കാനും ബക്കര്‍ ശ്രമിച്ചിരുന്നു. സ്‌നേഹപൂര്‍വമായ പെരുമാറ്റമായിരുന്നു. എന്നാല്‍ ബുദ്ധിശാലിയും””.
സാങ്കേതികമായി സിനിമ പഠിച്ചിരുന്നില്ലെങ്കിലും അന്നത്തെ ലോക ക്‌ളാസിക് സിനിമകളെ കുറിച്ച് ബക്കറിന് നല്ല അവബോധമുണ്ടായിരുന്നു. ടിവി ചന്ദ്രന്‍ പറയുന്നു-
“”ബക്കര്‍ജി ഒരു സെല്‍ഫ് ടോട്ട് ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു. സത്യജിത് റേയുടെ സിനിമകളോടായിരുന്നു അടുപ്പം. കൂടെ എപ്പോഴും “മഹാനഗറി”ലെയൊക്കെ ചില പേപ്പര്‍ കട്ടിങ്ങ്‌സ്ണ്ടാവും – അതും ഫോട്ടോഗ്രാഫ്‌സ് പോലുമല്ല. ചെല പത്രങ്ങളിലൊക്കെ വന്ന “മഹാ നഗറി”ലെ ആ ഫേമസ് ഫ്രെയ്മ്ണ്ട്. ആ മാധബി മുഖര്‍ജി ഒര് വെളിം പ്രദേശത്ത് ഇരിക്കുന്ന ചിത്രം. അതൊക്കെ ബക്കര്‍ജീടെ ഫയലിലെണ്ടാവും. ഫസ്റ്റ് ഡേ ഷൂട്ടിങ്ങിന്റെ തലേന്ന് ഇതൊക്കെ നോക്കിക്കൊണ്ടിരിക്കുന്നതു കാണാം. “”
ഇതുകൊണ്ടൊക്കെ തന്നെ പൊതുവേ ഇന്ത്യന്‍ സിനിമയിലെ ബംഗാളി സ്‌കൂളിനോടാണ് ബക്കറിന്റെ സംവിധാന ശൈലി കൂടുതല്‍ അടുത്തു നിന്നത്. സത്യജിത് റേയുടെ സിനിമകള്‍ക്കുള്ള ആ ഒരു കയ്യടക്കം ബക്കര്‍ സിനിമകള്‍ക്കും നേടാനായി.
ചിത്രീകരണ സമയത്ത് സ്‌പെയ്‌സ് ഉണ്ടാക്കാന്‍ ബക്കര്‍ വലിയ മിടുക്കനായിരുന്നു. ഒരു ചെറിയ മുറിയാണെങ്കില്‍ പോലും അതീന്ന് ബക്കര്‍ജി ഗംഭീരമായ ഫ്രയിംസുണ്ടാക്കുമായിരുന്നു.”” ടി.വി. ചന്ദ്രന്‍ ഓര്‍ക്കുന്നു. “”നന്നായി വരക്കേം ചെയ്യും. എടുക്കാന്‍ പോകുന്ന ഷോട്ട് ഞങ്ങള്‍ക്ക് വരച്ചു തരുമാ.ിരുന്നു””.
മിതഭാഷിയും സൗമ്യനുമായിരുന്നു ബക്കര്‍ എന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു. “”ചിലവു കുറച്ച് സിനിമയെടുക്കുന്നതില്‍ വിദഗ്ധനമയാരുന്നു. സംഘഗാനത്തിന്റെയൊക്കെ പ്രൊഡക്ഷന്‍ കോസ്റ്റ് ഞാനോര്‍ക്കുന്നുണ്ട്, 90000 രൂപയായിരുന്നു..””
തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം മാത്രം സംവിധാനത്തിലേക്കു തിരിയുക. അതിഭാവുകത്വമൊന്നുമില്ലാത്ത റിയലിസ്റ്റിക് ആയ സമീപനം. ജീവിത ഗന്ധിയായ പ്രമേയങ്ങള്‍.-ആകത്തുകയില്‍ ബക്കറിനെ കുറിച്ചു പറയാവുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്. ഇതിനപ്പുറം സ്വയം രൂപപ്പെടുത്തിയ അഥവാ സിനിമാ പ്രവര്‍ത്തനത്തിലൂടെ രൂപപ്പെട്ടു വന്ന ഒരു ശൈലിയില്‍ ബക്കര്‍ തന്നെത്തന്നെ തളച്ചിട്ടു എന്നതാണ് കുറേ കൂടി ഉയര്‍ന്ന തലങ്ങളിലേക്ക് അദ്ദേഹത്തിന് എത്തിപ്പെടാന്‍ പറ്റാതെ പോയതിനു കാരണം. ഒപ്പം അടൂരിനും അരവിന്ദനുമപ്പുറം കലാമൂല്യമുള്ള സിനിമകള്‍ ആരും മലയാളത്തില്‍ ചെയ്യുന്നില്ല എന്ന ധാരണ കൃത്യമായി തന്നെ ഇവിടെ ഉളവാക്കപ്പെട്ടതും ബക്കറിനെപ്പോലുള്ള പ്രതിഭാശാലികളായ സംവിധായകരുടെ ഇഛാശക്തിയെ വിപരീതമായി ബാധിച്ചിരിക്കാം.