മുൻകൂറായി പണം കൈപ്പറ്റി ചിത്രത്തിൽ നിന്നും പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമ്മാതാവ്

കൊറോണ കുമാർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി മുൻകൂറായി പണം കൈപ്പറ്റി പിന്നീട് പിന്മാറിയെന്ന ആരോപണത്തിൽ നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്. തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗൺസിലിലാണ് ഇഷാരി പരാതി നൽകിയിരിക്കുന്നത്.

കൂടാതെ പണം തിരികെ നൽകുന്നത് വരെയോ, ഇതേ പ്രൊഡക്ഷന്റെ ബാനറിൽ പുതിയ സിനിമ ചെയ്യുന്നത് വരെയോ സിമ്പു മറ്റ് സിനിമകളിൽ അഭിനയിക്കുന്നത് തടയണമെന്നും ഇഷാരി പരാതിയിൽ ഉന്നയിക്കുന്നു.

അതേസമയം കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫ് ആണ് സിമ്പുവിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ ദിവസം സിമ്പുവിന്റെ ക്യാരക്ടര്‍ പോസ്റ്ററും ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബോര്‍ഡര്‍ പട്രോള്‍ വാഹനത്തില്‍ മണലാരണ്യത്തില്‍ കുതിച്ചു പായുന്ന സിമ്പുവിനെയാണ് ടീസറില്‍ കാണാനാവുക. കൈയില്‍ തോക്കുമായി തീപ്പൊരി ലുക്കിലാണ് നടന്റെ എന്‍ട്രി.

ന്യൂ തഗ് ഇന്‍ ടൗണ്‍ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവയ്ക്കപ്പെട്ട പോസ്റ്റര്‍ സൂചിപ്പിക്കുന്നത് ചിത്രത്തില്‍ ആക്ഷന് കൂടുതല്‍ പ്രാധാന്യം ഉണ്ടെന്നാണ്. അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതോടെയാണ് ചിത്രത്തിലേക്ക് ചിമ്പു എത്തിയത്. മറ്റ് ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ളതിനാലാണ് ദുല്‍ഖര്‍ തഗ് ലൈഫ് ഉപേക്ഷിച്ചത്.

1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്‌നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. എ.ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.