സല്‍മാന്‍ ഖാന്റെ കണ്ണുകളില്‍ ഭയം നിറച്ച അധോലോക രാജകുമാരന്‍; ദാവൂദ് ഇബ്രാഹിമിനെ പരസ്യമായി വെല്ലുവിളിച്ച ലോറന്‍സ് ബിഷ്‌ണോയ് ആരാണ്?

സല്‍മാന്‍ ഖാനോട് അഞ്ച് വയസുമുതല്‍ പക, ദാവൂദ് ഇബ്രാഹിമിനെ പരസ്യമായി വെല്ലുവിളിച്ച അധോലോക രാജകുമാരന്‍. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തി ഉത്തരവാദിത്വം ഏറ്റെടുത്ത ഗ്യാങ്സ്റ്റര്‍.ജയിലില്‍ ഇരുന്ന് വൈ കാറ്റഗറി സുരക്ഷയുള്ള ബാബാ സിദ്ദിഖി വധം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊടുംകുറ്റവാളി. ദാവൂദ് ഇബ്രാഹിമിനെയും സല്‍മാന്‍ ഖാനെയും സഹായിക്കുന്നവരെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ലോറന്‍സ് ബിഷ്‌ണോയ് ആരാണ്?

ദുര്‍ഗാപൂജ ആഘോഷങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടങ്ങളാല്‍ നിറഞ്ഞ മഹാരാഷ്ട്രയിലെ ഒരു റോഡിലൂടെ കടന്നുവന്ന അജിത്പവാര്‍ പക്ഷം എന്‍സിപിയുടെ മുന്‍ മന്ത്രി. വൈ കാറ്റഗറി സുരക്ഷയുള്ള ബാബാ സിദ്ദിയുടെ വാഹനം എംഎല്‍എ കൂടിയായ മകന്റെ ഓഫീസിന് മുന്നിലെത്തിയതും മൂന്ന് യുവാക്കള്‍ വാഹനം തടഞ്ഞ് ബാബാ സിദ്ദിഖിയ്ക്ക് നേരെ നിറയൊഴിച്ചു.

പൊലീസ് സുരക്ഷയിലായിരുന്ന മുന്‍ മന്ത്രിയെ കൊലപ്പെടുത്തി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ രക്ഷപ്പെടുന്നു. പഴയ രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളിലെ ചോരയുടെ മണമുള്ള മുംബൈ അധോലോകത്തിന്റെ കഥയല്ലിത്. കഴിഞ്ഞ ദിവസം രാജ്യത്തെയാകെ ഞെട്ടലിലാഴ്ത്തിയ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പകയുടെ ചരിത്രമാണ്.

ഉന്നത വിദ്യാഭ്യാസം നേടിയ സുന്ദരനായ ഈ ഗ്യാങ്സ്റ്ററിന് പ്രായം വെറും 31 വയസ് മാത്രം. തന്റെ പ്രായത്തേക്കാളേറെ കേസുകള്‍. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം ആയുധക്കച്ചവടം, മയക്ക് മരുന്ന് ഇടപാടുകള്‍ തുടങ്ങി ലോറന്‍സ് ബിഷ്‌ണോയുടെ കരങ്ങള്‍ പതിയാത്ത മേഖലകളില്ല. 1993 ഫെബ്രുവരി 12ന് പഞ്ചാബിലെ ഫിറോസ്പൂര്‍ ഗ്രാമത്തില്‍ ജനനം, പിതാവ് ഹരിയാന പൊലീസില്‍ കോണ്‍സ്റ്റബിള്‍.

ഒരു സാധാരണ പൊലീസുകാരന്റെ മകന്‍ എങ്ങനെയാണ് രാജ്യത്തെ വിറപ്പിക്കുന്ന ക്രിമിനലായി മാറിയത്? എന്തുകൊണ്ടാണ് ബിഷ്‌ണോയിക്കും സംഘത്തിനും സല്‍മാന്‍ ഖാനോട് ഒടുങ്ങാത്ത പക? അത് അറിയണമെങ്കില്‍ ബിഷ്‌ണോയ് വിഭാഗത്തിന്റെ ചരിത്രം കൂടി മനസിലാക്കണം. ബിഷ്‌ണോയ് വിഭാഗത്തിന്റെ ആത്മീയ ഗുരു ജംബാജിയുടെ പുനര്‍ജന്മമായാണ് അവര്‍ കൃഷ്ണ മൃഗത്തെ കണക്കാക്കുന്നത്. പക്ഷി മൃഗാദികളെ വേട്ടയാടുന്നത് വലിയ പാപമായാണ് ഇക്കൂട്ടര്‍ കരുതുന്നത്.

ഒരു സിനിമയുടെ ചിത്രീകരണത്തിന് 1998ല്‍ രാജസ്ഥാനിലെത്തിയ സല്‍മാന്‍ ഖാന്‍ ഈ വിശ്വാസത്തിന് നേരെയാണ് നിറയൊഴിച്ചത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ സല്‍മാനെതിരെ അന്ന് പരാതി നല്‍കിയതും ബിഷ്‌ണോയി വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തിയായിരുന്നു. പത്ത് ദിവസത്തിന് ശേഷം പൊലീസ് സല്‍മാനെതിരെ കേസെടുത്തു.

അന്ന് അഞ്ച് വയസ് മാത്രമുള്ള ലോറന്‍സ് ബിഷ്‌ണോയ്ക്ക് അന്ന് മുതല്‍ സല്‍മാന്‍ ഖാനോടുള്ള പകയും ആരംഭിച്ചു. 12ാം ക്ലാസ് വരെ അബോഹറില്‍ പഠിച്ച ലോറന്‍സ് ബിഷ്‌ണോയ് തുടര്‍ന്ന് ഛണ്ഡിഗഢ് ഡിഎവി കോളേജില്‍ ഉന്നത പഠനത്തിനെത്തുന്നു. നിയമപഠനത്തിന് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ലോറന്‍സ് സ്റ്റുഡന്റ് കൗണ്‍സിലില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കുറ്റകൃത്യങ്ങളിലേക്ക് ചുവടുവയക്കുന്നത്.

ഗോള്‍ഡി ബ്രാര്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ക്രിമിനല്‍ സതീന്ദര്‍ സിംഗുമായുള്ള സൗഹൃദമായിരുന്നു കുറ്റകൃത്യങ്ങള്‍ക്ക് ലോറന്‍സ് ബിഷ്‌ണോയുടെ പിന്‍ബലം. 2010 മുതല്‍ വധശ്രമം, ഭീഷണിപ്പെടുത്തല്‍, മോഷണം, തുടങ്ങി വിവിധ കേസുകളില്‍ ലോറന്‍സ് പ്രതിയായി. നിയമ പഠനം പൂര്‍ത്തിയാക്കിയെങ്കിലും വക്കീല്‍ കുപ്പായമിടാന്‍ അയാള്‍ തയ്യാറായിരുന്നില്ല.

ജയിലില്‍ കിടന്ന കാലത്ത് ലോറന്‍സ് ബിഷ്‌ണോയി നിരവധി കൊടുംക്രിമിനലുകളുമായി ഉറ്റ ചങ്ങാത്തത്തിലായി. 2013ല്‍ മുക്ത്‌സറിലെ ഗവണ്‍മെന്റ് കോളേജിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയെയും ലുധിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ ഒരു എതിരാളിയെയും ലോറന്‍സ് ബിഷ്‌ണോയി നിഷ്‌കരുണം വെടിവച്ച് കൊലപ്പെടുത്തി.

2013ല്‍ തന്നെ മദ്യക്കച്ചവടത്തിലേക്ക് കൂടി കടന്ന ബിഷ്‌ണോയി തന്റെ സംഘത്തിലേക്ക് ആരെയും കൊലപ്പെടുത്താന്‍ അറപ്പും മടിപ്പുമില്ലാത്തവരെ തന്റെ ഗ്യാങിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ആരംഭിച്ചു. 2014ല്‍ രാജസ്ഥാന്‍ പൊലീസുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ലോറന്‍സ് പിന്നീട് ജയിലിലായി.

2018ല്‍ കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ 25 വയസുണ്ടായിരുന്ന ലോറന്‍സ് അപ്പോഴേക്കും ഒരു ഗ്യാങ്‌സ്റ്ററായി വളര്‍ന്നിരുന്നു. ജയിലില്‍ ഇരുന്ന് കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ഇയാള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി കൊണ്ടേയിരുന്നു. സല്‍മാന് കോടതി ജാമ്യം അനുവദിച്ചതോടെ സൂപ്പര്‍ താരത്തിന് സ്വയം ശിക്ഷ വിധിക്കാന്‍ ലോറന്‍സ് തീരുമാനിച്ചു. സല്‍മാന്‍ ഖാന്‍ ബിഷ്‌ണോയി ഗ്യാങിന്റെ പ്രഖ്യാപിത ശത്രുവായി.

സല്‍മാന്‍ ഖാന്റെ വീടിന് നേരെ സമീപകാലത്ത് വെടിവയ്പ്പ് നടത്തിയതും ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് ആയിരുന്നു. സല്‍മാന്‍ ഖാനെയും ദാവൂദ് ഇബ്രാഹിമിനെയും സഹായിച്ചെന്ന പേരിലാണ് ബാബാ സിദ്ദിഖിയ്ക്ക് നേരെ നിറയൊഴിച്ചതെന്ന് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തലും നടത്തി.

തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുക, മയക്കുമരുന്ന് കച്ചവടം, ആയുധ കച്ചവടം തുടങ്ങിയവയാണ് ലോറന്‍സ് ബിഷ്‌ണോയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. എട്ട് കോടിയുടെ ആസ്തിയുള്ള ബിഷ്‌ണോയ് 2010ല്‍ തന്നെ വിവാഹം കഴിച്ചിരുന്നു. ലോറന്‍സ് ബിഷ്‌ണോയ്- ഗുര്‍പ്രീത് കൗര്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്. 700ല്‍ അധികം ഷാര്‍പ്പ് ഷൂട്ടര്‍മാരാണ് ലോറന്‍സ് ബിഷ്‌ണോയി ഗ്യാങില്‍ ആക്ടീവായുള്ളത്. നിലവില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ലോറന്‍സിന് ഖാലിസ്ഥാന്‍ തീവ്രവാദി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ട്.

ബാബാ സിദ്ദിഖിയെയും സിദ്ദു മൂസെവാലെയും മാത്രമല്ല ലോറന്‍സ് ബിഷ്‌ണോയ് സംഘം ബുള്ളറ്റുകളാല്‍ യമപുരിയിലേക്ക് അയച്ചത്. ആ പട്ടികയില്‍ ഖാലിസ്ഥാന്‍ വിഘടനവാദി സുഖ്ദൂല്‍ സിംഗ് ഗില്ലി, കിര്‍ണി സേനയുടെ പ്രസിഡന്റ് സുഖ്‌ദേവ് സിംഗ് തുടങ്ങി നിരവധി പ്രശസ്തരും അപ്രശസ്തരും ബിഷ്‌ണോയി ഗ്യാങിന്റെ തോക്കുകള്‍ക്ക് ഇരയായവരാണ്.

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തോടെ ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ മസിലുകള്‍ക്ക് വിറയല്‍ അനുഭവപ്പെടാന്‍ തുടങ്ങിയതിനും കാരണം ഇതുതന്നെയാണ്. രാജ്യത്തെ തന്നെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തിയ ഡി കമ്പനിയെ പോലും വെല്ലുവിളിക്കാന്‍ പോന്ന ഒരു ഗ്യാങ്‌സ്റ്ററോടുള്ള ഭയം തന്നെയാണ് ബാബാ സിദ്ദിഖിയുടെ മരണത്തിന് പിന്നാലെ സല്‍മാന്റെ കണ്ണുകളില്‍ നിഴലിച്ചതും.