മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് നിറഞ്ഞാടി കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍. നെല്‍സന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ജയിലര്‍ തന്നെയായിരുന്നു. ചിത്രത്തിലെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ കഥാപാത്രം ആരാധകര്‍ക്കിടയിലുണ്ടാക്കിയ ആവേശം ചില്ലറയായിരുന്നില്ല. എന്നാല്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് രജനികാന്തിനെ ആയിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
തെലുങ്കിലെ എക്കാലത്തെയും സൂപ്പര്‍ താരം ചിരഞ്ജീവിയെ ആയിരുന്നു ജയിലറിലെ നായക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജയിലറിലേക്കുള്ള ക്ഷണം ചിരഞ്ജീവി നിരസിക്കുകയായിരുന്നു. ജയിലറിലെ പാട്ടുകളിലോ നൃത്ത രംഗങ്ങളിലോ നായകന് വലിയ പ്രധാന്യം ഇല്ലെന്നതായിരുന്നു ചിരഞ്ജീവിയ്ക്ക് മുത്തുവേല്‍ പാണ്ഡ്യനോട് താത്പര്യ കുറവ് ഉണ്ടാകാന്‍ കാരണം.
മുത്തുവേല്‍ പാണ്ഡ്യനെ നിരസിച്ചത് ചിരഞ്ജീവിയുടെ കരിയറിലെ വലിയ നഷ്ടങ്ങളിലൊന്നാണെന്ന് വ്യക്തം. ദേശീയ തലത്തില്‍ വന്‍ സ്വീകാര്യത ലഭിക്കേണ്ട സുവര്‍ണാവസരമാണ് താരത്തിന്റെ തീരുമാനത്തിലൂടെ നഷ്ടമായത്. ചിത്രത്തിന്റെ ആദ്യാവസാനം നായകന്‍ നിറഞ്ഞാടുന്ന ചിത്രമായിരുന്നു ജയിലര്‍. രജനികാന്തിന്റെ സിനിമാ ജീവിതത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മുത്തുവേല്‍ പാണ്ഡ്യന്‍.
രജനികാന്തിനെ കൂടാതെ വിനായകന്‍, രമ്യാ കൃഷ്ണന്‍, വസന്ത് രവി, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ജയിലറില്‍ അണിനിരന്നിരുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയപ്പോള്‍ ബോളിവുഡില്‍ നിന്ന് ജാക്കി ഷിറോഫും, കന്നഡയില്‍ നിന്ന് ശിവ രാജ്കുമാറും എത്തിയത് വിജയത്തിന്റെ വ്യാപ്തിയും കൂട്ടി. ഓരോ ഭാഷയിലെയും മുന്‍നിര താരങ്ങള്‍ക്ക് സംവിധായകന്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയതും ജയിലറിന്റെ വിജയത്തിന് നിര്‍ണായകമായി.