അച്ഛനായി രജനികാന്ത്, മകനായി ധനുഷ്.. അങ്ങനെ ചെയ്യാനിരുന്നതാണ്.. അതിലേക്ക് വിജയ് വന്നത് ഇങ്ങനെയാണ്; വെളിപ്പെടുത്തി വെങ്കട് പ്രഭു

വിജയ് ചിത്രം ‘ദ ഗോട്ട്’ നാളെ റിലീസിന് ഒരുങ്ങവെ സംവിധായകന്‍ വെങ്കട് പ്രഭു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായ അച്ഛനും മകനുമായി എത്തുന്നത് വിജയ് ആണ്. ഡീ ഏജിംഗ് സാങ്കേതികവിദ്യയിലൂടെയാണ് വിജയ്‌യെ ചെറുപ്പമാക്കുന്നത്.

എന്നാല്‍ വിജയ് ആയിരുന്നില്ല ഇതിനായി മറ്റ് രണ്ട് താരങ്ങള്‍ ആയിരുന്നു തന്റെ മനസില്‍ എന്നാണ് വെങ്കട് പ്രഭു പറയുന്നത്. ചിത്രം എഴുതുന്ന സമയത്ത് ഡീ ഏജിംഗ് ടെക്‌നോളജിയെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് രണ്ട് താരങ്ങള്‍ ആയിരുന്നു മനസില്‍.

അച്ഛന്‍ കഥാപാത്രമായി രജനി സാറും മകന്‍ കഥാപാത്രമായി ധനുഷുമാണ് എന്റെ മനസില്‍ ഉണ്ടായിരുന്നത്. ഡീ ഏജിംഗ് ടെക്‌നോളജിയെ കുറിച്ച് മനസിലാക്കിയപ്പോഴാണ് വിജയ് സാറിനെ പോലെയുള്ളൊരാള്‍ ആ രണ്ട് കഥാപാത്രങ്ങളും ചെയ്താല്‍ എങ്ങനെയുണ്ടാവുമെന്ന് ആലോചിച്ചത്.

സിനിമയുടെ ബേസിക് ഐഡിയ പറഞ്ഞപ്പോഴേ വിജയ് ചിത്രം ചെയ്യാന്‍ സമ്മതിച്ചു. വിജയ്‌യുടെ വിശ്വാസം തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചു എന്നാണ് വെങ്കട് പ്രഭു പറയുന്നത്. അതേസമയം, സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ദ ഗോട്ട് ഒരുങ്ങുന്നത്. വിജയ് ഡബിള്‍ റോളിലാണ് ചിത്രത്തിലെത്തുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്. പ്രശാന്ത്, പ്രഭു ദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.