‘പൊന്നിയിന്‍ സെല്‍വന്‍’ എത്തിയതോടെ ‘ആയിരത്തില്‍ ഒരുവന്‍’ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള ആവേശം കൂടിയെന്ന് സംവിധായകന്‍ സെല്‍വരാഘവന്‍. കാര്‍ത്തി നായകന്‍ ആയി 2010ല്‍ എത്തിയ ചിത്രമാണ് ‘ആയിരത്തില്‍ ഒരുവന്‍’. ധനുഷിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ രണ്ടാം ഭാഗം 2021ല്‍ ആണ് സെല്‍വരാഘവന്‍ പ്രഖ്യാപിച്ചത്.
ആയിരത്തില്‍ ഒരുവന്‍ രണ്ടാം ഭാഗം ചെയ്യാനുള്ള ആവേശം ഇപ്പോള്‍ കൂടുകയാണ്. എത്രയും വേഗം ചെയ്യണം എന്നാണ് ആഗ്രഹം. പല ചൈനീസ്, ഹോളിവുഡ് സിനിമകളിലും രാജാക്കന്മാരെയും ഭരണാധികാരികളെയും കുറിച്ചുള്ള സിനിമകള്‍ ഒരുപാടുണ്ട്.
എന്നാല്‍ തമിഴ് ചരിത്രം പറയുന്ന രണ്ട് സിനിമകള്‍ മാത്രമാണ് ഉള്ളത്. ഇത്തരം സിനിമകള്‍ ബിഗ് ബജറ്റായി മാത്രമേ നിര്‍മ്മിക്കാനാകൂ എന്ന തെറ്റുധാരണയാണ് ജനങ്ങള്‍ക്കുള്ളത്. കൈയ്യിലിരിക്കുന്ന കഥയ്ക്കും ഉള്ളടക്കത്തിനുമാണ് പ്രധാന്യം എന്നാണ് സംവിധായകന്‍ പറയുന്നത്.
ചോള രാജകുമാരന്റെ തമിഴ്‌നാട്ടിലേക്കുള്ള തിരിച്ചുവരവിനെ കേന്ദ്രീകരിച്ചുള്ള ഒരു നീണ്ട ചിത്രമായിരിക്കും ആയിരത്തില്‍ ഒരുവന്‍ 2. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നും 2024ല്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.