'ലിയോ'യിലെ ഹൈലൈറ്റ് ഈ ഫൈറ്റ് സീന്‍; ഒറ്റ രംഗത്തിന് മുടക്കിയത് 15 കോടി!

ലോകേഷ് കനകരാജ് ചിത്രങ്ങളിലെ ഡാര്‍ക്ക് തീമിലുള്ള ഫൈറ്റ് സീനുകള്‍ എന്നും ശ്രദ്ധ നേടാറുണ്ട്. ‘വിക്ര’ത്തിന്റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ‘ലിയോ’യില്‍ വ്യത്യസ്തമായ ഫൈറ്റ് സീനുകള്‍ ഉണ്ടാവുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

ലിയോയില്‍ പ്രധാനപ്പെട്ട ഫെറ്റ് സീനുകളിലൊന്ന് കഴുതപ്പുലിയുമായുള്ള വിജയ്‌യുടെ ഒരു ഏറ്റുമുട്ടല്‍ രംഗമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതല്‍ ട്രെയ്‌ലര്‍ റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ വരെ ഈ രംഗമാണ് അണിയറക്കാര്‍ ദൃശ്യവത്കരിച്ചത്. അതുകൊണ്ട് തന്നെ ഈ രംഗത്തിന് വളരെ പ്രധാന്യമുണ്ടെന്ന് ഉറപ്പാണ്.

മഞ്ഞ് മൂടിയ മലനിരകളില്‍ വച്ച് വന്യജീവിയുമായുള്ള വിജയ്‌യുടെ ഈ ഫൈറ്റിന് വന്‍ തുകയാണ് നിര്‍മ്മാതാക്കള്‍ മുടക്കിയത് എന്നാണ് വിവരം. ഈ ഒറ്റ സീക്വന്‍സിന് വേണ്ടി മാത്രം 10 മുതല്‍ 15 കോടി വരെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ചിലവഴിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ 5ന് എത്തുന്ന ട്രെയ്‌ലറിലും ഈ സീക്വന്‍സില്‍ നിന്നുള്ള ചില ഷോട്ടുകള്‍ ഉണ്ടായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഉന്നത നിലവാരത്തിലുള്ള വിഎഫ്എക്‌സിന് വേണ്ടിയാണ് ഇത്രയും ബജറ്റ് വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലുള്ള ചിത്രമായിരിക്കും ഇത് എന്നാണ് സൂചനകള്‍. ലിയോയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും ട്രെയ്‌ലറിലും വിക്രം, കൈതി എന്നീ ചിത്രങ്ങളുടെ എലമെന്റുകള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.