'ഇന്ത്യനി'ലെ കമല്‍ ലുക്കിനെ ഓര്‍മിപ്പിച്ച് സേതുപതിയുടെ 'സീതാകാന്തി'

വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമാരാധകരുടെ പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി. സ്വാഭാവികമായ അഭിനയം കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ സേതുപതിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംസാരവിഷയമായിരിക്കുകയാണ്. നരച്ച തലമുടിയും വെള്ളമുണ്ടും വെള്ള ജുബ്ബയുമണിഞ്ഞ് കമലാഹാസന്റെ ഇന്ത്യന്‍ സിനിമയിലെ ലുക്കിന് സമാനമായ രൂപത്തിലാണ് മക്കള്‍ സെല്‍വന്റെ പുതിയ അവതാരം.

സീതാകാന്തി എന്ന ചിത്രത്തിലാണ് സേതുപതി ” റഫ് ആന്റ് ടഫ്” ലുക്കിലെത്തുന്നത്. പ്രായമേറിയ കഥാപാത്രങ്ങള്‍ മുന്‍പ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വൈവിധ്യങ്ങള്‍ പരീക്ഷിക്കാറുള്ള മക്കള്‍ സെല്‍വന്റെ തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. “ഇന്ത്യന്‍” സിനിമയിലെ നായക കഥാപാത്രത്തിന്റെ അതേ വേഷവും രൂപവുമുള്ള കഥാപാത്രത്തെ കണ്ട് ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. എന്നാല്‍ സേതുപതിയുടെ ന്യൂ ലുക്ക് മുതല്‍വനിലെ രഘുവരനെ പോലെയാണെന്നും ചിലര്‍ ഉപമിക്കുന്നുണ്ട്.

ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാടകകലാകാരന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. അയ്യ എന്നാണ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. രമ്യാ നമ്പീശനും പാര്‍വതിയുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്‌കര്‍ പുരസ്‌ക്കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്‌സ് നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കിടിലന്‍ ലുക്ക് ഒരുക്കിയിരിക്കുന്നത്.