ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളില്‍ ഒന്നാണ് വെട്രിമാരന്റെ ‘വിടുതലൈ’. ഹാസ്യതാരമായ സൂരി ആദ്യമായി നായകനായി എത്തിയ ചിത്രമാണ് വിടുതലൈ. സൂരിക്കൊപ്പം വിജയ് സേതുപതിയും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന സിനിമയുടെ ക്ലൈമാക്‌സില്‍ തന്നെ വ്യക്തമാക്കിയിരുന്നു.
രണ്ടാം ഭാഗത്തില്‍ ഒരു മലയാളി സാന്നിധ്യം കൂടി ചിത്രത്തിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നത്. അതേസമയം, ബി ജയമോഹന്റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് വിടുതലൈ ഒരുക്കിയത്.
കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രമായാണ് സൂരി ചിത്രത്തില്‍ വേഷമിട്ടത്. ഈ വേഷം ഏറെ പ്രശംസകള്‍ നേടിയിരുന്നു. ചിത്രത്തിന്റെ ആമുഖം മാത്രമാണ് ആദ്യ ഭാഗം പറഞ്ഞു വച്ചിരിക്കുന്നത്. സൂരിയുടെയും വിജയ് സേതുപതിയുടെ പെരുമാളിന്റെയും നാടിന്റെയും കഥ പൂര്‍ണമായും രണ്ടാം ഭാഗത്തിലൂടെയാണ് കാണിക്കുക.
മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ പറഞ്ഞു വെക്കുന്നത്. ചിത്രം ബോക്‌സോഫീസിലും നേട്ടമുണ്ടാക്കിയിരുന്നു.
15 വര്‍ഷമായി മനസില്‍ കൊണ്ടു നടക്കുന്ന സ്വപ്ന പദ്ധതി 40 കോടി ബജറ്റിലാണ് വെട്രിമാരന്‍ ഒരുക്കിയത്. ചിത്രത്തിലെ ഓപ്പണിംഗ് ഷോട്ടിലെ റെയില്‍ പാളം സ്‌ഫോടക വസ്തു വെച്ച് തകര്‍ക്കുന്ന നിര്‍ണായക സീന്‍ എടുക്കാന്‍ എട്ട് കോടി രൂപയാണ് ചിലവഴിച്ചത്.