വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ റിലീസ് നീളാന്‍ സാധ്യത. ചിത്രത്തിന്റെ സെന്‍സറിംഗ് നീണ്ടു പോയിരിക്കുകയാണ്. ഒക്ടോബര്‍ 2ന് ആയിരുന്നു ലിയോയുടെ സെന്‍സറിംഗ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ സെന്‍സറിംഗ് നടന്നിട്ടില്ല.
ഒക്ടോബര്‍ 19ന് ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ ചിത്രത്തിനായുള്ള പ്രമോഷന്‍ പരിപാടികള്‍ ഒന്നും ഇനിയും അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടില്ല. സെന്‍സര്‍ ബോര്‍ഡിന് വേണ്ടിയുള്ള സിനിമയുടെ സ്‌ക്രീനിംഗ് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നടക്കുമെന്ന് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇതിന് ശേഷം പ്രൊമോഷന്‍ പരിപാടികള്‍ തുടങ്ങും. ഒക്ടോബര്‍ 5ന് ആണ് ട്രെയ്ലര്‍ റിലീസ്. ലിയോയുടെ ഓഡിയോ റിലീസ് ചടങ്ങ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇവന്റുകളില്‍ ഒന്നായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അണിയറപ്രവര്‍ത്തകര്‍ പരിപാടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ഇത് രാഷ്ട്രീയ വിവാദമായിരുന്നു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് ഇതിന് പിന്നില്‍ എന്ന രീതിയിലാണ് പ്രചാരണങ്ങള്‍ നടന്നത്. അതേസമയം, ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ലിയോ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് നിര്‍മ്മിക്കുന്നത്.
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, സാന്‍ഡി മാസ്റ്റര്‍, മാത്യു തോമസ് തുടങ്ങിയവര്‍ സിനിമയുടെ ഭാഗമാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകും ലിയോയും എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.