കമല്‍ ഹാസന്‍-ശങ്കര്‍ ചിത്രം ‘ഇന്ത്യന്‍ 2’വിന് സമ്മിശ്ര പ്രതികരണം. തമിഴകത്തെ അടുത്ത ബ്ലോക്ബസ്റ്റര്‍ ചിത്രം എന്നാണ് പല പ്രേക്ഷകരും പറയുന്നത്. എന്നാല്‍ വളരെ ദയനീയമായ ഫസ്റ്റ്ഹാഫ് ആണെന്നും ഒരു ശങ്കര്‍-കമല്‍ സിനിമയാണ് ഇതെന്നും പറയാനാവില്ല എന്നാണ് ചില പ്രേക്ഷകരുടെ അഭിപ്രായം. കമല്‍ ഹാസന് ഇനിയങ്ങോട്ട് ട്രോളുകള്‍ ആയിരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഒരു ശങ്കര്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഒരുക്കിയ കൊമേഴ്യല്‍ എന്റര്‍ടെയ്‌നറാണ് സിനിമ എന്നുള്ള പൊസിറ്റീവ് റിവ്യൂകള്‍ എത്തുന്നുണ്ട്. ഇന്ത്യന്‍ മൂന്നാം ഭാഗത്തിനുള്ള തീപ്പൊരി കൂടി അവശേഷിപ്പിച്ചാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്.
”ആദ്യ പാര്‍ട്ടിനേക്കാള്‍ എന്തുകൊണ്ടും മികച്ചത് ആണ് സെക്കന്‍ഡ് പാര്‍ട്ട്. ഇന്റര്‍വെല്‍ ബ്ലോക് രോമാഞ്ചം ആയിരുന്നു. അത് കാണാന്‍ ഒന്നുകൂടെ ടിക്കറ്റ് എടുക്കും” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചിത്രം ദൃശ്യ വിസ്മയമാണെന്നും അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും സംവിധായകന്‍ ഷങ്കറിന്റെ മേക്കിംഗും പ്രധാന ആകര്‍ഷണമാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
”ശക്തമായ കഥ പറച്ചിലും ബ്രെത്‌ടേക്കിങ് വിഷ്വല്‍സും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സിനിമാറ്റിക് ജെം ആണ് ഇന്ത്യന്‍ 2. സിനിമയുടെ രണ്ടാം ഭാഗത്തില്‍ നടത്തിയ പരിശ്രമത്തിന് അംഗീകാരം. ശങ്കറിന്റെ തിരിച്ചുവരവ്” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിയുടെ ക്ലൈമാക്‌സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.
250 കോടി ബജറ്റിലാണ് ഇന്ത്യന്‍ 2 ഒരുങ്ങുന്നത്. ശങ്കറിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ഉദയനിധി സ്റ്റാലിനും എ സുബാസ്‌ക്കരനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, എസ്.ജെ സൂര്യ, മാര്‍ക്ക് ബെന്നിങ്ടണ്‍, വി ജയപ്രകാശ്, ബോബി സിംഹ, നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നത്.