സിനിമാരംഗത്ത് 20 വര്‍ഷം തികച്ച് ഗൗതം മേനോന്‍. ഫെബ്രുവരി 2ന് സിനിമാതാരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് സിങ്കപ്പൂരില്‍ അദ്ദേഹത്തിന് ആദരവ് ഒരുക്കുകയാണ്. ഇതിന്റെ ഭാഗമായി വിഗ്‌നേശ് ശിവന്‍, തൃഷ, കാര്‍ത്തിക്, വെട്രിമാരന്‍, ബോംബെ ജയശ്രീ, ഹാരിസ് ജയരാജ്, അന്‍വര്‍ റഷീദ് എന്നിവര്‍ സംവിധായകന് ആശംസകളറിയിച്ചുകൊണ്ട് വീഡിയോ അയച്ചിരുന്നു. അവയെല്ലാം ഗൗതം മേനോന്‍ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയതായി നടന്‍ സൂര്യയുടെ വീഡിയോയാണ് സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. ഗൗതം മേനോനും ഒന്നിച്ച സിനിമകളെ കുറിച്ചും അതിലെ ഗാനങ്ങളെ കുറിച്ചും പറഞ്ഞ സൂര്യ “”ഗൗതം പറയുകയാണെങ്കില്‍ ഇനിയും ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ റെഡിയാണ്”” എന്നും പറഞ്ഞു. “”അതെ, അധികം വൈകാതെ ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ പറയും”” എന്ന ക്യാപ്ഷനോടെയാണ് ഗൗതം മേനോന്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ “വാരണം ആയിര”ത്തിനു രണ്ടാം ഭാഗം വരികയാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. “ഓന്‍ ഗിറ്റാര്‍ എട്ത്തീലെങ്കി ങ്ങളെടുപ്പിക്കണം മേനോന്‍ സാറേ”എന്ന രസകരങ്ങളായ കമന്റുകളും അക്കൂട്ടത്തിലുണ്ട്. സൂര്യ, ദിവ്യ സ്പന്ദന, സിമ്രാന്‍, സമീറ റെഡ്ഡി എന്നിവര്‍ ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു 2008ല്‍ റിലീസായ വാരണം ആയിരം. സൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി കണക്കാക്കുന്ന ചിത്രത്തിന് അക്കൊല്ലത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.