നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നതാണ് തന്റെ രീതിയെന്ന് കൊച്ചിയില്‍ ലഹരി കേസില്‍ അറസ്റ്റിലായ ഗുണ്ട നേതാവ് ഓം പ്രകാശ്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലെത്തിയത് സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രം ആയിരുന്നെന്നും ഓം പ്രകാശ് പറഞ്ഞു. മയക്കുമരുന്നുമായി നാളിതുവരെ തനിക്ക് ഒരു ബന്ധവുമില്ലെന്നും ഓംപ്രകാശ് കൂട്ടിച്ചേര്‍ത്തു.
സിനിമതാരം ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഉള്‍പ്പെട്ട ലഹരി പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കിയത് ഓം പ്രകാശ് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഓം പ്രകാശ്. സുഹൃത്തുക്കളെ കാണാനാണ് കൊച്ചിയിലെത്തിയത്. റൂമില്‍ പല സുഹൃത്തുക്കളുമെത്തി. എന്നാല്‍ പലരെയും തനിക്ക് പരിചയമുണ്ടായിരുന്നില്ലെന്നും ഓംപ്രകാശ് പറഞ്ഞു.
അക്കൂട്ടത്തിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തിയതെന്നും ഓംപ്രകാശ് അറിയിച്ചു. ഭാസിയെ പരിചയപ്പെട്ടു. നന്നായി സംസാരിക്കുന്ന പയ്യന്‍. ഷേക്ക് ഹാന്റ് നല്‍കി കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പെണ്‍കുട്ടി സിനിമതാരം പ്രയാഗ മാര്‍ട്ടിന്‍ ആണെന്ന് പിന്നീടാണ് തനിക്ക് മനസിലായത്. സിനിമയില്‍ കാണുന്ന ഭംഗി ഉണ്ടായിരുന്നില്ലെന്നും ഓംപ്രകാശ് കൂട്ടിച്ചേര്‍ത്തു.
തനിക്ക് ലഹരിയുമായി ഒരു ബന്ധവുമില്ല. കേസില്‍ തന്നെ ഫ്രെയിം ചെയ്തതാണ്. കഴിഞ്ഞ 15 ദിവസമായി ആന്റിബയോട്ടിക് കഴിക്കുന്നയാളാണ് താന്‍. തനിക്ക് ലഹരി ഉപയോഗിക്കാന്‍ കഴിയില്ല. തന്റെ റൂമില്‍ നിന്ന് ഒരു സിഗരറ്റ് കുറ്റി പോലും കണ്ടെത്തിയിട്ടില്ല. ഒരു ഒഴിഞ്ഞ കവര്‍ മാത്രമാണ് റൂമില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ അതും തന്റെ റൂമില്‍ നിന്ന് ആയിരുന്നില്ല.
രണ്ട് കേസുകള്‍ മാത്രമാണ് തനിക്കെതിരെ നിലവിലുള്ളത്. എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് കമ്മീഷണര്‍ ഓഫീസില്‍ പോയി ഒപ്പിടാറുണ്ട്. വളരെ ശ്രദ്ധിച്ചാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരിടത്തും സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഓംപ്രകാശ് പറഞ്ഞു.
അതേസമയം കേസില്‍ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഗുണ്ടാനേതാവ് ഓം പ്രകാശുമായുള്ള ബന്ധത്തെ പറ്റിയും കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയെക്കുറിച്ചും പൊലീസ് മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സിനിമ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയില്‍ എത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.